തിരുവല്ലയ്ക്ക് സമീപം അപ്രോച്ച് റോഡ് നിര്‍മിക്കാതെ കിടക്കുന്ന പാലങ്ങള്‍ ഉടന്‍ പൂര്‍ത്തീകരിക്കുമെന്ന് മന്ത്രി മാത്യു ടി.തോമസ്. കരാറുകാരുടെ അലംഭാവവും ചില സാങ്കേതിക പ്രശ്നങ്ങളുമാണ് നിര്‍മാണം പൂര്‍ത്തിയാക്കുന്നതിന് തടസം സൃഷ്ടിച്ചത്. അടിയന്തിരമായി പ്രശ്നപരിഹാരം കാണുമെന്നും മന്ത്രി മനോരമ ന്യൂസിനോട് പറഞ്ഞു.
കഴിഞ്ഞ എല്‍ ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് മന്ത്രി മാത്യു ടി.തോമസ് പ്രത്യേക താല്പര്യമെടുത്ത് അനുവദിച്ച പാലങ്ങളാണ് പനച്ചിമൂട്ടില്ക്കടവ് പാലവും, കാവനാല്‍ക്കടവ് പാലവും, ഓട്ടാഫീസ്കടവ് പാലവും. മൂന്നുപാലങ്ങളുടെയും നിര്‍മാണം പൂര്‍ത്തീകരിച്ചെങ്കിലും അപ്രോച്ച് റോഡ് ഇതുവരെ നിര്‍മിച്ചിട്ടില്ല. മന്ത്രിയുടെ ഇടപെടലിന്റെ കുറവാണ് പാലങ്ങളുടെ പൂര്‍ത്തീകരണം വൈകാന്‍ കാരണമെന്ന് ആക്ഷേപമുയര്‍ന്നിരുന്നു. പക്ഷേ ആരോപണം മന്ത്രി നിഷേധിച്ചു.
നിലവിലുണ്ടായിരുന്ന പ്രശ്നങ്ങള്‍ പരിഹരിച്ചതായി മന്ത്രി പറഞ്ഞു. കാവനാല്‍ക്കടവ് പാലത്തിന്റെ റിവൈസ്ഡ് എസ്റ്റിമേറ്റ് ഉടന്‍ തയാറാക്കും. നാലുവര്‍ഷത്തിലേറെയായി തുടരുന്ന കാത്തിരിപ്പ് ഇനിയെങ്കിലും അവസാനിക്കുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍.