ഏറാന്‍മൂളികളെ സൃഷ്ടിക്കുന്ന ഭരണകൂടം; ‘പരസ്യ’മായ അധികാരവിധേയത്വം

PARAYATHE-VAYYAq
SHARE

സര്‍ക്കാരിന്റെ പണമുപയോഗിച്ച് പ്രസിദ്ധീകരിക്കുന്ന പുസ്തകങ്ങളില്‍  പിണറായി സര്‍ക്കാരിന്റെ പരസ്യം അച്ചടിച്ചാല്‍ ആര്‍ക്കാണ് പ്രശ്നം?സര്‍ക്കാരിന്റെ പണം, സര്‍ക്കാരിന്റെ പരസ്യം , സര്‍ക്കാരിന്റെ തീരുമാനം. ആര്‍ക്കാണിവിടെ പ്രശ്നം? ഇത്രയും അല്‍പത്തരമൊക്കെ വേണോ എന്നൊരു ചമ്മല്‍ ഇതു കണ്ട എല്ലാവര്‍ക്കുമുണ്ടായി. പക്ഷേ അതില്‍ തീരുന്നതാണോ ഈ പരസ്യപ്പെടുത്തലിന്റെ പ്രത്യാഘാതം?

സാഹിത്യ അക്കാദമി പ്രസിദ്ധീകരിച്ച മുപ്പത് പുസ്തകങ്ങളുടെ പുറംചട്ടയിലാണ് സര്‍ക്കാരിന്റെ പരസ്യം പതിച്ചത്. കൈകൾ കോർത്ത് കരുത്തോടെ രണ്ടാം പിണറായി സർക്കാർ എന്ന വാചകമാണ് പുറംചട്ടയിൽ അച്ചടിച്ചത്. സാഹിത്യ അക്കാദമി പ്രസിദ്ധീകരിച്ച മുപ്പത് പുസ്തകങ്ങളിലും പുറംചട്ടയിൽ ഈ പരസ്യമുണ്ട്. കവിത സമാഹരം ഉൾപ്പെടെയുള്ള പുസ്തകങ്ങളുടെ പുറംചട്ടയിൽ ഇത് പതിച്ചു. മോശമായിപ്പോയി എന്നു സാഹിത്യലോകത്തു നിന്നു തന്നെ ചിലര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ അതിലെന്താണ് പ്രശ്നമെന്ന് സാഹിത്യഅക്കാദമി സെക്രട്ടറി. പുസ്തകം ഇറക്കിയത് പ്രത്യേക പരിപാടിയുടെ ഭാഗമാണെന്ന് ഓർമിപ്പിക്കാനാണ് ഇതു ചെയ്തതെന്നും അബദ്ധം പറ്റിയതല്ലെന്നും അദ്ദേഹം വിശദീകരിച്ചപ്പോഴാണ് സത്യത്തില്‍ പ്രശ്നം ഗുരുതരമായത്. സാഹിത്യ അക്കാദമി ചെയര്‍മാന്‍ സച്ചിദാനന്ദന്‍ വരെ വിയോജിക്കുകകയും ഖേദം പ്രകടിപ്പിക്കുകയും ചെയ്ത വിഷയത്തിലാണ് ഇതിലെന്തു പ്രശ്നം എന്ന് അക്കാദമി സെക്രട്ടറി ചോദ്യം ഉന്നയിച്ചത്.  

നിസാരമായ പ്രശ്നമല്ലേ എന്ന് അക്കാദമി നേതൃത്വം ആവര്‍ത്തിച്ചു ചോദിക്കുന്നതിനിടെ ചുരുക്കം ചില പ്രമുഖ എഴുത്തുകാരെങ്കിലും നീക്കത്തെ ശക്തമായി ചോദ്യം ചെയ്തു. സർക്കാരിന്റെ പരസ്യം ചുമക്കേണ്ട ബാധ്യത ഒരു എഴുത്തുകാരനും ഇല്ലെന്ന് പ്രശസ്ത കഥാകാരൻ പി.എഫ്.മാത്യൂസ് എഫ് ബിയിൽ എഴുതി. പുറംചട്ട പിൻവലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അൻവറലി , ശാരദക്കുട്ടി , എൻ.ഇ.സുധീർ തുടങ്ങിയവരും അക്കാദമിയെ വിമർശിച്ച് രംഗത്തു വന്നു. അക്കാദമി അധ്യക്ഷന്‍ തന്നെയാണ് ഏറ്റവും വ്യക്തമായ വിയോജിപ്പ് സമൂഹമാധ്യമത്തില്‍ കുറിച്ചത്. സർക്കാരുകൾ വീഴും. പുസ്തകങ്ങൾ നിലനിൽക്കും. അതു കൊണ്ട് ഇക്കാര്യത്തിൽ അക്കാദമി ശ്രദ്ധ പുലർത്തണം. പുറംചട്ടയിൽ പരസ്യം വേണ്ടായിരുന്നു. രണ്ടാം പേജിൽ സുചിപ്പിച്ചാൽ മതിയായിരുന്നു. അടുത്ത കോപ്പികളിൽ ഇത് മാറ്റുമെന്നും സച്ചിദാനന്ദൻ അറിയിച്ചു.  

ആര് ന്യായീകരിച്ചാലും തിരുത്തിയാലും അക്കാദമി നേതൃത്വത്തില്‍ ഈ മാനസികാവസ്ഥ എങ്ങനെ വന്നു ചേരുന്നുവെന്നതാണ് പ്രശ്നം. ആ മാനസികാവസ്ഥയുടെ രാഷ്ട്രീയം വ്യാപിക്കുന്നതാണ് പ്രശ്നം. ആ മാനസികാവസ്ഥ ന്യായീകരിക്കപ്പെടുന്നതും പ്രശ്നമാണ്. ഈ പ്രശ്നങ്ങളൊന്നും തിരിച്ചറിയാന്‍ പോലും കഴിയാത്ത വിധേയത്വം ബാധിച്ചവര്‍ സാഹിത്യസാംസ്കാരികമേഖലകളെ നയിക്കുന്നുവെന്നത് സമൂഹത്തെയാകെ ആശങ്കപ്പെടുത്തേണ്ട പ്രശ്നം തന്നെയാണ്.  

പുസ്തകങ്ങളില്‍ സര്‍ക്കാരിന്റെ പ്രചാരണം എഴുതിച്ചേര്‍ക്കുന്നതെന്തിനാണ്? പുസ്തകങ്ങള്‍ കാലാതീതമായി നിലനില്‍ക്കുമെന്ന ബോധ്യം ഇല്ലാതെയാകാന്‍ വഴിയില്ല. പുസ്തകങ്ങളില്‍ കയറിക്കൂടി കാലാതീതമായ ചരിത്രത്തിന്റെ ഭാഗമാകാനുള്ള വെമ്പലെന്നൊക്കെ ചിന്തിക്കുന്നത് അതിവായനയുമായേക്കാം. എവിടെയും എല്ലായിടത്തും സാധ്യമായ ഇടങ്ങളിലെല്ലാം ഭക്തി പ്രകടനം നടത്തുകയാണെന്നത് വ്യക്തമാണ്. സര്‍ക്കാരിന്റെ സഹായം സ്വീകരിച്ചു പ്രസിദ്ധീകരിച്ച എന്ന ഓര്‍മപ്പെടുത്തല്‍ സാംസ്കാരിക അശ്ലീലമാണ്. സര്‍ക്കാരിന്റെ ഏതു പിന്തുണയും പൗരസമൂഹത്തിന്റെ അവകാശമാണ്. സാംസ്കാരികമേഖലയെ ശക്തിപ്പെടുത്താനുള്ള പിന്തുണയും പരിപാടികളും സര്‍ക്കാരിന്റെ കടമയും. അതിനു പകരമായി പ്രതിഭയുടെ കൈയൊപ്പ് പതിയുന്ന പുസ്തകങ്ങളില്‍ ഒരു ഇടം സര്‍ക്കാര്‍ സ്വന്തമായി അവകാശപ്പെട്ടാലോ. സര്‍ക്കാരിനോട് നന്ദിയും കടപ്പാടും പ്രകടിപ്പിക്കാനുള്ള ബാധ്യത എഴുത്തുകാര്‍ക്കുണ്ടെന്ന് നിര്‍ബന്ധപൂര്‍വം ഓര്‍മപ്പെടുത്തിയാലോ. അവിടെയാണ് സമഗ്രാധിപത്യ സംസ്കാരം പ്രകടമാകുന്നത്. പിണറായി സര്‍ക്കാരെന്നു വിശേഷിപ്പിക്കാം. പക്ഷേ സര്‍ക്കാര്‍ സംസ്ഥാനത്തിന്റേതാണ്. സര്‍ക്കാര്‍ ചെലവഴിക്കുന്ന പണം കേരളത്തിന്റേതാണ്. പിണറായി സര്‍ക്കാരിന്റേതല്ല. പിണറായി സര്‍ക്കാരിനോടു നന്ദിയും കടപ്പാടും പ്രകടിപ്പിക്കേണ്ട ഒരു ബാധ്യതയും  സാഹിത്യപ്രവര്‍ത്തകര്‍ക്കുമുണ്ടാകാന്‍ പാടില്ല. സര്‍ക്കാരിന്റെ പ്രചരണം നിങ്ങളുടെ ബാധ്യതയാണ് എന്ന് എഴുത്തുകാരെ ഒരു ലോഗോ കൊണ്ടു പോലും ഓര്‍മിപ്പിക്കാനുള്ള മര്യാദകേട് സാഹിത്യഅക്കാദമിയുടെ ഭാഗത്തു നിന്നുണ്ടാകാനേ പാടില്ലാത്തതാണ്. കടന്നുകയറ്റവുമാണത്. ഫാസിസമെന്നു വിളിക്കുന്നുവെന്നൊക്കെ പരിഹസിക്കുന്ന സര്‍ക്കാര്‍ ആരാധകരെ കണ്ടു. നിര്‍വചനത്തില്‍ തര്‍ക്കിച്ചാലും പ്രവര്‍ത്തനത്തില്‍ തര്‍ക്കിക്കാനാകാത്ത കടന്നുകയറ്റങ്ങള്‍ കൂടി വരുന്നുവെന്ന് ചുറ്റുമൊന്നു നോക്കിയാല്‍ മതിയാകും. സാഹിത്യഅക്കാദമി കാണിച്ച ഒരു മര്യാദകേടിന് സര്‍ക്കാരിന് എന്തു ചെയ്യാനാകും. സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടല്ലല്ലോ എന്നു പ്രയാസപ്പെടുന്നവരെയും കണ്ടു. നിയന്ത്രിക്കേണ്ടതൊന്നും നിയന്ത്രിക്കപ്പെടുന്നില്ലെന്നത് ഭക്തജനപരിപാലനസംഘത്തിന് ആവശ്യത്തിലധികം പ്രോല്‍സാഹനമാണ്. 

എന്തുമായാലെന്താണ് എന്ന ചിന്ത തന്നെയാണ് സമഗ്രാധിപത്യത്തിന്റെ അപായമണി. സാഹിത്യഅക്കാദമിയില്‍ രാഷ്ട്രീയനിയമനങ്ങളായിരിക്കാം. പക്ഷേ അക്കാദമി രാഷ്ട്രീയപ്രചാരണത്തിനുള്ള ഇടമാണെന്ന് അങ്ങനെ നിയമിക്കപ്പെട്ടവര്‍ തെറ്റിദ്ധരിക്കുന്നത് അപഹാസ്യമാണ്. സര്‍ക്കാരിന്റെ പ്രചാരണം സര്‍ക്കാര്‍ നടത്തണം. എന്തുമാകാമെന്ന് സര്‍ക്കാരിനു നേതൃത്വം നല്‍കുന്നവര്‍ക്കും തോന്നിത്തുടങ്ങിയെങ്കില്‍ അതിനുള്ള മറുപടി കേരളം തന്നെ കണ്ടെത്തേണ്ടി വരും. കേരളത്തിന്റെ സാംസ്കാരികലോകത്തെ നിശബ്ദവും വിധേയപൂര്‍ണവുമാക്കാന്‍ നടന്നുകൊണ്ടിരിക്കുന്ന പല ശ്രമങ്ങള്‍ നമ്മള്‍ കണ്ടതാണ്. പക്ഷേ അതിന് കേരളത്തിന്റെ അക്ഷരമുഖമായ സ്ഥാപനത്തെ ദുരുപയോഗിക്കുന്നത് തുടക്കത്തിലേ തടയിടേണ്ട പൂജാക്രിയയാണ്.   

സാംസ്കാരിക പ്രസിദ്ധീകരണങ്ങളില്‍ ഇടപെടുന്നത് സര്‍ക്കാര്‍ നയമല്ലെന്നാണ് മന്ത്രി സജി ചെറിയാന്റെ പ്രഖ്യാപനം. രണ്ടാം വാര്‍ഷിക പരസ്യം ഉള്‍പ്പെടുത്തിയതിനെക്കുറിച്ച് വിശദീകരണം തേടിയിട്ടുണ്ടെന്നും. സര്‍ക്കാര്‍ നയമായൊന്നും പ്രഖ്യാപിച്ചില്ലെങ്കിലും മനമറിഞ്ഞു പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രത്യേക പരിഗണന ലഭിക്കുന്നുണ്ടെങ്കില്‍ അതു തന്നെ മതിയായ സന്ദേശമാണ്. കേരളസാഹിത്യ അക്കാദമിയും രാഷ്ട്രീയതാല്‍പര്യങ്ങളില്‍ നിന്ന് മുക്തമൊന്നുമല്ല. ഭരണകക്ഷിയുടെ രാഷ്ട്രീയതാല്‍പര്യങ്ങള്‍ നേതൃത്വത്തിലും നിയമനങ്ങളിലുമെല്ലാം എന്നും പ്രകടമാണ്. പക്ഷേ സാഹിത്യത്തിലേക്കും രാഷ്ട്രീയവിധേയത്വം പ്രകടമാക്കാനുള്ള അവസരങ്ങള്‍ വിനിയോഗിക്കണമെന്നു തോന്നിത്തുടങ്ങുന്നത് സാമൂഹ്യാന്തരീക്ഷത്തെക്കുറിച്ചുള്ള സൂചന തന്നെയാണ്.  സ്വയംഭരണസ്ഥാപനം എന്ന സങ്കല്‍പം പ്രത്യക്ഷത്തിലെങ്കിലും നിലനിര്‍ത്താന്‍ അത്യധ്വാനം ചെയ്യുന്ന അക്കാദമിയിലേക്കാണ് വിധേയത്വപ്രഖ്യാപനത്തിന്റെ പ്രചാരണം അടിച്ചു പുറത്തിറക്കിയത്. സ്വതന്ത്രസ്ഥാപനങ്ങള്‍ അങ്ങനെ തന്നെ നിലനില്‍ക്കണമെന്ന് ഭരണകൂടത്തിന് നേതൃത്വം നല്‍കുന്നവര്‍ക്കും തോന്നലുണ്ടോ? 

പുസ്തകങ്ങളില്‍ സര്‍ക്കാര്‍ പരസ്യം ചേര്‍ത്ത നടപടിയില്‍ വിയോജിച്ചുകൊണ്ട് അക്കാദമി അധ്യക്ഷന്‍ കെ.സച്ചിദാനന്ദന്‍ ചില കാര്യങ്ങള്‍ സമൂഹമാധ്യമത്തില്‍ കുറിച്ചിരുന്നു.കേന്ദ്ര അക്കാദമിയുടെ നേതൃത്വത്തിലുണ്ടായിരുന്ന പത്തുവര്‍ഷം ഒരൊറ്റ മന്ത്രിയെയും ഒരു അക്കാദമി പരിപാടിയിലും പങ്കെടുപ്പിച്ചിരുന്നില്ല എന്ന്. സാഹിത്യലോകത്തിന്റെ സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ഉന്നതമായ ആ കാഴ്ചപ്പാട് തന്നെയാണ് കേരള അക്കാദമിയെക്കുറിച്ചും ഉണ്ടായിരുന്നത് എന്നും അദ്ദേഹം തുറന്നു സമ്മതിക്കുന്നു. സാംസ്കാരികലോകത്തു നിന്നു പോലും ഈ നീക്കത്തിനെതിരെ ഉയര്‍ന്ന ശബ്ദങ്ങള്‍ ഒറ്റപ്പെട്ടതായിരുന്നുവെന്നതിലുണ്ട് വിധേയത്വം ഈ ഭരണകൂടത്തിനും എത്രമാത്രം പ്രിയങ്കരമാണ് എന്ന കുറ്റസമ്മതം.  

ബൗദ്ധികശേഷി ഭരണാധികാരത്തിനു മുന്നില്‍ വിധേയത്വം പ്രകടിപ്പിക്കണം എന്ന പൗരോഹിത്യസ്വഭാവം സാഹിത്യലോകത്ത് വച്ചു പൊറുപ്പിച്ചുകൂട. അധികാരം ഇച്ഛിക്കുന്നതെന്ത് എന്ന് കാതോര്‍ത്തിരിക്കേണ്ട ഗതികേട് കേരളത്തിലെ എഴുത്തുകാര്‍ക്കുണ്ടാകരുത്. സ്വതന്ത്രചിന്തയും സ്വാതന്ത്ര്യബോധവും കേരളത്തിനും അന്യമായിപ്പോകരുത്. ഈ അധികാരവിധേയത്വം ആവര്‍ത്തിക്കപ്പെടാതിരിക്കാന്‍ സാംസ്കാരികകേരളത്തിന് ജാഗ്രതയുണ്ടാകണം. 

MORE IN PARAYATHE VAYYA
SHOW MORE