നിരോധിച്ച സ്ത്രീധനം നാട്ടുനടപ്പാകുന്ന കേരളം..!

PVA-Dowry
SHARE

പ്രബുദ്ധകേരളത്തില്‍ ഒരു പെണ്‍കുട്ടിയുടെ ജീവന്‍ കൂടി സ്ത്രീധനത്തില്‍ ഒടുങ്ങി. പതിവുപോലെ കേരളം ഞെട്ടുന്നു. കര്‍ശനനിയമനടപടി പ്രഖ്യാപനങ്ങള്‍ ആവര്‍ത്തിക്കുന്നു. കണ്ണീര്, നടുക്കം, സ്ത്രീ ശാക്തീകരണത്തിനുള്ള ഉപദേശങ്ങള്‍ തുടങ്ങിയ ആചാരങ്ങളും ഒരു മുടക്കവുമില്ലാതെ ആവര്‍ത്തിക്കുന്നുണ്ട്. ശരിക്കും കേരളം ഞെട്ടിയോ? ഇന്നും കേരളത്തില്‍ സ്ത്രീധനം എന്ന കുറ്റകൃത്യം വ്യാപകമായി നടക്കുന്നുണ്ട് എന്നറിയാത്തവരാണോ ഞെട്ടിയത്? ഇപ്പോഴും സ്ത്രീജീവിതങ്ങള്‍ സ്ത്രീധനത്തിന്റെ പേരില്‍ ഒടുങ്ങുന്നുണ്ട് എന്നറിയാത്തവരാണോ നമ്മുടെ സര്‍ക്കാരും സംവിധാനങ്ങളും? അല്ല. നാട്ടില്‍ നടക്കുന്നതൊക്കെ എല്ലാവര്‍ക്കുമറിയാം. എന്നിട്ടും ഞെട്ടുന്നുവെങ്കില്‍ ആദ്യം അവസാനിപ്പിക്കേണ്ടത് ഈ കാപട്യമാണ്. നിയമം നിരോധിച്ച ഒരു കുറ്റകൃത്യം ഇപ്പോഴും നാട്ടുനടപ്പായി തന്നെ കൊണ്ടാടുന്നുണ്ടെങ്കില്‍ ഈ ഞെട്ടലും കാപട്യവും ദയവായി അവസാനിപ്പിക്കണം. കേരളത്തില്‍ ഇപ്പോഴും സ്ത്രീധനം  നിലനില്‍ക്കുന്നുണ്ടെങ്കില്‍ അത് അവസാനിപ്പിക്കാന്‍ ആരും തീരുമാനിച്ചിട്ടില്ലാത്തതുകൊണ്ടാണെന്ന് സര്‍ക്കാരിനുമറിയാം, സമൂഹത്തിനുമറിയാം. കാപട്യം നിറഞ്ഞ ഞെട്ടലിന്റെ അപമാനം കൂടി സഹിക്കേണ്ട ബാധ്യത സ്ത്രീകള്‍ക്കുണ്ടാക്കരുത്. സ്ത്രീകള്‍ ജീവനൊടുക്കുമ്പോള്‍ മാത്രം ഞെട്ടാനും കര്‍ശനനടപടികള്‍ പ്രഖ്യാപിക്കാനും ആരും വരേണ്ടതില്ല. 

അത്യന്തം ഖേദകരമായ ഒരു സാഹചര്യത്തില്‍ ഇത്തവണ ജീവിതം അവസാനിപ്പിച്ചിരിക്കുന്നത്  ഒരു ഡോക്ടറാണ്. അക്കാദമിക മികവു പുലര്‍ത്തിയ മിടുക്കിയായ ഡോ.ഷഹന, ആത്മഹത്യാകുറിപ്പില്‍ തന്നെ സ്ത്രീധനമാണ് ജീവിതമെടുത്തതെന്ന് വ്യക്തമായി എഴുതിവച്ചിട്ടുണ്ട്. ഷഹനയുടെ സുഹൃത്തും സഹപ്രവര്‍ത്തകനുമായ ഡോ.റുവൈസിനെ പോലീസ് അറസ്റ്റ് ചെയ്തു. വിവാഹാലോചനയുടെ ഘട്ടത്തില്‍ റുവൈസിന്റെ കുടുംബം കനത്ത സ്ത്രീധനം ആവശ്യപ്പെട്ടുവെന്ന് ഡോ.ഷഹനയുടെ സഹോദരന്‍ തന്നെ വെളിപ്പെടുത്തി.  ഡോ.റുവൈസും സ്ത്രീധനത്തിനായി സമ്മര്‍ദം ചെലുത്തിയിരുന്നുവെന്നും  പൊലീസിന്റെ റിമാന്‍‍ഡ് റിപ്പോര്‍ട്ടിലുണ്ട്. ആത്മഹത്യാപ്രേരണക്കുറ്റം, സ്ത്രീധനിരോധനനിയമം  എന്നീ വകുപ്പുകള്‍ പ്രകാരമാണ് ഡോ.റുവൈസിനെതിരെ കേസെടുത്തിരിക്കുന്നത്. 

പേരുകളും സന്ദര്‍ഭവും സാഹചര്യവുമൊക്കെ അവിടെ നില്‍ക്കട്ടെ. പെണ്‍കുട്ടി ജീവനൊടുക്കിയതുകൊണ്ടു മാത്രമാണ് അയാള്‍ കുറ്റവാളിയായത്. ആവശ്യപ്പെട്ട സ്ത്രീധനവുമായി ആ വിവാഹം നടന്നിരുന്നെങ്കിലോ,  പ്രതിയും കുടുംബവും സമൂഹത്തില്‍ ബഹുമാന്യരായി തുടര്‍ന്നേനെ. സ്ത്രീധനം എന്ന ക്രൈം അത്രയേറെ നോര്‍മലൈസ് ചെയ്യപ്പെട്ട സമൂഹത്തിലാണ് നമ്മള്‍ ജീവിക്കുന്നതെന്ന് ആദ്യം സ്വയം സമ്മതിക്കണം. ആ കുറ്റകൃത്യത്തിന്റെ പേരില്‍ ഇന്നും സ്ത്രീകള്‍ വില്‍പനച്ചരക്കായി അപമാനിക്കപ്പെടുന്നുണ്ടെന്നത് അംഗീകരിക്കണം. പിടിക്കപ്പെടുന്നവര്‍ മാത്രമാണോ കുറ്റവാളികള്‍? . പിടിക്കപ്പെടാതെ എത്രായിരം, എത്ര ലക്ഷം കുറ്റവാളികള്‍ ഈ കേരളത്തില്‍ തന്നെയുണ്ട്?  അഞ്ചു വര്‍ഷത്തിനിടെ കേരളത്തില്‍ അറുപതിലേറെ സ്ത്രീധനമരണങ്ങള്‍ റെക്കോര്‍ഡിലുണ്ട്. സ്ത്രീധനപീഡനവുമായി ബന്ധപ്പെട്ട് പതിനയ്യായിരത്തിലേറെ പരാതികളും പൊലീസിന്റെ പക്കലെത്തിയിട്ടുണ്ട്. നിയമത്തിനു മുന്നിലെത്താത്ത, ലക്ഷക്കണക്കിന് വിവാഹങ്ങളില്‍ സ്ത്രീധനം എന്ന കുറ്റകൃത്യം നടന്നിട്ടുണ്ടെന്ന് പൊലീസിനുമറിയാം, സര്‍ക്കാരിനുമറിയാം. സമൂഹത്തിനുമറിയാം. ചോദിക്കുന്നവര്ക്കും കൊടുക്കുന്നവര്‍ക്കും പ്രശ്നമില്ലെങ്കില്‍ ഈ ക്രൈമില്‍ സര്‍ക്കാരിനും പ്രശ്നമില്ലേ? അതുണ്ടാക്കുന്ന സാമൂഹ്യ വ്യവസ്ഥിതിയില്‍ പ്രശ്നമില്ലേ? 

ഈ ന്യായം പറയാനല്ല, പിണറായി വിജയന്‍ കേരളത്തിന്റെ മുഖ്യമന്ത്രിയായിരിക്കുന്നത്. സ്ത്രീധനം നിയമപരമായി കുറ്റകൃത്യമാണ്. ആ കുറ്റകൃത്യം നടക്കുന്നില്ലെന്നുറപ്പുവരുത്തേണ്ടത് സര്‍ക്കാരാണ്. സര്‍ക്കാര്‍ നോക്കിയിട്ടു പറ്റുന്നില്ല, ഇനി ആ ക്രൈം തടയാനുളള ഉത്തരവാദിത്തം പെണ്‍കുട്ടികള്‍ തന്നെ ഏറ്റെടുക്കൂ എന്നു പറയുന്നത് അംഗീകരിക്കാവുന്നതല്ല. നിയമം നടപ്പാക്കാനുള്ള ബാധ്യത സര്‍ക്കാരിനുണ്ട്. സ്ത്രീധനം എന്ന വാക്കുച്ചരിക്കുന്നതുപോലും കുറ്റകരമാകുന്ന സാമൂഹ്യസാഹചര്യമുണ്ടാക്കാന്‍ ഇച്ഛാശക്തിയുണ്ടോ സര്‍ക്കാരിന്? ഇത് ഓര്‍ക്കാട്ടേരിയില്‍ ആത്മഹത്യ ചെയ്ത ഷബ്നയുടെ പിതാവ്. കോഴിക്കോട് ഓർക്കാട്ടേരിയിൽ 30 കാരി ഷബ്ന ജീവനൊടുക്കിയത് ഭര്‍തൃവീട്ടുകാരുടെ സ്ത്രീധന– ഗാർഹിക പീഡനത്തെ തുടർന്നാണെന്ന്  ബന്ധുക്കൾ പറയുന്നു. ഈ മരണത്തില്‍ കേരളത്തിലാരൊക്കെ ഞെട്ടി? വാര്‍ത്ത അന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. മാധ്യമങ്ങള്‍ ബഹളുമുണ്ടാക്കുമ്പോള്‍ മാത്രമാണോ കേരളം സ്ത്രീധനമരണങ്ങളില്‍ ഞെട്ടേണ്ടത്? നടപടിയെടുക്കേണ്ടത്? 

മുഖ്യമന്ത്രിയും വനിതാകമ്മിഷന്‍ അധ്യക്ഷയുമൊക്കെ ജീവനൊടുക്കിയ പെണ്‍കുട്ടിയെയാണ് ഉപദേശിക്കുന്നത്. അതിനിടയാക്കിയ ക്രൈം ആവര്‍ത്തിക്കുന്ന പുരുഷന്‍മാരെയല്ല, അതിന് സാഹചര്യമൊരുക്കുന്ന കുടുംബങ്ങളെയല്ല.  കേരളത്തിലെ സ്ത്രീകള്‍ അതിവേഗം ബഹുദൂരം മുന്നോട്ടു പോകുന്നുണ്ട്. അവര്‍ക്കൊപ്പമെത്താന്‍ വേഗമില്ലാത്ത സമൂഹമാണ് ഇത്തരം സ്ത്രീവിരുദ്ധ കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കുന്നത്. ആ പിന്തിരിപ്പന്‍ മനോഭാവത്തെക്കൂടി  സ്ത്രീകള്‍ പറഞ്ഞു തിരുത്തി പഠിപ്പിച്ച്,  ജീവിതം കൊണ്ട് യുദ്ധം ചെയ്യാനുള്ള ഉപദേശമൊക്കെ കൊള്ളാം. പക്ഷേ അത് കാപട്യമാണ്. സ്ത്രീസമൂഹം നേരിടുന്ന ഏറ്റവും വലിയ ഒരു പ്രശ്നം അവഗണിച്ചുകൊണ്ടുള്ള രക്ഷപ്പെടല്‍ കൂടിയാണത്. സ്ത്രീധനം ആവശ്യപ്പെടുന്നതും നല്‍കുന്നതും കുറ്റകൃത്യമാണ്. ആ കുറ്റകൃത്യം നടക്കുന്നില്ല എന്നുറപ്പുവരുത്തേണ്ട സര്‍ക്കാര്‍ കേരളത്തിലെ സ്ത്രീകളെ ഉപദേശിക്കേണ്ട. സ്വന്തം കടമ നിയമപരമായി കര്‍ശനമായി നടപ്പാക്കുകയാണ് വേണ്ടത്. എല്ലാ ഉപദേശവും പെണ്‍കുട്ടികളോടാണ്. സ്ത്രീധനം ചോദിക്കുന്നവരെ നിങ്ങളോടിക്കണം. അവരോട് പോടാ എന്നു പറയണം. സ്ത്രീധനത്തിന്റെ പേരില്‍ വഞ്ചനയും പീഡനവും നേരിടേണ്ടി വന്നാല്‍ ആത്മഹത്യ ചെയ്യാതെ പോരാടണം. സ്വയം ശാക്തീകരിക്കണം. വിലപേശലിന് നിന്നു കൊടുക്കരുത്. ശരിയാണ്, പെണ്‍കുട്ടികളോട് സ്ത്രീധനം ചോദിക്കാന്‍ ധൈര്യമില്ലാത്ത സാഹചര്യമുണ്ടാവുകയാണ് ശരിയായ പരിഹാരം. പക്ഷേ ആ പരിണാമഘട്ടത്തിലെത്തുന്നതേയുള്ളൂ സമൂഹം.  ഒരു പെണ്‍കുട്ടി പോടാ എന്നു പറഞ്ഞാല്‍ ആ പുരുഷന്‍ അതേ കുറ്റകൃത്യം ആവര്‍ത്തിക്കില്ലെന്നു പറയാനാകുമോ സര്‍ക്കാരിന്? ആ പുരുഷന്‍ അതേ കുറ്റം മറ്റൊരു സ്ത്രീയുടെ ജീവിതത്തില്‍ ആവര്‍ത്തിച്ച് സുരക്ഷിതമായി ജീവിതം നയിക്കും. നിലവിലെ സാമൂഹ്യവ്യവസ്ഥിതിയില്‍ സ്ത്രീകളുടെ ജീവിതം ഇനിയും വില്‍പനചരക്കാകും. കേരളത്തിലെ പെണ്‍കുട്ടികള്‍ സ്വാശ്രയത്വത്തിന്റെ പാതയിലാണ്. സ്വന്തം ജീവിതം സ്വയം തീരുമാനിക്കാനും ആരെയും ആശ്രയിക്കാതെ വരുമാനം നേടാനും സ്വന്തം കാലില്‍ നില്‍ക്കാനും കേരളത്തിലെ പെണ്‍കുട്ടികള്‍ മുന്നോട്ടു പോകുക തന്നെയാണ്. പക്ഷേ പരിവര്‍ത്തനമെന്ന പ്രക്രിയ നടക്കുന്നതേയുള്ളൂ. സ്ത്രീധനം അവകാശമായി കരുതുന്ന പിന്തിരിപ്പന്‍ സമൂഹം ആ കുറ്റകൃത്യം വളരേ അഭിമാനത്തോടെ ചെയ്ത് അന്തസായി തുടരുകയാണ്. സ്ത്രീകളാര്‍ജിക്കുന്ന ശാക്തീകരണം  കൊണ്ടു മാത്രം സ്ത്രീധനത്തെ നേരിടാന്‍ കഴിയാത്ത സാഹചര്യം കേരളത്തിലെ സങ്കീര്‍ണമായ മത–സാമുദായിക തലത്തിലുണ്ട്. അവിടെ നിയമം കര്‍ശനമായി ഇടപെട്ടേ പറ്റൂ. സ്ത്രീധനനിരോധനനിയമം കര്‍ശനമാക്കാന്‍ വനിതാകമ്മിഷന്‍ 2021 ജൂണില്‍ നല്‍കിയ ശുപാര്‍ശ ഇപ്പോഴും സര്‍ക്കാരിന്റെ പക്കലുണ്ട്. പുരോഗമനകേരളത്തില്‍ ഇത്രയധികം ദുരന്തങ്ങളുണ്ടായിട്ടും അക്കാര്യത്തിലെ മെല്ലെപ്പോക്ക് ന്യായീകരിക്കാനാവുന്നതല്ല. ഏഴരവര്‍ഷമായി കേരളം ഭരിക്കുന്നത് ഇടതുപക്ഷ സര്‍ക്കാരാണ്. ഈ ഏഴരവര്‍ഷത്തിനിടെ എത്ര സ്ത്രീധനമരണങ്ങള്‍ കേരളത്തിലുണ്ടായി. ഒരു ഉത്രയും വിസ്മയയും ഇപ്പോള്‍ ഷഹനയും മാത്രമാണോ? ഇതിനിടയില്‍ പൊലിഞ്ഞ മറ്റു ജീവനുകളോ? ഇപ്പോഴും മരിച്ചു ജീവിക്കുന്ന മറ്റു സ്ത്രീകളോ? ഇവരോടൊക്കെ പോടോ എന്നു പറയണമെന്നാണോ നമ്മുടെ ഉപദേശം. 

സ്ത്രീധനം ഇപ്പോഴും ചര്‍ച്ച ചെയ്യേണ്ട ഒരു വിഷയമായിട്ടാണോ കേരളസര്‍ക്കാര്‍ കാണുന്നത്? നിയമം നിരോധിച്ച കുറ്റകൃത്യമാണ് സ്ത്രീധനസമ്പ്രദായം. അതിങ്ങനെ ഒരു സമൂഹത്തില്‍ നിര്‍ബാധം, നിര്‍ലജ്ജം, പരസ്യമായി തന്നെ നിലനില്‍ക്കുന്നുണ്ടെങ്കില്‍ അതില്‍ ലജ്ജിക്കേണ്ടത് ഇവിടത്തെ സ്ത്രീകളാണോ? പോടോ എന്നു സ്ത്രീകള്‍ പറഞ്ഞാല്‍ ഇത്രയും സങ്കീര്‍ണമായൊരു കുറ്റകൃത്യം ഇല്ലാതാകുമോ? നിയമം മൂലം നേരിടേണ്ട, കര്‍ശനമായി അവസാനിപ്പിക്കേണ്ട ഒരു കുറ്റകൃത്യത്തെ നേരിടാനുള്ള ബാധ്യത ഇവിടത്തെ സ്ത്രീകള്‍ക്കു മാത്രമായി ഏല്‍പിച്ചുകൊടുക്കുന്നത് എന്ത് ഉത്തരവാദിത്തമാണ് മുഖ്യമന്ത്രി. സ്ത്രീധനം നിയമപരമായി കുറ്റകൃത്യമാണ്. കുറ്റം നടക്കുന്നില്ലെന്ന് ഉറപ്പിക്കേണ്ട ബാധ്യത ആര്‍ക്കാണ്, മുഖ്യമന്ത്രിക്കാണോ, ഇവിടത്തെ പെണ്‍കുട്ടികള്‍ക്കാണോ?സ്ത്രീധനം ചോദിച്ചു വരുന്നവരെ വേണ്ടെന്നു പറഞ്ഞുകൂടേ എന്നു സ്ത്രീകളോടു ചോദിക്കുകയാണ് കേരളം. സ്ത്രീധനമെന്ന ചോദ്യമുയരുമ്പോള്‍ തന്നെ ഒരു സ്ത്രീ നേരിടുന്ന അപമാനം അവഗണിക്കാമെന്നാണോ? ഒരു മടിയുമില്ലാതെ ഒരു കുറ്റം ചെയ്തു രക്ഷപ്പെട്ടു പോകാമെന്ന മനഃസ്ഥിതി അവഗണിച്ചാല്‍ മതിയെന്നാണോ? നിയമപ്രകാരം ഗുരുതരമായ കുറ്റമാണ് സ്ത്രീധനം.  സ്ത്രീധനം നേരിട്ടു ചോദിക്കാതെ തന്നെ പെണ്‍കുട്ടികളുടെ കുടുംബങ്ങള്‍ മാത്രം നേരിടുന്ന ഗുരുതരമായ ചൂഷണങ്ങള്‍ വേറെയുമുണ്ട്. ആര്‍ഭാടവിവാഹങ്ങള്‍, അതിന്റെ താങ്ങാനാകാത്ത ചെലവ്. ഒരു കുടുംബത്തിന്റെ സാമ്പത്തികസ്ഥിതിയാകെ അട്ടിമറിക്കാവുന്ന ഒരു പേടിസ്വപ്നമായി മാറരുത് പെണ്‍കുട്ടിയുടെ വിവാഹം. സ്ത്രീധനത്തെക്കുറിച്ചു ചോദ്യമുയരുമ്പോഴെല്ലാം ഉയര്‍ന്നുവരുന്ന പ്രശ്നമാണ് സ്ത്രീകളുടെ സ്വത്തവകാശം. പല പ്രദേശങ്ങളിലും സമുദായങ്ങളിലും ഇപ്പോഴും സ്ത്രീകള്‍ക്ക് തുല്യസ്വത്തവകാശം നിലവിലില്ല എന്നതും അവഗണിക്കാവുന്നതല്ല. വിവാഹവും സ്വത്തവകാശവും തമ്മില്‍ ബന്ധിപ്പിക്കേണ്ടതല്ല. പക്ഷേ സ്വത്തില്‍ തുല്യാവകാശം അംഗീകരിക്കാത്തവര്‍ കല്യാണത്തിനു കൊടുത്തു തീര്‍ത്തു എന്ന ന്യായവുമായി നില്‍ക്കുന്നതും ഫലത്തില്‍ സ്ത്രീകള്‍ നേരിടേണ്ട അനീതിയായി മാറുന്നു. തുല്യസ്വത്തവകാശം എന്ന പ്രശ്നത്തെ അഭിമുഖീകരിക്കാതെ സ്ത്രീധനസമ്പ്രദായം അവസാനിക്കില്ല. സ്ത്രീകള്‍ക്ക് പാരമ്പര്യസ്വത്തില്‍ തുല്യാവകാശം ഉറപ്പിക്കാനും സര്‍ക്കാര്‍ മുന്‍കൈയെടുക്കണം. സ്ത്രീധനത്തെ ന്യായീകരിക്കാന്‍ സ്വത്തവകാശത്തിലെ അനീതി ഉപയോഗിക്കപ്പെടരുത്. ആഡംബരവിവാഹം, ഉപഭോക്തൃസംസ്കാരം, കൂട്ടുകുടുംബവ്യവസ്ഥിതി  തുടങ്ങിയ മറ്റു ഘടകങ്ങളിലും കാലോചിതമായ മാറ്റമില്ലാതെ ഈ വിപത്തിനെ ഗൗരവത്തോടെ നേരിടാനാകൂ. 

സ്ത്രീധനവിരുദ്ധപ്രതിജ്ഞ കൊണ്ടു മാത്രം സ്ത്രീധനത്തെ നേരിടാനാകില്ല. ആ അനാചാരം അവസാനിപ്പിക്കാനുള്ള നിശ്ചയദാര്‍ഢ്യമാണ് സര്‍ക്കാര്‍ കാണിക്കേണ്ടത്. നിയമപരമായി കര്‍ശനമായി നടപടിയെടുക്കുകയാണ് വേണ്ടത്.പുരോഗമനകേരളത്തില്‍ സ്ത്രീധനത്തിന്റെ പേരില്‍ പെണ്‍കുട്ടികളുടെ ജീവിതം തീരുന്നത് ഇല്ലാതാകണമെങ്കില്‍ കഠിനമായ ഇച്ഛാശക്തിയോടെ നിശ്ചയദാര്‍ഢ്യത്തോടെ സമൂഹവും സര്‍ക്കാരും തീരുമാനമെടുക്കണം. സ്വത്തും പണവും തേടി വരുന്നവരെ വേണ്ട എന്നു പറയാനുള്ള ആത്മവിശ്വാസം കേരളത്തിലെ സ്ത്രീകള്‍ക്കുണ്ട്. പക്ഷേ കുറ്റവാളികളെ നേരിടേണ്ടതും കുറ്റകൃത്യത്തിനുള്ള സാഹചര്യം ഇല്ലാതാക്കേണ്ടതും സര്‍ക്കാരിന്റെ തന്നെ ഉത്തരവാദിത്തമാണ്. ഒപ്പം തന്നെ സ്വന്തം ജീവിതം തീരുമാനിക്കേണ്ടത് പണവും സ്വര്‍ണവും അളന്നല്ലെന്ന് തീരുമാനിക്കാന്‍ നമ്മുെട പെണ്‍കുട്ടികള്‍ക്കും കഴിയണം. അതിനുവേണ്ട സ്വാശ്രയബോധവും സാമ്പത്തികസ്വാതന്ത്ര്യവും ആര്‍ജിച്ചെടുക്കണം. 

വിവാഹം ജീവിതത്തിലെ ഏറ്റവും പ്രധാന സംഭവവും നേട്ടവും ചുമതലയും വിജയവുമായി ആഘോഷിക്കുന്ന രീതി അവസാനിപ്പിക്കണം. വിവാഹം സ്ത്രീ ജീവിതത്തിലെ പരമമായ ലക്ഷ്യമല്ല എന്നു പെണ്‍കുഞ്ഞുങ്ങളെ മാത്രമല്ല എല്ലാവരെയും ബോധ്യപ്പെടുത്തിയേ മതിയാവൂ. അന്തസ്സിന്‍റെ, ജീവിത വിജയത്തിന്‍റെ മാനദണ്ഡം ഒന്നര കിലോ സ്വര്‍ണവും ബിഎം ഡബ്്ളിയു കാറുമാണെന്ന് ധരിക്കുന്ന അഭ്യസ്ത വിദ്യരുള്ള ഒരുനാട് എങ്ങിനെ നന്നാവാനാണ്? നവോത്ഥാനം, നവകേരളം, മധ്യവരുമാനമുള്ള യൂറോപ്യന്‍ രാജ്യം ഈ വാക്കുകള്‍ദയവുചെയ്ത് ഈ നാട്ടില്‍ പറയരുത് തുല്യത, സുരക്ഷിതത്വം, തൊഴില്‍മേഖലകളിലെ വര്‍ധിച്ച പങ്കാളിത്തം, രാഷ്ട്രീയ–സാമൂഹികരംഗങ്ങളില്‍ അര്‍ഹമായ പ്രാതിനിധ്യം എന്നിവ ഉറപ്പാക്കുന്നതാണ് നവോത്ഥാനം, അല്ലാതെ ചേരികാണാതിരിക്കാന്‍കോണ്‍ക്രീറ്റ് മതിലു പണിയും പോലെ സമൂഹത്തിലെ സ്ത്രീ, ദലിത്, ന്യൂനപക്ഷ വിരുദ്ധത, ആണ്‍അഹങ്കാരം മറച്ചുവെ്ക്കാന്‍ നവോഥാന മതില്‍ കെട്ടിയതുകൊണ്ട് കാര്യമില്ല.

ആധുനികവും തുല്യത അംഗീകരിക്കുന്നതുമായ മനസ്സില്ലാത്ത കേരളത്തില്‍ എന്തു പുരോഗമനമുണ്ടെന്നാണ്  ഭരണ, പ്രതിപക്ഷ രാഷ്ട്രീയ നേതൃത്വം പറയുന്നത്? ഈ നാട്ടിലെ സാധാരണ സ്ത്രീകള്‍ക്ക് ഇത് മനസ്സിലാക്കാന്‍പ്രയാസമുണ്ട്. എന്തിനും അഭിപ്രായം പറയുന്ന, സര്‍വ്വ നന്‍മയുടെയും ശരിയുടെയും ഇരിപ്പടങ്ങളായ, എല്ലാം അറിയുമെന്ന് മേനിപറയുന്ന കേരളത്തിലെ സാമുദായിക , മതനേതൃത്വങ്ങളുടെ നാവിറങ്ങിപ്പോയോ എന്നു ചോദിക്കേണ്ടി വരും സ്ത്രീധനം എന്ന മത–സാമുദായികപ്രശ്നം ചോദ്യമായുര്‍ന്നാല്‍.  രാഷ്ട്രീയ വോട്ട്ബാങ്കായി വില പേശുന്നയത്ര സുഖമുള്ള കാര്യമല്ല യഥാര്‍ഥ ജീവിതപ്രശ്നങ്ങളില്‍ ഇടപെടുന്നത് എന്നു വ്യക്തം.  ഏറ്റവും ഒടുവിലായി സ്ത്രീകളോടു മാത്രമല്ല, എല്ലാവരോടുമാണ്. വിവാഹം ജീവിതത്തിന്റെ പരമമായ ലക്ഷ്യമാകരുത്, അത് ജീവിതത്തിലെ ഒരു ഭാഗം മാത്രമാണ്.  സ്വന്തം ജീവിതത്തില്‍ ഒരു കൂട്ട് വേണമെന്നു ബോധ്യപ്പെടുമ്പോള്‍,  പൂര്‍ണബോധ്യത്തോടെ തിരഞ്ഞെടുക്കേണ്ട ഒന്നാണ് വിവാഹം. വിവാഹത്തിലും  കുടുംബത്തിലും  തുല്യത നിങ്ങളുടെ അവകാശമാണ്. വിലപേശലിനോ അപമാനത്തിനോ ഒരു നിമിഷം പോലും വഴങ്ങേണ്ട ബാധ്യത ആര്‍ക്കുമില്ല. ഒരുമിച്ചുള്ള ജീവിതത്തിന്റെ ചെലവുകള്‍ തുല്യമായി പങ്കിട്ടെടുക്കാവുന്ന സാമ്പത്തികസ്വാതന്ത്ര്യം ഉറപ്പാകുമ്പോള്‍ പുതിയ ജീവിതം സ്വാശ്രയബോധത്തില്‍ തുടങ്ങുന്നതാണ് ഉചിതം. ജീവിതപങ്കാളിക്കൊപ്പം വിലപേശി നേടിയെടുക്കുന്ന സൗജന്യങ്ങള്‍ ആത്മാഭിമാനത്തിന്റെ വിലയാണ് എന്ന ബോധം നിങ്ങള്‍ക്കുണ്ടാകുന്ന ഒരു കാലത്തേ സ്ത്രീധനവും പൂര്‍ണമായി ഇല്ലാതാകൂ. 

parayathe vayya om dowry issue

MORE IN KERALA
SHOW MORE