സംസ്ഥാനത്തെ ബേക്കറികളിലും, ഹോട്ടലുകളിലും ഭക്ഷ്യസുക്ഷാ വിഭാഗത്തിന്റെ പരിശോധന. ചെറിയ പെരുന്നാളിന് മുന്നോടിയായി ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം ഉറപ്പാക്കുകയാണ് പരിശോധനയുടെ ലക്ഷ്യം.
നോമ്പുതുറ വിഭവങ്ങളുടെ ഗുണനിലവാരമാണ് പ്രധാനമായും പരിശോധിക്കുന്നത്.കോഴിക്കോട് ജില്ലയിൽ ബേക്കറികളിലായിരുന്നു ആദ്യഘട്ട പരിശോധന.വിവധ ബേക്കറികളിൽ നിന്ന് ഈന്തപ്പഴം ഉൾപ്പെടെയുള്ള ഭക്ഷ്യവസ്തുക്കളുടെ സാമ്പിളുകൾ വിദഗ്ദ്ധ പരിശോധനയ്ക്കായി ശേഖരിച്ചു. മിക്ക ഭക്ഷ്യവസ്തുക്കളും വേണ്ടത്ര വൃത്തിയില്ലാതെയാണ് സൂക്ഷിച്ചിരിക്കുന്നതെന്ന് കണ്ടെത്തി. വീഴ്ചകൾ കണ്ടെത്തിയ സ്ഥാപനങ്ങൾക്ക് ഭക്ഷ്യസുരക്ഷാ നിയമപ്രകാരം നോട്ടീസ് നൽകി.
വ്യാഴാഴ്ച വരെയാണ് പരിശോധന. നോമ്പുതുറക്കായി വിഭവങ്ങൾ ഉണ്ടാക്കി ബേക്കറികളിലും, ഹോട്ടലുളിലും എത്തിക്കുന്ന കേന്ദ്രങ്ങളിലും, ജില്ലയിലെ ഹോട്ടലുകളിലും വരും ദിവസങ്ങളിൽ പരിശോധനയുണ്ടാകും. സമീപ ജില്ലകളിലെ ഉദ്യോഗസ്ഥരാണ് ഓരോ ജില്ലകളിലും പരിശോധന നടത്തുന്നത്