ബെംഗളൂരു ∙ പത്തുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താനുള്ള ശ്രമം നാട്ടുകാരുടെ സമയോചിത ഇടപെടൽ മൂലം ഒഴിവായി. ശിവാജി നഗറിൽനിന്നു മൂന്നുപേർ ചേർന്നാണു പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയത്. കൊലപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ കുട്ടിയുടെ കരച്ചിൽ കേട്ട് സമീപവാസികൾ എത്തിയപ്പോൾ ഇവർ കുട്ടിയെ ഉപേക്ഷിച്ചു കടന്നുകളഞ്ഞു. വീടിനു സമീപം നിൽക്കവെയാണു കാറിലെത്തിയവർ കുട്ടിയെ തട്ടിയെടുത്തത്.
തുടർന്നു ഹെബ്ബാൾ ഭുവനേശ്വരി നഗറിലെ കെട്ടിടത്തിലേക്കു കൊണ്ടുപോയി. കെട്ടിടത്തിനു മുകളിൽ കയറ്റിയശേഷം കയർ കഴുത്തിൽച്ചുറ്റി ശ്വാസംമുട്ടിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ കുട്ടിയുടെ ശബ്ദം കേട്ട സമീപവാസികൾ കെട്ടിടത്തിനു സമീപത്തേക്ക് ഓടിയെത്തിയതോടെ ഇവർ കടന്നുകളഞ്ഞു. കുട്ടിയെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടി ലൈംഗിക പീഡനത്തിന് ഇരയായിട്ടില്ലെന്നും കുറ്റവാളിയെക്കുറിച്ചു സൂചന ലഭിച്ചെന്നും പൊലീസ് അറിയിച്ചു.