ഒരു യുദ്ധവും ഒരു ദിവസം തുടങ്ങുന്നതല്ല; ചരിത്രം മായ്ക്കരുത്

pv
SHARE

ഒരു യുദ്ധവും ഒരു ദിവസം തുടങ്ങുന്നതല്ല. ഒരു യുദ്ധവും ഒരു ദിവസം അവസാനിക്കുന്നുമില്ല. പശ്ചിമേഷ്യയിലെ മനുഷ്യക്കുരുതിയില്‍ ലോകം വേദനിക്കുമ്പോള്‍ രാഷ്ട്രത്തലവന്‍മാര്‍ മിഥ്യാഭിമാനത്തിന്റെയും തീവ്രദേശീയതയുടെയും കണക്കെടുപ്പില്‍ വ്യാപൃതരാണ്.  നമ്മുടെ രാജ്യമടക്കം ഈ യുദ്ധകാഹളത്തില്‍ മനുഷ്യരുടെ ഏതു പക്ഷത്താണ് നില്‍ക്കുന്നത്? ഇത്തവണ തുടങ്ങിവച്ചത് ഹമാസാണ്. തര്‍ക്കമില്ല.  പക്ഷേ ഇസ്രയേല്‍–പലസ്തീന്‍ പ്രശ്നത്തില്‍ ഇത്തവണകള്‍ക്ക് പ്രസക്തിയില്ല. ചരിത്രത്തിന്റെ  പശ്ചാത്തലത്തില്‍ നിന്നല്ലാതെ  പശ്ചിമേഷ്യന്‍ പോര്‍ക്കളത്തില്‍ ലോകത്തിന് എങ്ങനെ നിലപാടെടുക്കാന്‍ കഴിയും?  

അപ്രതീക്ഷിതമായ ഹമാസ് ആക്രമണത്തില്‍ ഇത്തവണ ഇസ്രയേലിന് കടുത്ത ആഘാതം നേരിടേണ്ടി വന്നു. യന്ത്രതോക്കുകള്‍, ഗ്രനേഡുകള്‍, ഡ്രോണുകള്‍ തുടങ്ങി സാധ്യമായ എല്ലാ തലത്തിലും ഹമാസ് ഇസ്രയേലിനെ കഴിഞ്ഞ ശനിയാഴ്ച കടന്നാക്രമിച്ചു. സായുധസംഘം കര–കടല്‍–വ്യോമ മാര്‍ഗം ഒന്നിച്ചാഞ്ഞടിച്ചപ്പോള്‍ പേരു കേട്ട ഇസ്രയേല്‍ സൈനികവ്യൂഹം നിസഹായരായി. ഹമാസ് ആക്രമണം ഇസ്രയേലിനെ വിറപ്പിച്ചു. സാധാരണക്കാരടക്കം ആയിരക്കണക്കിനാളുകള്‍ കൊല്ലപ്പെട്ടു. ഉന്നത സൈനിക ഉദ്യോഗസ്ഥരടക്കം നൂറിലധികംപേരെ തടവിലാക്കി ഗാസയിലേക്ക് കൊണ്ടുപോകുന്ന തരത്തില്‍ ആസൂത്രിതമായ ആക്രമണമാണ് ഹമാസ് നടത്തിയത്.  സ്ത്രീകളും വയോധികരുമടക്കം ബന്ധികളാക്കപ്പെട്ടു. ഏറ്റവും ഹീനമായ യുദ്ധക്കുറ്റങ്ങളായി കണക്കാക്കപ്പെടുന്ന ബലാല്‍സംഘങ്ങളും തട്ടിക്കൊണ്ടുപോകലുമടക്കമുണ്ടായെന്ന് ഇസ്രയേല്‍ മാധ്യമങ്ങള്‍ പറയുന്നു.  

കുട്ടികളുടെ തലവെട്ടുന്ന ദൃശ്യങ്ങള്‍ കണ്ടുവെന്നവകാശപ്പെട്ട അമേരിക്കന്‍ പ്രസിഡന്റിനുപോലും തിരുത്തേണ്ടി വന്നെങ്കിലും ഹമാസും പഴയ ഹമാസല്ലെന്ന് വ്യക്തമാകുന്ന ക്രൂരമായ ആക്രമണമാണ് ഇത്തവണ ലോകം കണ്ടത്. പലസ്തീന്‍ നീതി എന്ന ആവശ്യം അട്ടിമറിക്കാന്‍ തക്കം പാര്‍ത്തിരിക്കുന്നവര്‍ക്ക് ആയുധങ്ങള്‍ നല്‍കുന്ന‌ ശൈലിയിലാണ് ഹമാസ് ഇത്തവണ ആക്രമണം നടത്തിയത്. ഐ.എസിന്റെയും താലിബാന്റെയും തീവ്രസ്വാധീനം ഇത്തവണത്തെ  ഹമാസ് ശൈലിയില്‍ പ്രകടമായിരുന്നു. തിരിച്ചടി ഉറപ്പാക്കിയ ആക്രമണം നടക്കുമ്പോള്‍ ഗാസയിലെ നിരപരാധികളെ ഇസ്രയേലിന്റെ പ്രത്യാക്രമണത്തിനു വിട്ടുകൊടുത്ത് ഹമാസിന്റെ ഉന്നതനേതാക്കളെല്ലാം വിദേശരാജ്യങ്ങളില്‍ സുരക്ഷിതതാവളങ്ങളിലായിരുന്നുവെന്നും വാര്‍ത്താഏജന്‍സികള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. 

അതേസമയം തന്നെ ഇസ്രയേലിന്റെ വിഖ്യാതമായ ഇന്‍റലിജന്‍സ് ഏജന്‍സി മൊസാദിന്റെയടക്കം കാര്യശേഷി ചോദ്യം ചെയ്യപ്പെട്ടു. ജനങ്ങളെയും സൈനികരെയും സംരക്ഷിക്കുന്നതില്‍ മണിക്കൂറുകളെങ്കിലും ഇസ്രയേല്‍  കനത്ത രീതിയില്‍ പരാജയപ്പെട്ടു.നെതന്യാഹൂ സര്‍ക്കാരിന്റെയും സൈന്യത്തിന്റെയും ഗുരുതരമായ രഹസ്യാന്വേഷണ പരാജയം ലോകം കണ്ടു.  അയണ്‍ ഡോം എന്ന ലോകോത്തര വ്യോമ പ്രതിരോധ സംവിധാനത്തിന് ഹമാസിന്റെ ആക്രമണം   തടയാനായില്ല എന്നതും ഇസ്രയേലിന്റെ പ്രതിഛായ തകര്‍ത്തു.  സമനില വീണ്ടെടുത്ത പാടെ ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു ഇത് യുദ്ധമെന്ന പ്രഖ്യാപനം നടത്തി.  വൈകാതെ തിരിച്ചടി. ഗാസയിലും കു‍ഞ്ഞുങ്ങളടക്കം ആയിരങ്ങള്‍ കൊല്ലപ്പെട്ടു. ബന്ദികളെ മോചിപ്പിക്കാനുള്ള രാഷ്ട്രീയവിലപേശലുകളും പ്രത്യാക്രമണങ്ങളും തുടരുന്നു. ഗാസ ഒരു ശ്മശാനമായി മാറുമെന്ന മുന്നറിയിപ്പുകളും രക്തച്ചൊരിച്ചിലും അന്തരീക്ഷത്തില്‍ നിറയുന്നു. വടക്കന്‍ ഗാസയിലെ 10 ലക്ഷം ജനങ്ങള്‍ 24 മണിക്കൂറില്‍ ജന്മനാടുപേക്ഷിച്ച് ഓടിപ്പോയ്ക്കളണം ഇല്ലെങ്കില്‍ തീര്‍ത്തുകളയും എന്ന് ഇസ്രയേല്‍ വെല്ലുവിളിക്കുന്നത്  ഒരു യുദ്ധമര്യാദയ്ക്കും നിരക്കുന്നതല്ല. യുഎന്നിനെ തുടര്‍ച്ചയായി ധിക്കരിക്കുന്ന സമീപനമാണ് ഇസ്രേലിന്‍റേത്. ഗാസയില്‍ കരയുദ്ധം എന്ന ഇസ്രയേല്‍ ഭീഷണിയില്‍ ലക്ഷങ്ങള്‍ പലായനം ചെയ്യുന്നു. ശേഷിക്കുന്നവര്‍ കുരുതിക്കളമാകുമെന്ന ഭീതിയില്‍ നിമിഷങ്ങളെണ്ണുന്നു. പശ്ചിമേഷ്യന്‍ പ്രശ്നം ഒരിക്കല്‍ കൂടി  ലോകത്തിന്റെ ആശങ്കയും വേദനയുമാവുകയാണ്.  

സാധാരണക്കാരെപ്പോലും വെറുതെ വിടാതിരുന്ന  ഹമാസിന്റെ ആക്രമണത്തെ  ലോകരാജ്യങ്ങളെല്ലാം അപലപിച്ചു. എ‌ന്നാല്‍ ഇസ്രയേലിന്റെ പ്രത്യാക്രമണത്തിലും സാധാരണക്കാരടക്കം ആയിരങ്ങള്‍ മരിച്ചു വീഴുകയാണ്. അമേരിക്ക മറ്റെല്ലാ മുന്‍ഗണനകളും മാറ്റിവച്ച് ഇസ്രയേലിനു പിന്തുണയുമായി ഓടിനടക്കുന്നു.  പക്ഷേ നമ്മുടെ രാജ്യം പൊടുന്നനെ പ്രഖ്യാപിച്ച നിലപാടിന്റെ ലക്ഷ്യമെന്താണ്? നീതിക്കൊപ്പമെന്ന വിട്ടുവീഴ്ചയില്ലാത്ത നിലപാടില്‍ നിന്നു പ്രധാനമന്ത്രിയുടെ ഇസ്രയേല്‍ പിന്തുണ പ്രഖ്യാപനത്തിലേക്കുള്ള ചുവടുമാറ്റത്തിന്റെ ഉന്നമെന്താണ്? ഇസ്രയേലിന്റെ വേദനയില്‍ പ്രധാനമന്ത്രി മിനിറ്റുകള്‍ക്കുള്ളില്‍ പിന്തുണയറിയിച്ചപ്പോള്‍ പലസ്തീനെക്കുറിച്ച് ഒരു വാക്ക് മിണ്ടാതെ പോയതെന്തുകൊണ്ടാണ്? ഭരണാധികാരിയുടെ നിലപാടുമാറ്റപ്രഖ്യാപനമാണോ നിലപാടില്‍ മാറ്റമില്ല എന്ന വിദേശകാര്യവക്താവിന്റെ  പ്രഖ്യാപനമാണോ രാജ്യവും ലോകവും കണക്കിലെടുക്കേണ്ടത്? കൂട്ടക്കുരുതി നടത്തിക്കൊണ്ടുള്ള  ഹമാസ് നടപടിയെ പ്രതിരോധം മാത്രമായി വ്യാഖ്യാനിക്കാനാകില്ല. പക്ഷേ പലസ്തീന്‍ പ്രശ്നത്തില്‍ കൂട്ടക്കുരുതിയുടെ കണക്ക് എവിടെ നിന്നെടുത്തു തുടങ്ങണം? 

ഹമാസ് ആക്രമണത്തിനു ശേഷം ഇതു യുദ്ധമാണ് എന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു പ്രഖ്യാപിച്ചയുടന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, നെതന്യാഹുവിനെ  ഫോണ്‍സംഭാഷണത്തില്‍ പിന്തുണ അറിയിച്ചു. ഇസ്രയേലിനൊപ്പമെന്ന് സമൂഹമാധ്യമത്തിലും കുറിച്ചു. ഇന്ത്യയിലെ ജനങ്ങള്‍ ഈ വെല്ലുവിളിയുടെ നേരത്ത് ഇസ്രയേലിനൊപ്പമെന്നാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. ഏതുരൂപത്തിലുള്ള ഭീകരതയെയും ഇന്ത്യ ഏകസ്വരത്തില്‍ ശക്തമായി  അപലപിക്കുന്നുവെന്നുവെന്നും പ്രധാനമന്ത്രി കുറിച്ചു. തുടര്‍ന്ന്  ഹമാസ് നടപടിയെ ഭീകരതയായി പ്രഖ്യാപിക്കാന്‍ തയാറാണോ എന്ന ചോദ്യവുമായി കോണ്‍ഗ്രസിനെയും ബി.ജെ.പി. നേരിട്ടു. പലസ്തീന്‍ വിഷയത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി പാസാക്കിയ പ്രമേയത്തിനെതിരെ ബി.ജെ.പി. രൂക്ഷമായ ആക്രമണം നടത്തി. സമിതി അംഗീകരിച്ച പ്രമേയം പലസ്തീനെ പിന്തുണച്ചപ്പോള്‍ ഹമാസിന്റെ ആക്രമണത്തെ കോണ്‍ഗ്രസ് അപലപിച്ചില്ലെന്നതായിരുന്നു ബി.ജെ.പിയുടെ വിമര്‍ശനം. പലസ്തീന്‍ പ്രശ്നത്തില്‍ വ്യക്തമായ നിലപാടുണ്ടെങ്കിലും രാജ്യത്തു നിലനില്‍ക്കുന്ന രാഷ്ട്രീയസാഹചര്യം കോണ്‍ഗ്രസിനെയും ആശയക്കുഴപ്പത്തിലാക്കിയെന്നത് വ്യക്തം. ഹമാസ് ആക്രമണത്തിനു പിന്നാലെ മുതിര്‍ന്ന നേതാവ് ജയറാം രമേഷ് ഇസ്രയേല്‍ ജനതയ്ക്കു നേരെയുള്ള ക്രൂരമായ അക്രമത്തെ കോണ്‍ഗ്രസ് എതിര്‍ക്കുന്നുവെന്ന് പോസ്റ്റ് ചെയ്തു. പക്ഷേ പ്രവര്‍ത്തകസമിതി പ്രമേയത്തില്‍ അപലപിക്കല്‍ ഉണ്ടായില്ല. ഭൂമിയുടെ അവകാശത്തിനും സ്വയംഭരണത്തിനും അഭിമാനത്തോടെയും അന്തസോടെയും ജീവിക്കാനുള്ള പലസ്തീന്‍ ജനതയുടെ അവകാശത്തെ പിന്തുണച്ചുകൊണ്ടായിരുന്നു പ്രമേയം. പശ്ചിമേഷ്യയില്‍ ഇപ്പോള്‍ നടക്കുന്ന രക്തച്ചൊരിച്ചിലില്‍ നടുക്കവും വേദനയും രേഖപ്പെടുത്തുകയും ചെയ്തിരുന്നു. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ദീര്‍ഘകാലനിലപാട് ആവര്‍ത്തിക്കുന്ന പ്രമേയത്തില്‍ ഹമാസിനെ അപലപിക്കാത്തതിനെച്ചൊല്ലിയാണ് ബി.ജെ.പി. രംഗത്തെത്തിയത്. പക്ഷേ ചരിത്രപരമായ നിലപാടുകള്‍ ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് ബി.ജെ.പിയെ നേരിട്ടു. 

ഒറ്റനോട്ടത്തില്‍പ്രധാനമന്ത്രിയുടെ ഇസ്രയേല്‍ പിന്തുണ പ്രഖ്യാപനം ഇപ്പോഴത്തെ സാഹചര്യത്തില്‍ തെറ്റല്ലെന്നു ബി.ജെ.പിക്ക് വാദിക്കാം. പക്ഷേ പശ്ചിമേഷ്യന്‍ പ്രശ്നത്തില്‍ അങ്ങനെ ഒറ്റത്തവണ നിലപാടുകളല്ല ഇന്ത്യയുടേത്. പലസ്തീന്‍ പ്രശ്നത്തിന്റെ ആവിര്‍ഭാവവും ചരിത്രവും നീതിയും അംഗീകരിക്കുന്ന നീതിബോധമുള്ള നിലപാടാണ് ഇന്ത്യ എന്നും കൈക്കൊണ്ടു പോന്നിരുന്നത്. നിലനില്‍പിനായുള്ള പലസ്തീന്‍ ജനതയുടെ പോരാട്ടത്തില്‍, രാഷ്ട്രീയതാല്‍പര്യം നോക്കി നിലപാടെടുക്കുന്നത്  ഇന്ത്യ എന്ന രാജ്യത്തിന്റെ ചരിത്രപരമായ നിലപാടിനോടു ചെയ്യുന്ന അനീതിയാണ്. ഗാന്ധിജി മുതല്‍ വാജ്‍പേയി വരെ പിന്തുടര്‍ന്ന നിലപാടിനു വിരുദ്ധവുമാണത്. 

ഇസ്രയേല്‍–പലസ്തീന്‍ പ്രശ്നത്തില്‍ വ്യക്തമായ നീതിയുക്തമായ നിലപാടെടുത്തു പോരുന്ന ചരിത്രമാണ് ഇന്ത്യയുടേത്.  ആ സംയമനത്തിന്റെ ചരിത്രത്തില്‍ നിന്ന് പ്രകടമായ വ്യതിയാനമാണ് പ്രധാനമന്ത്രി മോദിയുടെ X പരാമര്‍ശമെന്ന് നയതന്ത്രവിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. ഇസ്രയേല്‍ സന്ദര്‍ശനം നടത്തിയ ആദ്യ ഇന്ത്യന്‍ പ്രധാനന്ത്രിയാണ് നരേന്ദ്രമോദി. 2017ല്‍ അതിനു മുന്‍പു തന്നെ വാജ്പേയി സര്‍ക്കാരും യു.പി.എ സര്‍ക്കാരുകളും സാമ്പത്തിക–സാങ്കേതികസഹകരണമൊക്കെയുണ്ടായിരുന്നു. പ്രധാനമന്ത്രിയുടെ ഇസ്രയേല്‍ സന്ദര്‍ശനത്തോടെ പ്രകടമായ രാഷ്ട്രീയമാറ്റമെന്ന് നിരീക്ഷണങ്ങളുയര്‍ന്നു. സൈനികതലത്തിലേക്കും സഹകരണം കൂടുതല്‍ സജീവമായി. റഷ്യയ്ക്കു ശേഷം നമ്മുെട രാജ്യം ഏറ്റവും കൂടുതല്‍ സൈനികപങ്കാളിത്തം കൈയാളുന്നതും ഇസ്രയേലുമായാണ്. കുടിയേറിയ ജൂതരും ജോലിക്കായി എത്തിയവരുമായി ഒരു ലക്ഷത്തിലേറെ ഇന്ത്യക്കാര്‍ ഇസ്രയേലിലുണ്ട്. നമ്മുടെ രാജ്യത്തിനകത്തു സംഭവിച്ച രാഷ്ട്രീയദിശാമാറ്റത്തിന്റെ സൂചന ഇസ്രയേലിനോടുള്ള ഇന്ത്യന്‍ ജനതയുടെ സമീപനത്തിലും വ്യക്തമായി പ്രതിഫലിക്കുന്നു. പലസ്തീന്റെ ചരിത്രപരമായ അവകാശവും നീതിയുമായിരുന്നു ഇന്ത്യയുടെയും ഇന്ത്യന്‍ ജനതയുടെയും പ്രഥമപരിഗണനയായിരുന്നതെങ്കില്‍ ഇന്നാ നിലപാടില്‍ മാറ്റങ്ങളുണ്ട്. ഇസ്രയേലിനോടുള്ള വലതുപക്ഷ അനുഭാവം ഭരണതലത്തില്‍  പ്രകടമാണ്. പക്ഷേ  ഇസ്രയേലിനു പിന്തുണ പ്രഖ്യാപിച്ച പ്രധാനമന്ത്രി  എന്തുകൊണ്ട് പലസ്തീന്‍ പ്രശ്നത്തിന്റെ പശ്ചാത്തലത്തെക്കുറിച്ച് ഒരു വാക്കു പോലും മിണ്ടിയില്ല എന്നതു തന്നെയാണ് ചോദ്യം. 

കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി ആവശ്യപ്പെട്ടത് മേഖലയില്‍ ഉടന്‍ സമാധാനം പുനഃസ്ഥാപിക്കണമെന്നാണ്.  പ്രധാനമന്ത്രി അങ്ങനെ ഒരു ആഹ്വാനം പോലും നടത്താന്‍ തയാറായില്ലെന്ന് പ്രതിപക്ഷം വിമര്‍ശിക്കുന്നു. ഗാന്ധിജി മുതല്‍ പലസ്തീന്‍ ജനതയുടെ അവകാശങ്ങള്‍ ഊന്നിപ്പറഞ്ഞു തന്നെയാണ് പശ്ചിമേഷ്യന്‍ പ്രശ്നത്തെ സമീപിച്ചത്. ഇംഗ്ലണ്ട് എങ്ങനെ ഇംഗ്ലിഷുകാരുടേതാകുന്നുവോ, ഫ്രാന്‍സ് എങ്ങനെ ഫ്രഞ്ചുകാരുടേതാകുന്നുവോ അതേ അവകാശത്തോടെ തന്നെ പലസ്തീന്‍ അറബ് ജനതയുടേതാണ് എന്നാണ് ഗാന്ധിജി അസന്നിഗ്ധമായി പലസ്തീന്‍ പ്രശ്നത്തില്‍ നിലപാടെടുത്തത്. പലസ്തീന്‍ ഭൂപ്രദേശത്ത് പലസ്തീന്‍ജനതയ്ക്ക് അവകാശമില്ലാതാകുന്നത് മനുഷ്യത്വരഹിതമാണെന്നും ഗാന്ധിജി തുറന്നെഴുതിയിട്ടുണ്ട്. ജവഹര്‍ലാല്‍ നെഹ്റുവാകട്ടെ പലസ്തീന്‍ പ്രശ്നത്തിലെ കൊളോണിയല്‍ താല്‍പര്യങ്ങള്‍ കൂടി ചൂണ്ടിക്കാട്ടിയാണ് നിലപാടെടുത്തത്. ഇസ്രയേല്‍ നിര്‍മിതിയില്‍ ബ്രിട്ടന്റെ താല്‍പര്യങ്ങള്‍ എടുത്തുപറ‍ഞ്ഞുതന്നെയാണ് ഭാവിയില്‍ ഇസ്രയേല്‍ പലസ്തീനെ പൂര്‍ണമായി വിഴുങ്ങുമെന്ന് നെഹ്റു ദീര്‍ഘവീക്ഷണത്തോടെ പ്രവചിച്ചത്. സാമ്രാജ്യത്വ ചൂഷണത്തിനെതിരായ ചെറുത്തുനില്‍പായാണ് അദ്ദേഹം പലസ്തീന്‍ പ്രതിരോധത്തെ അടയാളപ്പെടുത്തിയത്.  ഇന്ത്യയും സമാനമായ സ്വാതന്ത്ര്യപോരാട്ടമാണ് നടത്തിയതെന്നും നെഹ്റു ലോകത്തെ ഓര്‍മിപ്പിച്ചു.  

അതേസമയം തന്നെ പലസ്തീന്‍ പ്രശ്നത്തെ മതവുമായി കൂട്ടിക്കെട്ടി ചുരുക്കുന്നത് സങ്കുചിതതാല്‍പര്യങ്ങളാണെന്ന് അന്നേ നെഹ്റു വ്യക്തമാക്കിയിരുന്നു. മുസ്‍ലിങ്ങള്‍ മതപരമായ ബന്ധത്താല്‍ പലസ്തീനോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നുവെന്ന ഒറ്റ കാരണം കൊണ്ട് ഇസ്രയേല്‍– പലസ്തീന്‍ പ്രശ്നം ഇരുമതവിഭാഗങ്ങള്‍ തമ്മിലുള്ള പ്രശ്നമാണെന്ന് വരുത്തിത്തീര്‍ക്കുന്നത് തീര്‍ത്തും തെറ്റായ കാഴ്ചപ്പാടാണെന്ന് നെഹ്റു അന്നേ പറഞ്ഞു.  മറുപക്ഷത്തെ മതം ചൂണ്ടിയുള്ള രാഷ്ട്രീയലാക്ക് വേണ്ടെന്ന് നമ്മുടെ തന്നെ പ്രഥമപ്രധാനമന്ത്രി ചരിത്രത്തില്‍ കുറിച്ചു വച്ചിട്ടുണ്ട്.  

പലസ്തീന്‍, മുസ്‍ലിങ്ങളും ജൂതരും തമ്മിലുള്ള പ്രശ്നമാക്കിത്തീര്‍ക്കാന്‍ ശ്രമിക്കുന്നത് കുല്‍സിത താല്‍പര്യങ്ങള്‍ ഉള്ളവരാണെന്ന് ഇനി പ്രത്യേകിച്ച് എടുത്തു പറയേണ്ടതില്ല. ഇത്തരം സാഹചര്യങ്ങള്‍ മുന്‍കൂട്ടികണ്ടു കൊണ്ട് നെഹ്റു തന്നെ ആ വാദം വിലപ്പോകില്ലെന്ന് ചരിത്രത്തില്‍ എഴുതിവച്ചിട്ടുണ്ട്. പലസ്തീനെ പിന്തുണയ്ക്കുന്നവര്‍ തീവ്രവാദത്തെ പിന്തുണയ്ക്കുന്നു,മതഭീകരതയെ ന്യായീകരിക്കുന്ന തുടങ്ങിയ ഹിന്ദുത്വവാദങ്ങള്‍ക്കുള്ള കൃത്യമായ ഉത്തരം നമ്മുടെ ആദ്യത്തെ പ്രധാനമന്ത്രി തന്നെ കുറിച്ചു വച്ചിട്ടുണ്ട്. വിദേശനിയന്ത്രണത്തിനും ചൂഷണത്തിനുമെതിരെ പോരാടി സ്വന്തം രാജ്യമെന്ന അവകാശമുറപ്പിക്കാനാണ് പലസ്തീനികള്‍ നിലകൊള്ളുന്നത്. അവരുടെ പേരില്‍ ഹമാസ് മുതലെടുക്കുന്നുണ്ടോ, ഹമാസ് ഇപ്പോള്‍ അനുവര്‍ത്തിക്കുന്നത് തീവ്രമതസംഘടനകള്‍ക്ക് വിധേയമായ നിലപാടാണോ എന്നതൊന്നും പലസ്തീന്‍  എന്ന അടിസ്ഥാനപ്രശ്നത്തെ ഇല്ലാതാക്കില്ല. രണ്ടര ദശാബ്ദമായി പലസ്തീന്‍ നീതിക്കു വേണ്ടി കാര്യക്ഷമമായി ഇടപെടാന്‍ ലോകരാജ്യങ്ങള്‍ക്കും യു.എന്നിനു പോലും കഴിഞ്ഞിട്ടില്ല. സമാധാനപൂര്‍ണമായ പരിഹാരത്തിനായി ചര്‍ച്ചകള്‍ മുന്നോട്ടു പോയില്ല. 

പലസ്തീന്റെ ഇന്ത്യയിലെ സ്ഥാനപതി ദ് വീക്ക് മാഗസിന് നല്‍കിയ അഭിമുഖത്തില്‍ പലസ്തീന്‍ ജനതയുടെ ജീവിതയാഥാര്‍ഥ്യം വ്യക്തമാക്കുന്നുണ്ട്. വെസ്റ്റ്ബാങ്കിലെ 645 മിലിറ്ററി പോയന്റുകള്‍ക്കുള്ളില്‍ നട്ടം തിരിയുന്ന പലസ്തീന്‍ ജനത, ഗാസയിലും  ഒരു തുറന്ന ജയിലിലാണ് ജീവിച്ചു വന്നിരുന്നതെന്ന് അദ്ദേഹം പറയുന്നു. ഇപ്പോഴത്തെ സ്ഥിതി താങ്ങാവുന്നതല്ലെന്നും 72കാരനായ പലസ്തീന്‍ സ്ഥാപനപതി അദ്നാന്‍ അബു അല്‍ഹൈജ തുറന്നു പറയുന്നുണ്ട്.  പലസ്തീന്‍ ജനതയും ഒരിക്കലും യുദ്ധം ആഗ്രഹിക്കുന്നില്ല. പരിഹാരം മാത്രമാണ് അവര്‍ക്കു വേണ്ടത്. ഹമാസ് ആക്രമണമല്ലേ തുടക്കിട്ടത് എന്ന ചോദ്യത്തിന് അദ്ദേഹം ഇങ്ങനെ മറുപടി നല്‍കുന്നു. എന്തുകൊണ്ടത് സംഭവിച്ചുവെന്നതാണ് പ്രധാന ചോദ്യം. വെസ്റ്റ്ബാങ്കില്‍ പതിറ്റാണ്ടുകളായി ഇസ്രയേലിന്റെ അതിക്രമം തുടരുമ്പോള്‍ രാജ്യാന്തരസമൂഹം എന്തുകൊണ്ടത് ചോദ്യം ചെയ്തില്ല എന്നാണ് അദ്ദേഹത്തിന്റെ ചോദ്യം. 2023ല്‍ മാത്രം വെസ്റ്റ്ബാങ്കില്‍ 260 പലസ്തീനികള്‍ ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടുവെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. 22 ലക്ഷം ജനങ്ങള്‍ക്ക് അടിസ്ഥാനമനുഷ്യാവകാശങ്ങള്‍ നിഷേധിക്കുമെന്ന പ്രഖ്യാപനം യുദ്ധക്കുറ്റമാണ്. രാജ്യത്തിനകത്ത്  പ്രതിഛായയില്‍ പിടിച്ചുനില്‍ക്കാനാണ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവിന്റെ നീക്കങ്ങള്‍. ഗാസയിലും വെസ്റ്റ്ബാങ്കിലുമായി ജീവിക്കുന്ന 60 ലക്ഷം പലസ്തീന്‍കാര്‍ക്ക് വേണ്ടി സ്വതന്ത്രരാജ്യമല്ലാതെ മറ്റൊരു പരിഹാരവും സാധ്യമല്ല. അതിനായി രാജ്യാന്തരസമൂഹം സമ്മര്‍ദം ചെലുത്തണം. ഇസ്രയേലിനു സ്വയം പ്രതിരോധത്തിനു അവകാശമുണ്ടെന്ന് പൊടുന്നനേ നിഷ്പക്ഷരാകുന്നവര്‍ ഇതുവരെ നടന്നുപോന്ന അനീതികളില്‍ ഒരേ കണ്ണോടെ ഇരുപക്ഷത്തേക്കും നോക്കണമെന്നും അദ്നാന്‍ അല്‍ഹൈജ ദ് വീക്ക് അഭിമുഖത്തില്‍ ആവശ്യപ്പെടുന്നു. പലസ്തീന്‍ വിമോചനത്തിനു നേതൃത്വം നല്‍കിയവരുടെ വീഴ്ചയും പാളിച്ചകളുമെല്ലാം ഇന്നത്തെ ഹമാസ് നേതൃത്വത്തിനും കൂടുതല്‍ സങ്കീര്‍ണതയ്ക്കും ഇടവരുത്തിയിട്ടുണ്ട് എന്നത് യാഥാര്‍ഥ്യമാണ്. ദേശീയപ്രശ്നമായി അതു വരെ ചര്‍ച്ച ചെയ്തുപോന്നിരുന്ന പലസ്തീന്‍ പ്രശ്നത്തെ ഇസ്ലാമിക പ്രതിരോധസമരമായി ചിത്രീകരിക്കാന്‍ പുറംലോകത്തിന് വഴിയൊരുക്കിയത് ഹമാസിന്റെ നേതൃത്വത്തിലേക്കുള്ള വരവാണ്. മതനിരപേക്ഷ, ദേശീയ പോരാട്ടമായി നിലകൊണ്ടിരുന്ന പലസ്തീന്‍ വിമോചനപ്പോരാട്ടത്തിന് മതാടിസ്ഥാനത്തിലുള്ള പ്രതിരോധമെന്നു ചുരുക്കിക്കാണാന്‍ തല്‍പരശക്തികള്‍ക്ക് ഊര്‍ജമായതിലും ഹമാസിന് പങ്കുണ്ട്. പക്ഷേ പലസ്തീന്‍ പ്രശ്നത്തിന്റെ ഉത്തരവാദിത്തം എന്തായാലും പലസ്തീന്‍ ജനതയ്ക്കു മാത്രമല്ല. ഇത്രയും കാലമായി ലോകരാജ്യങ്ങള്‍ സ്വീകരിച്ച നിസംഗതയും നിര്‍വികാരതയുമെല്ലാം ഈ പൊട്ടിത്തെറിക്കു പിന്നില്‍ കാരണങ്ങള്‍ തന്നെയാണ്. ഹമാസിന്റെ രാഷ്ട്രീയലക്ഷ്യങ്ങളല്ല , നീതിബോധമുള്ള മനുഷ്യര്‍  ആവശ്യപ്പെടുന്ന പലസ്തീന്‍ പ്രശ്നപരിഹാരമെന്നതും വേറിട്ടു തന്നെ കാണേണ്ടതുമാണ്.  

പലസ്തീന്റെ പരമാധികാരം മാനിക്കുന്നുവെന്ന്  നമ്മുടെ വിദേശമന്ത്രാലയത്തിന് വ്യക്തമാക്കേണ്ടി  വന്നതും പ്രശ്നത്തിന്റെ അടിസ്ഥാനചോദ്യം വിസ്മരിക്കാനാകില്ല എന്നത് ഉള്‍ക്കൊണ്ടു തന്നെയാണ്. ഇസ്രയേല്‍ യുദ്ധനീതി പാലിക്കണമെന്നും ഔദ്യോഗികമായി  ആവശ്യപ്പെടേണ്ടി വന്നു.  രാഷ്ട്രീയതാല്‍പര്യങ്ങള്‍ക്കപ്പുറത്ത്  ഇന്ത്യയുടെ  ചരിത്രപരമായ നിലപാടാണ് വിദേശകാര്യമന്ത്രാലയം ആവര്‍ത്തിച്ചത്.  

പക്ഷേ ഭരണാധികാരി പറയുന്നതാണോ വിദേശമന്ത്രാലയവക്താവു പറയുന്നതാണോ രാജ്യത്തിന്റെ നയമായി കാണേണ്ടത്?

ഇസ്രയേലിനു നേരെ ഹമാസ് നടത്തിയത് ഭീകരാക്രമണമാണെന്ന പ്രധാനമന്ത്രിയുടെ നിലപാട് വിദേശകാര്യമന്ത്രാലയവക്താവും പിന്താങ്ങിയെങ്കിലും ഇന്ത്യയുടെ ദീര്‍ഘകാലനിലപാടില്‍ നിന്നു വ്യതിചലിച്ചില്ല. ഏതു തരം ഭീകരാക്രമണത്തെ എതിര്‍ക്കാനും ലോകരാജ്യങ്ങള്‍ക്ക് ഉത്തരവാദിത്തമുണ്ടെന്ന് വിദേശകാര്യവക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു.  

അംഗീകരിക്കപ്പെട്ട, സുരക്ഷിതമായ അതിര്‍ത്തികള്‍ക്കുള്ളില്‍ പലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കാനുള്ള അവകാശം വക്താവ് ഊന്നിപ്പറഞ്ഞിട്ടുണ്ട്. അതിനായി ഇസ്രയേലുമായി നേരിട്ടുള്ള ചര്‍ച്ചകള്‍ പുനഃസ്ഥാപിക്കണമെന്ന ഇന്ത്യയുടെ ആവശ്യവും മുന്നോട്ടു വച്ചു. പക്ഷേ പ്രധാനമന്ത്രിയുടെ നടപടികളില്‍ നിന്ന് രാഷ്ട്രീയനിലപാട് വ്യക്തമാണ്. ഇന്ത്യന്‍ ഭരണകൂടം ഇസ്രയേലിനൊപ്പമാണ്, എന്നാല്‍ പലസ്തീനെക്കുറിച്ചു മിണ്ടുന്നുമില്ല എന്ന നിലയിലേക്ക് നിലപാടുകള്‍ മാറിയിരിക്കുന്നു.നീതിബോധം മാറുന്നതിനുസരിച്ച് നിലപാടുകള്‍ മാറും. നമ്മുടെ ഭരണകൂടത്തിന്റെ രാഷ്ട്രീയപക്ഷം വച്ച് ഈ മാറ്റത്തില്‍  അതിശയിക്കേണ്ടതുമില്ല. പക്ഷേ കഴിഞ്ഞ 50 വര്‍ഷമായി ജനാധിപത്യഇന്ത്യ, നീതിബോധത്തിലുറച്ചു നിന്നു കൊണ്ട് സ്വീകരിച്ചു പോന്ന സൂക്ഷ്മനയമാണ് കിട്ടിയ ആദ്യത്തെ അവസരത്തില്‍ തന്നെ ബി.ജെ.പി. സര്‍ക്കാര്‍ പുതുക്കിപ്പണിയാന്‍ ശ്രമിച്ചത്. 1948 മുതല്‍ പരമാധികാര രാഷ്ട്രത്തിനുള്ള പലസ്തീന്റെ അവകാശത്തിനൊപ്പമാണ് ഇന്ത്യ നിലകൊണ്ടത്. ഇസ്രയേലുമായി മറ്റുതലങ്ങളില്‍ സഹകരണം മെച്ചപ്പെടുത്തുമ്പോഴും അടിസ്ഥാന നീതിബോധത്തില്‍ നിന്ന് ഒരിക്കലും വ്യതിചലിച്ചിരുന്നില്ല. പരസ്യമായി  ഇസ്രയേല്‍ പിന്തുണ പ്രകടനങ്ങളും നടത്തിയില്ല. 2014ലെ ഗാസ യുദ്ധത്തിലും ഇരുകക്ഷികളും തമ്മില്‍ ഉഭയകക്ഷി ചര്‍ച്ച നടത്തി പ്രശ്നം പരിഹരിക്കണമെന്നാണ് ഇന്ത്യ ആവശ്യപ്പെട്ടത്. ഗാസയില്‍ ഇസ്രയേല്‍ നടത്തിയ അതിക്രമങ്ങള്‍ അന്വേഷിക്കണമെന്ന യു.എന്‍.പ്രമേയത്തെയും ഇന്ത്യ അന്നു പിന്തുണയ്ക്കുകയാണ് ചെയ്തത്. യുദ്ധമല്ല ,യോഗയും ആയുര്‍വേദവും ഇന്ത്യയുടെ വഴി എന്ന് രാജ്യാന്തര വേദിയില്‍ പറഞ്ഞ മോദി യുദ്ധകാഹളം മുഴക്കുന്ന നെതന്യാഹുവിനോടും അതു തന്നെയാണ് പറയേണ്ടിയിരുന്നത്.  2018ല്‍ പലസ്തീന്‍റെ ഗ്രാന്‍ഡ് കോളര്‍ ബഹുമതി ഏറ്റുവാങ്ങിയ പ്രധാനമന്ത്രിയാണ്  അത് സമ്മാനിച്ച ജനതയെക്കുറിച്ച് പരാമര്‍ശിക്കുക പോലും ചെയ്യാതെ അവരുടെ ജീവന്‍മരണപോരാട്ടത്തില്‍  ഒഴിഞ്ഞുമാറുന്നത്.  യുക്രൈന്‍ റഷ്യ യുദ്ധത്തിലടക്കം ഇന്ത്യ പരസ്യമായി ചേരിചേരാനയം മാത്രമാണ് സ്വീകരിച്ചത്. ഇസ്രായേലിന്‍റെ കാര്യത്തില്‍ പ്രധാനമന്ത്രി അത് ലംഘിച്ചതിന്‍റെ കാരണമെന്തെന്ന് രാജ്യത്തിന് ബോധ്യമില്ല.  

ഭീകരത എന്നത് സൗകര്യം പോലെ എടുത്തുപയോഗിക്കാവുന്ന ഒരു ടാഗ്‍ലൈനല്ല. ഭീകരതയെന്ന ഒറ്റവാക്കില്‍ ചരിത്രം അപ്രസക്തമാകില്ല, മാഞ്ഞു പോകുകയുമില്ല. ശക്തരായവര്‍ക്കൊപ്പം പക്ഷം ചേരാന്‍ കാരണങ്ങള്‍ കണ്ടെത്തിയാല്‍ മാത്രം മതി. പക്ഷേ ഏതു വിപരീതസാഹചര്യത്തിലും ദുര്‍ബലരായവരുടെ ന്യായമായ അവകാശങ്ങള്‍ തന്നെ  ഉയര്‍ത്തിപ്പിടിക്കാന്‍ വിട്ടുവീഴ്ചയില്ലാത്ത നീതിബോധം വേണം. ലോകം പിന്തുണയ്ക്കുന്നത് ഹമാസിനെയല്ല, പലസ്തീന്‍ ജനതയുടെ അവകാശങ്ങളെയാണ്.  ഇനിയവിടെ ഒരു പലസ്തീന്‍കാരും ജീവിക്കരുതെന്ന ലക്ഷ്യവുമായി ഇസ്രയേല്‍ മുന്നോട്ടു പോയാല്‍ ആ സുവര്‍ണാവസരത്തിനൊപ്പം ഇന്ത്യ കൈകോര്‍ക്കുന്നത് ചരിത്രത്തോടു  ചെയ്യുന്ന നീതികേടാണ്. ഉഭയകക്ഷിചര്‍ച്ച പുനരാംഭിക്കാനും ശാശ്വതപരിഹാരത്തിലൂടെ രക്തച്ചൊരിച്ചില്‍ അവസാനിപ്പിക്കാനുമുള്ള ശ്രമങ്ങള്‍ക്കാണ് ഇന്ത്യ ഇടപെടേണ്ടത്. അതാണ് നീതി. അതു മാത്രമാണ് ന്യായവും. 

വാര്‍ത്തകളും വിശേഷങ്ങളും വിരല്‍ത്തുമ്പില്‍. മനോരമന്യൂസ് വാട്സാപ് ചാനലില്‍ ചേരാം. ഇവിടെ ക്ലിക് ചെയ്യൂ.

MORE IN PARAYATHE VAYYA
SHOW MORE