റിയാദിലെ സകാക്കയിലുണ്ടായ വാഹനാപകടത്തിൽ മൂന്നംഗ മലയാളി കുടുംബത്തിന് പരുക്കേറ്റു. മലപ്പുറം സ്വദേശി യാസർ, ഭാര്യ റഫ, ആറുമാസം പ്രായമുള്ള മകൾ ഫാസ എന്നിവർക്കാണ് പരുക്കേറ്റത്. തബൂക്ക് -സക്കാക്ക റോഡിൽ ഇവർ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് മിനി ട്രക്കിലും പിന്നാലെ വന്ന സൗദി സ്വദേശിയുടെ കാറിലും ഇടിക്കുകയായിരുന്നു . പരുക്കേറ്റവരെ സകാക്ക സെൻട്രൽ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
സാൻഫോർഡ് ഇലക്ട്രോണിക്സ് കമ്പനിയിൽ സെയിൽസ്മാനായ യാസർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് കരുതുന്നു. നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ട മിനി ട്രക്ക് ഡ്രൈവർ തൃശൂർ സ്വദേശിയും ജാദ് കോ കമ്പനി ജീവനക്കാരനുമായ തോമസും സൗദി സ്വദേശിയും ചേർന്നാണ് യാസറിനെയും കുടുംബത്തെയും ആശുപത്രിയിലെത്തിച്ചത്. ഇടിയുടെ ആഘാതത്തിൽ വാഹനങ്ങൾ നിശ്ശേഷം തകർന്നു. ഒരാഴ്ച മുമ്പാണ് യാസർ ഭാര്യയേയും മകളേയും സന്ദർശക വിസയിൽ കൊണ്ടുവന്നത്.