സര്‍ക്കാരിന് നേരെ ജീവിതത്തിന്റെ ചോദ്യം ഉയര്‍ത്തുന്നവര്‍ കുറ്റവാളികള്‍ അല്ല..!

PARAYATHE-VAYYA_HD-Keraleeyam
SHARE

കേരളീയരെന്ന അഭിമാനം ലോകത്തെ അറിയിക്കാനാണ് നമ്മുടെ സര്‍ക്കാര്‍ കേരളീയം പൊടിപൂരമായി അവതരിപ്പിച്ചത്.  സര്‍ക്കാരിനു നേരെ ചോദ്യങ്ങളുയര്‍ത്തി ഒരു കര്‍ഷകന്‍ ആത്മഹത്യ ചെയ്തിരിക്കുന്നു.  കേരളത്തിന്റെ യഥാര്‍ഥ അവസ്ഥയെന്താണ്? അഭിമാനിക്കാവുന്നതാണോ, ആശങ്കപ്പെടേണ്ടതാണോ കേരളത്തിന്റെ അവസ്ഥ? കേരളീയം നാടിന്റെ വികാരമായി  എന്നു മുഖ്യമന്ത്രി പ്രഖ്യാപിച്ചു. ഏതു നാടിന്റെ? ഏതു വികാരമാണ് മുഖ്യമന്ത്രി ഉദ്ദേശിച്ചത്്?,   അധികാരത്തിന്റെ ആഘോഷങ്ങള്‍ക്കിടെ  സംസ്ഥാനത്തിന്റെ ദൈനംദിനസ്ഥിതി സര്‍ക്കാരും മുഖ്യമന്ത്രിയും പാര്‍ട്ടിയും  കാണുന്നില്ലേ? സാധാരണ മനുഷ്യന്റെ ജീവിതപ്രതിസന്ധികള്‍ അറിയുന്നില്ലേ?  മുഖ്യമന്ത്രിക്ക്  കേരളീയത്തിന്റെ വിജയം നല്‍കിയ ഹാങ് ഓവര്‍ മാറിയിട്ടുണ്ടാകില്ല. നവകേരളസദസും അടുത്ത വര്‍ഷത്തെ കേരളീയത്തിന്റെ ആസൂത്രണവുമൊക്കെയായി മുഖ്യമന്ത്രിയും മന്ത്രിമാരും തിരക്കിലാണ്. ആലപ്പുഴയില്‍ ഒരു കര്‍ഷകന്‍ ആത്മഹത്യ ചെയ്യേണ്ടി വന്ന സാമ്പത്തികാവസ്ഥയിലും കേരളം അഭിമാനിക്കണോ?  അഭിമാനിക്കാനാകുമോ കേരളത്തിന്? ആഘോഷിക്കാനാകുമോ ഈ മനുഷ്യര്‍ക്കു മുന്നില്‍? അസൂയ, വികസനനേട്ടത്തിലെ കണ്ണുകടി, ഇടതുവിരുദ്ധത, സര്‍ക്കാരിന്റെ പ്രതിഛായ തകര്‍ക്കാന്‍, തുടങ്ങി മുഖ്യമന്ത്രിയുടെയും  ആരാധകരുടെയും പക്കലുള്ള  എണ്ണമറ്റ ലേബലുകളില്‍ ഏതെങ്കിലും ഒന്ന് ഈ മനുഷ്യര്‍ക്ക് ചാര്‍ത്താന്‍ കഴിയുമോ? സര്‍ക്കാരിനു നേര്‍ക്കു ജീവിതത്തിന്റെ ചോദ്യങ്ങളുമായെത്തുന്ന മനുഷ്യരെല്ലാം കുറ്റവാളികളാണ് എന്നു വരുത്തിത്തീര്‍ക്കുന്നതെന്തിനാണ്? 

ബി.ജെ.പിയുടെ കര്‍ഷകസംഘടനയുടെ ഭാരവാഹി കൂടിയാണ് ആത്മഹത്യ ചെയ്ത പ്രസാദ് എന്ന കര്‍ഷകന്‍. പി.ആര്‍.എസ്. കുടിശികയുടെ പേരിലാണ് തന്റെ ജീവിതം പ്രതിസന്ധിയിലായത് എന്നു പ്രസാദിന്റെ തന്നെ ശബ്ദത്തില്‍ ലോകം കേട്ടു. കൃഷി ചെയ്തു എന്നതുകൊണ്ട് ജീവിതത്തില്‍ തോറ്റു പോയി എന്ന കരച്ചില്‍ നിസംഗതയോടെ നമ്മള്‍ കേട്ടുനിന്നു. അങ്ങനെ വരാന്‍ വഴിയില്ലല്ലോയെന്നാണ് ഭക്ഷ്യമന്ത്രിയുടെ ആദ്യപ്രതികരണം ഇനി വരാന്‍ സാധ്യതയുള്ള ന്യായീകരണങ്ങളും നമുക്കറിയാം. ഒറ്റപ്പെട്ട സംഭവം, സര്‍ക്കാരിനെതിരായി തിരിക്കാനുള്ള ആസൂത്രിത ശ്രമം, കേന്ദ്രസര്‍ക്കാരിന്റെ മാത്രം വീഴ്ച, പാളിച്ചയുണ്ടായെങ്കില്‍  തിരുത്തും. ന്യായവാദങ്ങളിലും നടപടികളിലും പുതുമയൊന്നും പ്രതീക്ഷിക്കേണ്ടതില്ല.  ഈ സര്‍ക്കാരിന് തെറ്റു പറ്റില്ല എന്നങ്ങു സമ്മതിച്ചാല്‍ എല്ലാവര്‍ക്കും നല്ലത്. അതിനി ക്ഷേമപെന്‍ഷന്‍ കിട്ടാതെ സമരം ചെയ്യുന്ന വയോധികരായാലും സബ്സിഡി കുടിശിക കിട്ടാതെ നിലയില്ലാക്കയത്തിലായ കുടുംബശ്രീ ഹോട്ടലുകാരായാലും ചെയ്ത ജോലിക്കു കൂലി കിട്ടാതെ സമരം ചെയ്യേണ്ടി വരുന്ന പാചകത്തൊഴിലാളികളായാലും

സര്‍ക്കാരിനെതിരെ ആരു പ്രതിഷേധിച്ചാലും അവര്‍ക്ക് നിക്ഷിപ്തതാല്‍പര്യങ്ങളാണ് എന്ന വിധി ആദ്യം വരും. പ്രശ്നം യാഥാര്‍ഥ്യമാണോ, പ്രതിസന്ധി തീവ്രമാണോ എന്നതൊന്നും ഇന്നത്തെ കേരളത്തില്‍ ചോദ്യമല്ല. ആ പ്രതിഷേധിച്ചവരുടെ രാഷ്ട്രീയമെന്താണ്, പ്രതിസന്ധിയിലാണെന്നു പറയുന്നവരുടെ പിന്നില്‍ ആരുടെയൊക്കെ സഹായമുണ്ട് എന്നാണ് ഭരണപക്ഷത്തിനറിയേണ്ടത്. ക്ഷേമപെന്‍ഷന്‍ വിതരണം നാലു മാസമായി കുടിശികയായതോടെ പ്രതിഷേധിക്കാന്‍ തെരുവിലിറങ്ങിയ രണ്ടു വയോധികര്‍ക്ക് നേരിടേണ്ടി വന്ന അനുഭവം കേള്‍ക്കുക.  അടിമാലിയിലെ പ്രതിഷേധത്തിനു പിന്നില്‍ കോണ്‍ഗ്രസുകാരുണ്ടെന്നാണ് സി.പി.എം കണ്ടെത്തിയത്.് അപ്പോള്‍ ഇവരുടെ പ്രതിസന്ധിയോ?  പാചകത്തൊഴിലാളികള്‍ സമരം ചെയ്യുന്നതും നിരന്തരം വേതനം മുടങ്ങുന്നതിനെതിരെയാണ്.  കേരളത്തില്‍ വിവിധ ജനവിഭാഗങ്ങള്‍ കടുത്ത പ്രതിസന്ധി നേരിടുന്നുണ്ട്. ഒരു പ്രതിസന്ധിയുമില്ലാത്തവരുമുണ്ട്. സര്‍ക്കാരിന്റെ സാമ്പത്തികപ്രതിസന്ധിയാണ് സര്‍ക്കാരിന്റെ സഹായം ആശ്രയിച്ചു കഴിയുന്നവരെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. കേന്ദ്രവിഹിതത്തിലും നയത്തിലുമുണ്ടായ മാറ്റമടക്കം ഒട്ടേറെ കാരണങ്ങള്‍ സംസ്ഥാനത്തെ ധനമന്ത്രിക്കു പറയാനുണ്ട്. പക്ഷേ കടുത്ത സാമ്പത്തികപ്രതിസന്ധിയിലും സര്‍ക്കാരിന്റെ മുന്‍ഗണനാക്രമം കണ്ടാണ് കേരളം അന്തം വിട്ടു നില്‍ക്കുന്നത്. 

നാലു മാസമായി ക്ഷേമപെന്‍ഷന്‍ മുടങ്ങിയിരിക്കുന്നു. മരുന്നു വാങ്ങാനും അടിയന്തരച്ചെലവുകള്‍ക്കുമായി മറ്റു നിവൃത്തിയില്ലാത്തവര്‍ കണ്ണീരുമായി നാടിനു മുന്നില്‍ നില്‍ക്കുന്നു. ക്ഷേമപെന്‍ഷന്‍ കുടിശിക വിതരണം പ്രഖ്യാപിക്കുന്നതിനു മുന്‍പ് കേരളീയത്തിന്റെ അടുത്ത പതിപ്പാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. വിമര്‍ശനം കടുത്തതോടെ ഒരു മാസത്തെ കുടിശിക വിതരണം ചെയ്യുമെന്ന് ധനവകുപ്പ് പ്രഖ്യാപിച്ചിരിക്കുന്നു. അവശ്യകാര്യങ്ങള്‍ നിര്‍വഹിക്കാന്‍ സംസ്ഥാനം കടുത്ത പ്രയാസം നേരിടുന്ന അവസ്ഥയാണെന്ന് ധനമന്ത്രി തന്നെ പറയുന്നു.  എന്നാല്‍ കേരളമാകെ വലിയ പ്രതിസന്ധിയിലാണെന്ന് പറയാനാകില്ലെന്നും ധനമന്ത്രി പറയുന്നു. സാധ്യമായ, ഏറ്റവും നല്ല ധനകാര്യമാനേജ്മെന്റാണ് നടക്കുന്നതെന്നും അദ്ദേഹം അവകാശപ്പെടുന്നു.  സാമ്പത്തികാവസ്ഥ ഇപ്പോഴും സംസ്ഥാനസര്‍ക്കാരിന്റെ നിയന്ത്രണത്തിലാണെങ്കില്‍ എന്തുകൊണ്ടാണ് അടിസ്ഥാനവിഭാഗങ്ങളുടെ ദുരിതാവസ്ഥ കാണാതെ പോകുന്നത്? ആദ്യപരിഗണനകളില്‍ അവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതാകാത്തത്? നെല്‍കര്‍ഷകരുടെ പ്രശ്നം പൊതുവേദിയില്‍ ചൂണ്ടിക്കാണിച്ചവരെ വിമര്‍ശിക്കാനും അവരുടെ രാഷ്ട്രീയത്തില്‍ വിധി പറയാനും കാണിക്കുന്ന ഉല്‍സാഹം പ്രശ്നം പരിഹരിക്കുന്നതില്‍ ഇല്ലാത്തതെന്തുകൊണ്ടാണ്? കേരളീയത്തിനും നവകേരളസദസിനും സ്പോണ്‍സര്‍ഷിപ്പ് കണ്ടെത്തുന്നതിലുള്ള ആവേശം ഈ ചില്ലറക്കുടിശികകള്‍ കൊടുത്തുതീര്‍ക്കാന്‍ ഇല്ലാത്തതെന്തുകൊണ്ടാണ്. പ്രശ്നത്തിന്റെ യഥാര്‍ഥ വശത്തേക്ക് സര്‍ക്കാരിന്റെ കണ്ണെത്തിയിരുന്നെങ്കിലോ, ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതെ തടയാന്‍ കഴിയുമായിരുന്നു. പകരം സര്‍ക്കാരും പാര്‍ട്ടിയും വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നവരോട് സ്വീകരിക്കുന്ന സമീപനമെന്താണ്? മന്ത്രിസഭയിലെ ഒരംഗം തന്നെ ശരിയല്ലെന്നു പറഞ്ഞ ആദിവാസി പ്രദര്‍ശനത്തെക്കുറിച്ച് മുഖ്യമന്ത്രിയുടെ പ്രതികരണം കേള്‍ക്കുക. ആരു മരിച്ചു വീണാലും ആരൊക്കെ ദുരിതമനുഭവിച്ചാലും ഈ സര്‍ക്കാരിന്റെ ശോഭ കെടുത്തരുത്. അതു മാത്രമാണ് പ്രശ്നം. കേരളീയം കഴിഞ്ഞു, ഇനി നവകേരളസദസിന് സ്പോണ്‍സര്‍മാരെ കണ്ടെത്തുന്നതിനുള്ള തിരക്കിലാണ് സര്‍ക്കാര്‍. കേരളീയത്തില്‍ ഏറ്റവും കൂടുതല്‍ സ്പോണ്‍സര്‍മാരെ കണ്ടെത്തിയതിനുള്ള അവാര്‍ഡ് വാങ്ങുന്നത് നികുതിവെട്ടിപ്പ് കണ്ടെത്തേണ്ട ജി.എസ്.ടി ഉന്നതോദ്യോഗസ്ഥന്‍. നവകേരളസദസിനും എല്ലാം സ്പോണ്‍സര്‍ഷിപ്പില്‍ നടക്കും. ബാക്കി തുക തദ്ദേശസ്ഥാപനങ്ങള്‍ നല്‍കണം. കേരളത്തിലെ സര്‍ക്കാരിനെ ജനങ്ങളാണ് തിരഞ്ഞെടുത്തത്. സ്പോണ്‍സേഡ് സര്‍ക്കാരല്ല കേരളം ഭരിക്കേണ്ടത്. ഞങ്ങള്‍ സ്പോണ്‍സര്‍ഷിപ്പിലൂടെ സംഭാവനകള്‍ സ്വീകരിക്കും. സര്‍ക്കാരിന്റെ പരിപാടികള്‍ നടത്തും അതിന് നിങ്ങള്‍ക്കെന്താ പ്രശ്നം എന്നാണ് സര്‍ക്കാര്‍ ചോദിക്കുന്നത്. അതില്‍ രണ്ടു മൂന്നു കാര്യങ്ങളുണ്ട്. അങ്ങനെ സ്വകാര്യസ്പോണ്‍സര്‍ഷിപ്പില്‍ നമ്മുടെ സര്‍ക്കാര്‍ പ്രചാരണം നടത്തേണ്ട കാര്യമെന്താണ്? പൊതുപണം ചെലവഴിക്കാനില്ലാത്തതുകൊണ്ടോ ചെലവഴിക്കുന്നത് ശരിയല്ലാത്തതുകൊണ്ടോ ആണല്ലോ സര്‍ക്കാരിന് സ്വകാര്യസ്പോണ്‍സര്‍ഷിപ്പിനു പിന്നാലെ പോകേണ്ടി വരുന്നത്.

സര്‍ക്കാര്‍ അനാവശ്യമായി ധൂര്‍ത്തും ധാരാളിത്തവും കാണിക്കുമ്പോള്‍ ചോദ്യമുയര്‍ന്നാല്‍ ഉടന്‍ സര്‍ക്കാരും പ്രചാരകരും പറയുന്നത് അങ്ങനെ പൊളിഞ്ഞു നില്‍ക്കുന്ന നിലയിലല്ല കേരളമെന്നാണ്. അങ്ങനെ തകര്‍ന്നു തരിപ്പണമാണ്  എന്നു വരുത്തിത്തീര്‍ക്കാന്‍ മാധ്യമങ്ങളും പ്രതിപക്ഷവും വരുത്തിത്തീര്‍ക്കുകയാണ് എന്നാണ്. കോടതിയില്‍ സര്‍ക്കാര്‍ സത്യം പറയുന്നുണ്ട്. ഒന്നല്ല, രണ്ടു തവണ തുറന്നു പറഞ്ഞു. ദൈനംദിന ചെലവുകള്‍ക്കു പോലും പാടുപെടുകയാണ്. ചീഫ് സെക്രട്ടറി കോടതിയില്‍  പറഞ്ഞത് കള്ളമല്ലല്ലോ. സപ്ലൈകോയ്ക്കു പോലും പണം നല്‍കാനാകാതെ പാടു പെടുകയാണ് സര്‍ക്കാര്‍. ഒപ്പം സബ്സിഡിക്കു കിട്ടുന്ന സാധനങ്ങള്‍ക്കു വില കൂട്ടാനും തീരുമാനമായിരിക്കുന്നു. നവകേരളസദസുകള്‍ ഒന്നു കഴിഞ്ഞു കിട്ടണം. തിരഞ്ഞെടുപ്പു കഴിഞ്ഞാലുടന്‍ ഇന്ധനവില കൂട്ടാന്‍ കാത്തു നില്‍ക്കുന്ന കേന്ദ്രസര്‍ക്കാരിനെ പരിഹസിച്ച കേരളീയര്‍ സ്വയം ചിരിക്കുന്നുണ്ടാകണം.  മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതിസന്ധിയില്ല എന്നു  പറഞ്ഞാല്‍ ഇല്ല എന്ന് അദ്ദേഹത്തിന്റെ ആരാധകര്‍ക്കും അനുയായികള്‍ക്കും വിശ്വസിക്കാം. യാഥാര്‍ഥ്യം നേരിടുന്ന മനുഷ്യര്‍ എന്തു ചെയ്യും? സര്‍ക്കാര്‍ സമീപനം തിരുത്തണം. രാഷ്ട്രീയപ്രചാരണത്തിനായി ചെലവിടുന്ന ഊര്‍ജവും പണവും ജനവിഭാഗങ്ങളുെട പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിലുമുണ്ടാകണം. ന്യായവാദങ്ങളുമായി നേരിടാനാകാത്ത പ്രതിസന്ധികള്‍ നേരിടുന്ന മനുഷ്യര്‍ ചുറ്റിനുമുണ്ടെന്ന അടിസ്ഥാനജനാധിപത്യബോധം സര്‍ക്കാരും സംവിധാനവും പുലര്‍ത്തണം. 

Parayathe vayya on Keraleeyam

MORE IN PARAYATHE VAYYA
SHOW MORE