പലസ്തീനൊപ്പം നില്‍ക്കാന്‍ ചരിത്രം അല്ലാതൊരു ന്യായം വേണോ..?

parayathe-palestine
SHARE

കേരളത്തില്‍ പലസ്തീനൊപ്പം നില്‍ക്കുന്നവര്‍ ആരൊക്കെ? കരയുദ്ധമെന്ന ആശങ്കയോടെ ലോകം നോക്കിനില്‍ക്കുന്ന പശ്ചിമേഷ്യന്‍ സംഘര്‍ഷത്തില്‍ കേരളം ഇപ്പോള്‍ ഇങ്ങനെയൊരു കണക്കെടുപ്പിലാണ്. സത്യത്തില്‍ ആ ചോദ്യത്തിന്റെ ഉത്തരമൊക്കെ എല്ലാവര്‍ക്കുമറിയാം. ആരൊക്കെ പലസ്തീനൊപ്പം, ആരൊക്കെ പക്ഷേയ്ക്കൊപ്പം, പക്ഷേയ്ക്കുമപ്പുറം ആരൊക്കെ ഇസ്രയേല്‍ അധിനിവേശത്തിനൊപ്പം എന്നൊക്കെ ഇപ്പോള്‍ തന്നെ നമുക്ക് വ്യക്തമായ ധാരണയൊക്കെയുണ്ട്. പക്ഷേ പലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നവര്‍ക്ക് ആത്മാര്‍ഥതയുണ്ടോ എന്ന ലേബല്‍ വിതരണം ചെയ്യുന്ന സംവിധാനം ഇപ്പോഴാണ് നിലവില്‍ വന്നത്. പലസ്തീന്‍ ജനതയോ  അവര്‍ നേരിടുന്ന മനുഷ്യാവകാശലംഘനങ്ങളോ ഒന്നുമല്ല, വരാനിരിക്കുന്ന ലോക്സഭാതിരഞ്ഞെടുപ്പ് മാത്രമാണ് യഥാര്‍ഥ പ്രശ്നമെന്നും നമുക്കറിയാത്തതല്ല.  

ഹമാസ് ആക്രമണത്തിന്റെ പ്രത്യാക്രമണമെന്ന പേരില്‍ ഇസ്രയേലിന്റെ സൈനികനടപടിയില്‍ പലസ്തീന്‍ നേരിടുന്ന ദുരന്തം വിവരണാതീതമായി തുടരുകയാണ്. കുഞ്ഞു ശവപ്പെട്ടികളുടെ ഹൃദയം തകര്‍ക്കുന്ന ചിത്രങ്ങള്‍ ഓരോ ദിവസവും ഗാസയില്‍ നിന്ന് ലോകം കാണുന്നു. ഇസ്രയേലിന്റെ പ്രത്യാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം  ഗാസയില്‍ മാത്രം ഏഴായിരം  കടന്നു. ഇതില്‍ 2913 കു‍ഞ്ഞുങ്ങളാണ്. പതിനെണ്ണായിരത്തിലേറെ പേര്‍ക്കു പരുക്കേറ്റു. രണ്ടാഴ്ചയിലധികമായി തുടരുന്ന ബോംബിങിനൊപ്പം കരവഴിയും ഇസ്രയേല്‍ ആക്രമണം തുടങ്ങിക്കഴിഞ്ഞു. രാജ്യാന്തരനിയമങ്ങള്‍ പാലിക്കാതെയുള്ള ഇസ്രയേല്‍ നടപടിയില്‍ കൊല്ലപ്പെട്ടവരുടെ കണക്ക് ശരിയാണോ എന്നതില്‍ മാത്രമാണ് അമേരിക്കയടക്കമുള്ള രാജ്യങ്ങളുടെ ആശങ്ക.  വെള്ളിയാഴ്ച വരെ മരണമടഞ്ഞ 7028 പലസ്തീന്‍കാരുടെ പേരുകളും തിരിച്ചറിയല്‍ നമ്പറുകളും പുറത്തുവിട്ടുകൊണ്ടാണ് ഗാസ ആരോഗ്യമന്ത്രാലയം യു.എസ്. പ്രസിഡന്റ് ജോ ബൈഡന്റെ സംശയത്തിന് മറുപടി നല്‍കിയത്. യുദ്ധം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ഐക്യരാഷ്ട്രസഭയില്‍ പ്രമേയം പാസാക്കിയിരിക്കുന്നു. ഇന്ത്യയുടെ  ചരിത്രപരമായ നിലപാടു തിരുത്തി പരസ്യമായി പ്രധാനമന്ത്രി ഇസ്രയേലിനു പിന്തുണ പ്രഖ്യാപിച്ചെങ്കിലും ഐക്യരാഷ്ട്രസഭയില്‍ ഇന്ത്യ വോട്ടെടുപ്പില്‍ നിന്നു വിട്ടുനിന്നു. 193 അംഗങ്ങളുള്ള ഐക്യരാഷ്ട്രസഭയില്‍ 22 അറബ് രാജ്യങ്ങളാണ് യുദ്ധം എത്രയും വേഗം അവസാനിപ്പിക്കണമെന്ന് പ്രമേയം കൊണ്ടുവന്നത്. 120 രാജ്യങ്ങള്‍ അനുകൂലമായി വോട്ടു ചെയ്തപ്പോള്‍ ഇസ്രയേലും അമേരിക്കയുമടക്കം 14 എതിര്‍വോട്ടുകളുണ്ടായി. ഇന്ത്യയടക്കം 45 രാജ്യങ്ങള്‍ വിട്ടുനിന്നു. ഇന്ത്യയുടെ സമീപനത്തില്‍ ലജ്ജിക്കുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാഗാന്ധി വിമര്‍ശിച്ചിട്ടുണ്ട്.  ചരിത്രപരമായി പലസ്തീന്റെ അവകാശങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന നമ്മുടെ രാജ്യം മനുഷ്യത്വരഹിതമായ ആക്രമണപക്ഷം ചേരുമോയെന്ന ആശങ്ക ശക്തമായിരിക്കേയാണ് ഐക്യരാ‍ഷ്ട്രസഭയില്‍ വോട്ടെടുപ്പ് നടന്നത്.  

പശ്ചിമേഷ്യയിലെ യുദ്ധക്കെടുതികള്‍ എങ്ങനെ തീരുമെന്നറിയാതെ, ലോകം ഓരോ സമാധാനശ്രമത്തിനും കാതോര്‍ക്കുകയാണ്. ഇസ്രയേലിന് ന്യായമായ തിരിച്ചടിക്ക് അവകാശമുണ്ടെന്ന് ഒഴിഞ്ഞു മാറുന്ന ലോകനേതാക്കളാരും മരിച്ചു വീഴുന്ന പിഞ്ചു കുഞ്ഞുങ്ങളുടെ ജീവന്റെ കണക്കു പറയുന്നില്ല. യുദ്ധക്കെടുതികള്‍ അവസാനിപ്പിക്കാന്‍ ആത്മാര്‍ഥമായ ഒരു ശ്രമവും നടത്തുന്നില്ല. ഐക്യരാഷ്ട്രസഭയുടെ ഇടപെടല്‍ എത്രവേഗം ഫലപ്രദമാകുമെന്നറിയില്ല. മനഃസാക്ഷിയുള്ളവരെല്ലാം സമാധാനശ്രമങ്ങള്‍ക്കു കാതോര്‍ക്കുമ്പോള്‍ കേരളത്തിലെ ഐക്യദാര്‍ഢ്യപ്രകടനങ്ങളില്‍ നടക്കുന്നതെന്താണ്?  പലസ്തീന്‍ ജനതയോടൊപ്പമാണ്, പക്ഷേ എന്നു പറയുന്നതാരാണെങ്കിലും ആത്മാര്‍ഥത വ്യക്തമാണ്, വിശദീകരിക്കാന്‍ നിര്‍ബന്ധിക്കേണ്ടതില്ല.  

ഇസ്രയേല്‍ പലസ്തീനില്‍ നടത്തുന്ന കടന്നാക്രമണത്തിനെതിരെ സ്വാഭാവികമായും ശക്തമായ പ്രതികരണങ്ങളും പ്രതിഷേധങ്ങളും കേരളത്തില്‍ നടക്കുന്നുണ്ട്. പലസ്തീന് അനുഭാവം പ്രഖ്യാപിക്കാനായി പരിപാടികള്‍ സംഘടിപ്പിക്കാന്‍ കേരളത്തിലെ രാഷ്ട്രീയപാര്‍ട്ടികള്‍ക്കിടയില്‍ മല്‍സരമാണ് .  മുസ്‍ലിംലീഗ് സംഘടിപ്പിച്ച ഐക്യദാര്‍ഢ്യറാലി

പങ്കാളിത്തം കൊണ്ട് രാജ്യാന്തരതലത്തില്‍ വരെ ശ്രദ്ധേയവുമായി. പക്ഷേ വാര്‍ത്തയായത് മുഖ്യപ്രഭാഷണം നടത്തിയ ശശി തരൂരിന്റെ വാക്കുകളാണ്.   ഒക്ടോബര്‍ ഏഴിന് ഭീകരവാദികള്‍ ഇസ്രയേലില്‍ നടത്തിയ ആക്രമണത്തിന്റെ മറുപടിയായി ഇസ്രയേല്‍ ആറായിരം പേരെ കൊന്നു കഴിഞ്ഞുവെന്നായിരുന്നു തരൂരിന്റെ പ്രസംഗം. ഉടനീളം പലസ്തീനനുകൂലമായിട്ടാണ് സംസാരിച്ചതെങ്കിലും ഈ പരാമര്‍ശം വിവാദമായി.  അത് മുന്‍കൂട്ടി തിരിച്ചറിഞ്ഞ എം.കെ.മുനീറും അബ്ദുസമദ് സമദാനിയും വേദിയില്‍ തന്നെ തിരുത്തിപ്പറഞ്ഞു. 

ശശിതരൂര്‍ നേരത്തെയും ഹമാസ് ആക്രമണത്തെ ഭീകരത എന്നു വിശേഷിപ്പിച്ചതാണ്. പക്ഷേ വിട്ടുവീഴ്ചയില്ലാതെ പലസ്തീനൊപ്പമാണ് എന്നാവര്‍ത്തിക്കുകയും ചെയ്യുന്നു. കോണ്‍ഗ്രസിനു പോലും ഭീകരതാപ്രയോഗത്തിലെ പ്രശ്നങ്ങള്‍ സമ്മതിക്കേണ്ടി വന്നു.  

സ്വാഭാവികമായും ബി.ജെ.പി. തരൂരിന്റെ പരാമര്‍ശത്തിന് കുല്‍സിതലക്ഷ്യങ്ങളോടെ പിന്തുണയുമായെത്തി.  മുതലെടുക്കുന്നതില്‍ ബി.ജെ.പിയില്‍ അഭിപ്രായവ്യത്യാസമില്ലെങ്കിലും സി.പി.എമ്മിലുണ്ട്.സംസ്ഥാനസെക്രട്ടറിക്ക് പലസ്തീന്‍ ഐക്യദാര്‍ഢ്യമെന്ന വിശാലപ്രശ്നമാണ് പ്രധാനം. പക്ഷേ കോഴിക്കോട്ടെ ജില്ലാ കമ്മിറ്റിക്കും

ചില നേതാക്കള്‍ക്കും തരൂരിന്റെ പ്രതിബദ്ധതയാണ് പ്രധാന പ്രശ്നം.  

താത്വികമായി കേരളത്തില്‍ കോണ്‍ഗ്രസും സി.പി.എമ്മും മുസ്‍ലിംലീഗും പലസ്തീനൊപ്പമാണ്. പിന്തുണയ്ക്കൊപ്പം പക്ഷേ ചേര്‍ക്കണോ, ഭീകരത ചേര്‍ക്കണോ, നിരുപാധികം പിന്തുണയ്ക്കണോ  എന്നതൊക്കെ പാര്‍ട്ടികള്‍ ലക്ഷ്യം വയ്ക്കുന്ന മണ്ഡലങ്ങളിലെ വോട്ട്ബാങ്കുകളുടെ ശക്തിക്കനുസരിച്ച് ഏറിയും കുറഞ്ഞുമിരിക്കും. അത് പാര്‍ട്ടികള്‍ക്കുമറിയാം, കേരളത്തിലെ ജനങ്ങള്‍ക്കുമറിയാം.  

പലസ്തീനൊപ്പമാണ്,  പക്ഷേ എന്നു പറയുന്നവര്‍ പക്ഷേയ്ക്കൊപ്പമാണ്, പലസ്തീനൊപ്പമല്ല. പശ്ചിമേഷ്യന്‍ ചരിത്രത്തില്‍ പക്ഷേ എന്നാല്‍ ഇസ്രയേലിനൊപ്പം എന്നു തന്നെയാണ് അര്‍ഥം. അങ്ങനെ പറയുന്നത് നിഷ്പക്ഷതയല്ല, ഹമാസ് ആക്രമണത്തെ ഭീകരതയെന്നു വിശേഷിപ്പിച്ച ശേഷമേ പലസ്തീന് പിന്തുണ പ്രഖ്യാപിക്കാവൂ എന്നാണെങ്കില്‍ എന്താണ് ഭീകരതയെന്ന് ആദ്യം പറയണം. എന്താണ് ഭീകരത? എന്തൊക്കെയാണ് ഭീകരത? 

ടെററിസം അഥവാ ഭീകരതയ്ക്ക് ലോകം അംഗീകരിച്ച ഒരു നിര്‍വചനമുണ്ട്. ഐക്യരാഷ്ട്രസഭയുടെ തന്നെ നിര്‍വചനം ഇങ്ങനെയാണ്. ഒരു രാഷ്ട്രീയലക്ഷ്യം നേടാനായി ആസൂത്രിതമായ അക്രമം നടത്തി സമൂഹത്തില്‍ പരിഭ്രാന്തി സൃഷ്ടിക്കുക. നിരപരാധികളായ സാധാരണക്കാരെ ഇരയാക്കി സംഘടിതമായ, ആസൂത്രിതമായ അക്രമം നടത്തി ഉദ്ദേശലക്ഷ്യം നടപ്പാക്കാന്‍ രാഷ്ട്രീയലാക്കോടെയുള്ള പ്രവൃത്തി അഥവാ ആശയത്തെയാണ് ഭീകരതയായി  വിശദീകരിച്ചിരിക്കുന്നത്.  ഇത് അവ്യക്തവും അലക്ഷ്യവുമായ നിര്‍വചനമാണെന്നുള്ള സംവാദങ്ങള്‍ ഐക്യരാഷ്ട്രസഭാവേദികളില്‍ തന്നെ പലവട്ടം ഉയര്‍ന്നിട്ടുണ്ട്. ചരിത്രവും പശ്ചാത്തലവും ഉള്‍ക്കൊള്ളാതെ സംഘര്‍ഷങ്ങളെയും പ്രതിഷേധങ്ങളെയും പ്രതിരോധത്തെയും ഭീകരതയെന്ന് നിര്‍വചിക്കാനാകില്ലെന്നാണ് പൊതുവായി അംഗീകരിക്കപ്പെട്ട കാര്യം. അതുകൊണ്ടാണ് ഇസ്രയേലിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട്,   ഏതു തരത്തിലുള്ള ഭീകരതയെയും ഇന്ത്യ എതിര്‍ക്കുന്നു എന്ന് ട്വീറ്റു ചെയ്ത പ്രധാനമന്ത്രി നരേന്ദ്രമോദിക്കു പോലും ഹമാസ് ഭീകരാക്രമണം എന്ന വാക്കുപയോഗിക്കാന്‍ കഴിയാത്തത്. ഇന്ത്യ ഹമാസിനെ ഭീകരസംഘടനയായി പ്രഖ്യാപിച്ചിട്ടില്ല. ഹമാസിനെ ഭീകരര്‍ എന്നു വിശേഷിപ്പിക്കണമെന്ന് വാശിപിടിക്കുന്ന ബി.ജെ.പി. നേതാക്കള്‍ക്കോ, മറ്റു നിഷ്പക്ഷതാവാദികള്‍ക്കോ ഇക്കാര്യം അറിയാത്തതല്ല.  പക്ഷേ ഉള്ളിലെ അസഹിഷ്ണുതയും രാഷ്ട്രീയലക്ഷ്യങ്ങളും എങ്ങനെയെങ്കിലും പ്രകടിപ്പിക്കാനുള്ള അവസരമായി പശ്ചിമേഷ്യന്‍ പ്രശ്നത്തെയും ഉപയോഗിക്കുമ്പോള്‍ വസ്തുതകള്‍ക്കും ചരിത്രത്തിനുമൊന്നും പ്രസക്തിയില്ലല്ലോ.  

യാന്ത്രികനിര്‍വചനം മാത്രം നോക്കുന്ന ആര്‍ക്കും  പലസ്തീന്‍ നേരിടുന്നത് ഭീകരാക്രമണത്തിന്റെ തിരിച്ചടി എന്നു ന്യായീകരിച്ചങ്ങു പോകാം. പക്ഷേ  അതിനു മുമ്പ് ചരിത്രം മാഞ്ഞു പോകണം. മനുഷ്യന്റെ വ‌ിവേചനബുദ്ധിയും ബോധവും അസ്തമിക്കണം. മാനവികത, നീതിബോധം  ഇതൊക്കെ പാടേ ഉപേക്ഷിക്കണം. നിര്‍വചനങ്ങള്‍ മാത്രം അനുസരിക്കുന്ന എ.ഐ പ്രോഗ്രാമിങല്ല, മനുഷ്യന്റേതെങ്കില്‍ നിങ്ങള്‍ക്ക്  ഈ ഭീകരവാദനിര്‍വചനത്തില്‍ ചുറ്റിത്തിരിയാനാകില്ല. നിര്‍വചനം ജീവനില്ലാത്ത അക്ഷരങ്ങളാണ്. ചരിത്രമാണ് നിര്‍വചനത്തിന് ജൈവിക സാക്ഷ്യം നല്‍കുന്നത്. ഭീകരത എന്ന വാക്കിന് എഴുതിവച്ച നിര്‍വചനത്തിന്റെ മാത്രം അര്‍ഥം ചാര്‍ത്താന്‍ വെമ്പുന്നത് സാമൂഹ്യജീവി എന്ന ഉത്തരവാദിത്തത്തില്‍ നിന്നുള്ള ഒളിച്ചോട്ടമാണ്. ഭീകരതയെ ചരിത്രത്തിന്റെ  അനുഭവസാക്ഷ്യമാണ് നിര്‍വചിക്കേണ്ടത്.  

ഹമാസ് ആക്രമണത്തെ ഭീകരതാപ്പട്ടികയില്‍ ഉള്‍പ്പെടുത്തുകയാണ് ഇപ്പോള്‍ ഏറ്റവും അടിയന്തരപ്രാധാന്യമുള്ള പ്രശ്നം എന്നു ചിന്തിക്കുന്നത് മനുഷ്യത്വഹീനമാണ്. ഹമാസിനെ ന്യായീകരിക്കേണ്ട ബാധ്യത പലസ്തീന് പിന്തുണ പ്രഖ്യാപിക്കുന്നവര്‍ക്കില്ല. ഹമാസിനെ വിശദീകരിക്കേണ്ട ബാധ്യതയുമില്ല. പലസ്തീന്റെ ഔദ്യോഗികപ്രാതിനിധ്യമായി ലോകം അംഗീകരിക്കുന്ന സംഘടനകള്‍ തന്നെ ഹമാസിനോട് എതിരിട്ടാണ് പലസ്തീനില്‍ നിലകൊള്ളുന്നതെന്ന് അറിയാത്തവരല്ല ചോദ്യങ്ങള്‍ ഉന്നയിക്കുന്നത്. പലസ്തീന്‍ ജനതയുടെ നീതിയും ഹമാസിന്റെ ലക്ഷ്യങ്ങളും തമ്മില്‍ അനേകം വൈരുധ്യങ്ങളുണ്ട്. ഇസ്രയേല്‍ എന്ന രാജ്യത്തെ തന്നെ അംഗീകരിക്കാത്ത ഹമാസിനോടല്ല ലോകമനഃസാക്ഷി ഐക്യദാര്‍ഢ്യപ്പെടുന്നത്. സ്വതന്ത്രരാജ്യം  എന്ന നിഷേധിക്കാനാകാത്ത അവകാശം ഇനിയും സ്ഥാപിച്ചു കിട്ടിയിട്ടില്ലാത്ത പലസ്തീന്‍ ജനതയോടാണ്. പലസ്തീനൊപ്പം എന്നു കേട്ടാലുടനേ അപ്പോള്‍ ഹമാസോ എന്ന ചോദ്യം ചോദിക്കുന്നവരുടെ പ്രശ്നമാണ്. ഉപാധികളില്ലാതെ പലസ്തീനൊപ്പം നില്‍ക്കാന്‍ ചരിത്രമല്ലാതെ മറ്റൊരു ന്യായവും ആവശ്യവുമില്ല. ഹമാസ് പലസ്തീന്‍ ജനതയ്ക്കു പോലും പല തവണ ബാധ്യതയായ ചരിത്രമറിയുന്നവരാരും പലസ്തീനൊപ്പം നില്‍ക്കാന്‍ ആദ്യം ഹമാസിനെ ഭീകരര്‍ എന്നു വിശേഷിപ്പിക്കട്ടെ എന്ന ന്യായം മുന്നോട്ടു വയ്ക്കില്ല. അതല്ല  ഹമാസ് ഭീകരതയെന്നു വിളിക്കണമെന്ന് നിര്‍ബന്ധമുള്ളവര്‍ ഇസ്രയേല്‍ ഭീകരതയെന്നു വിശേഷിപ്പിക്കാനും ഒരു നിമിഷം മടിക്കരുത്. അത് ഇപ്പോഴത്തെ കൂട്ടക്കൊലയുടെ പേരില്‍ മാത്രമല്ലെന്നുമോര്‍ക്കണം. കാലങ്ങളായി, പതിറ്റാണ്ടുകളായി പലസ്തീനില്‍ ഇസ്രയേല്‍ കാണിച്ചു കൂട്ടിയതെല്ലാം യാന്ത്രികനിര്‍വചനത്തില്‍ ഭീകരത മാത്രമാണ്. അധിനിവേശത്തിന്റെയും അടിച്ചമര്‍ത്തലിന്റെയും ഭീകരതയുടെ ഇരകളാണ് കാലങ്ങളായി പലസ്തീനിലെ മനുഷ്യര്‍. 2023ല്‍ മാത്രം വെസ്റ്റ്ബാങ്കില്‍ 260 പലസ്തീനികള്‍ ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് ഹമാസിനുള്ള തിരിച്ചടിയിലല്ല.  ഇസ്രയേല്‍ ഒറ്റയ്ക്കും തെറ്റയ്ക്കുമായി നടത്തിയ ആക്രമണങ്ങളിലാണ്. ഉള്ളിലെ വംശീയബുദ്ധിയും പുറത്തെ രാഷ്ട്രീയകാലാവസ്ഥയും മാത്രം നോക്കി പ്രതികരിക്കാന്‍ കഴിയുന്ന ഒന്നല്ല ഇസ്രയേല്‍–പലസ്തീന്‍ പ്രശ്നമെന്ന ബോധമെങ്കിലും നമുക്കുണ്ടാകണം.  അതിസങ്കീര്‍ണമായ പല അടരുകളും ചരിത്രസന്ദര്‍ഭങ്ങളും ലോകസമൂഹത്തിന്റെ നിസംഗതയുമെല്ലാം പലസ്തീന്‍ ജനത നേരിടുന്ന നീതിനിഷേധത്തിനു പിന്നിലുണ്ട്. ഹമാസ് എന്നാല്‍ പലസ്തീനല്ല. ഹമാസിന്റെ ചെയ്തികള്‍ക്ക് പലസ്തീനിലെ നിരപരാധികളായ മനുഷ്യരെ ശിക്ഷിക്കാന്‍ ഒരു ന്യായവും ഒരു യുദ്ധനിയമവും ഇസ്രയേലിന് അനുമതി നല്‍കില്ല. ഭീകരാക്രമണം നടത്തിയവര്‍ തിരിച്ചടി അനുഭവിക്കേണ്ടി വരുമെന്ന ന്യായീകരണത്തില്‍ പലസ്തീന്‍ ഐക്യദാര്‍ഢ്യം തുടങ്ങുന്നവര്‍ വലതുപക്ഷ പൊതുബോധത്തെ തൃപ്തിപ്പെടുത്താനൊരു പക്ഷേയെ ആശ്രയിക്കുകയാണ്.  

ഭീകരാക്രമണത്തിന്റെ പ്രത്യാക്രമണമാണ്് ഇപ്പോള്‍ പലസ്തീനില്‍ നടക്കുന്നതെന്ന് പറയണമെന്ന് വാശി പിടിക്കുന്നവര്‍ ഇസ്രയേല്‍ ഇപ്പോള്‍  നടത്തുന്നത് മനുഷ്യക്കുരുതിയും കൂട്ടക്കൊലയുമാണെന്നു പറയാന്‍ തയാറാകുമോ? ഇസ്രയേല്‍ ഇപ്പോള്‍ നടത്തുന്ന കൂട്ടക്കുരുതിയെ എന്തു പേരില്‍ വിളിക്കും?  തുടക്കമിട്ടത് ഹമാസെന്ന് നിസംഗത പുലര്‍ത്തുന്ന രാജ്യാന്തരസമൂഹം പശ്ചിമേഷ്യന്‍ പ്രശ്നം ആദ്യമായി കേള്‍ക്കുന്നത് മൂന്നാഴ്ച മുന്‍പാണോ? 

തിരിച്ചടിക്കാന്‍ ഇസ്രയേലിനുള്ള അവകാശമെന്ന് കയ്യും കെട്ടി നില്‍ക്കുന്ന ഓരോ രാജ്യവും ഓരോ ഭരണാധികാരിയും ഓരോ മനുഷ്യനും ഇപ്പോള്‍ നടക്കുന്ന മനുഷ്യക്കുരുതിയുെട രക്തക്കറയുടെ പങ്കു പറ്റുകയാണ്. ഒപ്പം പലസ്തീന്‍ ഐക്യദാര്‍ഢ്യപ്രകടനങ്ങള്‍ രാഷ്ട്രീയാഭ്യാസമായി മാറ്റുന്നവരെ തിരിച്ചറിയാന്‍ കൂടി കേരളത്തിനു കഴിയണം. ലോകത്തിനു മുന്നില്‍ നീറുന്ന മനുഷ്യാവകാശപ്രശ്നത്തെ, രാഷ്ട്രീയമുതലെടുപ്പിനു മാത്രമായി ഉപയോഗിക്കുന്നവരെ മനസിലാക്കാനുള്ള ബോധം മനുഷ്യര്‍ക്കുണ്ടെന്ന് രാഷ്ട്രീയപാര്‍ട്ടികളും മറക്കരുത്.  

parayathe vayya on palestine isreal conflict

MORE IN PARAYATHE VAYYA
SHOW MORE