കാസർകോട് മഞ്ചേശ്വരത്ത് യുവാവിനെ കൊന്ന് പൊട്ടകിണറ്റിൽ തള്ളി. തളങ്കര സ്വദേശി മൻസൂർ അലിയെയാണ് പൈവെളിഗ ബയാർപദവിലെ ജനവാസമില്ലാത്ത പ്രദേശത്ത കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാത്രി പത്ത് മണിയോടെയാണ് ബയാർപദവ് സുന്നക്കട്ടയിലെ ആളൊഴിഞ്ഞ പ്രദേശത്തെ പൊട്ടകിണറ്റിൽ മൃതദേഹം കണ്ടെത്തിയത്.
തലക്കും കൈകൾക്കും സാരമായി വെട്ടേറ്റ നിലയിലായിരുന്നു മൃതദേഹം . രാത്രി തന്നെ മൃതദേഹം മംഗൽപാടി പ്രഥമിക ആരോഗ്യ കേന്ദ്രത്തലേക്ക് മാറ്റി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊല്ലപ്പെട്ടത് തളങ്കര സ്വദേശിയായ മൻസൂർ അലിയാണെന്ന് സ്ഥിരീകരിച്ചത്. രാവിലെ വീട്ടിൽ നിന്നും ഇറങ്ങിയ ഇയാളെ കാണാതാവുകയായിരുന്നു.
ധനകാര്യ സ്ഥാപനങ്ങൾ ലേലത്തിൽ വയ്ക്കുന്ന സ്വർണം വാങ്ങി മറിച്ചുവിൽക്കുന്നയാളാണ് മൻസൂർ.മൃതദേഹത്തിൽ നിന്നും മൂന്നര ലക്ഷം രൂപ പൊലീസ് കണ്ടെടുത്തിട്ടുണ്ട്.എന്നാൽ ഇയാളുടെ കൈവശമുണ്ടായിരുന്ന ഹാൻഡ് ബാഗും രണ്ട് മൊബൈൽ ഫോണുകളും കാണാതായിട്ടുണ്ട്. മഞ്ചേശ്വരം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.