ഹൈക്കോടതിയില്‍ മുഖ്യമന്ത്രി വ്യക്തമായ മറുപടി നല്‍കുമോ?

PVa-Masappadi
SHARE

മാസപ്പടി വിവാദത്തില്‍ തെറ്റും ശരിയുമേത് എന്ന ചോദ്യത്തിനു കോടതി ഉത്തരം കണ്ടെത്തുമോ? കരിമണല്‍ കമ്പനിയില്‍ നിന്ന് കൈപ്പറ്റിയ പണത്തിന്റെ കണക്ക്  മുഖ്യമന്ത്രിയും മകളും യു.ഡി.എഫ് നേതാക്കളും കോടതിയിലെങ്കിലും വെളിപ്പെടുത്തുമോ? എന്തായാലും ഇത്രയേ പറയാന്‍ സൗകര്യമുള്ളൂ എന്ന മുഖ്യമന്ത്രിയുടെ മറുപടിയില്‍ തീരുന്ന ചോദ്യങ്ങളല്ല മാസപ്പടി വിവാദത്തില്‍ ഉയര്‍ന്നതെന്ന് ഹൈക്കോടതി നടപടിയില്‍ വ്യക്തമായിക്കഴിഞ്ഞു.  മുഖ്യമന്ത്രിയുടെ മകള്‍ക്കും കമ്പനിക്കും നല്‍കാത്ത സേവനത്തിന് പ്രതിഫലം നല്‍കിയെന്ന ആരോപണത്തിലാണ് വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി കോടതിക്കു മുന്നിലെത്തിയത്. ഒപ്പം യു.ഡി.എഫ് നേതാക്കളായ രമേശ് ചെന്നിത്തല, പി.കെ.കുഞ്ഞാലിക്കുട്ടി, വി.കെ.ഇബ്രാംഹിം കുഞ്ഞ് എന്നിവര്‍ കരിമണല്‍ കമ്പനിയില്‍ നിന്ന് പണം കൈപ്പറ്റിയെന്ന ആരോപണത്തിലും നടപടി ആവശ്യപ്പെട്ടിരുന്നു. ഇവരൊന്നും ഹര്‍ജിയില്‍ കക്ഷിയല്ലാത്തതിനാല്‍ കക്ഷി ചേര്‍ത്ത് നോട്ടീസയയ്ക്കാനാണ് ഹൈക്കോടതി ഉത്തരവ്.  

മുഖ്യമന്ത്രിയുെട മകള്‍ വീണ ടി.യുടെ എക്സാലോജിക് സൊല്യൂഷന്‍സ് കമ്പനിക്ക് സേവനമൊന്നുമില്ലാതെ തന്നെ CMRL കോടികള്‍ പ്രതിഫലം നല്‍കിയെന്ന സെറ്റില്‍മെന്റ് ബോര്‍ഡിന്റെ ഉത്തരവിലെ പരാമര്‍ശമാണ് അന്വേഷിക്കണമെന്ന ആവശ്യമായി കോടതിയിലെത്തിയത്. മൂവാറ്റുപുഴ വിജിലന്‍സ് കോടതി ഹര്‍ജി തള്ളിയപ്പോഴാണ് പരാതിക്കാരന്‍ ഹൈക്കോടതിയെ സമീപിച്ചത്. പരാതിക്കാരന്‍  ഗിരീഷ് ബാബുവിന്റെ മരണത്തെത്തുടര്‍ന്ന് അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ട് തേടിയാണ് കോടതി തുടര്‍നടപടികളിലേക്ക് കടന്നിരിക്കുന്നത്. കോടതി നടപടിയെക്കുറിച്ച് ചോദിച്ചപ്പോള്‍ നിങ്ങള്‍ വേവലാതിപ്പെടേണ്ട എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം

ഇതിനു മുന്‍പും നാളുകള്‍ നീണ്ട മൗനത്തിനു ശേഷം മുഖ്യമന്ത്രി ഈ ചോദ്യത്തിന് എവിെടയും തൊടാതെ മറുപടി പറഞ്ഞിട്ടുണ്ട്.  നികുതി അടച്ച്, കൈപ്പറ്റിയ പ്രതിഫലം മാസപ്പടിയാണെന്നു പറയുന്നത് പ്രത്യേക മനോനിലയാണെന്നായിരുന്നു അന്ന് മുഖ്യമന്ത്രിയുടെ വ്യാഖ്യാനം. കരിമണല്‍ കമ്പനിയില്‍ നിന്ന് പണം കൈപറ്റിയെന്ന ആരോപണം ചൂണ്ടിക്കാണിച്ചപ്പോള്‍ ആ പിവി. ഞാനല്ലെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടിരുന്നു.  കോടതിയിലെങ്കിലും ചോദ്യങ്ങള്‍ക്ക് സുതാര്യമായി ഉത്തരം നല്‍കാന്‍ മുഖ്യമന്ത്രിക്കു കഴിയുമോ എന്നതാണ് കേരളം കാത്തിരിക്കുന്നത്. കരിമണല്‍ കമ്പനിക്ക് മുഖ്യമന്ത്രിയുടെ മകളും കമ്പനിയും നല്‍കിയ സേവനമെന്താണ്? പാര്‍ട്ടിയിലെ ആധിപത്യത്തിനും പ്രതിപക്ഷത്തിന്റെ നിസംഗതയ്ക്കും ആ ചോദ്യം മായ്ച്ചു കളയാനായില്ല എന്നതു തന്നെ വളരെ പ്രധാനമാണ്. ഉത്തരം കിട്ടുന്നതു വരെ ചോദ്യം നിലനില്‍ക്കുമെന്ന ജനാധിപത്യബോധം മുഖ്യമന്ത്രിക്കും പ്രതിപക്ഷത്തെ നേതാക്കള്‍ക്കുമുണ്ടാകണം.  മുന്‍പേ ഒരു ജനാധിപത്യവിരുദ്ധത സംഭവിച്ചിരുന്നു.  മുഖ്യമന്ത്രിയും മകളും യു.ഡി.എഫ് നേതാക്കളും കോടതിക്ക് മറുപടി നല്‍കണം.

Parayathe vayya on money laundering allegations

MORE IN PARAYATHE VAYYA
SHOW MORE