ബോളിവുഡ് താരങ്ങളോടുള്ള ആരാധന മൂത്ത് അതിർത്തി കടന്ന പാക്ക് യുവാവ് അറസ്റ്റിലായി. ബോളിവുഡിലെ പ്രിയ താരങ്ങളെ നേരിൽ കാണാനാണ് പാക്കിസ്ഥാനിലെ സ്വാത് മേഖലയിലെ ഗ്രാമത്തിൽനിന്ന് അബ്ദുല്ല (21) കഴിഞ്ഞ മേയ് 24നു വീടു വിട്ടത്.
തൊട്ടടുത്ത ദിവസം വാഗാ അതിർത്തിയിലെത്തി. എന്നാൽ വീസയോ മറ്റു യാത്രാരേഖകളോ ഇല്ലാതെ ഇന്ത്യയിൽ പ്രവേശിച്ചതിന് അറസ്റ്റിലായ അബ്ദുല്ല ഇപ്പോൾ അമൃത്സർ ജയിലിലാണ്.
മാനസികാരോഗ്യപ്രശ്നങ്ങളുള്ള യുവാവ് സിനിമാക്കമ്പം മൂത്താണ് അതിർത്തി കടന്നതെന്നും വിട്ടയയ്ക്കണമെന്നും ആവശ്യപ്പെട്ട് ബന്ധുക്കൾ ഇന്ത്യൻ അധികൃതർക്ക് അപേക്ഷ നൽകിയിട്ടുണ്ട്. എന്നാൽ, അതിർത്തി രക്ഷാസേന (ബിഎസ്എഫ്) പ്രതികരിച്ചിട്ടില്ല.
ഇന്ത്യ–പാക്ക് ബന്ധം വഷളായതോടെ കഴിഞ്ഞവർഷം ബോളിവുഡിലെ പാക്ക് താരങ്ങളെ പുറത്താക്കിയിരുന്നു. ഇതിനു മറുപടിയായി ബോളിവുഡ് സിനിമകളുടെ പാക്കിസ്ഥാനിലെ റിലീസും നിരോധിച്ചു. ഇതോടെ പാക്കിസ്ഥാനിൽ ഇന്ത്യൻ സിനിമകളുടെ വ്യാജസിഡികൾ മാത്രമാണു സിനിമാപ്രേമികൾക്ക് ആശ്രയം.