അധികസമയത്ത് പിയേഴ്സൺ നേടിയ ഗോളിൽ ഗോവയ്ക്കെതിരായ മൽസരത്തിൽ അത്ലറ്റി കോ ഡി കൊൽക്കത്തയ്ക്ക് ജയം. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് കൊൽക്കത്തയുടെ ജയം. 19, 92 മിനിറ്റുകളിലാണ് കൊൽക്കത്ത ഗോൾ നേടിയത്. ജയത്തോടെ 18 പോയിന്റുമായി പട്ടികയിൽ കൊൽക്കത്ത രണ്ടാം സ്ഥാനത്തെത്തി പ്ലേ ഒാഫ് സാധ്യതകൾ നിലനിർത്തി. തോൽവിയോടെ ഗോവയ്ക്ക് പുറത്തേക്കുള്ള വഴിയും തുറന്നു. പോയിന്റ് പട്ടികയിൽ അവസാനക്കാരാണ് സീക്കോ പരിശീലിപ്പിക്കുന്ന ഗോവ.
29–ാം മിനിറ്റിൽ സ്പാനിഷ് താരം യുവാൻ ബെലെങ്കോസയാണ് കൊൽക്കത്തയെ മുന്നിലെത്തിച്ചത്. റുയ്ഡിയാസിന്റെ ക്രോസ്സിൽ ബെലെങ്കോസോ ഹെഡ്ഡ് ചെയ്യുകയായിരുന്നു. നിരവധി മികച്ച അവസരങ്ങൾ കൊൽക്കത്തയ്ക്ക് ലഭിച്ചെങ്കിലും പലതും ഗോവൻ ഗോളിയുടെ മികവുകൊണ്ട് രക്ഷപ്പെടുത്തുകയായിരുന്നു.
80–ാം മിനിറ്റിൽ റാഫേൽ കൊയ് ലോയുടെ പാസിൽ മന്ദർ റാവു ദേശായിയാണ് ഗോവയുടെ ആശ്വാസ ഗോൾ നേടിയത്. തുടർന്ന് വിജയഗോളിനായി ഇരുടീമുകളും കിണഞ്ഞു പരിശ്രമിച്ചു. പലപ്പോഴും കൊൽക്കത്തയുടെ ഗോൾ മുഖത്ത് ഗോവ ആക്രമണം അഴിച്ചുവിട്ടു. എന്നാൽ, 92–ാം മിനിറ്റിൽ കൗണ്ടർ അറ്റാക്കിലൂടെയാണ് കൊൽക്കത്ത വിജയഗോൾ നേടിയത്. സമീഗ് ദൗത്തി നടത്തിയ മുന്നേറ്റം സ്റ്റീഫൻ പിയേഴ്സൺ ഗോളാക്കുകയായിരുന്നു.
Advertisement