കരീബിയന്‍ ദ്വീപുകളില്‍ സര്‍വനാശം വിതച്ച ഇര്‍മ ചുഴലിക്കാറ്റ് അമേരിക്കന്‍ തീരത്തേക്ക്. ബര്‍ബുഡ, സെന്റ് മാര്ട്ടിന് ദ്വീപുകളുടെ തൊണ്ണൂറ്റഞ്ച് ശതമാനവും ചുഴലിക്കാറ്റില്‍ തകര്‍ന്നു. കരുത്താര്‍ജിച്ച് നീങ്ങുന്ന ഇര്‍മയില്‍ നിന്ന് രക്ഷപെടാന്‍ അമേരിക്കയിലെ ഫ്ളോറിഡ ഉള്‍പ്പെടെയുള്ള തീരപ്രദേശങ്ങളില്‍ നിന്ന് പതിനായിരക്കണക്കിനാളുകള്‍ ഒഴിഞ്ഞുപോകുകയാണ്.
ടെക്സസിനെയും ഹൂസ്റ്റണെയും ദുരിതത്തിലാക്കിയ ഹാര്‍വി ചുഴലിക്കാറ്റിന്റെ ഇരട്ടി ശക്തിയിലാണ് ഇര്‍മയുടെ വരവ്. മണിക്കൂറില്‍ ഇരുനൂറ്റിതൊണ്ണൂറ്റിയഞ്ച് കിലോമീറ്റര്‍ വേഗത്തില്‍ വീശിയടിക്കുന്ന ഇര്‍മയെ ഏറ്റവും അപകടകാരികളായ കൊടുങ്കാറ്റുകളുടെ ഗണത്തിലാണ് പെടുത്തിയിരിക്കുന്നത്. ഡൊമിനിക്കന്‍ റിപ്പബ്ളിക് കടന്ന് ഹെയ്ത്തിയിലെത്തിയ ഇര്‍മ ക്യൂബക്കരികിലേക്ക് നീങ്ങുകയാണ്. കരീബിയന്‍ ദ്വീപുകളായ ബര്ബുഡയിലും സെന്റ് ജോണ്‍സിലും ഇര്‍മ സമ്പൂര്‍ണനാശം വിതച്ചു. പത്തുപേര്‍ മരിച്ചു. അമേരിക്കയിലുള്‍പ്പെടെ ഇതുവരെ പന്ത്രണ്ട് ലക്ഷത്തോളം ജനങ്ങളെ കൊടുങ്കാറ്റ് ബാധിച്ചിട്ടുണ്ട്. ഇത് ഇരുപത്തിയാറുലക്ഷംവരെ ഉയരാമെന്ന് റെഡ്ക്രോസ് സൂചിപ്പിക്കുന്നു.
ഞായറാഴ്ച രാവിലെ ചുഴലിക്കാറ്റ് ഫ്ളോറിഡയില്‍ എത്തും. ഫ്ലോറിഡയിലും യു.എസ് അധീനതയിലുള്ള പ്യൂട്ടോറിക്കോ, വിര്‍ജിന്‍ ഐലന്‍ഡ്സ് എന്നിവിടങ്ങളിലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. അഞ്ചുലക്ഷത്തോളം പേര്‍ക്ക് സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പതിനഞ്ചുലക്ഷം പേരെയെങ്കിലും ഒഴിപ്പിക്കേണ്ടിവരുമെന്നാണ് അനുമാനം.