സമരവിജയത്തിന്റെ ആശ്വാസത്തിൽ ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജ നാട്ടിൽ തിരികെയെത്തി. തിരുവനന്തപുരത്തെ പോരാട്ടത്തിന് കൂടെയുണ്ടായിരുന്ന ഭർത്താവ് അശോകനും സഹോദരൻ ശ്രീജിത്തിനുമൊപ്പമാണ് കോഴിക്കോട് റെയിൽവെസ്റ്റേഷനിൽ മഹിജ വണ്ടിയിറങ്ങിയത്.
ബുധനാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് മഹിജയും അശോകനും ശ്രീജിത്തും കോഴിക്കോട്ട് തിരിച്ചെത്തിയത്. നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിനുശേഷം മടങ്ങിയെത്തി യ കുടുംബത്തെ സ്വീകരിക്കാൻബന്ധുക്കളും അയൽവാസികളും റയിൽവെ സ്റ്റേഷനിലെത്തി. മുഖ്യമന്ത്രിയെ കാണുന്നെങ്കിൽ അത് സഹോദരനൊപ്പം തന്നെയായിരിക്കുമെന്ന് മഹിജ പറഞ്ഞു.
ഹൃദയം നിറഞ്ഞാണ് നാടും ജിഷ്ണുവിന്റെ അമ്മയെ സ്വീകരിച്ചത്. സമരത്തിൽപല ഘട്ടങ്ങളിലായി പങ്കെടുത്ത മുഴുവൻ പേരെയും വളയത്ത് നാട്ടുകാർ ഹാരമണിയിച്ചു. വീടിനുമുന്നിലും സ്വീകരിക്കാനെത്തിയവരുടെ തിരക്ക്. ഒപ്പം നിന്ന എല്ലാവർക്കും കുടുംബം നന്ദി പറഞ്ഞു. നിരാഹാരമിരുന്ന മകൾ അവിഷ്ണയെ ചേർത്തുപിടിച്ച് വീടിന്റെ പടി കയറുമ്പോൾ മകന് നീതി കിട്ടിയ സംതപ്തിയിലായിരുന്നു മഹിജ.