ഉപയോഗശൂന്യം എന്ന് നാം കരുതുന്ന വസ്തുക്കളില്‍ നിന്ന് മാസ്മരിക കലാസൃഷ്ടികള്‍ നിര്‍മിച്ച് വ്യത്യസ്തനാവുകയാണ് ചിത്രകലാ അദ്ധ്യാപകനായ സി.സി വിശ്വനാഥന് മാസ്റ്റര്‍. ഉപയോഗ്യശൂന്യമായ പേപ്പറുകള്‍ അരച്ച് പള്‍പ്പ് ആക്കിമാറ്റി അതുപയോഗിച്ചാണ് അദ്ദേഹം ശില്പങ്ങള് നിര്‍മിക്കുന്നത്
മഹാത്മ ഗാന്ധിയും, കുഞ്ഞുണ്ണി മാഷും, ഒ എന്‍ വി കുറുപ്പും, കെ ജെ യേശുദാസും, സിപ്പി പള്ളിപ്പുറവുമെല്ലാം അദ്ദേഹത്തിന്റെ ശില്പങ്ങളില് ഉള്‍പ്പെടും. ഇതിനോടൊപ്പം തന്നെ ഒാട്ടന്തുള്ളല്, തെയ്യം, കഥകളിയുടെ വിവിധ വേഷങ്ങളും അദ്ദേഹം ഇത്തരത്തില്‍ തയ്യാറാക്കിയിട്ടുണ്ട്.
നയനമനോഹരമായ സൃഷ്ടികള്‍... നാം നിസാരമെന്നു കരുതുന്ന കടലാസ് ചുരുളുകള്‍ വിശ്വനാഥന് മാസ്റ്ററുടെ കൈകളിലെത്തിയപ്പോള്‍ ജീവന് തുടിക്കുന്ന ശില്പങ്ങളായി. നൈസര്‍ഗിക വാസനയുടെയും കലാഹൃദയത്തിന്റെയും ഒത്തുചേരല്‍, സി. സി. വിശ്വനാഥനെന്ന അദ്ധ്യാപകന് എല്ലാം കലയാണ്.
കഥകളി വേഷങ്ങളടക്കം നിര്‍മിക്കുമ്പോള്‍ സൂക്ഷമമായ അംശങ്ങളൊന്നും നഷ്ടപ്പെടാതിരിക്കാന്‍ മാസ്റ്റര്‍ ഏറെ ശ്രദ്ധിക്കും. ഇത് കലാരുപങ്ങളുടെ മികവ് വര്‍ധിപ്പിക്കുകയും ജീവസുറ്റതാക്കുകയും ചെയ്യുന്നു. മികച്ച അദ്ധ്യാപകനുള്ള സംസ്ഥാന അവാര്‍ഡ് നേടിയിട്ടുള്ള മാസ്റ്റര്‍ പല വിദ്യാലയങ്ങളിലും പേപ്പര്‍ ശില്പങ്ങള് സ്ഥാപിച്ചിട്ടുമുണ്ട്. കുഞ്ഞുണ്ണി മാഷും കുട്ടികളും, തുഞ്ചത്ത് എഴുത്തച്ഛന് എന്നീ ശില്പങ്ങളാണ് അവയില്‍ പ്രധാനം.
ഒന്നും പാഴ്വസ്തുവല്ല എല്ലാ വസ്തുക്കളിലും ഒരു കലയുണ്ട് അതിനെ നാം തിരിച്ചറിയുക എന്നതാണ് യഥാര്‍ഥ അറിവെന്നും മാസ്റ്റര്‍ കൂട്ടിച്ചേര്‍ക്കുന്നു. ആസ്വാദകരെ വിസ്മയിപ്പിക്കുന്ന കലാസൃഷ്ടികളില്‍ പുതിയ പരീക്ഷണങ്ങള്‍ തുടരുകയാണ് അദ്ദേഹം.