കോടിയേരിയോട് കാട്ടിയ അനീതി; ചില ചോദ്യങ്ങള്‍ മായാതെ കിടക്കും

kodiyeri
SHARE

കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ പറയാതെ വയ്യ ഒരു അനീതി ചൂണ്ടിക്കാട്ടിയിരുന്നു. മരണം പോലും വിവാദമാക്കുന്നുവെന്ന് നിശിതവിമര്‍ശനവും നേരിട്ടും. പക്ഷേ അനീതി, എത്ര മറച്ചു പിടിച്ചാലും ചോദ്യം ചെയ്യപ്പെടുക തന്നെ ചെയ്യുമെന്ന് ഒരിക്കല്‍ കൂടി വ്യക്തമായി. വീണ്ടും വിവാദമാക്കാനില്ല. പക്ഷേ ഒരിക്കല്‍ കൂടി പറയുന്നു, അനീതിയും അനൗചിത്യവും അവഗണിക്കുന്നതെന്തിന് എന്ന ചോദ്യം എത്ര കാലം കഴിഞ്ഞാലും അതേ പടി നിലനില്‍ക്കും. 

കോടിയേരിയുടെ വിയോഗം സംഭവിച്ചിട്ട് ഒരു വര്‍ഷം പിന്നിട്ടു. സജീവരാഷ്ട്രീയപ്രവര്‍ത്തനത്തിനിടെയുണ്ടായ അകാലവിയോഗത്തോട് പാര്‍ട്ടിയും അണികളും ഇപ്പോഴും പൊരുത്തപ്പെടുന്നതേയുള്ളൂ.  ഒന്നാം ചരമവാര്‍ഷികത്തില്‍ അദ്ദേഹത്തിന്റെ ജീവിതപങ്കാളി  വിനോദിനി ബാലകൃഷ്ണന്‍ മനോരമ ഓണ്‍ലൈന്‍ ക്രോസ് ഫയര്‍ അഭിമുഖത്തില്‍ ചില കാര്യങ്ങള്‍ തുറന്നു പറഞ്ഞു. കോടിയേരിയുടെ ഭൗതികശരീരം തലസ്ഥാനത്തു പൊതുദര്‍ശനത്തിനു വയ്ക്കണമെന്ന് കുടുംബം  സി.പി.എമ്മിനോട് ആവശ്യപ്പെട്ടിരുന്നു. ചെന്നൈയിലെ ആശുപത്രിയില്‍ വച്ചു തന്നെ ഇക്കാര്യം സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനോട് മക്കള്‍ ഇക്കാര്യം പറഞ്ഞിരുന്നു. പിതാവിന്റെ ആഗ്രഹവും അതായിരുന്നുവെന്നും അവര്‍ പറഞ്ഞു. അത് നടന്നില്ലെന്നും എന്തായാലും അതിന്റെ പേരില്‍ പുതിയ വിവാദം വേണ്ടെന്നും വിനോദിനി ബാലകൃഷ്ണന്‍ അഭിമുഖത്തില്‍ പറഞ്ഞു. വിവാദമാകേണ്ടതുമില്ല. പക്ഷേ വിശദീകരണം ആവശ്യമായിരുന്നു.  പകരം നമ്മള്‍ കേട്ടതെന്താണ്?

കോണ്‍ഗ്രസ് അടക്കം ചോദ്യങ്ങള്‍ ഉയര്‍ത്തിയെങ്കിലും പാര്‍ട്ടി കൂടുതല്‍ മറുപടി പറയാതെ ഒഴിഞ്ഞു മാറി. രണ്ടു ദിവസത്തിനു ശേഷം കോടിയേരിയുടെ മകന്‍ ബിനീഷ് കോടിയേരി സമൂഹമാധ്യമത്തില്‍ പ്രശ്നം പൂര്‍ണമായി അവസാനിപ്പിച്ചുകൊണ്ട് ഒരു കുറിപ്പുമെഴുതി. നേരത്തേ മനോരമന്യൂസിന് നല്‍കിയ അഭിമുഖത്തിലും ബിനീഷ് ഇതേക്കുറിച്ചു സംസാരിച്ചിരുന്നു. 

കോടിയേരിയുടെ കുടുംബം ഇതൊരു വിവാദമാക്കാനോ പരാതിയാക്കാനോ ആഗ്രഹിക്കുന്നില്ല. വ്യക്തിപരമായ വിയോഗത്തിന്റെ വേദനയില്‍ കഴിയുന്ന കുടുംബത്തിന്റെ വികാരം മാനിക്കപ്പെടുകയും വേണം. പക്ഷേ ചോദ്യം വ്യക്തിപരമല്ല. രാഷ്ട്രീയം തന്നെയാണ്. കോടിയേരി ബാലകൃഷ്ണന്‍ എന്ന മുന്‍സംസ്ഥാനസെക്രട്ടറിക്ക് അര്‍ഹമായ മരണാനന്തര ആദരം നിഷേധിച്ചതെന്തിനാണ്? സി.പി.എമ്മിന്റെ പരിഗണനകള്‍ നിശ്ചയിക്കുന്നതാരാണ്? അതില്‍ രാഷ്ട്രീയമര്യാദകള്‍ക്കാണോ വ്യക്തിപരമായ താല്‍പര്യങ്ങള്‍ക്കാണോ ഇപ്പോള്‍ മുന്‍ഗണന? സി.പി.എം എന്തുകൊണ്ട് അങ്ങനെയൊരു അവസ്ഥയെ നേരിടുന്നു? എത്ര അവഗണിച്ചാലും ചില ചോദ്യങ്ങള്‍ മായാതെ കിടക്കും. 

MORE IN PARAYATHE VAYYA
SHOW MORE