പിണറായി അറിഞ്ഞിരിക്കുമോ ഈ പരിരക്ഷ? അതോ ഉപഗ്രഹങ്ങളുടെ കോമഡിയോ?

PVA-Mic
SHARE

മൈക്ക് അപശബ്ദമുണ്ടാക്കിയതിന് കേസെടുത്ത് പിണറായി സര്‍ക്കാര്‍ നാണം കെട്ടുവെന്നും അപഹാസ്യരായെന്നും ഒന്ന് ചിരിച്ചു മറിഞ്ഞു കേരളം. പക്ഷേ അതൊരു അബദ്ധം പറ്റിയതാണെന്നു സമാധാനിച്ചങ്ങനെ പിരിഞ്ഞു പോകാന്‍ വരട്ടെ.  കേരളാപൊലീസ് സീരിയസാണ്. മുഖ്യമന്ത്രി പങ്കെടുക്കുന്ന ചടങ്ങുകളില്‍ ഇനി ഒരു മൈക്കും അനാവശ്യമായി മൂളില്ലെന്നുറപ്പിക്കാന്‍ പൊലീസ് പെടുന്ന പാടു കണ്ടാല്‍ ആരും ചോദിച്ചു പോകും. ശരിക്കും ആരാണീ മുഖ്യമന്ത്രി?

മൈക്ക് മൂളിയതിന് കേസ്. ആദ്യം വിശ്വാസം വരാത്തവര്‍ ഏയ് തമാശയായിരിക്കും, ട്രോളായിരിക്കും എന്നൊക്കെ സമാധാനിക്കാന്‍ ശ്രമിച്ചെങ്കിലും കേരളാപൊലീസിന് അത് തമാശയായിരുന്നില്ല. എഫ്.ഐ.ആര്‍ കണ്ടപ്പോഴാണ് സത്യത്തില്‍ മിക്കവാറും പേര്‍  കേസ് സത്യമാണെന്നു വിശ്വസിക്കാന്‍ തയാറായത്. എഫ്.ഐ.ആറില്‍ എഴുതിവച്ചിരിക്കുന്നതോ. മുഖ്യമന്ത്രി പ്രസംഗിക്കവേ മനഃപൂര്‍വം മൈക്ക് തകരാറാക്കിയെന്നായിരുന്നു കേസ്. കേരളാ പൊലീസ് ആക്റ്റ് 118 E വകുപ്പ് പ്രകാരം മനഃപൂര്‍വം പൊതുസുരക്ഷയില്‍ പരാജയപ്പെടുക, പൊതുജനങ്ങള്‍ക്ക് അപകടമുണ്ടാക്കുക തുടങ്ങിയ കുറ്റങ്ങള്‍ ചേര്‍ത്ത് കന്റോണ്‍മെന്റ് പൊലീസാണ് കേസെടുത്തത്. പരാതിക്കാരൊന്നുമുണ്ടായിരുന്നില്ല. സംഭവം വിവാദമായതുകൊണ്ട് സ്വമേധയാ പൊലീസങ് കേസെടുത്തു. ഉപകരണങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തു. ഇതിനു മുന്‍പും വി.വി.ഐ.പികളുടെ മൈക്ക് ഇടറിയിട്ടുണ്ടെങ്കിലും ഇതുപോലൊരു പ്രശ്നം ഉണ്ടായിട്ടില്ല. 

പൊതുവേദികളില്‍ മൈക്കില്‍ നിന്ന് അപശബ്ദങ്ങളുണ്ടാകുന്നത് ആദ്യമായൊന്നുമല്ല. മുഖ്യമന്ത്രി സംസാരിക്കുമ്പോഴും ആദ്യമായി സംഭവിക്കുന്നതല്ല. പക്ഷേ അന്നത്തെ പൊലീസല്ല, ഇന്നത്തെ പൊലീസ്, അന്നത്തെ മുഖ്യമന്ത്രിയുമല്ല, ഇന്നത്തെ മുഖ്യമന്ത്രി. സര്‍വത്ര സംശയം, സര്‍വത്ര സുരക്ഷ, സര്‍വത്ര പരിശോധന. സര്‍വം മുഖ്യമന്ത്രി. ശരിക്കും പിണറായി വിജയന്‍ ഇത്രയും വീരാരാധനയും, വി.വി.ഐ.പി പരിരക്ഷയും  ആഗ്രഹിക്കുന്ന ഒരു ജനനേതാവാണോ? അതോ അദ്ദേഹത്തിന്റെ ഉപഗ്രഹങ്ങളൊരുക്കുന്ന കോമഡികള്‍ തിരിച്ചറിയാന്‍ കഴിയാത്തതാണോ? മൈക്ക് കേസ് കേട്ട ഏറെക്കുറെ എല്ലാവരും ഇതുതന്നെ പറഞ്ഞു. പക്ഷേ അങ്ങനെ കളിയാക്കാനൊന്നും പറ്റില്ലെന്ന് സീരിയസായത് ഭരണമുന്നണി കണ്‍വീനറും പാര്‍ട്ടി കേന്ദ്രകമ്മിറ്റി അംഗവും. പാര്‍ട്ടി പന്തികേട് സിദ്ധാന്തങ്ങള്‍ മുറുക്കുമ്പോള്‍ പൊലീസ് മൈക്ക് സെറ്റില്‍ ഗൂഢാലോചന തിരഞ്ഞ് അരിച്ചുപെറുക്കുകയായിരുന്നു. ഒടുവില്‍ സംശയം ഒരു രോഗവുമാകാമെന്ന് തിരിച്ചറിഞ്ഞതോടെ മൈക്ക് സെറ്റിനെയും ഉടമയെയും വെറുതെ വിട്ടു. പക്ഷേ മൈക്ക് മനഃപൂര്‍വം കൂവിയതല്ലെന്നു തെളി‍ഞ്ഞതു കൊണ്ടൊന്നുമല്ല, മുഖ്യമന്ത്രി ഇടപെട്ടതുകൊണ്ടാണ് കേസ് അവസാനിപ്പിച്ചതെന്ന് നന്ദിപൂര്‍വം എടുത്തു പറയണമെന്നാണ് അടുത്ത ആവശ്യം. അതായത് ചരിത്രത്തില്‍ കേട്ടു കേള്‍വിയില്ലാത്ത പരിഹാസ്യമായ നടപടിയില്‍ വകുപ്പു മന്ത്രിയുടെ വിശാലമനസിന്റെ പേരില്‍ അഭിവാദ്യം കൂടി ചെയ്യണമെന്ന്. മിക്കവാറും കാര്യങ്ങളുടെ പോക്ക് ഇങ്ങനെയാണെങ്കില്‍ പൊലീസിനെ മുഖ്യമന്ത്രി തന്നെ കാര്യമായി ഒന്ന് അഭിവാദ്യം ചെയ്യേണ്ടി വരും. അതെങ്ങനെ പറ്റും, പൊലീസല്ല,മുഖ്യമന്ത്രിയുടെ ഓഫിസാണ് ഈ കേസിനു പിന്നിലെന്നാണല്ലോ വ്യക്തമായി മനസിലാക്കാനാകുന്നത്?

മൈക്ക് കേസ് കോമഡിയായതോടെ ആരാണ് കേസിന് തുടക്കമിട്ടതെന്ന് ചോദ്യംവന്നു. കോണ്‍ഗ്രസ് സംഘടിപ്പിച്ച പരിപാടിയില്‍ വൈറാരും സംസാരിച്ചപ്പോള്‍ പ്രശ്നമില്ലാതിരുന്ന മൈക്ക് മുഖ്യമന്ത്രി സംസാരിച്ചപ്പോള്‍ മാത്രം ഒച്ച വച്ചതിലൊരു പ്രശ്നമലില്ലേയെന്ന് സത്യത്തില്‍  പൊലീസിന് തോന്നിയിരുന്നില്ല. സംഭവം നടന്ന് 20 മണിക്കൂര്‍ പിന്നിട്ട ശേഷമാണ് മൈക്കിന്റെ മൂളലില്‍ ഒരു രാഷ്്ട്രീയ ഇടപെടല്‍ സംശയം പൊലീസിനു മുന്നിലെത്തിയത്. ഉന്നതങ്ങളില്‍ നിന്ന് നിര്‍ദേശമെത്തിയതോടെയാണ് മൈക്കിനെതിെര പൊലീസ് കേസെടുത്തത്. അതും ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ പോലുമറിയാതെ.അതുകൊണ്ട് പഴി പൊലീസിന്റെ തലയിരിക്കുമെങ്കിലും വകുപ്പുതല നടപടിക്കൊന്നും വകുപ്പില്ല. പൊലീസിന്റെ തലയിലുദിച്ച ബുദ്ധിയല്ലാത്തതുകൊണ്ട് എത്രയും വേഗം തടിയൂരാന്‍ പൊലീസ് സഹായിച്ചതുകൊണ്ട് തല്‍ക്കാലം മുഖം രക്ഷപ്പെട്ടുവെന്നു മാത്രം. അതായത് പാര്‍ട്ടിക്കും മുന്നണിക്കും തെറ്റൊന്നും തോന്നിയില്ലെങ്കിലും മുഖ്യമന്ത്രിക്കു തെറ്റു ബോധ്യപ്പെട്ടുവെന്നാണ് മന്ത്രിയുടെ സാക്ഷ്യം. 

വെട്ടിലായെന്നു മനസിലായതോടെ മുഖ്യമന്ത്രി കേസ് വേണ്ടെന്ന് നിര്‍ദേശിച്ചു. ഇത്രയും പൊല്ലാപ്പുണ്ടാക്കിയവരോട് പറയാന്‍ പറ്റാത്തതുകൊണ്ട് മാധ്യമങ്ങള്‍ മാപ്പുപറയണമത്രേ. ഉദാരമനസ്കനായി ഇടപെട്ട മുഖ്യമന്ത്രിയെ മോശക്കാരനാക്കുന്നുവെന്നും പൊതുമരാമത്തു മന്ത്രിക്ക് പരാതി. ആ പരാതി ബഹുമാനപ്പെട്ട മന്ത്രി എത്രയും വേഗം മുഖ്യമന്ത്രിയെക്കൂടി ഒന്നറിയിക്കണം. മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്ന് നേരിട്ടുള്ള ഫോണ്‍കോളിലാണ് ഈ കേസും നാണക്കേടുമൊക്കെ ഉണ്ടായതെന്ന് അറിയാത്തവരൊന്നുമല്ല ആരും. പക്ഷേ ഇങ്ങനെ അമിതാധികാരപ്രയോഗത്തിലൂടെ പരിഹാസ്യനാകുകയാണെന്ന് മുഖ്യമന്ത്രിക്കു കൂടി തോന്നണ്ടേ. അങ്ങനെ മുഖ്യമന്ത്രിക്കു തോന്നുമെന്നു തോന്നിയാലല്ലേ മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്ന് അദ്ദേഹത്തെ അസാമാന്യനാക്കാനുള്ള ഈ കോമാളിത്തങ്ങള്‍ അവസാനിക്കൂ. മുഖ്യമന്ത്രിയെ മൈക്ക് കേസിന്റെ പേരില്‍ മോശമായി ചിത്രീകരിക്കുന്നുവെന്ന പരാതി ആത്മാര്‍ഥമാണെങ്കില്‍ സര്‍ക്കാര്‍ ഒരു കാര്യം ചെയ്യണം. ആരുടെ നിര്‍ദേശപ്രകാരമാണ് കേസെടുത്തതെന്ന് വസ്തുതാപരമായി കണ്ടെത്തി കേരളത്തിലെ ജനങ്ങളോടു പറയണം. നടക്കുന്ന കാര്യമല്ലെന്നറിയാം. അപ്പോള്‍ പിന്നെ അവരോടു തന്നെ നേരിട്ടു പറയുന്നതാണ് നല്ലത്, അല്‍പത്തമാകാം, പക്ഷേ  ഒരിത്തിരി കുറച്ചില്ലെങ്കില്‍ നാട്ടുകാരുടെ മുന്നില്‍ പരിഹാസകഥാപാത്രമാകുമെന്ന്. അമിതാവേശമൊക്കെ മുഖ്യമന്ത്രിയുടെ പ്രതിഛായ കൂട്ടാന്‍ മതി, ഇല്ലാതാക്കിക്കളയരുത് എന്നും പറയുന്നതു നന്നായിരിക്കും. വകുപ്പില്‍ നടക്കുന്ന കാര്യങ്ങള്‍ അറിയാന്‍ ബുദ്ധിമുട്ടുള്ള മന്ത്രിയാണെങ്കില്‍ ആ മന്ത്രിയെ ബുദ്ധിമുട്ടിക്കാതെ വകുപ്പ് വേറെയാരെങ്കിലും ഏല്‍പിക്കുന്നത് നന്നായിരിക്കുമെന്ന് തെളിയിക്കുന്ന ഒട്ടനവധി സംഭവവികാസങ്ങളായിക്കഴിഞ്ഞു. എന്നിട്ടു പൊലീസ് പിന്‍മാറിയോ?  പിന്നെ കണ്ടുകൊണ്ടിരിക്കുന്നതെന്തുകൊണ്ടാണെന്നു കൂടി നോക്കണം. 

മുഖ്യമന്ത്രി പിണറായി വിജയന്‍ കടന്നു വരുമ്പോള്‍ ഇനി ഇല പോലും അനങ്ങാന്‍ പാടില്ലെന്നു കൂടി ഒരു ഉത്തരവിറക്കണം. ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന ബിംബനിര്‍മിതിക്ക് അതും ചെയ്യില്ലെന്നുറപ്പൊന്നും പറയാനാകില്ല. എന്തായാലും ഈ കേസെടുത്തു പേടിപ്പിക്കല്‍ അങ്ങനെ തമാശയാക്കി പരിഹസിച്ചു വിടാവുന്നതല്ല.  പരിഹസിച്ചൊഴിവാക്കാന്‍ കഴിയാത്ത അമിതാധികാരപ്രയോഗം മൈക്ക് കേസില്‍ മാത്രമല്ലെന്നു കേരളം കാണണം. മൈക്ക് കേസിലെ യഥാര്‍ഥ പ്രശ്നം മൈക്കില്‍ നിന്നു കേട്ട ശബ്ദമായിരുന്നില്ല, തൊട്ടുമുന്‍പ് ചടങ്ങിലുയര്‍ന്ന മുദ്രാവാക്യമായിരുന്നുവെന്ന് നമുക്കെല്ലാം വിശദീകരണങ്ങളില്‍ നിന്നു ബോധ്യമായി.

മുദ്രാവാക്യം വിളിച്ചത് അനൗചിത്യമായിരുന്നുവെന്ന് ആരും പറയും. പക്ഷേ അതിന് കേസെടുക്കാന്‍ വകുപ്പില്ലാത്തതുകൊണ്ട് മൈക്കിനെതിരെ കേസെടുത്ത് പേടിപ്പിക്കാന്‍ നോക്കിയതാണ്. എന്തായാലും എവിടെയായാലും കേസാണ് മുഖ്യആയുധം. വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്താല്‍ കേസ്, ചാനല്‍ ചര്‍ച്ചയ്ക്കിടെ ഉപമ പറഞ്ഞാല്‍ കേസ്. കേസിനു വിലയില്ലാതായി എന്നു നമുക്ക് തമാശ പറയാമെങ്കിലും ഭരണകൂടം എന്തിനുമേതിനും കേസെടുത്തു വീശുന്നത് അമിതാധികാരപ്രയോഗമാണ്. ഏകാധിപത്യപ്രവണതയാണ്. മൈക്ക് കേസും തമാശയല്ല. 

മാര്‍ക്ക് ലിസ്റ്റിലെ ക്രമക്കേട് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തതിന് കേസ്, റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്തയുടെ പേരില്‍ സാക്ഷിമൊഴിയെടുക്കാനൊരു കേസ്, തീവയ്പ് കേസിലെ പ്രതിയുടെ ദൃശ്യങ്ങള്‍ ചിത്രീകരിച്ചതിന് കേസ്, ചാനല്‍ ചര്‍ച്ചയ്ക്കിടെ അക്രമത്തിന് ആഹ്വാനം ചെയ്തുവെന്ന് കേസ് തുടങ്ങി മാധ്യമങ്ങള്‍ക്കെതിരെ കേസുകളുടെ ഘോഷയാത്ര തന്നെ നടന്നുകൊണ്ടിരിക്കുന്നുണ്ട്. ഓണ്‍ലൈന്‍ ചാനലിനെതിരായ പരാതിയില്‍ റിപ്പോര്‍ട്ടറുടെ ഫോണ്‍ പിടിച്ചെടുക്കല്‍, വിനായകനെതിരായ പരാതിയില്‍ വിനായകന്റെ ഫോണ്‍ പിടിച്ചെടുക്കല്‍ തുടങ്ങി പൊലീസിന്റെ ദൗത്യനിര്‍വഹണശുഷ്കാന്തി കേരളം കണ്ടുകൊണ്ടേയിരിക്കുകയാണ്. ഇടയ്ക്ക് സുപ്രീംകോടതിയും ഹൈക്കോടതിയുമൊക്കെ എടുത്തു പെരുമാറുന്നുണ്ടെങ്കിലും സമാന്തരമായി പൊലീസിന്റെ മനോവീര്യമുയര്‍ത്തി കേസുകളുടെ മാര്‍ച്ച് തുടരുന്നു. ദേശീയ തലത്തില്‍ മാധ്യമങ്ങള്‍ നേരിടുന്ന വെല്ലുവിളിയെക്കുറിച്ച് വേവലാതിപ്പെടുന്ന അതേ പാര്‍ട്ടിയുടെ ഭരണത്തില്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നതിനു വരെ കേസെടുത്തുകഴിഞ്ഞു. അവിടത്തെപ്പോലെ തന്നെ ഇവിടെയും, കേസു കൊടുക്കുന്നത് പാര്‍ട്ടിയോ സര്‍ക്കാരോ അല്ലല്ലോ. പരാതി വന്നാല്‍ കേസെടുക്കാതെന്തു ചെയ്യും എന്ന നിഷ്കളങ്കത. പരാതി നല്‍കുന്നതൊക്കെ പാര്‍ട്ടിക്കാരും സര്‍ക്കാരിനു വേണ്ടപ്പെട്ടവരുമൊക്കെയാണെങ്കിലും ടെലഗ്രാഫ് എഡിറ്റര്‍ ആര്‍.രാജഗോപാല്‍ ചൂണ്ടിക്കാണിക്കുന്നതുപോലെ നോണ്‍ സ്റ്റേറ്റ് ആക്റ്ററാണെന്നു പറഞ്ഞൊഴിയാം. പക്ഷേ അവര്‍ വഴിയൊരുക്കുന്നത് ഭരണകൂടത്തിന്റെ താല്‍പര്യം നടപ്പാക്കാനാണ്. ലക്ഷ്യം നിശബ്ദത. ചോദ്യങ്ങള്‍ ഇല്ലാതാക്കല്‍. ചര്‍ച്ചയായില്ലായിരുന്നുവെങ്കില്‍ ആ മൈക്ക് ഓപറേറ്റര്‍ ഇപ്പോള്‍ ഏതൊക്കെ കേസില്‍ കുറ്റവാളിയാകുമായിരുന്നുവെന്ന് കണ്ടറിയണം. കേസെടുത്ത് അന്വേഷിക്കുന്നതിനെന്താണ് പ്രശ്നം, നിരപരാധിയാണെങ്കില്‍ തെളിയിച്ചാല്‍ പോരേയെന്നാണ് ഭരണപക്ഷത്തിന്റെ നിഷ്കളങ്കമായ സംശയം . എല്ലാ പ്രിവിലേജുകളുമുള്ള രാഹുല്‍ഗാന്ധിക്കു പോലും ഒരു സാദാ കേസ് എങ്ങനെയെല്ലാം പ്രതിസന്ധിയാകുമെന്ന് രാജ്യം കണ്ടുകൊണ്ടിരിക്കുന്ന നേരത്താണ് ഈ ചോദ്യമെന്നോര്‍ക്കണം. 

 കുറ്റം ചെയ്യുന്നവര്‍ക്കെതിരെയാണ് ക്രിമിനല്‍ നടപടിക്രമങ്ങളുണ്ടാകേണ്ടത്. ചോദ്യം ചോദിക്കുന്നതും ഉച്ചത്തില്‍ സംസാരിക്കുന്നതും ഭരണപക്ഷത്തിന് അസ്വസ്ഥതയുണ്ടാക്കുന്നതും ഒന്നും ഇതുവരെ ഈ രാജ്യത്ത് കുറ്റകരമായിട്ടില്ല.  ഭരണപക്ഷരാഷ്ട്രീയത്തിന് ഇഷ്ടപ്പെടാത്തവര്‍ക്കെതിരെയെല്ലാം എടുത്തു പ്രയോഗിക്കാനുള്ളതല്ല, ക്രിമിനല്‍ നടപടിച്ചട്ടങ്ങള്‍. പഴുതുകളും വ്യാഖ്യാനങ്ങളും കണ്ടെത്തി സര്‍ക്കാരിനെതിരെ ശബ്ദമുയര്‍ത്തുന്നവര്‍ക്കെതിരെയെല്ലാം കേസെടുത്തുകളയും എന്ന ഭീഷണി അന്തരീക്ഷത്തിലുണ്ടാക്കുന്നത്   കണ്ടിട്ടും കണ്ടില്ലെന്നു ഭാവിക്കുകയാണെങ്കില്‍ മുഖ്യമന്ത്രിയുടെ രാഷ്ട്രീയസമീപനം ജനാധിപത്യപരമല്ല. അതല്ല, മുഖ്യമന്ത്രിയുടെ ഇച്ഛപ്രകാരം തന്നെയാണ് പൊലീസും അനുയായികളും ഇങ്ങനെ പെരുമാറുന്നതെങ്കില്‍ ചിന്തിക്കേണ്ടത് കേരളമാണ്. 

MORE IN PARAYATHE VAYYA
SHOW MORE