E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:16 AM IST

Facebook
Twitter
Google Plus
Youtube

ഐഎസ് മലയാളികൾ ആരുടെ ആശങ്ക ?

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഐ.എസ് ബന്ധമുള്ള മലയാളികള്‍ ആരുടെ ഉല്‍ക്കണ്ഠയാണ്? ഈ ചോദ്യം ഗൗരവമായി കാണാന്‍ സര്‍ക്കാരോ കേരളത്തിലെ രാഷ്ട്രീയപാര്‍ട്ടികളോ ഇതുവരെ തയാറായിട്ടില്ല. ഒരു വിഭാഗം ആശങ്കയായും മറുവിഭാഗം ദുഷ്ടലാക്കോടെയും ഉയര്‍ത്തുന്ന തലത്തിലാകട്ടെ ഈ ചോദ്യത്തിന് വസ്തുതാപരമായ മറുപടികളും ലഭ്യമല്ല. ജിഹാദി ഭീകരതയെന്നു പറഞ്ഞപ്പോള്‍ കളിയാക്കിയില്ലേ, ഇപ്പോഴെന്തായി എന്ന ബി.െജ.പിയുടെ രാഷ്ട്രീയലാക്കിനു വിട്ടുകൊടുക്കേണ്ട ചോദ്യമല്ലത്. പൊലീസിന്റെ വാര്‍ത്താക്കുറിപ്പുകളായല്ല, സര്‍ക്കാരിന്റെ വസ്തുനിഷ്ഠമായ വിശദീകരണത്തിലൂടെയാണ് കേരളം സത്യമറിയേണ്ടത്. കേരളത്തില്‍ നിന്ന് യുവാക്കള്‍ ഭീകരവാദത്തിലേക്കൊഴുകുന്നു എന്ന പ്രചാരണത്തിലെ ശരിയും തെറ്റുമെത്രയാണ്? ആരോപിക്കപ്പെട്ട കേസുകളില്‍ തന്നെ കോടതി അന്തിമമായി ഉത്തരം കണ്ടെത്തിയത് എത്രയെണ്ണത്തിലാണ്. മുതലെടുപ്പുകാര്‍ക്ക് ആവോളം അവസരങ്ങള്‍ തുറന്നിട്ടു കൊടുക്കുന്ന ഇടതുസര്‍ക്കാരിന്റെ മൗനം അവസാനിപ്പിച്ചേ പറ്റൂ.

ഭീകരസംഘടനയായ ഇസ്‍ലാമിക് സ്റ്റേറ്റുമായി ബന്ധം ആരോപിക്കപ്പെട്ട് കണ്ണൂരില്‍ 5 പേരെ പൊലീസ് അറസ്റ്റു ചെയ്തു. ഐ.എസില്‍ ചേര്‍ന്ന് ്പ്രവര്‍ത്തിക്കാന്‍ സിറിയയിലേക്കു പോയ അഞ്ചു മലയാളികള്‍ കൊല്ലപ്പെട്ടുവെന്നും സൂചിപ്പിച്ച പൊലീസ് അവരുടെ ചിത്രങ്ങളും വിശദാംശങ്ങളും പുറത്തു വിട്ടു. കണ്ണൂര്‍-കാസര്‍കോട് മേഖലയില്‍ നിന്ന് കൂടുതല്‍ പേര്‍ ഐ.എസില്‍ ചേരാന്‍ നീക്കം നടത്തുവെന്നും പൊലീസ് പറയുന്നു.

അറസ്റ്റിയായവരില്‍ 3 പേര്‍ക്ക് പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുണ്ടെന്നും പൊലീസ് പറയുന്നുണ്ട്. ഐ.എസിന്റെ കേരളത്തിലെ മുഖ്യസൂത്രധാരന്‍ എന്നു പൊലീസ് സംശയിക്കുന്ന വി.കെ.ഹംസയാണ് അറസ്റ്റിലായവരില്‍ പ്രധാനി. കേരളത്തില്‍ നിന്ന് ഐ.എസിലേക്കു കൂടുതല്‍ പേരെ റിക്രൂട്ട് ചെയ്യുകയായിരുന്നു ഹംസയുടെ ദൗത്യമെന്നു പൊലീസ് പറയുന്നു. ഐ.എസ്.പരിശീലനം നേടി സിറിയയിലേക്ക് കടക്കാന്‍ ശ്രമിക്കവേ തുര്‍ക്കിയില്‍ നിന്ന് പൊലീസ് പിടിച്ച് തിരിച്ചയച്ചവരാണ് പിടിയിലായത്. പിടിയിലായവര്‍ക്കെതിരെ യു.എ.പി.എ ചുമത്തിയിട്ടുണ്ട്. കണ്ണൂരില്‍ നിന്നു കാണാതായ അഞ്ചു പേര്‍ മരിച്ചുവെന്നറിയിച്ച പൊലീസ് അത് ഔദ്യോഗികമായി സ്ഥിരീകരിക്കുന്നില്ല. കാരണം തെളിവുകളൊന്നും പൊലീസിന് കിട്ടിയിട്ടില്ല. ബന്ധുക്കളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും ലഭിച്ച വിവരങ്ങള്‍ മാത്രമാണത്.

ഐ.എസ്. ബന്ധമുള്ളവരെയാണ് അറസ്റ്റ് ചെയ്തതെന്നു പൊലീസ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. നൂറു പേരോളം കേരളത്തില്‍ നിന്ന് ഐ.എസുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും വാര്‍ത്തകള്‍ അന്തരീക്ഷത്തില്‍ പ്രചരിപ്പിച്ചിട്ടുമുണ്ട്. എന്നാല്‍ സാഹചര്യത്തിന്റെ ഗൗരവം എന്താണെന്ന് കേരളം അറിയേണ്ടത് പൊലീസിന്‍റെ വാര്‍ത്താക്കുറിപ്പിലൂടെയല്ല, സര്‍ക്കാര്‍ പറയണം. പൊലീസ് എഴുതിയുണ്ടാക്കിയ ഭീകരവാദകഥകള്‍ക്ക് പിന്നീട് കോടതികളില്‍ സംഭവിച്ചതെന്തെന്ന് നമുക്കറിയാവുന്നതാണ്. അതുകൊണ്ട് സാഹചര്യം വസ്തുനിഷ്ഠമായി വിലയിരുത്തി സര്‍ക്കാര്‍ വിശദീകരിക്കണം. ഇസ്‍ലാമിക് സ്റ്റേറ്റ് ഭീകരതയുമായി ബന്ധപ്പെട്ട ശൃംഖല േകരളത്തില്‍ എത്രമാത്രം വേരുകളാഴ്ത്തിയിട്ടുണ്ട്? ഊഹാപോഹങ്ങളും അനുമാനങ്ങളുമല്ലാതെ പിടിയിലായവര്‍ക്ക് ഐ.എസുമായുള്ള യഥാര്‍ഥ ബന്ധമെന്താണ്? മതതീവ്രവാദം ഐ.സിലേക്കു വളര്‍ത്തിയതില്‍ പോപ്പുലര്‍ ഫ്രണ്ടിനടക്കം പങ്കുണ്ടെങ്കില്‍ എന്താണ് നടപടി? ഒന്നു കൂടി പറയട്ടെ, ജിഹാദി ഭീകരതയെന്നു നിലവിളിക്കുന്ന ആര്‍.എസ്.എസിനും ഞങ്ങളെ വേട്ടയാടുന്നുവെന്ന് വിലപിക്കുന്ന പോപ്പുലര്‍ ഫ്രണ്ടിനും ഈ സംവാദത്തില്‍ മുതലെടുക്കാന്‍ ഇടം കൊടുക്കരുത്.

ഐ.എസ്. ബന്ധമെന്ന് ആരോപിക്കുന്ന കേസുകളില്‍ വസ്തുതാപരമായി പൊലീസിന്റെ കൈയിലുള്ള തെളിവെന്താണ് എന്നു കേരളത്തോടു പറയാന്‍ സര്‍ക്കാര്‍ കടമ കാണിക്കണം. അതിലെത്ര കേസുകളില്‍ ജുഡീഷ്യല്‍ റിവ്യൂ, അഥവാ കോടതി നടപടി പൂര്‍ത്തിയായിട്ടുണ്ടെന്നും നമ്മള്‍ അറിയണം. പൊലീസ് പറയുന്ന കഥകളുടെ കേട്ടെഴുത്താകാരാവരുത് ഉത്തരവാദിത്തമുള്ള പൊതുസമൂഹം. കോടതികളില്‍ എത്തിയ തെളിവുകള്‍ വിലയിരുത്തപ്പെടണം. അതില്‍ ആരോപിക്കപ്പെട്ട കുറ്റമെന്തെന്നു നിയമപരമായി മനസിലാക്കണം. തീവ്രവാദബന്ധമുള്ളവരോട് വിട്ടുവീഴ്ച പാടില്ല,. പക്ഷേ തീവ്രവാദക്കേസുകളില്‍ വിചാരണയുടെ പേരില്‍ മനുഷ്യനെ പത്തുവര്‍ഷത്തിലേറെ തടവിലിട്ട ശേഷം കൈമലര്‍ത്തുന്ന സംവിധാനമാണ് നമ്മുേടത്. ജീവിതത്തില്‍ നിന്ന് ഒരു പതിറ്റാണ്ടുകള്‍ തന്നെ എടുത്തുമാറ്റിയ ശേഷം ഒരു മനഃസാക്ഷിക്കുത്തുമില്ലാതെ കുറ്റക്കാരനല്ല, പൊയ്ക്കൊളൂവെന്ന് പറയുന്ന ഭീകരവിരുദ്ധ ഏജന്‍സികളാണ് നമ്മുടേത്. അങ്ങനെയൊരു സാഹചര്യത്തില്‍ ജനങ്ങളോട് ഇക്കാര്യങ്ങളെക്കുറിച്ച് സുതാര്യതയോടെ സംസാരിക്കാന്‍ ജനാധിപത്യസര്‍ക്കാരിന് ബാധ്യതയുണ്ട്. പത്തു വോട്ടിനു വേണ്ടി മഅദനിയെ ആശ്ലേഷിക്കുന്നത്ര ലാഘവത്തോടെ നിര്‍വഹിക്കാനാകുന്ന രാഷ്ട്ര്ീയമല്ലത്. കുറച്ച് ഉത്തരവാദിത്തോടെ തന്നെ നിര്‍വഹിക്കേണ്ട രാഷ്ട്രീയദൗത്യമാണ്. ന്യൂനപക്ഷവര്‍ഗീയതയെയും അത്യന്തം അപകടകരമായി കാണുന്നുവെന്നു പ്രസംഗിച്ചാല്‍ പോര. തക്കം പാത്തിരിക്കുന്ന ഭൂരിപക്ഷവര്‍ഗീയതയ്ക്ക് നുണഞ്ഞിറക്കാന്‍ മാത്രം സംശയങ്ങള്‍ അന്തരീക്ഷത്തില്‍ നിലനിര്‍ത്തരുത്. വിദ്വേഷപ്രചാരണത്തിനു മുന്നില്‍ സര്‍ക്കാര്‍ കണ്ണടയ്ക്കരുത്.

പക്ഷേ സര്‍ക്കാര്‍ മിണ്ടുന്നില്ല, സി.പി.എം മിണ്ടുന്നില്ല. അടുത്ത തിരഞ്ഞെടുപ്പില്‍ കിട്ടേണ്ട വോട്ടുബാങ്കാണ് ഇടതുപക്ഷത്തിന്റെ ലക്ഷ്യമെങ്കില്‍ ഈ മൗനം കുറ്റകരമാണ്. ഇസ്‍ലാമോഫോബിയയ്ക്കിടയാക്കുമെന്ന കരുതല്‍ എന്നാണെങ്കില്‍ പറയാതെ വയ്യ. കരുതല്‍ അര്‍ഹിക്കുന്നത് ന്യൂനപക്ഷങ്ങളാണ്. ന്യൂനപക്ഷങ്ങളുടെ പേരില്‍ തീവ്രവാദത്തെ തലയിലേറ്റുന്നവരല്ല. ഉറപ്പിച്ചു പറയാം, കേരളത്തിലെ മുസ്‍ലിം ന്യൂനപക്ഷങ്ങള്‍ ആദ്യം സംരക്ഷിക്കപ്പെടേണ്ടത് അവകാശസംരക്ഷകര്‍ ചമഞ്ഞെത്തുന്ന പോപ്പുലര്‍ ഫ്രണ്ട് പോലുള്ള ജനാധിപത്യവിരുദ്ധ സംഘടനകളില്‍ നിന്നാണ്. കേരളത്തിലെ യുവാക്കളെ ഐ.എസിലേക്കു നടത്തിയവരില്‍ പോപ്പുലര്‍ ഫ്രണ്ടുമുണ്ടെന്ന് പൊലീസ് കണ്ടെത്തിയത് സത്യമാണെങ്കില്‍ അവരെ തുറന്നുകാണിക്കേണ്ടതും അധികാരം കൈയിലുള്ള സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്.

ഐ.എസ്.ബന്ധത്തിന്റെ പേരില്‍ പിടിക്കപ്പെട്ടവരില്‍ ചിലര്‍ക്ക് പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുണ്ടെന്നു പൊലീസ് പറയുന്നു.അവര്‍ സംഘടനയില്‍ നിന്നു വിട്ട ശേഷമാണ് ഐ.എസിലേക്കു പോയതെന്നും തങ്ങള്‍ ഐ.എസിനെ എതിര്‍ക്കുന്നവരാണെന്നും പോപ്പുലര്‍ ഫ്രണ്ടും പറയുന്നു. ദേശവിരുദ്ധപ്രവര്‍ത്തനങ്ങളുടെ പേരില്‍ എന്‍.ഐ.എ, പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കണമെന്നാവശ്യപ്പെട്ടിരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. നിരോധനം ആശയത്തെ എങ്ങനെ ഇല്ലാതാക്കുമെന്ന പോപ്പുലര്‍ ഫ്രണ്ടിന്റെ വെല്ലുവിളിയുയര്‍ത്തുന്ന ചോദ്യത്തിനു മുന്നില്‍ നിന്നാണ് നമ്മള്‍ കേരളത്തിലെ ഭീകരവാദത്തിന്റെ വേരുകള്‍ ചികഞ്ഞുപോകേണ്ടത്. ആ ചോദ്യത്തിനു കേരളത്തിനും മുസ്‍ലിം സമുദായത്തിനും വ്യക്തമായ മറുപടിയുണ്ടാകണം. പോപ്പുലര്‍ ഫ്രണ്ടിന്റെ ആശയം തന്നെയാണ് തുറന്നു കാട്ടപ്പെടേണ്ടത്. ന്യൂനപക്ഷസംരക്ഷണമെന്ന പേരില്‍ ന്യൂനപക്ഷത്തെ ഏറ്റവുമധികം പ്രതിരോധത്തിലാക്കുന്ന ഇരട്ടത്തന്ത്രമാണ് വെളിച്ചത്തു കൊണ്ടുവരേണ്ടത്. മുസ്ലിങ്ങള്‍ക്കെതിരായ വിദ്വേഷപ്രചാരണവും പോപ്പുലര്‍ ഫ്രണ്ടും ഒരേ പ്രതലത്തില്‍ പരിഗണിക്കപ്പെടേണ്ട രാഷ്ട്രീയവിഷയങ്ങളാവരുത്.

പ്രവാചകനെ നിന്ദിച്ചുവെന്ന ആരോപണമുയര്‍ത്തി ഒരു മനുഷ്യന്റെ കൈയും ജീവിതവും വെട്ടിമാറ്റിക്കളഞ്ഞവരാണവര്‍. ഒളി‍ഞ്ഞും തെളിഞ്ഞും ഇന്നും ആ ഹീനകൃത്യത്തെ ന്യായീകരിക്കുന്നവര്‍. സംസാരിക്കേണ്ടവര്‍ സംസാരിക്കാന്‍ തയാറാകാത്തതുകൊണ്ടാണ് പോപ്പുലര്‍ ഫ്രണ്ടിനെപ്പോലുള്ളവര്‍ അവസരം മുതലെടുക്കുന്നത്.ജനാധിപത്യത്തെക്കുറിച്ചും മതേതരത്വത്തെക്കുറിച്ചും പോപ്പുലര്‍ ഫ്രണ്ട് സംസാരിക്കുന്നതു കേള്‍ക്കേണ്ടിവരുന്ന ഗതികേട് കേരളത്തിനുണ്ടാകുന്നത്. വേങ്ങര ഉപതിരഞ്ഞെടുപ്പില്‍ മൂന്നാമതു നില്‍ക്കുന്നവരെക്കണ്ട് വേവലാതിപ്പെടേണ്ടി വരുന്നത്. പോപ്പുലര്‍ ഫ്രണ്ട് പരമാവധി ഒച്ചയെടുക്കട്ടെയെന്നാഗ്രഹിക്കുന്നതാരാണെന്ന്, തക്കം പാര്‍ത്തിരിക്കുന്നതാരാണെന്ന തിരിച്ചറിവ് സര്‍ക്കാരിനെ അലോസരപ്പെടുത്തണം.

അറിയാത്തവരോ, അകന്നു നില്‍ക്കുന്നവരോ അല്ല ന്യൂനപക്ഷങ്ങളെന്നും ഞങ്ങളില്‍ പാതിയായ, ഞങ്ങളില്‍ തുല്യാവകാശമുള്ളവരെ, നിങ്ങള്‍ ഒറ്റപ്പെടുത്തേണ്ടെന്നു പറഞ്ഞിരുന്ന കേരളത്തിന്‍റെ പൊതുബോധത്തിലേക്ക് വിഷം കലര്‍ത്തിയവരില്‍ സംഘപരിവാറിനേക്കാള്‍ ഉത്തരവാദിത്തം പോപ്പുലര്‍ ഫ്രണ്ട് പോലുള്ള സംഘടനകള്‍ക്കാണ്. അതിനിയും മറച്ചു പിടിക്കാന്‍ ശ്രമിക്കരുത്. ഇസ്‍ലാം വിശ്വാസികള്‍ അര്‍ഹിക്കുന്ന നീതിയും കരുതലും പോപ്പുലര്‍ ഫ്രണ്ട് അര്‍ഹിക്കുന്നില്ല. ആര്‍.എസ്.എസ് നിയന്ത്രിക്കുന്ന ഭരണകൂടം ഭരണം കൈയാളുന്ന രാജ്യത്ത്, പോപ്പുലര്‍ ഫ്രണ്ടിന്റെ നിരോധനം പരിഹാരമേയല്ല. പക്ഷേ, ഇടം കൊടുക്കാതിരിക്കേണ്ടത് ശരിയായ രാഷ്ട്രീയപ്രതിരോധമാണ്. ന്യൂനപക്ഷങ്ങളുടെ അഭിമാനം സംരക്ഷിക്കാനും, അരക്ഷിതാവസ്ഥകളെ ചെറുക്കാനും ഒപ്പം നില്‍ക്കേണ്ടത് മുഖ്യധാരാരാഷ്ട്രീയപാര്‍ട്ടികള്‍ തന്നെയാണ്. ഞങ്ങളാണ് മതാഭിമാനത്തിന്റെ സംരക്ഷകര്‍ എന്നവകാശപ്പെടാന്‍ പോപ്പുലര്‍ ഫ്രണ്ടിനും കൂട്ടര്‍ക്കും അവസരം കൊടുക്കരുത്. അതിന് ആദ്യം കേരളത്തില്‍ ലൗ ജിഹാദെന്ന പൊലീസ് സ്പോണ്‍സര്‍ ചെയ്തു വളര്‍ത്തിയ പ്രചാരണത്തിന് സര്‍ക്കാര്‍ മറുപടി പറയേണ്ടതുണ്ട്. ഹാദിയയെന്ന യുവതി നേരിടുന്ന മനുഷ്യാവകാശലംഘനത്തില്‍ സര്‍ക്കാര്‍ ഇടപെടേണ്ടതുണ്ട്. ഏറ്റവുമൊടുവില്‍ ഐ.എസ്.ബന്ധത്തിലെ സത്യങ്ങള്‍ അറിയിക്കാനും സര്‍ക്കാര്‍ തയാറാകണം. ബി.ജെ.പിയുടെ സര്‍ക്കുലറുകള്‍ ആഞ്ഞു നടപ്പാക്കുന്നതിനിടയില്‍ ഇടതുപക്ഷസര്‍ക്കാര്‍ ഇടപെടേണ്ട കാര്യങ്ങള്‍ കാണാതെ പോകുന്നത് കുറ്റകരമാണ്.

ഐ.എസ്. ബന്ധമെന്ന തലക്കെട്ടിനു താഴെ ചോരക്കൊതി പൂണ്ടു കാത്തിരിക്കുന്നവരോടും പറയാതെ പോകാനാകില്ല. ആ കാത്തിരിപ്പ് വെറുതെയാകുമെന്ന് കേരളത്തിന്റെ ചരിത്രം നിങ്ങളെ പഠിപ്പിക്കട്ടെ. ഭീകരവാദികളാകാന്‍ തുനിഞ്ഞവര്‍ ഭീകരവാദികള്‍ തന്നെ, പക്ഷേ അതിന്റെ പേരില്‍ ഒരു സമുദായത്തെ പ്രതിക്കൂട്ടില്‍ കയറ്റി നിര്‍ത്തിയേക്കാമെന്ന ഉദ്ദേശം നിങ്ങളുടെ കൈയിലിരിക്കട്ടെ. പത്ത് പേര്‍ക്ക് എസ് ബന്ധമെന്ന ആശങ്കയും , കേരളത്തില്‍ ജിഹാദി ഭീകരത എന്ന മുദ്രാവാക്യവും തമ്മിലുള്ള വ്യത്യാസം ബി.ജെ.പിക്കു മനസിലാകില്ല. അത്രയും വളര്‍ച്ച ബി.ജെ.പിയില്‍ നിന്ന് പ്രതീക്ഷിക്കാനുമാകില്ല. പക്ഷേ മുതലെടുക്കാന്‍ സാധ്യതകളേറെ തുറന്നു കിടക്കുകയാണെന്നു സര്‍ക്കാര്‍ തിരിച്ചറിഞ്ഞു നടപടിയെടുക്കണം. നിലവിലെ രാഷ്ട്രീയസാഹചര്യത്തില്‍ മിണ്ടാതിരിക്കുന്നത് കേരളത്തോടും പ്രബുദ്ധരായ ഈ ജനതയോടും ചെയ്യുന്ന തെറ്റാണ്. ഈ നിശബ്ദത നിരുത്തരവാദമാണ്.