നിറങ്ങളില്‍ നീരാടി ഹോളി ആഘോഷിച്ച് ഉത്തരേന്ത്യ. രാവിലെ മുതല്‍ തുടങ്ങിയ ആഘോഷം ഇപ്പോഴും തുടരുകയാണ്. വര്‍ണ്ണങ്ങള്‍ പരസ്പരം വാരി വിതറി നടക്കുന്ന ആഘോഷം അതിര് വിടാതിരിക്കാന്‍ പോലീസ് സുരക്ഷ ശക്തമാക്കി.
വസന്തത്തെ വരവേറ്റ് വടക്കേ ഇന്ത്യവര്ണ്ണ മഹോത്സവത്തിന്റെ ഹോളി ആഘോഷിക്കുന്നു. രാവിലെ ക്ഷേത്രങ്ങളില്‍ നടന്ന പ്രത്യേക പൂജയോടെയാണ് ആഘോഷങ്ങള്‍ തുടങ്ങിയത്. മനസില്‍ സ്നേഹത്തിന്റെയും, ഒത്തുചേരലിന്റെയും മധുരം നിറച്ച് വിവിധ വര്‍ണ്ണങ്ങള്‍ പരസ്പരം ദേഹത്ത് വാരിയെറിഞ്ഞും നൃത്തം ചെയ്തും ബാംഗിന്റെ ലഹരി നുണഞ്ഞുമാണ് തലസ്ഥാന നഗരം ഹോളിയുടെ ലഹരിയില്‍ ആറാടിയത്.
ഛത്തീസ്ഗഡിലെ സുക്മയില്‍ 12 CRPF ഭടന്മാര് കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ദുഃഖസൂചകമായി കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് ഇത്തവണ ഹോളി ആഘോഷം ഉപേഷിച്ചു. ഹോളി ആഘോഷം അതിരുവിടാതിരിക്കാന്‍ പൊലീസ് കര്‍ശന സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. എങ്കിലും രാജ്യതലസ്ഥാനത്ത് ഹോളി നിറഞ്ഞാടി.