ഒരു നാടിനാകെ ജലലഭ്യത ഉറപ്പാക്കുന്ന പൊതുകിണറുകളുടെ സംരക്ഷണത്തിനായി പൊതുപ്രവർത്തക കൂട്ടായ്മ. അടൂരിൽ യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദ്യ കിണർ ഉപയോഗയോഗ്യമാക്കി. മറ്റ് യുവജന സംഘടനകളും സമാന ശ്രമദാനം പ്രഖ്യാപിച്ചിട്ടുണ്ട്.
തിരക്കേറിയ പറക്കോട് ചന്തയോട് ചേർന്നുള്ള കിണറാണ് ആദ്യം ശുചീകരിച്ചത്. അടുത്തകാലം വരെ നല്ല ജലസാന്നിധ്യമുണ്ടായിരുന്ന കിണർ പിന്നീട് ചവർ നിക്ഷേപിക്കുന്ന ഇടമായി. ഈസമയത്തും കിണറിലെ നീരൊഴുക്ക് നിലച്ചിരുന്നില്ല. ഇത് മനസിലാക്കിയാണ് പൊതുപ്രവർത്തകർ കിണർ പൂർണമായും വൃത്തിയാക്കി വെള്ളം കോരാനുള്ള സൗകര്യമൊരുക്കിയത്.
പൊതുകിണർ സംരക്ഷിച്ചാൽ ഒരുമേഖലയിലാകെ ജലലഭ്യത ഉറപ്പാക്കാനാകുമെന്നാണ് വിലയിരുത്തൽ. ഇതിന്റെ അടിസ്ഥാനത്തിൽ മറ്റ് ഇടത് യുവജനസംഘടനകളും അതത് പഞ്ചായത്തിലെ കിണറുകളും കുളങ്ങളും വരുംദിവസങ്ങളിൽ വൃത്തിയാക്കും. പുതിയ ജല ഉറവിടം തേടിപ്പോകുന്നതിന് പകരം മികച്ചവയെ സംരക്ഷിക്കുന്ന നടപടിയിൽ പ്രദേശവാസികളും പങ്കാളികളായിട്ടുണ്ട്.