ഐഎസ്എൽ മൂന്നാം സീസണില്‍ ഗോവ എഫ്സിക്ക് ആദ്യ വിജയം. മുംബൈ സിറ്റി എഫ്സിയെ ഏകപക്ഷിയമായ ഒരു ഗോളിനാണ് ഗോവ തോല്പിച്ചത്. ബ്രസീലിയൻ താരം റിചാലിസൺ ഫെലിസ്ബിനോയാണ് വിജയഗോള്‍ നേടിയത്
ആലസ്യം നിറഞ്ഞ ആദ്യമിനുട്ടുകൾ. ആക്രമിച്ചു മുന്നേറാനാകാതെ ഇരുകൂട്ടരും കിതച്ചു. ലഭിച്ച ഫ്രീകിക്കും കോർണറുകവും ഒന്നിനൊന്നായി പിഴച്ചു. മൈതാനമുണരാൻ 41ആം മിനുറ്റുവരെ കാത്തിരിക്കേണ്ടി വന്നു. ഫൗൾ കിക്ക് പാസ് എടുത്ത ജൂലിയോ സീസറിന്റെ കാലിൽ നിന്നുയർന്ന പന്ത്, ബ്രസീലിയൻ താരം റിചാലിസൺ ഫെലിസ്ബിനോ ഗോളാക്കി. ഐഎസ്എൽ മൂന്നാം സീസണിലെ ഗോവയുടെ മൂന്നാം ഗോൾ.
ആദ്യപകുതിക്ക് ശേഷം മുംബൈ ഉണർന്നു. അറ്റാക്കിങ്ങിലായി ശ്രദ്ധ. എങ്കിലും 46, 49 മിനിറ്റുകളിൽ ഗോവ വീണ്ടും വലകുലുക്കുമെന്നു തോന്നിപ്പിച്ചു. മുംബൈ നിരയിൽ പരിക്കുമാറി തിരികെയെത്തിയ മാർക്വീ താരം ഫോർലാനും ഹെയ്തി താരം സോണി നോർദെയും നിരാശപ്പെടുത്തി.
കളി തീരാൻ നിമിഷങ്ങൾ ബാക്കി നിൽക്കെ മുംബൈയുടെ വല ഒന്നുകൂടി ചാലിച്ചെങ്കിലും റഫറി ഓഫ്സൈഡ് വിളിച്ചു. അവസാനം ഏകപക്ഷിയമായ ഒരു ഗോളിന് മുംബൈയുടെ മൈതാനത്തു ഗോവക്ക് വിജയം. നേരത്തെ കേരള ബ്ലാസ്റ്റേഴ്സിനോടും മുംബൈ തോറ്റിരുന്നു.