ഗാസയില്‍ തുടരുന്ന മനുഷ്യക്കുരുതി; നോക്കിനില്‍ക്കുന്ന ലോകം

parayathe-vayya-gaza
SHARE

ലോകം ഗാസയെയും ഗാസയിലെ മനുഷ്യരെയും ക്രൂരമായി ഉപേക്ഷിച്ചു കളഞ്ഞോ? പലസ്തീനില്‍ ഇസ്രയേലിന്റെ മനുഷ്യക്കുരുതി തുടരുന്നു. ലോകം നോക്കിനില്‍ക്കുന്നു. ഗാസ പിടിച്ചടക്കാന്‍ ഒരു കാരണം മാത്രമാണ് വേണ്ടിയിരുന്നതെന്ന തുറന്ന പ്രഖ്യാപനവുമായി ഇസ്രയേല്‍ നീതിബോധത്തെ വെല്ലുവിളിക്കുന്നു. ഗാസയില്‍ ഇതിനോടകം പതിനൊന്നായിരത്തിലേറെ പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടു. അതില്‍ 4400 ഉം പിഞ്ചു കുഞ്ഞുങ്ങളാണ്. ഗാസ കുഞ്ഞുങ്ങളുടെ ശവപ്പറമ്പായി മാറിയെന്നു തലകുനിച്ചു സമ്മതിച്ചത് ഐക്യരാഷ്ട്രസഭ തന്നെയാണ്. ഇനിയും എത്ര നാള്‍, എത്ര കുഞ്ഞുങ്ങള്‍ കൂടി, നിരപരാധികളായ എത്ര മനുഷ്യര്‍ കൂടി കൊല്ലപ്പെടണം? തുടക്കമിട്ടത് ഹമാസല്ലേ എന്ന മനുഷ്യത്വരഹിതന്യായവുമായി എത്ര നാള്‍ കൂടി ലോകമനഃസാക്ഷി ഈ കൂട്ടക്കൊല കണ്ടു നില്‍ക്കും?

ഇസ്രയേലിന്റെ ബോംബാക്രമണത്തില്‍ ഗാസയില്‍ കൊല്ലപ്പെട്ടവരുെട എണ്ണം പതിനായിരവും കടന്ന് മുകളിലേക്കുയരുന്നു. കൊല്ലപ്പെട്ട കുഞ്ഞുങ്ങളുടെ എണ്ണവും ചിത്രങ്ങളും ഞെട്ടിക്കുന്നു. ശേഷിക്കുന്ന മനുഷ്യര്‍ ജീവനും കൈയില്‍ പിടിച്ച് പലായനം തുടരുന്നു. ഗാസ കുഞ്ഞുങ്ങളുടെ മാത്രമല്ല, ലോകമനഃസാക്ഷിയുടെയും ശവപ്പറമ്പായിരിക്കുന്നു. ആശുപത്രികളും വീടുകളുമാണ് ഇപ്പോള്‍ ബോംബാക്രമണങ്ങളുടെ ഉന്നം. ജീവാപായം മാത്രമല്ല, 15 ലക്ഷം ഗാസ നിവാസികള്‍ ഭവനരഹിതരായി അഭയാര്‍ഥികളായി മാറി. ആശുപത്രികള്‍ മാത്രമല്ല, പള്ളികളും അഭയാര്‍ഥി ക്യാംപുകളും യു.എന്‍. കേന്ദ്രങ്ങളും എല്ലാം ബോംബിട്ടു തകര്‍ക്കുന്നു.  ഒരു യുദ്ധനിയമവും ഇസ്രയേലിനു ബാധകമല്ല. അഥവാ യുദ്ധവും നിയമങ്ങളും അധികാരത്തിനും അധിനിവേശത്തിനും മുകളില്‍ ബാധകമല്ല. അതിന് ഗാസയില്‍ ഇപ്പോള്‍ നടക്കുന്നത് യുദ്ധമാകുന്നതെങ്ങനെയെന്ന് അന്നാട്ടുകാര്‍ ചോദിക്കുന്നു. ഇത് യുദ്ധമല്ല, ഉന്‍മൂലനമാണെന്ന് അവര്‍ ചൂണ്ടുവിരലുകളുയര്‍ത്തുന്നു. ശേഷിക്കുന്ന ശബ്ദം കൂടി ഏതു നിമിഷവും നിശബ്ദമായേക്കുമെന്ന ബോധ്യത്തോടെ. 

അതാണ് ചോദ്യം. ഗാസയില്‍ ഇപ്പോള്‍ നടക്കുന്നത് യുദ്ധമാണോ? ഏകപക്ഷീയമായ വംശഹത്യയാണോ?  ഒരു മാസം പിന്നിടുമ്പോള്‍ പലസ്തീനില്‍ നിന്നു വരുന്ന വാര്‍ത്തകളില്‍ പുതുതായൊന്നുമില്ല, ഓരോ ദിവസവും  ഗാസയില്‍ ശേഷിക്കുന്ന മനുഷ്യര്‍ കൊല്ലപ്പെട്ടുകൊണ്ടേയിരിക്കുന്നു. മരണക്കണക്ക് മാത്രം പുതുക്കപ്പെടുന്നു. പുതുക്കാന്‍ പ്രതീക്ഷകളില്ല.  പ്രത്യാശകള്‍ക്ക് ഇടമേയില്ല. ‌‌ഇടപെടേണ്ടവര്‍ നിസംഗതയും പുതുക്കിക്കൊണ്ടിരിക്കുന്നു.  ഗാസയിലെ മനുഷ്യക്കുരുതി പലസ്തീന്റെ അവസ്ഥ മാത്രമല്ല ലോകത്തിനു മുന്നില്‍ തുറന്നിടുന്നത്. വാഴ്ത്തപ്പെട്ടിരുന്ന അധികാര ലോകക്രമത്തിന്റെ  യഥാര്‍ഥ ദയനീയാവസ്ഥ കൂടിയാണ്. ഗാസയില്‍ ഇസ്രയേല്‍ ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നതെന്താണെന്ന് ഉന്നതമായ നീതിബോധത്തോടെ ലോകത്തിനു മുന്നില്‍ ചൂണ്ടിക്കാണിച്ച ഐക്യരാഷ്ട്രയസഭയുടെ അവസ്ഥയെന്താണെന്നു കൂടിയാണ്. ഒക്ടോബര്‍ ഏഴിനല്ല ലോകം ആരംഭിച്ചതെന്ന ഉറച്ച നീതിബോധത്തോടെ സംസാരിക്കാന്‍ ശ്രമിച്ച ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറലിനെ നിശബ്ദനാക്കാന്‍ ഇസ്രയേല്‍ പരസ്യമായി തന്നെ നിലപാടെടുത്തു.യാഥാര്‍ഥ്യവുമായി ബന്ധമില്ലാതെ സംസാരിക്കുന്ന ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറല്‍ രാജിവയ്ക്കണമെന്നാണ് ഇസ്രയേലിന്റെ അംബാസഡര്‍ ആവശ്യപ്പെട്ടത്. ഹമാസിന്റെ ആക്രമണം ശൂന്യതയില്‍ നിന്നുണ്ടായതല്ലെന്ന് ചൂണ്ടിക്കാണിച്ചതിനാണ് അന്റോണിയോ ഗൂട്ടെറസും ആക്രമണം നേരിടേണ്ടി വന്നത്. 

എത്രയും പെട്ടെന്ന് മാനുഷികമായ പശ്ചാത്തലത്തില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്ന് ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറല്‍ ആവശ്യപ്പെട്ടുകൊണ്ടേയിരിക്കുകയാണ്. ഇസ്രയേല്‍ ചെവിക്കൊള്ളുന്നു പോലുമില്ല. അമേരിക്കയും ഹമാസ് ആക്രമണം മാത്രം ചൂണ്ടിക്കൊണ്ട് ഇസ്രയേലിനൊപ്പം നിലയുറപ്പിക്കുന്നു.  ഹമാസ് ഇസ്രയേലില്‍ ആക്രമണം നടത്തിയത് ഒക്ടോബര്‍ ഏഴിനാണ്. ഒരു മാസം കഴിഞ്ഞ് നവംബര്‍ ഏഴും പിന്നിട്ട് ഇസ്രയേലിന്റെ പ്രത്യാക്രമണവും പ്രതികാരവും പരിധികളില്ലാതെ തുടരുകയാണ്. ഹമാസ് ബന്ദികളാക്കിയവരെ മോചിപ്പിക്കും വരെ പിന്‍മാറില്ലെന്നാണ് ഇസ്രയേല്‍ പ്രഖ്യാപനം. പക്ഷേ അതു വരെ കുഞ്ഞുങ്ങളെയും നിരപരാധികളായ മനുഷ്യരെയും കൂട്ടക്കുരുതി നടത്തി ഉന്‍മൂലനം ഉറപ്പാക്കും വരെ ഇസ്രയേലിന്റെ ചെയ്തികള്‍ ലോകം നോക്കിനില്‍ക്കുമോ? ഇതുവരെ പരസ്യമായി ഭാവിച്ചു പോന്നിരുന്ന മര്യാദകള്‍ പോലും ഇസ്രയേല്‍ ഉപേക്ഷിച്ചു കഴിഞ്ഞു. പതിറ്റാണ്ടുകളായി ഗാസയിലും വെസ്റ്റ്ബാങ്കിലും മനുഷ്യരെ തുറന്ന ജയിലില്‍ കൊണ്ടു നടന്ന ഇസ്രയേല്‍ ഇപ്പോള്‍ ന്യായങ്ങള്‍ക്കൊന്നിനും കാത്തുനില്‍ക്കുന്നില്ല. ബോധിപ്പിക്കാന്‍ പോലും യുദ്ധമര്യാദയുടെ വാക്കുകള്‍ ഉപയോഗിക്കുന്നതേയില്ല. നാട്യങ്ങള്‍ അവസാനിച്ചിരിക്കുന്നു. ആഭ്യന്തരപ്രശ്നങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ ഈ സംഘര്‍ഷാവസ്ഥ എത്ര നീട്ടിക്കൊണ്ടുപോകാമോ അത്രയും നീളണം എന്നാണ് ഇസ്രയേല്‍ ഭരണകൂടം ആഗ്രഹിക്കുന്നുണ്ടാകുക.  അടിയന്തരമായി സമാധാനപുനഃസ്ഥാപനമാണ് പശ്ചിമേഷ്യയിലുണ്ടാകേണ്ടത്. വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വരണം. പലസ്തീന്‍ സ്വതന്ത്രരാജ്യം നിലവില്‍ വരുകയെന്നതു മാത്രമാണ് ശാശ്വത പരിഹാരവും നീതിയും. പലസ്തീന്‍ ജനതയുടെ സുരക്ഷയും സ്വാതന്ത്ര്യവും ഉറപ്പുവരുത്താന്‍ ഇനി ബാധ്യത ലോകരാജ്യങ്ങള്‍ക്കാണ്. ലോകജനതയ്ക്കാണ്. നോക്കിനില്‍ക്കുന്ന ഓരോ നിമിഷവും മരിച്ചു വീഴുന്ന കുഞ്ഞുങ്ങളുടെ ജീവന്റെ കണക്കിനുത്തരം പറയേണ്ടത് ഇസ്രയേല്‍ മാത്രമല്ല, നിസംഗത ഭാവിക്കുന്ന ലോകം കൂടിയാണ്.  ജീവനെടുക്കാനുള്ള കാരണങ്ങള്‍ക്കൊപ്പമല്ല, ജീവന്‍ നിലനിര്‍ത്താനുള്ള കാരണങ്ങള്‍ക്കൊപ്പമേ മനുഷ്യര്‍ നിലകൊള്ളാവൂ. 

Parayathe vayya on isreal gaza conflict

MORE IN PARAYATHE VAYYA
SHOW MORE