കേരള ബ്ലാസ്റ്റേഴ്സ് ഇഷ്ട ടീമാണെന്ന് ഇയാൻ ഹ്യുമും സ്റ്റീഫൻ പീയേഴ്സണും. ബ്ലാസ്റ്റേഴ്സിലേക്ക് മടങ്ങിവരുമോ എന്ന് ഇപ്പോൾ പറയാൻ കഴിയില്ലെന്നും അത്്ലറ്റിക്കോ ഡി കൊൽക്കത്ത ടീമംഗങ്ങളായ ഇരുവരും പറഞ്ഞു.
ആദ്യ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ മഞ്ഞ കുപ്പായമണിഞ്ഞ ഇയാൻ ഹ്യൂമും സ്റ്റീഫൻ പിയേഴ്സണും സ്കൂൾ കുട്ടികൾക്ക് മുന്നിലാണ് മനസ്സ് തുറന്നത്. ഇപ്പോൾ ബൂട്ടണിയുന്നത് വംഗദേശത്തിന് വേണ്ടിയാണെങ്കിലും ഇരുവരുടെയം മനസ് മഞ്ഞപടയ്ക്കൊപ്പമാണ്. കേരളത്തിന്റെ പ്രകൃതിയെയും ബ്ലാസ്റ്റേഴ്സിന്റെ ആരാധകരെയും വലിയ ഇഷ്ടമാണ്. പക്ഷേ കളി ഫുട്ബോളായതുകൊണ്ട് ബ്ലാസ്റ്റേഴ്സിലേക്ക് മടങ്ങിവരുമോയെന്ന് ഇപ്പോൾ പറയാനാകില്ലെന്നാണ് ഇരുവരുടെയുംപക്ഷം.
പാതിയിൽ ഉപേക്ഷിച്ച പഠനം പുനരാരംഭിക്കണമെന്നാണ് കനേഡിയൻ താരമായ ഇയാൻ ഹ്യൂമിന്റെ ആഗ്രഹം. ഇതിനായി മൂന്ന് വർഷത്തിനകം കരിയർ അവസാനിപ്പിക്കാനുള്ള ആലോചനയിലാണ് മലയാളികളുടെ സ്വന്തം ഹ്യുമേട്ടൻ.