മണ്ണാർക്കാട്∙മാപ്പിളപ്പാട്ട് രചയിതാവ് സുനീർ മണ്ണാർക്കാട് (25) വാഹനാപകടത്തിൽ മരിച്ചു. പയ്യനെടം ഓട്ടുപാറ കുഞ്ഞലവിയുടെ മകനാണ്. സുഹൃത്തിന്റെ സഹോദരിയുടെ വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ പോകുന്നതിനിടെ മണ്ണാർക്കാട് എംഇഎസ് കല്ലടി കോളജിനു സമീപം എതിരെ വന്ന സ്വകാര്യ ബസ് സുനീർ യാത്ര ചെയ്ത ബൈക്കിലിടിക്കുകയായിരുന്നു.
വെള്ളിയാഴ്ച ഉച്ചയ്ക്കു ശേഷമാണ് അപകടം. സാരമായി പരുക്കേറ്റ സുനീറിനെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. കോഴിക്കോട്ടുനിന്നു പാലക്കാട്ടേക്കു പോകുകയായിരുന്ന സ്വകാര്യ ബസ് മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെയാണ് അപകടമെന്ന് പൊലീസ് പറഞ്ഞു. രണ്ടു മാസം മുൻപായിരുന്നു വിവാഹം. ഭാര്യ: സഫ്ന. മാതാവ്: കദീജ.