മണിപ്പൂരിലേക്ക് നോക്കാത്ത ഭരണകൂടം അജൻഡകൾ തിരയുന്ന തിരക്കിൽ..!

PARAYATHE-VAYYA
SHARE

ഒരു പ്രശ്നമുണ്ടാക്കാന്‍ എളുപ്പമാണ്. വളരെയെളുപ്പം. പരിഹരിക്കാന്‍ അതേ എളുപ്പത്തില്‍ പറ്റുമോ? ഉത്തരം ഏകവ്യക്തിനിയമവും മണിപ്പൂര്‍ കലാപവും തരും. ന്യൂനപക്ഷവിഭാഗങ്ങളെയാകെ അരക്ഷിതരാക്കാന്‍ ഏകവ്യക്തിനിയമം എന്ന ഒരൊറ്റ വാക്കു കൊണ്ട് സാധിക്കും. പക്ഷേ പരിഹരിക്കാനോ, മണിപ്പൂര്‍ രണ്ടു മാസമായി നിന്നു കത്തുകയാണ് എന്നോര്‍ക്കുക. രാജ്യത്തിന്റെ പ്രശ്നങ്ങള്‍ പരിഹരിക്കാനാണോ പുതിയ പ്രശ്നങ്ങള്‍ ഉണ്ടാക്കാനാണോ ഭരണകൂടത്തിന് താല്‍പര്യമെന്ന് ഇന്ത്യന്‍ ജനത നേരിട്ടു തന്നെ കാണുന്നു. നമ്മുടെ രാജ്യത്തിന് അടിയന്തരമായി ആവശ്യം മണിപ്പൂരില്‍ പരിഹാരമാണോ ഏകവ്യക്തിനിയമമാണോ ?  

ഹാവൂ, രക്ഷപ്പെട്ടു., നമ്മുടെ പ്രധാനമന്ത്രി രാജ്യത്തെക്കുറിച്ച് മിണ്ടുന്നുണ്ട്. മണിപ്പൂരില്‍ രണ്ടു മാസമായി കലാപം കത്തുന്നത് അദ്ദേഹം അറിഞ്ഞ മട്ടില്ല. നൂറിലേറെ മനുഷ്യര്‍ പരസ്പരമുള്ള സംഘര്‍ഷങ്ങളില്‍ മരിച്ചു വീണത് അറി​ഞ്ഞിട്ടില്ല.   കലാപം തുടങ്ങി രണ്ടു മാസമായിട്ടും മിണ്ടിയിട്ടില്ലാത്തതിനെക്കുറിച്ച് പ്രതിപക്ഷം ആവര്‍ത്തിച്ചു വിമര്‍ശിക്കുന്നതൊന്നും അറിഞ്ഞിട്ടില്ല. അദ്ദേഹം രാജ്യത്ത് എല്ലാ വ്യക്തികള്‍ക്കും ഒരേ നിയമം കൊണ്ടു വരുന്നതിനെക്കുറിച്ചുള്ള വ്യഥകളിലാണ്. 

ഒരു കുടുംബത്തില്‍ എങ്ങനെ രണ്ടു നിയമം നടപ്പാകും എന്നാണ് പ്രധാനമന്ത്രി ചോദിക്കുന്നത്. നമ്മുടെ ഇന്ത്യ ഒരു രാജ്യമാണ്. പല കുടുംബങ്ങള്‍ ചേര്‍ന്ന, പല സംസ്കാരങ്ങള്‍ ഇഴുകിച്ചേര്‍ന്ന ലോകത്തിനു തന്നെ അല്‍ഭുതമായി നില്‍ക്കുന്ന വൈവിധ്യങ്ങളുടെ രാജ്യം. പ്രധാനമന്ത്രി ചോദിച്ചതുപോലെ രണ്ടു നിയമങ്ങളല്ല, പതിനായിരക്കണക്കിന് വ്യക്തിനിയമങ്ങളുണ്ട് ഇവിടെ. ഓരോ മതത്തിലും തന്നെ ഭിന്നഭിന്നമായ വ്യക്തിനിയമങ്ങള്‍, ആചാരങ്ങള്‍, അനുഷ്ഠാനങ്ങള്‍, പിന്തുടര്‍ച്ചാവകാശ രീതികള്‍. ഒരു നിയമവും സമ്പൂര്‍ണനീതി ഉറപ്പു വരുത്തുന്നതല്ല. കുറവുകളുണ്ട്. തിരുത്തലുകള്‍ ആവശ്യമുള്ളതുണ്ട്, പരിഷ്കരിക്കേണ്ടതുണ്ട്, കാലോചിതമായ മാറ്റങ്ങള്‍ കൊണ്ടു വരേണ്ടതുമുണ്ട്. 

പക്ഷേ ആ നിയമങ്ങള്‍ കാരണമുണ്ടാകുന്ന അസമത്വവും അനീതിയും പരിഹരിക്കാനുള്ള വേവലാതിയാണോ പ്രധാനമന്ത്രിയുടെ ആഹ്വാനത്തിലുണ്ടായിരുന്നത്? വ്യത്യസ്തമായ വ്യക്തിനിയമങ്ങള്‍ കാരണം അനീതി നേരിടുന്ന മനുഷ്യരുടെ, സ്ത്രീകളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള ആത്മാര്‍ഥതയാണോ ആ ശബ്ദത്തില്‍ രാജ്യം കേട്ടത്? പ്രധാനമന്ത്രി ഉയര്‍ത്തിയ ചൂണ്ടക്കൊളുത്തില്‍ കൃത്യമായി കൊത്തിയവരുണ്ട് . ചൂണ്ടയെന്നു കൃത്യമായി തിരിച്ചറിഞ്ഞ് കൊത്താതിരുന്നവരുമുണ്ട്. എന്തായാലും  ബി.ജെ.പി. പ്രതീക്ഷിച്ചത്ര ശ്രദ്ധ തിരിക്കാന്‍ പെട്ടെന്നു സാധിച്ചല്ല.  കാരണം മണിപ്പൂര്‍ കത്തുകയാണെന്നു ബോധമുള്ള മനുഷ്യര്‍ അങ്ങോട്ടു തന്നെ തിരിഞ്ഞു.  രാഹുല്‍ഗാന്ധിയുടെ യാത്ര എങ്ങനെ തടുക്കാന്‍ ശ്രമിച്ചിട്ടും മണിപ്പൂരിലെ ജനങ്ങള്‍ സ്വീകരിച്ചു. മണിപ്പൂര്‍ കാണാത്ത പ്രധാനമന്ത്രിയും മണിപ്പൂരിനെ ആശ്വസിപ്പിക്കാനെത്തിയ രാഹുല്‍ഗാന്ധിയും രാജ്യത്തിനു മുന്നില്‍ നില്‍ക്കുന്നു . ഒരാള്‍ ഒരു പ്രശ്നം പരിഹരിക്കുന്നതിനെക്കുറിച്ച് സംസാരിക്കുന്നു. മറ്റൊരാള്‍ പുതിയൊരു പ്രശ്നത്തിന് തീ  കൊളുത്തുന്നതിനെക്കുറിച്ചു സംസാരിക്കുന്നു. 

രണ്ടുമാസമായി മണിപ്പൂര്‍ തീയിലാണ്. സംവരണരീതിയിലുണ്ടായ മാറ്റങ്ങള്‍ക്കെതിരെ തുടങ്ങിയ പ്രതിഷേധം ഇരു വിഭാഗങ്ങള്‍ തമ്മിലുള്ള കലാപമായി പരിണമിച്ചിരിക്കുന്നു. മെയ്തേയികളും കുക്കികളും പരസ്പരം കൊല്ലും കൊലയും തീവയ്പ്പും തുടരുന്നു. ഭൂരിപക്ഷമായ മെയ്തേയികള്‍ക്ക് ബി.ജെ.പി.നയിക്കുന്ന സംസ്ഥാനസര്‍ക്കാരിന്റെ പിന്തുണയുണ്ടെന്ന ആരോപണം ശക്തമായി ഉയരുന്നു. സംഘര്‍ഷം പലപ്പോഴും ന്യൂനപക്ഷങ്ങളുടെ വംശഹത്യയോളം ഭീതിദമായിരിക്കുന്നു. മണിപ്പൂരിന്റെ നിലവിളി കേന്ദ്രസര്‍ക്കാര്‍ കേള്‍ക്കുന്നതേയില്ല. അമ്പതു ദിവസം കഴിഞ്ഞാണ് ഒരു സര്‍വകക്ഷിയോഗം പോലും വിളിക്കപ്പെട്ടത്. പ്രതിപക്ഷപാര്‍ട്ടികളുടെ നിവേദകസംഘത്തെയും പരിഗണിച്ചില്ല. മണിപ്പൂര്‍ കത്തിപ്പിടിക്കുമ്പോഴാണ് രാഹുല്‍ഗാന്ധി സമാധാനദൗത്യത്തിനായി യാത്ര പ്രഖ്യാപിച്ചത്. മുന്‍കൂട്ടി പ്രഖ്യാപിച്ചെത്തിയ രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനം തടയാനാണ് ആദ്യം സംസ്ഥാനസര്‍ക്കാര്‍ ശ്രമിച്ചത്. അതും ദേശീയനേതാവിനെ റോഡില്‍ ബാരിക്കേഡ് വച്ച് തടഞ്ഞുകൊണ്ട്. സുരക്ഷാപ്രശ്നങ്ങളാണ് ചൂണ്ടിക്കാട്ടിയതെങ്കിലും രാഹുല്‍ ഗാന്ധി പിന്‍മാറാന്‍ തയാറായില്ല. ഒടുവില്‍ റോഡ് മാര്‍ഗം ഉപേക്ഷിച്ച് ഹെലികോപ്റ്ററിലാണ് യാത്ര തുടര്‍ന്നത്.  രാഹുല്‍ഗാന്ധിയുടെ സന്ദര്‍ശനത്തില്‍ എവിടെയും സംഘര്‍ഷമുണ്ടായില്ലെന്നു മാത്രമല്ല. ഇരുവിഭാഗങ്ങളും സ്വീകരിച്ചു. ഒരു രാഷ്ട്രീയനേതാവിന്റെ സാന്നിധ്യവും സമാശ്വാസവും എത്രമേല്‍ ആവശ്യമാണ് മണിപ്പൂര്‍ ജനതയ്ക്കെന്ന് രാഹുലിന്റെ സന്ദര്‍ശനത്തിന്റെ ദൃശ്യങ്ങള്‍ വിളിച്ചു പറഞ്ഞു.  രാഹുല്‍ഗാന്ധിക്ക് സംഘര്‍ഷമേഖലകളില്‍ ലഭിച്ച സ്വീകാര്യത ബി.െജ.പിയെയും സംസ്ഥാനസര്‍ക്കാരിനെയും ഞെട്ടിച്ചു. രണ്ടു മാസമായി കലാപം അടങ്ങാത്ത മണിപ്പൂരില്‍ ഈ ദിവസങ്ങളിലുണ്ടായ സംഘര്‍ഷങ്ങള്‍ക്ക് രാഹുല്‍ഗാന്ധിയാണ് ഉത്തരവാദിയെന്നു വരെ പറയുന്ന നിലയിലെത്തി. പക്ഷേ കലാപത്തില്‍ മുഖാമുഖം നില്‍ക്കുന്ന ഇരുവിഭാഗങ്ങളും രാഹുല്‍ ഗാന്ധിയെ ഒരുപോലെ സ്വീകരിച്ചു. 

വ്യാഴാഴ്ചയെത്തിയ രാഹുല്‍, പരസ്പരം സംഘര്‍ഷത്തിലുള്ള മെയ്തേയി, കുക്കി വിഭാഗങ്ങളുടെ മേഖലകളിലെത്തി. ജനങ്ങളോട ്ആശ്വാസവാക്കുകള്‍ പങ്കുവച്ച രാഹുല്‍ ഗാന്ധിയാകട്ടെ  സമാധാനം മാത്രമാണ് പരിഹാരമെന്ന് ആവര്‍ത്തിച്ചു. സമാധാനം തിരികെ കൊണ്ടു വരാന്‍ എന്തു സഹായം നല്‍കാനും തയാറാണെന്നും പ്രഖ്യാപിച്ചു.  മണിപ്പൂര്‍ ഗവര്‍ണറെയും പൗരപ്രമുഖരെയും കണ്ട് രാഹുല്‍ ഗാന്ധി ചര്‍ച്ചകള്‍ നടത്തി. ദുരിതാശ്വാസക്യാംപുകളിലെ അടിസ്ഥാനസൗകര്യങ്ങളുടെ അഭാവം ചൂണ്ടിക്കാണിച്ചു. സമാധാനത്തിനായി എന്തു ദൗത്യത്തിനും കോണ്‍ഗ്രസിന്റെ സഹകരണം വാഗ്ദാനം ചെയ്തു.  രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനം മണിപ്പൂര്‍ ജനതയ്ക്ക് ആശ്വാസവും പ്രതീക്ഷയുമായെന്ന് വ്യക്തമാണ്. പക്ഷേ പ്രതിപക്ഷത്തെ നേതാവിന് പ്രശ്നം പരിഹരിക്കാന്‍ കഴിയില്ല. അഥവാ പ്രശ്നം പരിഹരിക്കപ്പെടണമെന്ന് തീരുമാനിക്കേണ്ടവര്‍ ഇതുവരെ തീരുമാനിച്ചിട്ടില്ല. മണിപ്പൂരിനെക്കുറിച്ച് രാജ്യത്തുടനീളം ആശങ്കയും അരക്ഷിതാവസ്ഥയുമുണ്ട്. പക്ഷേ കേന്ദ്രസര്‍ക്കാരിന്റെ ഒന്നാം പരിഗണന മണിപ്പൂര്‍ പരിഹാരമല്ല. 

പൗരസമൂഹം മണിപ്പൂരിനെച്ചൊല്ലി ആകുലപ്പെട്ടിരിക്കുമ്പോഴും പ്രധാനമന്ത്രി പൊതുപരിപാടികളില്‍ പങ്കെടുത്തു. ഡല്‍ഹി മെട്രോയില്‍ യാത്ര ചെയ്ത് ഡല്‍ഹി സര്‍വകലാശാലയിലെത്തി പുതിയ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടു. തിരഞ്ഞെടുത്ത വിദ്യാര്‍ഥികളുമായി സംവദിച്ചു. നിര്‍ബന്ധിത ഹാജരും വിദ്യാര്‍ഥിനേതാക്കള്‍ക്ക് കരുതല്‍ തടങ്കലുമൊക്കെ ഏര്‍പ്പെടുത്തിയാണ് സംഘാടകര്‍ പരിപാടി വിജയിപ്പിച്ചെടുത്തത്. കറുത്ത വസ്ത്രം വിലക്കിയിരുന്നു. മണിപ്പൂര്‍ കലാപത്തില്‍ പ്രതിഷേധം നിലനില്‍ക്കുന്നതിനാല്‍ കനത്ത സുരക്ഷയിലായിരുന്നു പരിപാടികള്‍.  എവിടെയും മണിപ്പൂരിനെക്കുറിച്ച് പ്രധാനമന്ത്രി മിണ്ടിയിട്ടില്ല. പക്ഷേ ഏകവ്യക്തിനിയമത്തെക്കുറിച്ച് അദ്ദേഹം വാചാലനാണ്. നിയമസഭാതിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന മധ്യപ്രദേശില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തുകൊണ്ടാണ് പ്രധാനമന്ത്രി വീണ്ടും വ്യക്തിനിയമത്തെ പൊതുചര്‍ച്ചയിലേക്ക് കൊണ്ടു വന്നത്. പ്രയോജനങ്ങള്‍ പലതാണ്. പ്രതിപക്ഷം പട്നയില്‍ പ്രഖ്യാപിച്ച അസാധാരണമായ ഐക്യത്തെ തുടക്കത്തിലേ ഭിന്നിപ്പിക്കാന്‍ ശ്രമിക്കാം.

പ്രതിപക്ഷഐക്യത്തെ ഭോപാല്‍ റാലിയിലും പ്രധാനമന്ത്രി പരിഹസിച്ചിരുന്നു. പക്ഷേ പ്രതിപക്ഷഐക്യത്തിനുള്ള ആദ്യത്തെ മറുപടിയാണ് ഏകവ്യക്തിനിയമം. ഗുസ്തി താരങ്ങളുടെ സമരത്തിലും കര്‍ണാടക പരാജയത്തിലും നഷ്ടപ്പെട്ട പ്രതിഛായ തിരിച്ചുപിടിക്കാനായില്ലെങ്കിലും നിലവിലെ പ്രതിസന്ധികളില്‍ നിന്ന് ശ്രദ്ധ തിരിക്കാം.ഇതൊന്നുമില്ലെങ്കിലും ബി.ജെ.പിയുടെ പ്രഖ്യാപിത അജന്‍ഡയാണ് ഒരൊറ്റ രാജ്യം, ഒരൊറ്റ നിയമം. ഒളിച്ചു വച്ചൊന്നുമല്ല, പ്രകടനപത്രികയില്‍ തന്നെ പ്രഖ്യാപിച്ചിട്ടുള്ളതുമാണ് ഏകവ്യക്തിനിയമം. ഭരണഘടനാനിര്‍മാണവേളയില്‍ തന്നെ ഏകവ്യക്തിനിയമം വിഭാവനം ചെയ്യപ്പെട്ടതല്ലേയെന്നു ബി.െജ.പി ചോദിക്കും. അന്ന് ഏകാഭിപ്രായത്തിലെത്താനാകാത്ത സാഹചര്യത്തില്‍ ഭരണഘടനയുടെ മാര്‍ഗനിര്‍ദേശകതത്വങ്ങളില്‍ ഉള്‍പ്പെടുത്തിയതു വെറുതെയാണോ എന്നെങ്കിലും നടപ്പാക്കാന്‍ തന്നെയല്ലേ എന്നും ചോദ്യങ്ങളുയരും. ശരിയാണ്  രാജ്യത്ത് ഒരു പൊതുവ്യക്തിനിയമം വേണമെന്ന് രാഷ്ട്രനിര്‍മാതാക്കാള്‍ക്ക് കാഴ്ചപ്പാടുണ്ടായിരുന്നു.പക്ഷേ അത് ഏതെങ്കിലും മതവിഭാഗങ്ങളെ അരക്ഷിതാവസ്ഥയിലാക്കാനോ ഉന്നം വയ്ക്കാനോ ആയിരുന്നില്ല.  മറിച്ച് മതനിയമങ്ങളിലെ പഴുതുകള്‍ ഉപയോഗിച്ചു നടപ്പാക്കുന്ന അസമത്വവും അനീതിയും ഇല്ലാതാക്കാനായിരുന്നു. പക്ഷേ ഇന്ന് വ്യക്തിനിയമത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍ ഭരണാധികാരികള്‍ ആദ്യം ചൂണ്ടിക്കാണിക്കുന്നതെവിടേയ്ക്കെന്നു കാണുക.

മുസ്‍ലിം വിഭാഗങ്ങള്‍ മാത്രമാണോ ഏകവ്യക്തിനിയമത്തെ എതിര്‍ക്കുന്നത്? ഒറ്റ നിയമം പ്രായോഗികമല്ലെന്ന് പ്രതിഷേധിക്കുന്ന പല വിഭാഗങ്ങള്‍ക്കിടയില്‍ ഒന്നു മാത്രമാണ് മുസ്‍ലിങ്ങള്‍.  ഹിന്ദു, ക്രിസ്ത്യന്‍, ബുദ്ധ, പാഴ്സി വിഭാഗങ്ങള്‍ക്ക് പ്രത്യേകം വ്യക്തിനിയമങ്ങളുണ്ട് നമ്മുടെ രാജ്യത്ത്. ഹിന്ദു വിഭാഗത്തില്‍ അഞ്ചു വ്യക്തിനിയമങ്ങളുണ്ട്. അവിഭക്തകുടുംബത്തിന്റെ നിയമങ്ങള്‍ ഇതിലും വ്യത്യസ്തമാണ്. ഗോത്രവിഭാഗങ്ങള്‍ക്കാകട്ടെ ഈ നിയമങ്ങളൊന്നുമല്ല ബാധകമാകുന്നത്, പ്രത്യേകം ആചാരങ്ങളും രീതികളുമാണ്. അതുകൊണ്ടു തന്നെ ഏകനിയമത്തിനെതിരെ ഗോത്രവിഭാഗങ്ങളാണ് ഏറ്റവും കടുത്ത എതിര്‍പ്പുന്നയിക്കുന്നത്. മിസോറമിലെ നിയമസഭ പ്രമേയം പാസാക്കിയതാണ്.  ആത്മാര്‍ഥമായി അനീതിയ്ക്കെതിരെ പ്രതിരോധം തീര്‍ക്കേണ്ട വ്യക്തിനിയമത്തെയാണ് രാഷ്ട്രീയഉന്നം പ്രകടമാക്കി ബി.ജെ.പി.  തല്‍ക്കാലലാഭത്തിനായി ഉന്നയിക്കുന്നത്. ഉന്നം തന്നെയാണ് പ്രശ്നം. 

തുടര്‍ച്ചയായി രണ്ടു തവണ രാജ്യം ഭരിക്കാന്‍ അവസരം കിട്ടിയ ഭരണാധികാരിക്ക് അടുത്ത ഊഴം ഉറപ്പാക്കാന്‍ വീണ്ടും ജനങ്ങളെ അരക്ഷിതരാക്കേണ്ടി വരുന്നതെന്തുകൊണ്ടാണ്? പത്തുവര്‍ഷത്തെ നേട്ടങ്ങള്‍ പറഞ്ഞ് ജനങ്ങള്‍ക്കു മുന്നില്‍ നില്‍ക്കേണ്ട നേതാവ്, അവരുടെ മനസില്‍ മതാധിഷ്ഠിതമായ അരക്ഷിതാവസ്ഥ കുത്തിയിളക്കാന്‍ ശ്രമിക്കുന്നതെന്തുകൊണ്ടാണ്? ഭരണത്തില്‍ ആത്മവിശ്വാസം പോരാത്തതുകൊണ്ടാണോ, അതോ കഴിഞ്ഞ രണ്ടു തവണയും അധികാരത്തിലെത്തിച്ചത് ധ്രുവീകരണം തന്നെയാണെന്ന ആത്മവിശ്വാസമോ?

ഏകവ്യക്തിനിയമമില്ലാത്ത രാജ്യം തന്നെയാണ് രണ്ടു തവണയും പ്രധാനമന്ത്രി മോദിയെയും ബി.ജെ.പിയെയും തിരഞ്ഞെടുത്തത്. എന്നിട്ടും തിരഞ്ഞെടുപ്പടുക്കുമ്പോള്‍ ധ്രുവീകരണത്തിലേക്കു തന്നെയാണ് നോട്ടം പായുന്നത്. അഞ്ചു സംസ്ഥാനങ്ങളില്‍ നിയമസഭാതിരഞ്ഞെടുപ്പ് അടുക്കുന്നു. പത്തുമാസത്തിനുള്ളില്‍ ലോക്സഭാതിരഞ്ഞെടുപ്പും. സംഘപരിവാര്‍ രാഷ്ട്രീയം പ്രകടനപത്രികയില്‍ തന്നെ കുറിച്ചു വച്ച മറ്റു ലക്ഷ്യങ്ങളൊക്കെ നടപ്പായിക്കഴിഞ്ഞു. അയോധ്യയില്‍ രാമക്ഷേത്രമായി, കശ്മീരിന്റെ പ്രത്യേക പദവി ഇല്ലാതായി. ഇനി അടുത്ത ലോക്സഭാതിരഞ്ഞെടുപ്പിന് രാജ്യത്താകെ ചര്‍ച്ചയാക്കാന്‍ കഴിയുന്ന ഒരു ചര്‍ച്ചാവിഷയം വേണം. തൊഴിലില്ലായ്മ, കാര്‍ഷികപ്രതിസന്ധി, വിലക്കയറ്റം തുടങ്ങിയ ദൈനം ദിനപ്രശ്നങ്ങളെല്ലാം മറന്ന് നമുക്കെല്ലാവര‍്ക്കും ഒരേ വ്യക്തിനിയമമായാല്‍ എല്ലാ പ്രശ്നങ്ങളും തീര്‍ന്നില്ലേ എന്ന ചര്‍ച്ച നടക്കണം.  പത്തുവര്‍ഷത്തെ ഭരണത്തിനു ശേഷം ദൈനംദിന ജീവിതത്തില്‍ പാടേ പുരോഗതി പ്രാപിച്ച ജനതയോട് സംസാരിക്കുന്ന രാഷ്ട്രീയമല്ല ബി.ജെ.പി. വീണ്ടും പുറത്തെടുക്കുന്നത്. ധ്രുവീകരണമാണ് എന്നും എന്നെന്നും ആശയും പ്രതീക്ഷയും എന്നാവര്‍ത്തിക്കുന്നതാണ് കാണുന്നത്. 

രാജ്യത്തിനൊരു പൊതുവ്യക്തിനിയമം വേണ്ടേ? വേണം. പക്ഷേ അത് മതവിശ്വാസങ്ങളെ ലക്ഷ്യം വയ്ക്കുന്ന രാഷ്ട്രീയനീക്കങ്ങളിലൂടെയാകരുത്. തുല്യനീതി എന്ന അടിസ്ഥാന ഭരണഘടനാതത്വം മാത്രം മുന്‍നിര്‍ത്തിയാകണം. സ്ത്രീകള്‍ക്ക് തുല്യാവകാശം ഉറപ്പുനല്‍കുന്നതാകണം. മുസ്‍ലിം സഹോദരിമാരെക്കുറിച്ചോര്‍ത്ത് സങ്കടപ്പെടുന്ന പ്രധാനമന്ത്രി, മറ്റു മതവിഭാഗങ്ങളിലെ സ്ത്രീകള്‍ നേരിടുന്ന വിവേചനത്തെക്കുറിച്ച് കണ്ണടയ്ക്കുന്നത് രാഷ്ട്രീയതാല്‍പര്യം മാത്രം മുന്‍നിര്‍ത്തിയാണ്. സമൂഹമെന്ന നിലയില്‍ മുന്നോട്ടു നയിക്കാനുള്ള ഏകവ്യക്തിനിയമമാണ് ഒരു സര്‍ക്കാരിന്റെ അജന്‍ഡയെങ്കില്‍ അതൊരിക്കലും ഒരു ഭീഷണിയുടെ സ്വരത്തിലല്ല ജനങ്ങള്‍ക്കു മുന്നില്‍ അവതരിപ്പിക്കപ്പെടേണ്ടത്. വെല്ലുവിളിയായോ മുന്നറിയിപ്പായോ അല്ല. അടിച്ചേല്‍പിക്കുന്നതെന്തും ജനാധിപത്യവിരുദ്ധമാണ്. മാത്രമല്ല, ഒരു സമുദായത്തിന്റെയും മതത്തിന്റെയും മാത്രം പ്രശ്നമായുമല്ല ഏകവ്യക്തിനിയമം രാജ്യത്തിനു മുന്നിലെത്തേണ്ടത്. ന്യൂനപക്ഷവിഭാഗങ്ങളെ അരക്ഷിതരാക്കാതെ അവരുടെ കൂടി വ്യക്തിപരമായ അവകാശങ്ങള്‍ ഉറപ്പിക്കുന്നതാണ് നമ്മുടെ ഭരണഘടന വിഭാവനം ചെയ്ത വ്യക്തിനിയമം. അല്ലാതെ ഏതെങ്കിലും മതവിശ്വാസത്തെ അപരവല്‍ക്കരിക്കുന്നതോ രണ്ടാം തരമെന്ന് ചിത്രീകരിക്കുന്നതോ ആയിരുന്നില്ല ഭരണഘടനാശില്‍പികളുടെ സങ്കല്‍പത്തിലെ ഏകവ്യക്തിനിയമം.  ഏകവ്യക്തിനിയമം എന്ന ആഹ്വാനത്തോട് ഡി.എം.കെ.യുടെ പ്രതികരണം ശ്രദ്ധേയമായിരുന്നു. ആദ്യം ഹിന്ദുമതത്തിലാണ് ഒരു ഏകവ്യക്തിനിയമം നടപ്പാക്കേണ്ടത്. ആയിരക്കണക്കിന് ജാതി–ഉപജാതികളും വ്യക്തി–വിശ്വാസനിയമങ്ങളുമുള്ള ഹിന്ദുമതത്തില്‍ ആദ്യം എല്ലാവര‍്ക്കും തുല്യനീതി ഉറപ്പാകട്ടെ. എല്ലാ ജാതിവിഭാഗങ്ങള്‍ക്കും ഒരേ നിയമം ബാധകമാകട്ടെ. അങ്ങനെ രാജ്യത്തെ ഭൂരിപക്ഷമതവിഭാഗത്തില്‍ തുല്യനീതി നടപ്പാകട്ടെ എന്നായിരുന്നു ഡി.എം.കെ.യുടെ പ്രതികരണം. .  

പ്രധാനന്ത്രി പറയുമ്പോള്‍ പക്ഷേ ഹൈന്ദവവിഭാഗങ്ങളിലെ വ്യക്തിനിയമങ്ങള്‍ ചിത്രത്തിലില്ല. ഏകവ്യക്തിനിയമത്തിനെതിരെ പ്രമേയം പാസാക്കിയ മിസോറം നിയമസഭയുടെ പ്രതിഷേധമില്ല. ശക്തമായി എതിര്‍ക്കുന്ന വടക്കുകിഴക്കന്‍ മേഖലകളിലെ ഗോത്രവിഭാഗങ്ങളില്ല. 2018ല്‍ ആദ്യ മോദിസര്‍ക്കാരിന്റെ കാലത്ത് നിയോഗിക്കപ്പെട്ട നിയമകമ്മിഷന്‍ ഇക്കാര്യങ്ങള്‍ വിശദമായി പ്രതിപാദിച്ചാണ് പിന്‍വാങ്ങിയത്. വിവിധ സമുദായങ്ങളിലെ വ്യക്തിനിയമങ്ങളിലെ അസമത്വം ചൂണ്ടിക്കാട്ടിയ കമ്മിഷന്‍ റിപ്പോര്‍ട്ട് ഏകവ്യക്തിനിയമം ഇപ്പോഴത്തെ സാഹചര്യത്തില്‍ അനിവാര്യമോ അഭിലഷണീയമോ അല്ല എന്നാണ് എന്നാണ് വിലയിരുത്തിയത്. 

ബി.ജെ.പിയുടെ ഉന്നം ധ്രുവീകരണമാണെന്ന് വ്യക്തമായി അറിയാമെങ്കിലും പ്രതിപക്ഷത്തിന് ഒറ്റക്കെട്ടായി ഈ നീക്കത്തെ ചെറുക്കാന്‍ കഴിയുമോ? കാത്തിരുന്നു തന്നെ കാണണം. കോണ്‍ഗ്രസ് ഒറ്റയടിക്ക് പ്രതികരിച്ചില്ല. സമയമെടുത്തും ചര്‍ച്ച ചെയ്തുമാണ് വിഷയത്തെ സമീപിച്ചത്. നിലപാടില്ലായ്മയെന്നു ചൂണ്ടിക്കാട്ടുന്ന കോണ്‍ഗ്രസ് എതിര്‍പക്ഷവും വിഷയത്തിന്റെ രാഷ്ട്രീയനേട്ടങ്ങള്‍ വേണ്ടെന്നുവയ്ക്കില്ല. ധ്രുവീകരണം ഏതു വഴി വന്നാലും ലാഭമുള്ള പാര്‍ട്ടികളും സംഘടനകളും വൈകാരികരാഷ്ട്രീയത്തില്‍ മുതലെടുക്കാനിറങ്ങുമെന്നുറപ്പ്. 

ആശയപരമായി യോജിക്കുന്നുവെന്നും ചര്‍ച്ച ചെയ്ത് നടപ്പാക്കണമെന്നും ആദ്യം പ്രഖ്യാപിച്ച പ്രതിപക്ഷ പാര്‍ട്ടി ആം ആദ്മി പാര്‍ട്ടിയാണ്. കോണ്‍ഗ്രസ് പ്രത്യേക യോഗം ചേര്‍ന്ന് വിഷയം ചര്‍ച്ച ചെയ്തു.  മുസ്‍ലിംലീഗും വിവിധ യോഗങ്ങള്‍ ചേര്‍ന്ന് പ്രഖ്യാപിത നിലപാട് ആവര്‍ത്തിച്ചു.  സി.പി.എം നിലപാടുയര്‍ത്തിപ്പിടിക്കുകയും ബി.ജെ.പി. അജന്‍ഡയെന്ന് ചൂണ്ടിക്കാണിക്കുകയും ചെയ്യുന്നു.  പ്രതിപക്ഷപാര്‍ട്ടികളുടെയും മനസിലിരിപ്പില്‍ ഏകവ്യക്തിനിയമ ചര്‍ച്ചകള്‍ ചൂടുപിടിച്ചാലുണ്ടാകാവുന്ന പ്രാദേശികരാഷ്ട്രീയനേട്ടങ്ങളുടെ സ്വപ്നങ്ങളുണ്ട്. കരുതലോടെ, വൈകാരിക ധ്രുവീകരണത്തിനിടം കൊടുക്കാതെ വിഷയത്തെ കൈകാര്യം ചെയ്യാനുള്ള പക്വത പ്രതിപക്ഷനിര പ്രകടിപ്പിക്കുമെന്നു വിശ്വസിക്കാനാകാത്ത മുതലെടുപ്പു ചരിത്രവും മുന്നിലുണ്ട്. 

ഏകവ്യക്തിനിയമത്തിനെതിരെ വൈകാരികമായ  പ്രതികരണങ്ങള്‍ ഉയര്‍ന്നു വരണമെന്നാണ് മോദി സര്‍ക്കാരും ബി.ജെ.പിയും ആഗ്രഹിക്കുന്നത്. വസ്തുനിഷ്ഠമായ, ഗൗരവതരമായ പ്രതിരോധത്തിലേക്ക് അത് വഴിമാറാതിരിക്കണം. മുസ്‍ലിംസംഘടനകളും നേതാക്കളും മാത്രം പ്രതികരിക്കുന്ന രാഷ്ട്രീയസാഹചര്യത്തില്‍ വൈകാരികമെന്നു വരുത്തിത്തീര്‍ക്കുന്നത് എളുപ്പമാണ്. ന്യൂനപക്ഷ വിരുദ്ധത ഭൂരിപക്ഷത്തിന്റെ മനസില്‍ കുത്തിവയ്ക്കാനും വളരെ എളുപ്പത്തില്‍ സാധിക്കും. ആ വലയിലേക്ക് ന്യൂനപക്ഷസംഘടനകളെ ഇട്ടുകൊടുക്കാതെ ഈ വിഷയം സംയമനത്തോടെ, പക്വതയോടെ കൈകാര്യം ചെയ്യാനുള്ള ഉത്തരവാദിത്തം പ്രതിപക്ഷം ഏറ്റെടുക്കണം. അസാധ്യമെന്നു കരുതിയിരുന്ന പ്രതിപക്ഷഐക്യം സാധ്യമായതുപോലെ ഏകവ്യക്തിനിയമത്തിലും പൊതുവായ പ്രതിരോധം രൂപപ്പെടണം. 

 പ്രതിപക്ഷത്തിന് സംയോജിത നിലപാട് സ്വീകരിക്കാനാകണം. ഭരണകൂടത്തിന്റെ കുല്‍സിതതാല്‍പര്യങ്ങളുടെ വഴിയിലേക്ക് സിവില്‍കോഡ് ചര്‍ച്ചകള്‍ വിട്ടുകൊടുക്കരുത്. 

MORE IN PARAYATHE VAYYA
SHOW MORE