ഐഎസ്എല്ലില്‍ ചാംപ്യന്മാരുടെ പോരാട്ടം സമനിലയില്‍. ഫുട്ബോള്‍ ആവേശം മുഴുവന്‍ നിറച്ച് കൊല്‍ക്കത്തയും ചെന്നൈയിനും രണ്ടു ഗോള്‍ വീതമടിച്ച് പിരിഞ്ഞു. ഇയാന്‍ ഹ്യൂം ഐഎസ്എല്ലിന്റെ മൂന്നു സീസണിലും ഗോള്‍നേടുന്ന താരമായി. ചാംപ്യന്മാര്ക്കൊത്ത പ്രകടനവുമായി കൊല്‍ക്കത്തയും ചെന്നൈയിനും തൊണ്ണൂറു മിനിറ്റും ആവേശം നിറച്ചു. ചെന്നൈയിന്റെ മാര്‍ക്വി താരം ജോണ്‍ ആര്‍ണീ റീസയുടെ തകര്‍പ്പന്‍ ഫ്രീകിക്ക് ക്രോസ് ബാറില്‍ തട്ടി പുറത്തേയ്്ക്ക് പോകുന്നത് കണ്ടാണ് കളി തുടങ്ങിയത്.
ആദ്യ പകുതി ഗോള്‍രഹിതമായെങ്കിലും പോസ്റ്റിഗയുടേയും ജെജെയുടേയും മുന്നേറ്റങ്ങള്‍ ഗാലറിയെ ഇളക്കിമറിച്ചു. അവസരങ്ങള്‍ നഷ്ടമാക്കുന്നതിലും ഇരുടീമും പിന്നിലായില്ല. 59ാം മിനിറ്റില്‍ സ്കോര്‍ ബോര്‍ഡ് തുറന്ന് എടികെയുടെ ഗോള്‍. പോസ്റ്റിഗയുടെ ക്ലാസിക് പാസില്‍ സമീഗ് ഡ്യൂട്ടിയുടെ പെര്‍ഫെക്ട് ഫിനിഷിങ്. 66ാം മിനിറ്റില്‍ ചെന്നൈയിന് ഗോള്‍ മടക്കി. ജെജെ പോസ്റ്റിലേക്ക് തൊടുത്ത ഷോട്ട് പിടിച്ചെടുത്ത് ജയേഷ് റാണ പന്ത് വലയ്ക്കുള്ളിലാക്കി. നാല് മിനിറ്റിനുള്ളില്‍ ഹാന്‍സ് മള്‍ഡര്‍ ചെന്നൈയ്ക്ക് ലീഡും സമ്മാനിച്ചു
ഗോള്‍മടക്കാനുള്ള എടികെയുടെ കിണഞ്ഞപരിശ്രമം ചെന്നൈയിന് ഗോളിയെ പലകുറി പരീക്ഷിച്ചു. ഹ്യൂമിന്റേയും പോസ്റ്റിഗയുടേയും തുടര്‍ച്ചയായ ടാര്‍ഗറ്റ് ഷോട്ടുകള്‍. കളിതീരാന്‍ നാലു മിനിറ്റ് ശേഷിക്കെ സമീഗ് ഡ്യൂട്ടിയെ ഫൗള്‍ ചെയ്തതിന് കൊല്‍ക്കത്തയ്ക്ക് പെനല്‍റ്റി. ഐഎസ്എല്ലിന്റെ മൂന്നു സീസണിലും ഗോള്‍ നേടുന്ന താരമെന്ന ബഹുമതി ഹ്യൂമിന് സ്വന്തം. ഹ്യൂമേട്ടന്റെ പതിനാലാം ഐഎസ്എല്‍ ഗോള്‍. തോല്‍വി സമ്മതിക്കാനോ ജയിപ്പിച്ചുവിടാനോ ഇരുകൂട്ടരും തയ്യാറാകാത്ത പോരാട്ടത്തിന് റഫറിയുടെ സമനില വിസില്‍.