നിറങ്ങളില്‍ നീരാടി കൊച്ചിയില്‍ ഹോളി ആഘോഷം. നോര്‍ത്ത് ഇന്ത്യന്‍ അസോസിയേഷനാണ് എറണാകുളത്തപ്പന് ഗ്രൗണ്ടില്‍ ഹോളി ആഘോഷം സംഘടിപ്പിച്ചത്. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഉത്തരേന്ത്യക്കാര്‍ ഹോളി ആഘോഷത്തിനായി ഒത്തുചേര്‍ന്നു.
നിറങ്ങള്‍ വാരിത്തേച്ചും പാട്ടുപാടിയും നൃത്തം ചെയ്തും കൊച്ചിയും ഹോളി ആഘോഷിച്ചു. ജോലിക്കും വ്യാപാരത്തിനുമായി കൊച്ചിയില്‍ സ്ഥിരതാമസമാക്കിയ ഉത്തരേന്ത്യക്കാരായിരുന്നു ആഘോഷത്തിന്റെ മുന്‍നിരയില്‍. സ്വന്തം നാട്ടില്‍ ഹോളി ആഘോഷിക്കാന്‍ കഴിഞ്ഞില്ലെങ്കിലും മറുനാട്ടിലെ ആഘോഷം ഗംഭീരമാക്കുകയായിരുന്നു ഇവര്‍.
കഴിഞ്ഞ മൂന്നു പതിറ്റാണ്ടിലേറെയായി കൊച്ചിയിലെ ഉത്തരേന്ത്യന്‍ സമൂഹം ഹോളി ആഘോഷിക്കുന്നുണ്ട്. ഓരോ വര്‍ഷം കഴിയുന്തോറും ഹോളി ആഘോഷത്തില്‍ പങ്കാളിത്തം കൂടിവരുന്നതായി സംഘാടകര്‍ പറയുന്നു. ഉത്തരേന്ത്യന്‍ സമൂഹത്തിന്റെ ഹോളി ആഘോഷങ്ങള്‍ കാണാന്‍ ധാരാളം മലയാളികളും എറണാകുളത്തപ്പന് ഗ്രൗണ്ടില്‍ എത്തിയിരുന്നു.