സംഗീത സംവിധായകന് ഗോപീ സുന്ദറിന് പിറന്നാള്‍ ആശംസ നേര്‍ന്ന് ഒരു മ്യൂസിക്കല്‍ ആല്‍ബം. ആലപ്പുഴയിലെ ബിജിഎം ബാന്‍ഡാണ് ട്രിബ്യൂട്ട് ടു ബിഗ് ജി ഒരുക്കിയത്. സ്വന്തമായി പാട്ടുകളൊരുക്കി സംഗീത ലോകത്ത് സജീവമാകാനാണ് ബാന്‍ഡിന്റെ ശ്രമം.
ആലപ്പുഴയിലെ യുവ കൂട്ടായ്മയാണ് ബിജിഎം ബാന്ഡിനുപിന്നില്. അജയ് അലക്സ്, എബി ചാക്കോ, ഗൗതം വിന്‍സന്റ് , ആന്‍ മേരി അങ്ങനെ പതിനാലുപേര്‍. പാട്ടും മേളവുമായി നടക്കുന്ന ഇവരുടെ ഇഷ്ട സംഗീതഞ്ജന്‍ ഗോപീ സുന്ദറാണ്. അതുകൊണ്ടുതന്നെ ബിഗ് ജി എന്ന പേരില്‍ മ്യൂസിക് ആല്‍ബം ഒരുക്കിയാണ് ഇവര്‍ ഗോപീ സുന്ദറിന് പിറന്നാള്‍ ആശംസ നേര്‍ന്നത്.
കഴിഞ്ഞ നവംബറിലായിരുന്നു ബിജിഎം ബാന്‍ഡിന്റെ പിറവി. ഗൗതമിന്റെ വീടിന്റെ മുകള്‍ഭാഗമാണ് താവളം. സ്വന്തമായി പാട്ടൊരുക്കി ബാന്‍ഡിന്റെ വരവറിയിക്കാന്‍ അണിയറയില്‍ കഠിനശ്രമം.
ആലപ്പുഴക്കാരായതിനാല്‍ വള്ളംകളിയെക്കുറിച്ച് പാടാതെ വയ്യ. അതുകൊണ്ടുതന്നെ നെഹ്റുട്രോഫിക്കായി സ്വന്തം പാട്ടൊരുക്കുകയാണ് ഇവര്‍.