പാവപ്പെട്ടവര്‍ക്കുള്ള പാചകവാതക സബ്സിഡി തുടരുമെന്ന് കേന്ദ്രസര്‍ക്കാര്‍. അനര്‍ഹര്‍ക്കുള്ള സബ്സിഡിയാണ് നിര്‍ത്തുന്നതെന്ന് പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന് രാജ്യസഭയില്‍ അറിയിച്ചു. പ്രശ്നത്തില്‍ സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറാവാത്തത് പാര്‍ലമെന്റിന്റെ ഇരുസഭകളിലും ബഹളത്തിനു കാരണമായി.
പാചകവാതക സബ്സിഡി പൂര്‍ണമായി പിന്‍വലിക്കാനും വില കൂട്ടാനുമുള്ള സര്‍ക്കാര്‍ തീരുമാനം പാര്‍ലമെന്റിന്റെ ഇരുസഭകളേയും പ്രക്ഷുബ്ധമാക്കി. പ്രതിപക്ഷം നടുത്തളത്തിലിറങ്ങിയതിനെ തുടര്‍ന്ന് രാജ്യസഭ രണ്ട് തവണ നിര്‍ത്തിവച്ചു. പ്രതിപക്ഷ ബഹളത്തിനിടയ്ക്ക് കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന് വിശദീകരണവുമായി രംഗത്തെത്തി. അനര്‍ഹര്‍ക്കുള്ള സബ്സിഡിയാണ് നിര്‍ത്തലാക്കിയതെന്നും പാവപ്പെട്ടവര്‍ക്കുള്ള സബ്സിഡി തുടരുമെന്നും മന്ത്രി അറിയിച്ചു. യുപിഎ സര്‍ക്കാരിന്റെ കാലത്താണ് സബ്സിഡി നിര്‍ത്തലാക്കാനുള്ള തീരുമാനം എടുത്തതെന്നും മന്ത്രിപറഞ്ഞു.
ലോകസഭയില്‍ വിഷയം കെസി വേണുഗോപാല്‍ ,എന്‍.കെ പ്രമചന്ദ്രന്‍, പി.കെ ശ്രീമതി എന്നിവര്‍ ഉന്നയിച്ചെങ്കിലും ചര്‍ച്ചയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ തയ്യാറായില്ല. ഇക്കാര്യത്തില്‍ ചര്‍ച്ചനടത്തണമെന്ന് സര്‍ക്കാരിനെ നിര്‍ബന്ധിക്കാനാവില്ലെന്ന് സ്പീക്കര്‍ സുമിത്ര മഹാജന് വ്യക്തമാക്കി . ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ എം.പി മാര്‍ ലോകസഭയില്‍ നിന്നിറങ്ങിപ്പോയി. അതേസമയം രാജ്യസഭയിലെ ഇന്നലത്തെ അസാന്നിധ്യത്തിന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ബിജെപി എംപിമാരോട് വിശദീകരണം തേടി. ഇത്തരം നടപടികള്‍ ഇനി ആവര്‍ത്തിക്കരുതെന്ന് ബിജെപി എം.പിമാര്‍ക്ക് മുന്നറിയിപ്പ് നല്കി. ദേശീയ പിന്നാക്ക കമ്മീഷന് ഭരണഘടന ഭേദഗതി ബില്‍ രാജ്യസഭയില്‍ വന്നപ്പോള്‍ ബി.ജെ.പി.എംപിമാരില്ലാതെ പോയത് സര്‍ക്കാരിന് തിരിച്ചടിയായിരുന്നു.