ഐഎസ്എല്ലില്‍ പുണെ സിറ്റിക്ക് മൂന്നാം സീസണിലെ ആദ്യ ജയം. എഫ്.സി. ഗോവയെ ഒന്നിനെതിരെ രണ്ടു ഗോളിന് തോല്പിച്ചു. തൊണ്ണൂറാം മിനിറ്റിലാണ് പുണെ വിജയഗോള്‍ നേടിയത് മൂന്നാം സീസണില്‍ ഗോവയ്ക്ക് തൊട്ടതെല്ലാം പിഴയ്ക്കുകയാണ്. നോര്‍ത്ത് ഈസ്റ്റിനെതിരായ തോല്‍വി മറന്ന് സ്വന്തം മണ്ണില്‍ ജയത്തോടെ തുടങ്ങാമെന്ന് കരുതിയിറങ്ങിയ സീക്കോയുടെ കുട്ടികള്‍ക്ക് നാട്ടുകാര്‍ക്ക് മുന്നില്‍ തലകുനിക്കേണ്ടി വന്നു. 26ാം മിനിറ്റില്‍ അറാത്ത ഇസൂമിയുടെ ഗോളിലൂടെ പുണെ ലീഡ് നേടി.
ജൊനാഥന് ലൂക്കയുടെ ഷോട്ട് പോസ്റ്റില്‍ തട്ടി തിരിച്ചെത്തിയത് ഇസൂമിയുടെ കാലിലേക്ക്. ഗോളി കട്ടിമണിയെ കടന്ന് പന്ത് വലയ്ക്കുള്ളിലായി. ഏഴു മിനിറ്റിനുള്ളില്‍ പുണെയുടെ പ്രതിരോധത്തിലെ പിഴവ് മുതലാക്കി ബ്രസീല്‍ താരം റാഫേല്‍ കൊയ്ലോയിലൂടെ ഗോവ ഗോള്‍ മടക്കി.
രണ്ടാം പകുതിയില്‍ കിട്ടിയ സുവര്ണാവസരങ്ങള് നഷ്ടമാക്കുന്നതില്‍ ഗോവയും പുണെയും മല്‍സരിച്ചു. ഒരു ഗോള്‍ സമനിലയില്‍ മല്‍സരം അവസാനിക്കുമെന്ന് കരുതിയിരിക്കെ പകരക്കാരനായിറങ്ങിയ മൊമാന് എന്‍ഡോയെ തൊണ്ണൂറാം മിനിറ്റില്‍ പണി പറ്റിച്ചു. കട്ടിമണിയ്ക്ക് നോക്കി നില്ക്കാനെ കഴിഞ്ഞുള്ളു. പുണെ ക്യാംപില്‍ സീസണിലെ ആദ്യ ജയത്തിന്റെ ആഘോഷം തുടങ്ങിയപ്പോള്‍ തോല്‍വിയുടെ കാരണങ്ങള്‍തേടി സീക്കോ തലപുകയ്ക്കുകയായിരുന്നു. തുടര്‍ച്ചയായ രണ്ടാം തോല്‍വിയാണ് നിലവിലെ റണ്ണേഴ്സ് അപ്പായ ഗോവന്‍ ടീം നേരിട്ടത്