ന്യൂസ് ക്ലിക്കിനെതിരായ ആരോപണത്തില്‍ വ്യക്തത എവിടെ?

PARAYATHE-VAYYA-news-cick
SHARE

ന്യൂസ് ക്ലിക്ക് എന്ന മാധ്യമസ്ഥാപനത്തിനെതിരെ ഈ ദിവസങ്ങളിലുണ്ടായ പൊലീസ് നടപടി നമ്മുടെ രാജ്യത്തിന്റെ ഇന്നത്തെ അവസ്ഥയുടെ ഏറ്റവും കൃത്യമായ ഉദാഹരണമാണ്. നിയമലംഘനങ്ങളുണ്ടായാല്‍ ആരായാലും നടപടിയെടുക്കണം. പക്ഷേ ഇന്നത്തെ ഇന്ത്യയില്‍ നിയമവും ലംഘനവുമൊന്നുമല്ല യഥാര്‍ഥ പ്രശ്നമെന്ന് നടപടിയെടുക്കുന്നവര്‍ക്കുമറിയാം, കണ്ടു നില്‍ക്കുന്ന സമൂഹത്തിനുമറിയാം. എന്താണ് കുറ്റമെന്ന് കൃത്യമായി കോടതിയെപ്പോലും ബോധിപ്പിക്കാന്‍ അന്വേഷണഏജന്‍സികള്‍ക്ക് സൗകര്യമില്ല.  എന്താണ് കുറ്റമെന്ന് വ്യക്തമായി അറിയണമെന്ന് സമൂഹത്തിനും ശാഠ്യമില്ല. അറസ്റ്റ് ചെയ്തതല്ലേ എന്തെങ്കിലും കുറ്റം കാണുമായിരിക്കും എന്ന് സമൂഹം ആശ്വസിക്കും. അതിനപ്പുറത്തേക്ക് ചോദ്യവുമില്ല, ഉത്തരവുമില്ല. 

ഭീകരവാദികളെ കൈകാര്യം ചെയ്യുന്നതുപോലെയാണ് ഡല്‍ഹി പൊലീസ് ഒരു മാധ്യമസ്ഥാപനത്തെയും അതിലെ ജീവനക്കാരെയും സ്ഥാപനത്തോട് ബന്ധമുള്ള എഴുത്തുകാരെയും കൈകാര്യം ചെയ്തത്. പുലര്‍കാലം മുതല്‍ വീടുകളില്‍ റെയ്ഡ്, ഫോണുകളും ഡിജിറ്റല്‍ ഉപകരണങ്ങളും പിടിച്ചെടുക്കല്‍, തുടര്‍ച്ചയായ ചോദ്യം ചെയ്യല്‍. ഒടുവില്‍ വൈകിട്ടായപ്പോഴേക്കും ന്യൂസ്ക്ലിക്ക് സ്ഥാപകന്‍ പ്രബീര്‍ പുര്‍കായസ്ഥയെയും HR മേധാവി അമിത് ചക്രവര്‍ത്തിയെയും അറസ്റ്റ് ചെയ്തു. ഭീകരപ്രവര്‍ത്തന നിരോധനനിയമം , UAPA പ്രകാരമാണ് അറസ്റ്റ്. ന്യൂസ് ക്ലിക്ക് ഓണ്‍ലൈന്‍ പോര്‍ട്ടല്‍ 

ഓഫിസ് പൂട്ടി മുദ്രവയ്ക്കുകയും ചെയ്തു.  വിദേശത്തു നിന്നുള്ള നിക്ഷേപകനുമായി നടത്തിയ സാമ്പത്തിക ഇടപാടുകളില്‍ ക്രമക്കേടാരോപിച്ച്  മൂന്നു വര്‍ഷമായി ന്യൂസ്ക്ലിക്കിനെതിരെ പല വിധ അന്വേഷണങ്ങള്‍ നടത്തുകയായിരുന്നു കേന്ദ്ര സര്‍ക്കാര്‍ . ആദ്യം ഡല്‍ഹി പൊലീസിന്റെ തന്നെ സാമ്പത്തിക കുറ്റകൃത്യവിഭാഗം, പിന്നീട് ഇ.ഡി. തുടങ്ങി പല ഏജന്‍സികള്‍ മാറി മാറി വന്നു. ഒടുവില്‍ കഴിഞ്ഞ ദിവസമാണ് കാരണം പോലും വ്യക്തമാക്കാതെ ഡല്‍ഹി പൊലീസ് സ്പെഷല്‍സെല്‍ കടുത്ത നടപടിയുമായി ഇറങ്ങിയത്. 

ന്യൂസ്ക്ലിക്ക് സംശയകരമായ രീതിയില്‍ വിദേശസംഭാവന സ്വീകരിച്ച് ചൈനയ്ക്കനുകൂലമായി റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിച്ചു എന്നാണ് ഡല്‍ഹി പൊലീസിന്റെ FIR. നിയമപരമായ കുറ്റകൃത്യങ്ങള്‍ നടന്നിട്ടുണ്ടെങ്കില്‍ നിയമപരമായ നടപടി സ്വീകരിക്കാന്‍ സര്‍ക്കാരിന് അവകാശമുണ്ട്. പക്ഷേ ന്യൂസ്ക്ലിക്കിന്റെ കാര്യത്തില്‍ നടപടിയും നിയമപരമായിരുന്നില്ല. ഭരണകൂടത്തിന്റെ താല്‍പര്യവും തിടുക്കവും പ്രകടമായിരുന്നു താനും. സ്വാഭാവികനീതി പോലും നിഷേധിച്ചുകൊണ്ട് ഒരു മാധ്യമസ്ഥാപനത്തിനെതിരെ ഇത്രയും കടുത്ത രീതിയില്‍ നീങ്ങാനുള്ള കാരണമെന്താണ്? എഫ്.ഐ.ആറിന്റെ കോപ്പി പോലും കുറ്റാരോപിതര്‍ക്കു നല്‍കാനാവില്ല എന്ന വാദം ഡല്‍ഹി പൊലീസ് ഉയര്‍ത്തിയതെന്തിനാണെന്ന് കോടതിക്കു പോലും മനസിലായില്ല. 

വ്യക്തമായി കുറ്റമെന്തെന്നു പോലും അറിയിക്കാതെ അറസ്റ്റ് ചെയ്ത ഓണ്‍ലൈന്‍പോര്‍ട്ടല്‍ മേധാവികള്‍ക്ക് FIR, റിമാന്‍ഡ് റിപ്പോര്‍ട്ട് കോപ്പികള്‍ പോലും നല്‍കാന്‍ ഡല്‍ഹി പൊലീസ് തയാറായില്ല. ഒടുവില്‍ കോടതിയില്‍ അപേക്ഷനല്‍കി, കോടതി പ്രതികളുടെ അവകാശമാണെന്ന് സമര്‍ഥിച്ച ശേഷമാണ് എഫ്.ഐ.ആറും റിമാന്‍ഡ് റിപ്പോര്‍ട്ടും കൈമാറാന്‍ പൊലീസ് തയാറായത്.  എഫ്.ഐ.ആര്‍ പുറത്തു വന്നപ്പോഴാകട്ടെ 2020 മുതലുള്ള ആരോപണങ്ങള്‍ ആവര്‍ത്തിക്കുകയാണ് പൊലീസ്. സാമ്പത്തികകുറ്റകൃത്യം നടത്തിയെന്നു മാത്രമല്ല, കോടികള്‍ വിദേശനിക്ഷേപം സ്വീകരിച്ച് ഇന്ത്യയുടെ അഖണ്ഡതയ്ക്കെതിരായി പ്രവര്‍ത്തിച്ചുവെന്നും ആവര്‍ത്തിച്ചാരോപിക്കുന്നുണ്ട് ഡല്‍ഹി പൊലീസ്. 

ഏതു സ്ഥാപനം നിയമവിരുദ്ധമായി പ്രവര്‍ത്തിച്ചാലും സര്‍ക്കാരിന് നടപടിയെടുക്കാം. പക്ഷേ നടപടികള്‍ സുതാര്യവും വ്യക്തവുമായിരിക്കേണ്ടത് നടപടി നേരിടുന്നവരുടെ മാത്രമല്ല, ജനാധിപത്യത്തിന്റെയാകെ അവകാശമാണ്. അതിഗുരുതരമായ ആരോപണങ്ങളാണ് ന്യൂസ്ക്ലിക്കിനെതിരെ ഡല്‍ഹി പൊലീസ്  എഫ്.ഐ.ആറില്‍ നിരത്തിയിരിക്കുന്നത്. പക്ഷേ അനിവാര്യമായ തെളിവുകള്‍ പോലും എഫ്.ഐ.ആറിലോ റിമാന്‍ഡ് റിപ്പോര്‍ട്ടിലോ കൃത്യമായി  പറയുന്നില്ല. തെളിവുകളുടെ അടിസ്ഥാനത്തില്‍ ന്യൂസ്ക്ലിക്ക് മേധാവികള്‍ മറുപടി പറയട്ടെ. പക്ഷേ സ്ഥാപനം മറുപടി പറയേണ്ട കാര്യങ്ങളില്‍ പോലും പോര്‍ട്ടലിലെ എഴുത്തുകാരെപ്പോലും റെയ്ഡ് ചെയ്യുന്നതിന്റെ ഉദ്ദേശമെന്താണ്? നടക്കുന്നത് മാധ്യമവേട്ടയാണോ മുന്നറിയിപ്പിന്റെ ഭീഷണിയാണോ?

ഗുരുതരമായ ആരോപണങ്ങളുടെ നീണ്ട നിരയാണ് എഫ്.ഐ.ആര്‍ നിരത്തിയിരിക്കുന്നത്. ന്യൂസ് ക്ലിക്ക് അഞ്ചു വര്‍ഷം നിയമവിരുദ്ധമായി ഫണ്ട് സ്വീകരിച്ചു. വിദേശഫണ്ട് സ്വീകരിച്ച് ഇന്ത്യയുടെ പരമാധികാരവും അഖണ്ഡതയും തകര്‍ക്കാന്‍ ഗൂഡാലോചന നടത്തി. 2019ലെ പൊതുതിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമം നടത്തി. കര്‍ഷകസമരത്തില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനം ആവര്‍ത്തിച്ചു. കശ്മീരും അരുണാചല്‍ പ്രദേശും തര്‍ക്കത്തിലുള്ള പ്രദേശമാണെന്ന് ഇന്ത്യന്‍ താല്‍പര്യത്തിനെതിരായി പ്രചാരണം നടത്താന്‍ ശ്രമിച്ചു. കോവിഡ് പ്രതിരോധത്തില്‍ സര്‍ക്കാരിനെതിരെ തെറ്റായ പ്രചാരണം നടത്തി. തുടങ്ങിയ ആരോപണങ്ങള്‍ക്കൊപ്പം ഭീകരവാദത്തിന്റെ പരിധിയില്‍ വരുന്ന ഗൂഢാലോചന നടത്തിയെന്നും ആരോപിക്കുന്നുണ്ട്. എന്നാല്‍ ഇതിനൊന്നും ഉപോല്‍ബലകമായ കൃത്യമായ തെളിവുകള്‍ മുന്നോട്ടു വയ്്ക്കാന്‍ ഡല്‍ഹി പൊലീസ് തയാറായിട്ടില്ലെന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. അറസ്റ്റിന്റെ കാരണം പോലും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമല്ലെന്നാണ് ഡല്‍ഹി ഹൈക്കോടതി ഗൗരവത്തോടെ ചൂണ്ടിക്കാട്ടിയത്. ചൈനീസ് താല്‍പര്യങ്ങള്‍ പ്രചരിപ്പിച്ചുവെന്ന് ആവര്‍ത്തിച്ചാരോപിക്കുന്ന ഡല്‍ഹി പൊലീസിനോ അതേറ്റു പാടുന്ന ബി.ജെ.പിക്കോ അത്തരത്തില്‍ ഒരു ലേഖനം പോലും ന്യൂസ്ക്ലിക്ക് പ്രസിദ്ധീകരിച്ചുവെന്ന് ചൂണ്ടിക്കാണിക്കാന്‍ കഴിയുന്നില്ല. ചൈനയുടെ താല്‍പര്യങ്ങള്‍ നടപ്പാക്കുന്ന അമേരിക്കന്‍ വ്യവസായി നെവില്‍ റോയ് സിംഘം ഫണ്ടിങ് നല്‍കുന്ന ശൃംഖലയില്‍ ന്യൂസ് ക്ലിക്കുമുണ്ട് എന്ന ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടില്‍ നിന്നാണ് ഇപ്പോഴത്തെ അറസ്്റ്റിലേക്കും UAPAയിലേക്കും വഴിയൊരുങ്ങിയത്. പക്ഷേ അതിനും രണ്ടു കൊല്ലം മുന്‍പേ ന്യൂസ് ക്ലിക്ക് കേന്ദ്രസര്‍ക്കാരിന്റെ നിരീക്ഷണവലയത്തിലാണ്. സര്‍ക്കാരിന്റെ നയങ്ങളെ നിശിതമായി വിമര്‍ശിക്കുകയും തുറന്നെഴുതുകയും ചെയ്ത് കേന്ദ്രഭരണപക്ഷത്തിന്റെ കണ്ണിലെ കരടായിരുന്ന മാധ്യമസ്ഥാപനങ്ങളിലൊന്നാണ് ന്യൂസ് ക്ലിക്ക്.. നെവില്‍ സിംഘറോയ് എന്ന അമേരിക്കന്‍ പൗരന്‍ ചൈനീസ് താല്‍പര്യം നടപ്പാക്കാന്‍ വേണ്ടി ഇന്ത്യയില്‍ പണം മുടക്കിയെന്ന ഡല്‍ഹി പൊലീസിന്റെ ഭീകരവാദക്കുറ്റ ആരോപണം മോദി സര്‍ക്കാര്‍ തന്നെ ഗൗരവത്തിലെടുത്തിട്ടുണ്ടോ എന്നത് പ്രധാന ചോദ്യമാണ്. ഡല്‍ഹി പൊലീസ് സ്പെഷല്‍ സെല്‍ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങള്‍ ഗൗരവത്തിലെടുക്കുകയായണെങ്കില്‍ അത് നയതന്ത്രതലത്തില്‍ തന്നെ ഇടപെടല്‍ ആവശ്യമുള്ളത്ര ഗുരുതരമാണ്. നെവില്‍ റോയ് സിംഘത്തിനെതിരെ നടപടി സ്വീകരിക്കാന്‍ മോദി സര്‍ക്കാര്‍ യു.എസിനോട് ആവശ്യപ്പെട്ടിട്ടുണ്ടോയെന്നും രാജ്യാന്തര സാമ്പത്തിക നടപടിദൗത്യസേനയെ അറിയിച്ചിട്ടുണ്ടോയെന്നും ദ് വയര്‍ പോലുള്ള മാധ്യമങ്ങള്‍ ചോദ്യമുന്നയിക്കുന്നു. 

ന്യൂസ്ക്ലിക്കിനെതിരെ ഡല്‍ഹി പൊലീസ് സെല്‍ ഉന്നയിച്ചിരിക്കുന്നത് അതിഗുരുതരമായ ആരോപണങ്ങളാണ്. രാജ്യാന്തര തലത്തില്‍ വരെ നടപടി ആവശ്യമുള്ള  ഗുരുതരമായ കുറ്റാരോപണങ്ങള്‍. എന്നാല്‍ അങ്ങനെയൊരു അന്വേഷണമോ നടപടിയോ അല്ല സര്‍ക്കാരിന്റെ ലക്ഷ്യമെന്നാണ് കോടതിയിലെ നടപടികളില്‍ വ്യക്തമാകുന്നത്. തല്‍ക്കാലം ഉന്നം ന്യൂസ്ക്ലിക്ക് മാത്രമല്ല, മാധ്യമപ്രവര്‍ത്തകര്‍ക്കാകെ കടുത്ത ഒരു മുന്നറിയിപ്പാണ്. സര്‍ക്കാരിനെതിരെ നിരന്തരവിമര്‍ശനമുന്നയിക്കുന്നവര്‍ നടപടി നേരിടേണ്ടി വരും. നടപടിയുടെ അടിസ്ഥാനമെന്തെന്ന ചോദ്യമൊന്നും പ്രസക്തമല്ല. അപ്പോള്‍ ഇത് മാധ്യമങ്ങളുടെ മാത്രം പ്രശ്നമാണോ? മാധ്യമസ്വാതന്ത്ര്യത്തിന്റെ മാത്രം പ്രശ്നമാണോ? ഒരിക്കലുമല്ല. ഭീഷണി ജനാധിപത്യത്തിനാണ്. ജനാധിപത്യത്തിന്റെ അവകാശമാണ് സ്വതന്ത്രമാധ്യമങ്ങള്‍. മാധ്യമസ്വാതന്ത്ര്യം അപകടത്തിലാകുമ്പോള്‍ ജനാധിപത്യത്തിനു മാത്രമാണ് നഷ്ടം, മാധ്യമങ്ങള്‍ക്കല്ല.

ദുരൂഹമായ രീതിയില്‍ ചൈനീസ് താല്‍പര്യമുള്ള ഫണ്ടിങ്ങിന്റെ അടിസ്ഥാനത്തിലാണ് ഭീകരവാദത്തിനെതിരായ നടപടികള്‍ എന്നാണ് കോടതിയില്‍ ഡല്‍ഹി പൊലീസിന്റെ വിശദീകരണം. പക്ഷേ റെയ്ഡും നടപടികളും നേരിട്ട മാധ്യമപ്രവര്‍ത്തകര്‍ പറയുന്നത് ചോദ്യങ്ങള്‍ അതെക്കുറിച്ചൊന്നുമായിരുന്നില്ല എന്നാണ്. പൗരത്വഭേദഗതി സമരം റിപ്പോര്‍ട്ട് ചെയ്തോ, കര്‍ഷകസമരം റിപ്പോര്‍ട്ട് ചെയ്തതെന്തിന്? തുടങ്ങിയ ചോദ്യങ്ങളാണ് മാധ്യമപ്രവര്‍ത്തകര്‍ നേരിടേണ്ടി വന്നത്. ന്യൂസ് ക്ലിക്കില്‍ ലേഖനങ്ങളെഴുതുന്ന, സ്ഥാപനത്തോട് സഹകരിക്കുന്ന 46 മാധ്യമപ്രവര്‍ത്തകര്‍ക്കും എഴുത്തുകാര്‍ക്കും ഈ ചോദ്യങ്ങള്‍ നേരിടേണ്ടി വന്നു. സര്‍ക്കാരിനെ ചോദ്യം ചെയ്യുന്ന വാര്‍ത്തകള്‍ എഴുതുന്നത് ഇന്നും ഇന്ത്യയില്‍ കുറ്റകരമല്ല. നമ്മുടെ ഇന്ത്യ ഇന്നും ജനാധിപത്യരാജ്യമാണ്.  പക്ഷേ അത് പതിയെ നമ്മള്‍ മറന്നു പോകുകയാണ്. സര്‍ക്കാരിനെ ചോദ്യം ചെയ്യുന്നവര്‍, നിശിതമായി വിമര്‍ശിക്കുന്നവര്‍ എപ്പോഴും കടുത്ത നടപടി നേരിടാന്‍ തയാറായിരിക്കണം എന്നതാണ് അവസ്ഥ. കാരണമൊക്കെ എന്തുമാകാം.  കോടതിക്ക് പോലും ബോധ്യമാകാത്തത്ര അവ്യക്തവും അസ്വാഭാവികവുമാകാം. പക്ഷേ രാജ്യസുരക്ഷയെന്നൊരു വാക്ക് മുന്നില്‍ ചേര്‍ത്താല്‍ പലപ്പോഴും കോടതികള്‍ പോലും നിസഹായരാകാം. ഭീകരവാദമെന്നൊരു വാക്കു കൂടിയായാല്‍ കാര്യങ്ങള്‍ക്കൊരു തീരുമാനമായി. മീഡിയ വണ്‍ കേസില്‍ ഇക്കാര്യങ്ങളുടെ ശൈലി രാജ്യം കണ്ടതാണ്. രാജ്യസുരക്ഷയെ ബാധിക്കുന്ന പരമപ്രധാനമായ കാരണങ്ങളാല്‍ എന്ന സീല്‍ഡ് കവര്‍ അന്ന് സുപ്രീംകോടതി വലിച്ചു കീറി പൊളിച്ചു കളഞ്ഞതും നമ്മള്‍ കണ്ടതാണ്. 

 ഭരണത്തിലിരിക്കുന്നവരുടെ രാഷ്ട്രീയതാല്‍പര്യങ്ങള്‍ പിന്തുടരുകയോ അനുസരിക്കുകയോ പ്രചരിപ്പിക്കുകയോ അല്ല മാധ്യമങ്ങളുടെ കര്‍ത്തവ്യം. സമൂഹത്തിന്റെ ജനാധിപത്യാവകാശങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് ,യോജിപ്പുകളും വിയോജിപ്പുകളും പ്രകടിപ്പിക്കുകയാണ്. തുറന്ന ചര്‍ച്ചകള്‍ക്കും വിരുദ്ധാഭിപ്രായങ്ങള്‍ക്കും വേദിയൊരുക്കുകയാണ്. സര്‍ക്കാരിന്റെ പ്രചാരണയന്ത്രങ്ങളല്ല മാധ്യമങ്ങള്‍. അത് കേന്ദ്രത്തിലായാലും കേരളത്തിലായാലും. മാധ്യമങ്ങള്‍ നിയമത്തിനതീതരല്ല. വ്യവസ്ഥയില്‍ നിലനില്‍ക്കുന്ന എല്ലാ നിയമങ്ങളും പാലിക്കാന്‍ ബാധ്യസ്ഥരാണ്. മാധ്യമപ്രവര്‍ത്തകര്‍ക്ക് പ്രത്യേകഅവകാശങ്ങളില്ല, പക്ഷേ എല്ലാ ഇന്ത്യന്‍ പൗരന്‍മാര്‍ക്കും ബാധകമായ പൗരാവകാശങ്ങളുണ്ട്. ആ പൗരാവകാശങ്ങള്‍ പോലും നിഷേധിക്കപ്പെടുന്ന അപായകരമായ അവസ്ഥയിലാണ് ഇന്ത്യയിലെ മാധ്യമപ്രവര്‍ത്തകര്‍ ജോലി ചെയ്യുന്നത്.

മാധ്യമങ്ങളുടെ അതിപ്രസരം, നിസാര പ്രശ്നങ്ങളില്‍ പോലും നിറഞ്ഞു നില്‍ക്കുന്ന മാധ്യമബഹളങ്ങള്‍, വസ്തുതാപരമായ തെറ്റുകള്‍, അംഗീകരിക്കാനാകാത്ത ആഘോഷങ്ങള്‍ തുടങ്ങി മാധ്യമങ്ങളെക്കുറിച്ച് പൗരസമൂഹത്തിനും ശക്തമായ വിമര്‍ശനങ്ങളുണ്ട്.  പക്ഷേ അധികാരത്തെ വിമര്‍ശിക്കുന്നതിന്റെ പേരിലുണ്ടാകുന്ന അനിഷ്ടവും അപ്രീതിയും വേര്‍തിരിച്ചു തന്നെ കാണേണ്ടതുണ്ട്. കേന്ദ്രത്തിന്റെ മാധ്യമമാരണനടപടികള്‍ക്കെതിരെ ശക്തമായ വിമര്‍ശനമുയര്‍ത്തുന്ന സി.പി.എം പോലും അധികാരത്തിലിരിക്കുന്ന കേരളത്തില്‍ മാധ്യമസ്വാതന്ത്ര്യത്തോടു കാണിക്കുന്ന അസഹിഷ്ണുത ചര്‍ച്ചയാകുന്നത് അതുകൊണ്ടാണ്. ന്യൂസ് ക്ലിക്കിനെതിരായ നടപടിയില്‍ രാജ്യവ്യാപകമായി ബി.ജെ.പിയുടെ പ്രധാന പ്രതിരോധം കേരളത്തില്‍ സി.പി.എം സര്‍ക്കാര്‍ മാധ്യമങ്ങളോടു സ്വീകരിക്കുന്ന നടപടികളായിരുന്നു. സംസ്ഥാനസര്‍ക്കാര്‍ മാധ്യമങ്ങളോടു സ്വീകരിക്കുന്ന നിലപാടുകളില്‍ പ്രതിഷേധമൊന്നും ബി.ജെ.പിക്കില്ല. കാരണം അധികാരത്തിന്റെ വേദന സമാസമമാണ്.  ജനങ്ങളുടെ അവകാശങ്ങളാണ് മാധ്യമങ്ങള്‍ പ്രതിനിധീകരിക്കുന്നത്. കൃത്യമായും സുതാര്യമായും വിവരങ്ങള്‍ അറിയാനുള്ള അവകാശം. അഭിപ്രായങ്ങള്‍ രൂപീകരിക്കാനും തീരുമാനങ്ങളെടുക്കാനും ജനങ്ങളെ പ്രാപ്തരാക്കുന്ന വസ്തുതകള്‍ ലോകത്തെ അറിയിക്കുക എന്നതു തന്നെയാണ് മാധ്യമധര്‍മം. അഴിമതിയും അധികാരദുര്‍വിനിയോഗവും ചൂണ്ടിക്കാണിക്കുക, മനുഷ്യാവകാശലംഘനങ്ങള്‍ തുറന്നു കാണിക്കുക, അപായകരമായ പ്രവണതകളെ വിമര്‍ശിക്കുക തുടങ്ങിയതെല്ലാം ജനാധിപത്യസമൂഹത്തിന്റെ അവകാശങ്ങള്‍ മാത്രമാണ് പ്രതിനിധീകരിക്കുന്നത്. സര്‍ക്കാരിനെതിരെ വിമര്‍ശനങ്ങള്‍ ഇല്ലാതിരിക്കേണ്ടതും എതിര്‍ശബ്ദങ്ങള്‍ ഉയരാതിരിക്കേണ്ടതും അധികാരത്തിന്റെ മാത്രം താല്‍പര്യമാണ്. അത് സമൂഹതാല്‍പര്യമല്ല, അധികാരത്തിന്റെ മാത്രം താല്‍പര്യമാണ്. അധികാരമില്ലാത്ത സി.പി.എമ്മിന് മാധ്യമസ്വാതന്ത്ര്യം പരമപ്രധാനമാണ്. അധികാരമുള്ള സി.പി.എമ്മിന് മാധ്യമസ്വാതന്ത്ര്യത്തിന് ഉപാധികളുണ്ട്. സി.പി.എമ്മിന്റെ ഈ ഇരട്ടത്താപ്പില്‍ തന്നെ കാര്യം വ്യക്തമാണ്. മാധ്യമങ്ങളെ പേടിക്കുന്നത് അധികാരമാണ്. മാധ്യമങ്ങളുടെ ചോദ്യങ്ങളില്‍ പ്രശ്നമുള്ളതും അധികാരത്തിനു മാത്രമാണ്. അധികാരത്തിനൊപ്പം നില്‍ക്കുന്നവര്‍ക്കും അധികാരരാഷ്ട്രീയത്തെ പിന്തുണയ്ക്കുന്നവര്‍ക്കും എന്നും മാധ്യമങ്ങള്‍ പ്രശ്നമാണ്. ഭരണപക്ഷത്തെത്തുമ്പോള്‍ മാധ്യമങ്ങളോടു കടുത്ത വിദ്വേഷം പുലര്ത്തുന്നവര്‍ പ്രതിപക്ഷത്തെത്തിയാല്‍ പിന്നെ മാധ്യമസ്വാതന്ത്ര്യം പ്രധാനമാണ്. കാരണം അധികാരമില്ലാത്തവരുടെ ശബ്ദം ലോകം കേള്‍ക്കാന്‍ മാധ്യമങ്ങളുണ്ടാകണം. അധികാരത്തോടു ചോദ്യങ്ങളുന്നയിക്കാനും മാധ്യമങ്ങള്‍ വേണം.  വിമര്‍ശനത്തോട് കേരളത്തിലെ ഭരണകക്ഷിയുടെ സമീപനമെന്താണെന്ന് തെളിയിക്കുന്ന ഒട്ടേറെ സംഭവവികാസങ്ങള്‍ സമീപകാലത്തുണ്ടായിട്ടുണ്ട്. അപ്പോഴും രാജ്യം നേരിടുന്ന മാധ്യമസ്വാതന്ത്ര്യഭീഷണിയുമായി തുലനം ചെയ്യാവുന്ന സാഹചര്യമായിട്ടില്ല. 

ന്യൂസ് ക്ലിക്കിനെതിരെ ഉന്നയിക്കപ്പെട്ട ക്രിമിനല്‍ ആരോപണങ്ങള്‍ പ്രതിരോധിക്കേണ്ട കാര്യം നമുക്കാര്‍ക്കുമില്ല. പക്ഷേ വസ്തുതാധിഷ്ഠിതമായ തെളിവുകള്‍ എവിടെയെന്ന് ആവര്‍ത്തിച്ചു ചോദിക്കാന്‍ ഓരോ ഇന്ത്യന്‍ പൗരനും കടമയുണ്ട്. ആ തെളിവുകള്‍ സമൂഹത്തിന് മുന്നില്‍ വയ്ക്കാനുള്ള ബാധ്യത ഭരണകൂടത്തിനുണ്ട്.  ചൈനീസ് ബന്ധമുണ്ടല്ലോ, അപ്പോള്‍ എന്തെങ്കിലും ദേശവിരുദ്ധമായ കാര്യങ്ങള്‍ ചെയ്തിട്ടുണ്ടാകുമായിരിക്കും  എന്ന അവ്യക്തതയില്‍ ആശ്വസിക്കേണ്ടി വരുന്നത് ജനാധിപത്യമല്ല. കേന്ദ്രസര്‍ക്കാരിന്റെ നടപടികള്‍ വസ്തുനിഷ്ഠമായിരിക്കണം. വസ്തുനിഷ്ഠതയ്ക്കു  പകരം വയ്ക്കാവുന്നതല്ല വൈകാരികത. ഭരണകൂടത്തിന്റെ വൈകാരികപ്രതികാരം നേരിടേണ്ടവരല്ല മാധ്യമങ്ങള്‍. വസ്തുനിഷ്ഠമായി നടപടിയുടെ കാരണങ്ങള്‍ രാജ്യത്തെ ബോധിപ്പിക്കാന്‍ ഡല്‍ഹി പൊലീസിനും നിയന്ത്രിക്കുന്ന ഭരണകൂടത്തിനും കഴിയണം. അത്തരം ജനാധിപത്യമര്യാദകള്‍ പാലിക്കാത്ത സംഭവപരമ്പരകള്‍ ആവര്‍ത്തിക്കുന്നത് അപായകരവും ജനാധിപത്യവിരുദ്ധവുമാണ്. നിശബ്ദത ഒരു ജനാധിപത്യസമൂഹം പേടിക്കണം. 

MORE IN PARAYATHE VAYYA
SHOW MORE