അജന്‍ഡകള്‍ പുറത്തെടുക്കുന്ന ബിജെപി; വ്യക്തതയില്ലാതെ ഉഴലുന്ന പ്രതിപക്ഷം

PARAYATHE-VAYYA
SHARE

ഏകവ്യക്തിനിയമത്തില്‍ ഏതു രാഷ്ട്രീയപാര്‍ട്ടിക്കാണ് വ്യക്തതമായ നിലപാടുള്ളത്? വേണമെന്നതില്‍ ബി.ജെ.പിക്ക് വ്യക്തതയുണ്ട്. വേണ്ടെന്ന് മുസ്‍ലിംലീഗിനും ഗോത്രവര്‍ഗപാര്‍ട്ടിക്കുകള്‍ക്കുമൊക്കെ വ്യക്തതയുണ്ട്. പക്ഷേ കോണ്‍ഗ്രസിന് വ്യക്തതയുണ്ടോ? നിലപാടില്ലായ്മയെന്നു കോണ്‍ഗ്രസിനെ മുള്‍മുനയില്‍ നിര്‍ത്തുന്ന സി.പി.എമ്മിന്റെ  നിലപാടില്‍ എത്രമാത്രം വ്യക്തതയുണ്ട്? ആര്‍ക്കാണ് ഈ വിഷയത്തില്‍ ആത്മാര്‍ഥതയുള്ളത്? 

ഏകവ്യക്തിനിയമവുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടു തന്നെയെന്ന് വ്യക്തം. നിയമം കൊണ്ടുവരുമോ, നടപ്പാക്കുമോ എന്നൊക്കെ കാത്തിരുന്നു കാണണമെങ്കിലും ലോക്സഭാ തിരഞ്ഞെടുപ്പ് വരെ ചര്‍ച്ചകള്‍ കത്തിക്കുമെന്നുറപ്പ്. മുന്നോട്ടു പോകും മുന്‍പ് ചര്‍ച്ചകള്‍ വേണമെന്ന് മുന്നണിയില്‍ തന്നെ ആവശ്യമുയര്‍െന്നങ്കിലും അതൊന്നും പരിഗണിക്കുന്ന ചരിത്രം മോദി സര്‍ക്കാരിനില്ല. കരടുനിയമം വരുന്നതോടെ ആശയക്കുഴപ്പം തീരുമെന്നാണ് ബി.ജെ.പി പ്രചരിപ്പിക്കുന്നത്. പ്രധാനമന്ത്രി തന്നെയാണ് ഇത്തവണ നിയമത്തിനു വേണ്ടി കളത്തിലിറങ്ങിയത് എന്നതുകൊണ്ടു തന്നെ പിന്നോട്ടില്ലെന്നത് വ്യക്തം. പ്രധാനമന്ത്രി തന്നെ അടുത്ത ദിവസങ്ങളില്‍ പല സംസ്ഥാനങ്ങളിലുമായി നടത്തുന്ന പര്യടനത്തില്‍ പ്രചാരണം ശക്തിപ്പെടുത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.  

ഏകവ്യക്തിനിയമം സ്ത്രീകള്‍ക്ക് കൂടുതല്‍ സുരക്ഷയും മതങ്ങള്‍ക്കു കൂടുതല്‍ സ്വാതന്ത്ര്യവും നല്‍കുമെന്ന വാദവുമായി ആര്‍.എസ്.എസും രംഗത്തുണ്ട്. 

പക്ഷേ അത്രയും സുരക്ഷയും പരിപാലനവും കൊണ്ട് ഇങ്ങോട്ടു വരേണ്ടെന്ന് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ബി.ജെ.പി. സംസ്ഥാനഘടകങ്ങള്‍ അടക്കമുള്ള പാര്‍ട്ടികളെല്ലാം ശക്തമായ നിലപാടറിയിച്ചിട്ടുണ്ട്. ഗോത്രവിഭാഗങ്ങളെ നിയമത്തിന്റെ പരിധിയില്‍ നിന്നൊഴിവാക്കാമെന്ന സുശീല്‍കുമാര്‍ മോദിയുടെ നിലപാടും ബി.ജെ.പി പ്രചാരണവും ഈ എതിര്‍പ്പ് മറികടക്കാനുള്ള തന്ത്രപരമായ നീക്കമാണ്. ഏറ്റവുമൊടുവില്‍ വടക്കുകിഴക്കന്‍ മേഖലയിലെ ക്രൈസ്തവ വിഭാഗങ്ങളെ സിവില്‍കോഡില്‍ നിന്നൊഴിവാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഉറപ്പു നല്‍കിയെന്നാണ് നാഗാലന്‍ഡില്‍ നിന്നുള്ള ഭരണപക്ഷനേതാക്കള്‍ അറിയിച്ചിരിക്കുന്നത്.  

എല്ലാ വ്യക്തികള്‍ക്കും ഒരേ നിയമം ബാധകമാകുന്നതിലൂടെ സമൂഹത്തില്‍ ഐക്യവും സമാധാനവും ഒത്തൊരുമയുമുണ്ടാകുമെന്നാണ് കേന്ദ്രഭരണപക്ഷത്തിന്റെ വിശദീകരണം. അതിനാദ്യം ഭരണപക്ഷം ധ്രുവീകരണവും ഭിന്നിപ്പിക്കലും നിര്‍ത്തിയാല്‍ പോരേ എന്നു നമുക്ക് ചോദിക്കാന്‍ തോന്നും. പക്ഷേ ആ ചോദ്യം അപ്രസക്തമാണ്. ബി.ജെ.പിയും മോദി സര്‍ക്കാരും ഇന്നേവരെ അപ്രതീക്ഷിതമായ ഒരു നിലപാടുമാറ്റവും നടത്തിയിട്ടില്ല. പറഞ്ഞതെന്താണോ അതു ചെയ്യുന്നു. പ്രതീക്ഷിക്കുന്നതെന്താണോ അങ്ങനെ തന്നെയാണ് മുന്നോട്ടു പോകുന്നത്. ബി.ജെ.പി.  ഏകവ്യക്തിനിയമവുമായി വരുന്നതില്‍ ഒരു അതിശയവുമില്ല. പക്ഷേ ആ നീക്കത്തോട് കോണ്‍ഗ്രസിന്റെയും മറ്റു പ്രതിപക്ഷകക്ഷികളുടെയും പ്രതികരണമെന്താണ് എന്നതാണ് രാജ്യത്തിനറിയേണ്ടത്.  

ഏകവ്യക്തിനിയമത്തില്‍ ബി.ജെ.പിയുടെ ചൂണ്ടയില്‍ കൊത്താനില്ലെന്ന് കേരളത്തിലെ മുസ്‍ലിം കോര്‍ഡിനേഷന്‍ കമ്മിറ്റി പ്രഖ്യാപിച്ചത് പക്വതയുള്ള രാഷ്ട്രീയനിലപാടായി. ഹിന്ദു – മുസ്‍ലിം പ്രശ്നമാക്കാനുള്ള കെണിയില്‍ വീഴില്ലെന്ന് പരസ്യമായി പ്രഖ്യാപിച്ചു തന്നെയാണ് നിലപാട്. കേരളത്തിലെ പ്രാദേശികരാഷ്ട്രീയനേട്ടം മാത്രം മുന്‍നിര്‍ത്തിയുള്ള നീക്കങ്ങളിലും കരുതലുണ്ടാകുമെന്നാണ് പ്രഖ്യാപനം.  

പക്ഷേ സി.പി.എമ്മിന്റെ സെമിനാറില്‍ പങ്കെടുക്കുമോയെന്ന ചോദ്യത്തിന് അന്ന് മുസ്‍ലിം ലീഗിനും വ്യക്തതയില്ലായിരുന്നു. ചൂണ്ടകള്‍ തിരിച്ചറിയുമെന്ന പ്രഖ്യാപനം സി.പി.എമ്മിനെതിരായ നിലപാടായൊക്കെ വ്യാഖ്യാനിക്കപ്പെട്ടെങ്കിലും അതങ്ങനെയല്ലെന്ന് തൊട്ടടുത്ത ദിവസം തന്നെ വ്യക്തമായി.  

ഏകവ്യക്തി നിയമത്തിനെതിരെ സിപിഎം സംഘടിപ്പിക്കുന്ന സെമിനാര്‍, ആത്മാര്‍ഥതയുള്ളതാണെങ്കില്‍ അതില്‍ പങ്കെടുക്കുന്നതില്‍ തെറ്റില്ലെന്നു തന്നെ ഒടുവില്‍ ലീഗ് പറഞ്ഞു കഴിഞ്ഞു. കോണ്‍ഗ്രസിന്റെ കൂടി അഭിപ്രായം ചോദിക്കും. . സെമിനാറില്‍ പങ്കെടുത്തതുകൊണ്ട് മാത്രം മുന്നണി ബന്ധം തകരില്ലെന്നും ലീഗ് ജനറല്‍ സെക്രട്ടറി  അവകാശപ്പെട്ടു.  

സി.പി.എം സെമിനാര്‍ ആസൂത്രണവുമായി മുന്നോട്ടു തന്നെയാണ്. സംഘാടകസമിതിയില്‍ സമസ്ത അംഗത്തെ അടക്കം വൈസ് ചെയര്‍മാനാക്കിയാണ് രൂപീകരണം.  ഏകവ്യക്തിനിയമത്തിനെതിരെ സംസ്ഥാനത്തുണ്ടാകുമെന്നുറപ്പുള്ള ന്യൂനപക്ഷവികാരം അനുകൂലമാക്കുന്നതില്‍ അല്‍പം പോലും വൈകിപ്പോകരുതെന്ന നിര്‍ബന്ധബുദ്ധിയോടെ സി.പി.എം സംഘാടനം മുന്നോട്ടു കൊണ്ടു പോകുന്നു. 

അപ്പോള്‍ കോണ്‍ഗ്രസോ? ഫോണില്‍ മുസ്‍ലിം സംഘടനാ നേതാക്കളെയെല്ലാം വിളിച്ച് ദേശീയ നേതാക്കള്‍ പിന്തുണ അറിയിച്ചിട്ടുണ്ട്. പക്ഷേ വടക്കേയിന്ത്യയിലും തെക്കേയിന്ത്യയിലും ഒരേ നിലപാട് പ്രഖ്യാപിക്കാനാകാത്ത നിവൃത്തികേടിലാണ് പാര്‍ട്ടി. സി.പി.എമ്മിന് തല്‍ക്കാലം കേരളത്തിലെ കാര്യം നോക്കിയാല്‍ മതിയെന്നുള്ളതുകൊണ്ട് അങ്ങനെയൊരു റിസ്കില്ല. ഫലത്തില്‍ കോണ്‍ഗ്രസും സി.പി.എമ്മും  മോദിസര്‍ക്കാരിന്റെ നീക്കത്തിനെതിരാണെങ്കിലും കോണ്‍ഗ്രസിന്റെ അവസ്ഥ സി.പി.എം  പ്രചാരണതന്ത്രമാക്കുന്നു.  കോണ്‍ഗ്രസിന് വ്യക്തതയില്ലെന്ന് സ്ഥാപിക്കാനും കേരളത്തിലെ ന്യൂനപക്ഷങ്ങളുടെ രക്ഷകരായി അവതരിക്കാനും സി.പി.എം ചാടിവീണു കഴിഞ്ഞു. . മുന്നണി രാഷ്ട്രീയത്തില്‍ വരെ അത് ചലനങ്ങളുണ്ടാക്കുമോ എന്നാണ് അടുത്ത ചോദ്യം.  

 ഈ മാസം 15നാണ് സി.പി.എം നേതൃത്വത്തില്‍ ഏകവ്യക്തിയമത്തിനെതിരായ ദേശീയ സെമിനാര്‍. കോഴിക്കോടു നടക്കുന്ന പരിപാടിയുടെ സംഘാടനം മുതല്‍ രാഷ്ട്രീയസാധ്യതകള്‍ തേടിയാണ് സി.പി.എം നീക്കം.  സമസ്തയുമായി അടുക്കാനുള്ള വേദിയായി സി.പി.എം സെമിനാര്‍ പ്രയോജനപ്പെടുത്തുന്നു.  കേരളത്തിലെ രാഷ്ട്രീയധ്രുവീകരണസാധ്യതകള്‍ മുന്‍കൂട്ടി കണ്ട് നടപടികള്‍ സ്വീകരിക്കുന്നു. മുസ്‍ലിം ന്യൂനപക്ഷത്തിന്റെ ആശങ്കകള്‍ രാഷ്ട്രീയലാഭമായി മാറ്റാനുള്ള എല്ലാ സാധ്യതകളും സി.പി.എം തേടുന്നു. 

വ്യക്തിനിയമം ബാധകമാകുന്ന എല്ലാവരെയും പങ്കെടുപ്പിക്കുമെന്ന് ആവര്‍ത്തിക്കുന്നുണ്ടെങ്കിലും ലക്ഷ്യവും മാര്‍ഗവും വ്യക്തമാണ്. 

സെമിനാറില്‍ എല്ലാവരെയും ക്ഷണിക്കും. അതില്‍ ലീഗിനുള്ള ക്ഷണം അല്‍പം പ്രതീക്ഷയോടെയുള്ള ക്ഷണമാണ്. 

പക്ഷേ സമാനനിലപാടുള്ള എല്ലാവരോടുമുള്ള നിലപാടല്ല കോണ്‍ഗ്രസിനോടെന്ന് പാര്‍ട്ടി സെക്രട്ടറിയും നേതാക്കളും വ്യക്തമാക്കുന്നുണ്ട്. 

അപ്പോള്‍ ഏകവ്യക്തിനിയമം ഒരിക്കലും വേണ്ടെന്നു തന്നെയാണോ സി.പി.എമ്മിന്റെ നിലപാട്? എന്നും അതേ നിലപാട് തന്നെയായിരുന്നോ? ഇ.എം.എസിന്റെ നിലപാട് എങ്ങനെയാണ് ഇന്ന് വായിക്കേണ്ടതെന്ന് പാര്‍ട്ടി സെക്രട്ടറി പറ‍ഞ്ഞു തന്നിട്ടുണ്ട്. വ്യക്തിനിയമം പരിഹരിക്കേണ്ട അസമത്വം മതപരിസരങ്ങളില്‍ നേരത്തെ പാര്‍ട്ടി കണ്ടെത്തിയിട്ടുണ്ടെങ്കിലും എന്തായാലും ഇപ്പോള്‍ പരിഹാരം വേണ്ട. നടപ്പാക്കുന്നതാരെന്നു നോക്കിയേ നിലപാടെടുക്കാനാകൂ എന്ന സി.പി.എം നിലപാടിനെ നിലവിലെ ദേശീയ രാഷ്ട്രീയസാഹചര്യത്തില്‍ കോണ്‍ഗ്രസിനു പോലും ചോദ്യം ചെയ്യാനുമാകില്ല. 

സി.പി.എം എന്നും വ്യക്തിനിയമത്തിനെതിരായിരുന്നോ? അല്ല. ഷാബാനു കേസ് വിധിയുടെ പശ്ചാത്തലത്തില്‍ വോട്ട് ബാങ്ക് രാഷ്ട്രീയമാണ് കോണ്‍ഗ്രസ് സ്വീകരിച്ചതെന്ന് രാജീവ്ഗാന്ധിക്കെതിരെ ശക്തമായ വിമര്‍ശനമുയര്‍ത്തിയ പാര്‍ട്ടിയാണ് സി.പി.എം. ഷാബാനു കേസിലെ സുപ്രീംകോടതി വിധിക്കൊപ്പമായിരുന്നു സി.പി.എം. വിവാഹമോചിതയ്ക്ക് മുന്‍ഭര്‍ത്താവ് ജീവനാംശം നല്‍കണമെന്ന കോടതി വിധിയാണ് പുരോഗമനപരം എന്നും ചൂണ്ടിക്കാട്ടിയിരുന്നു. വിവിധ പുസ്തകങ്ങളിലും ചര്‍ച്ചകളിലുമായി ഇ.എം.എസ് അന്ന് വ്യക്തമായി നിലപാട് പറഞ്ഞിട്ടുമുണ്ട്. 

ഏക വ്യക്തി നിയമത്തിനായി നടക്കുന്ന സമരങ്ങള്‍ പ്രോത്സാഹിപ്പിക്കപ്പെടണം എന്ന് തിരഞ്ഞെടുത്ത ചോദ്യോത്തരങ്ങള്‍ എന്ന പുസ്തകത്തില്‍ ഇ.എം.എസ് പറയുന്നു. ശരിഅത്തല്ല, ആധുനികജനാധിപത്യമൂല്യങ്ങളാണ് പരിഗണിക്കേണ്ടതെന്നും ഇ.എം.എസ്. ആവര്‍ത്തിച്ചു പറഞ്ഞിട്ടുണ്ട്. സ്ത്രീ–പുരുഷ സമത്വം പ്രയോഗത്തില്‍ വരുത്തുന്നതിന് ആവശ്യമായ ഭേദഗതികള്‍ എല്ലാ വ്യക്തി നിയമങ്ങളിലും വരുത്തലാണ് അടിയന്തര കടമ എന്ന ജനാധിപത്യ മഹിളാ അസോസിയേഷന്‍ നിഗമനവും  സ്ത്രീകളെ പറ്റി എന്ന പുസ്തകത്തില്‍ ഇ.എം.എസ്. പിന്തുണയ്ക്കുന്നു.  1985 മേയില്‍ ഡല്‍ഹി കേരളഹൗസില്‍ നടന്ന സെമിനാറിലും ഏക വ്യക്തിനിയമത്തിനായി ജനങ്ങളെ അണിനിരത്താന്‍ പൊതുജനാഭിപ്രായ സ്രഷ്ടാക്കളായ എഴുത്തുകാരും പത്രപ്രവര്‍ത്തകരും അഭിഭാഷകരുമൊക്കെ തയ്യാറാവണമെന്നാണ് ഇ.എം.എസ്. ആവശ്യപ്പെട്ടത്. പഴഞ്ചന്‍ വ്യക്തിനിയമങ്ങളിലൂടെ ജനങ്ങളെ അടിമകളാക്കി വച്ചിരിക്കുന്നുവെന്നും നിരന്തരസമരങ്ങളിലൂടെ  ഏക വ്യക്തി നിയമത്തിന് രാജ്യത്ത് അന്തരീക്ഷം സൃഷ്ടിക്കണമെന്നുമാണ് ഇ.എം.എസ് അന്നു പറഞ്ഞത്. ഒരു കാര്യത്തില്‍ ഇ.എം.എസിനും സി.പി.എമ്മിനും മുന്‍പും വ്യക്തതയുണ്ടായിരുന്നു. ഏകപക്ഷീയമായി ഭരണകൂടം സിവില്‍കോഡ് അടിച്ചേല്‍പിക്കരുത്.  ഇ.എം.എസിന്റെ വാക്കുകള്‍ ഇന്ന് എങ്ങനെയാണ് കേള്‍ക്കേണ്ടതെന്ന് നിലവിലെ പാര്‍ട്ടി സെക്രട്ടറിക്കൊരു നിലപാടുണ്ട്. 

ഏകവ്യക്തിനിയമത്തിലെ അടിസ്ഥാനനിലപാടെന്തെന്നു ചോദിച്ചാല്‍ സി.പി.എമ്മും പാടുപെടും. ഇപ്പോള്‍ കോണ്‍ഗ്രസ് പാടു പെടുന്നതു പോലെ തന്നെ. നിയമം അടിച്ചേല്‍പിക്കരുത് എന്ന വാദത്തിലൂന്നി മുന്നോട്ടു പോകാം. അതു മാത്രമാണ് മോദി സര്‍ക്കാരിന്റെ ലക്ഷ്യമെന്നതിനാല്‍ അതിലൂടെയുണ്ടാകുന്ന ധ്രുവീകരണമാണ് ഉന്നം എന്നതിനാല്‍ രാഷ്ട്രീയപ്രതിരോധമുണ്ടാകുക തന്നെ വേണം. പക്ഷേ അത് ധ്രുവീകരണമായാല്‍ ആര്‍ക്കാണ് പ്രയോജനം? ധ്രുവീകരണമാകാതെ എങ്ങനെ പ്രതിഷേധവും പ്രതിരോധവും മുന്നോട്ടു പോകും എന്നത് വലിയ ചോദ്യമാണ്. 

കോണ്‍ഗ്രസിന്റെ നേതാക്കളില്‍ ചിലര്‍ ദേശീയ തലത്തില്‍ തന്നെ വ്യക്തിനിയമം വേണമെന്ന് തുറന്നു പറഞ്ഞു കഴി‍ഞ്ഞു. പല നേതാക്കള്‍ പലയിടത്ത് പല നിലപാട് പറയുന്നതിനു മുന്‍പ് ദേശീയരാഷ്ട്രീയസാഹചര്യത്തില്‍ കൃത്യമായ ഒരു പൊതുനിലപാട് സ്വീകരിക്കാനോ സ്ഥാപിക്കാനോ കോണ്‍ഗ്രസിനു കഴിയുന്നില്ല. ആദ്യം ചര്‍ച്ചകള്‍ നടക്കട്ടെ, തുറന്ന അഭിപ്രായപ്രകടനങ്ങള്‍ വരട്ടെ,കരട് നിയമത്തിന്റെ വ്യവസ്ഥകള്‍ അറിയട്ടെ എന്നൊക്കെ മാറിമാറി പറയേണ്ടി വരുന്ന അവസ്ഥ. 2018ലെ നിയമകമ്മിഷന്‍ റിപ്പോര്‍ട്ട് പോലും നിലവിലെ സാഹചര്യത്തില്‍ രാജ്യത്തിന് അഭിലഷണീയമോ അനിവാര്യമോ അല്ല സിവില്‍കോഡ് എന്നെഴുതിവച്ചിരിക്കുന്നതാണ് ഞങ്ങളുടെയും നിലപാട് എന്നു പറയുന്നതല്ലാതെ മോദി സര്‍ക്കാരിന്റെ നീക്കത്തിന് എന്താണ് പ്രതിരോധമെന്ന് പറയാന്‍ കോണ്‍ഗ്രസിനു കഴിയുന്നില്ല. ഏകവ്യക്തിനിയമം അടിച്ചേല്‍പിക്കാന്‍ ഒരിക്കലും ശ്രമിക്കില്ലെന്നാണ് നെഹ്റു മുതല്‍ കോണ്‍ഗ്രസ് നേതൃത്വം സ്വീകരിച്ചു പോരുന്ന നിലപാട്. പക്ഷേ ഇപ്പോള്‍ അത് ഫലപ്രദമായി പറഞ്ഞു വയ്ക്കാന്‍ കോണ്‍ഗ്രസ് പാടു പെടുന്നു. കേരളത്തില്‍ സി.പി.എം രാഷ്ട്രീയമുതലെടുപ്പിന് ശ്രമിക്കുന്നുവെന്നു വിമര്‍ശിക്കാം. പക്ഷേ കോണ്‍ഗ്രസ് നേരിടുന്ന പ്രതിസന്ധി കോണ്‍ഗ്രസ് തന്നെ കൈകാര്യം ചെയ്യേണ്ടി വരും.  ദേശീയ രാഷ്ട്രീയം മുന്‍നിര്‍ത്തി പ്രതിരോധത്തിന് ഏതു മാര്‍ഗമെന്നും കണ്ടെത്തണം. ഒപ്പം മുസ്‍ലിം ലീഗടക്കം അകന്നു പോകാതെ കേരളത്തിലെ സാഹചര്യവും കൈകാര്യം ചെയ്യണം. 

സി.പി.എമ്മും സ്വന്തം കാര്യം നോക്കുന്നു. മുസ്‍ലിം ലീഗും സ്വന്തം കാര്യം നോക്കും. സ്വന്തം കാര്യമെങ്കിലും നോക്കുന്ന മുന്നൊരുക്കം നടത്താന്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്കു തന്നെയാണ് ബാധ്യത. 

ചുരുക്കം ഇതു തന്നെയാണ്. ബി.ജെ.പി. അപ്രതീക്ഷിതമായി ഒന്നും ചെയ്യുന്നില്ല. വളരെ മുന്‍പേ പറഞ്ഞു വച്ച അജന്‍ഡകള്‍ ഓരോന്നായി നടപ്പാക്കുന്നു. ഓരോ തിരഞ്ഞെടുപ്പിലും ഓരോ അജന്‍ഡകള്‍ വളരെ മുന്‍പേ സെറ്റ് ചെയ്യുന്നു. സങ്കീര്‍ണമായ സാമൂഹ്യസാഹചര്യത്തില്‍ അതിനെ എങ്ങനെ പ്രതിരോധിക്കണമെന്ന് വ്യക്തത വേണ്ടത് പ്രതിപക്ഷത്തിനാണ്. ഏകവ്യക്തിനിയമചര്‍ച്ചകള്‍ ഇപ്പോള്‍ ഉയര്‍ത്തിക്കൊണ്ടുവരുന്നതെന്തിനെന്ന് രാഷ്ട്രീയബോധമുള്ള എല്ലാവര്‍ക്കുമറിയാം. സ്വതന്ത്രവും സുതാര്യവുമായ ചര്‍ച്ചകള്‍ നടക്കേണ്ട അതിവിശാലമായ ഒരു രാഷ്ട്രീയപ്രശ്നമാണ് ഏകവ്യക്തിനിയമം. നിര്‍ഭാഗ്യവശാല്‍ നമ്മുടെ രാജ്യത്ത് ഇന്ന് അതിനുള്ള സാഹചര്യമില്ല. നീതിയും സമത്വവും അടിച്ചേല്‍പിച്ചു കൊണ്ടല്ല നടപ്പാക്കേണ്ടത്.  അധികാരത്തിനപ്പുറം ഒന്നും ഒരു പ്രശ്നമല്ലാത്ത കുല്‍സിതരാഷ്ട്രീയം നേരിടാന്‍ എളുപ്പവഴികളൊന്നും രാജ്യത്തിനു മുന്നിലില്ല. 

MORE IN PARAYATHE VAYYA
SHOW MORE