ഒമാന്‍ എയറില്‍ ഇനി യാത്രക്കാരന് രണ്ട് ലഗേജുകള്‍ കൊണ്ടുപോകാം. നേരത്തെ ഏര്‍പ്പെടുത്തിയ ഒരു ലഗേജ് എന്ന നിയന്ത്രണത്തില്‍ റമസാനില്‍ നല്‍കിയ ഇളവ് തുടരാന്‍ കമ്പനി തീരുമാനിക്കുകയായിരുന്നു. അനുവദനീയമായ മുപ്പത് കിലോ രണ്ട് പെട്ടികളിലായി കൊണ്ടുപോകാമെന്ന് ഒമാന്‍ എയര്‍ അറിയിച്ചു. മെയ് അവസാനത്തില്‍ ആരംഭിച്ച ആനുകൂല്യം കഴിഞ്ഞ മാസം 27 വരെ ലഭിച്ചിന്നു. എന്നാല്‍, യാത്രക്കാരില്‍ നിന്ന് ലഭിച്ച മികച്ച പ്രതികരണമാണ് ആനുകൂല്യം തുടരാന്‍ പ്രേരിപ്പിച്ചതെന്ന് ഒമാന്‍ എയര്‍ വ്യക്തമാക്കി.
ഈ വര്‍ഷം ജനുവരി ഒമ്പത് മുതലാണ് ഒമാന്‍ എയര്‍ തങ്ങളുടെ ലഗേജ് നയത്തില്‍ പരിഷ്‌കരണം വരുത്തി പുതിയ മാനദണ്ഡം കൊണ്ടുവന്നത്. ഇത് പ്രകാരം യാത്രക്കാരന് അനുവദനീയമായ മുപ്പത് കിലോ ഒറ്റപെട്ടിയിലാക്കി കൊണ്ടുപോകാന്‍ മാത്രമേ അനുമതിയുണ്ടായിരുന്നുള്ളൂ. ഇരുപത് കിലോ വരെയുള്ള അധിക ലഗേജും ഒറ്റപെട്ടിയിലായിരിക്കണം. അധിക ലഗേജിന് 20 റിയാല്‍ ഈടാക്കുകയും ചെയ്തിരുന്നു. അധിക ലഗേജ് ഒരു കിലോയായാലും 20 റിയാല്‍ തന്നെ നല്‍കുകയും വേണം. എന്നാല്‍, ഇത് യാത്രക്കാരുടെ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.