വിമര്‍ശന പരിധിക്കു പുറത്താകുന്ന ഭരണകൂടവും ഭരണകൂടരാഷ്ട്രീയവും

pva
SHARE

ആവശ്യത്തിന് മാധ്യമസ്വാതന്ത്ര്യം അനുവദിക്കുന്ന ഒരു പ്രത്യേക തരം ജനാധിപത്യസങ്കല്‍പമാണ് ഞങ്ങളുടേത്. ആ സ്വാതന്ത്ര്യം എവിടെ വരെ, എത്ര വരെയാകാമെന്ന് ഞങ്ങള്‍ തീരുമാനിക്കും.  എന്തായാലും സി.പി.എമ്മിന്റെ ജനാധിപത്യബോധത്തിന്റെ ആഴം വ്യക്തമായി ബോധ്യപ്പെടാന്‍ ആര്‍ഷോയുടെ മാര്‍ക്ക് ലിസ്റ്റ് കേസും വിദ്യയുടെ വ്യാജരേഖകേസും ഉപകാരപ്പെട്ടു. ഇന്ത്യയിലെ മാധ്യമസ്വാതന്ത്ര്യവും കേരളത്തിലെ മാധ്യമസ്വാതന്ത്ര്യവും തമ്മിലുള്ള വ്യത്യാസം എന്ന സങ്കീര്‍ണമായ വിഷയത്തില്‍ ഗവേഷണത്തിലാണ് കേരളത്തിലെ ഇടതുപക്ഷം. 

ഈ അന്തരീക്ഷം രാജ്യത്തുണ്ടായത് ഒരൊറ്റ ദിവസം കൊണ്ടൊന്നുമല്ല. ഒറ്റ വര്‍ഷം കൊണ്ടുമല്ല. മാധ്യമങ്ങള്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കരുത് എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചിട്ടില്ല. ആഭ്യന്തരമന്ത്രി അമിത് ഷാ ഉത്തരവിറക്കിയിട്ടില്ല. ബി.ജെ.പിയോ അണികളോ ഒന്നും അങ്ങനെ ആവശ്യപ്പെട്ടിട്ടില്ല. പ്രധാനമന്ത്രിയോ ആഭ്യന്തരമന്ത്രിയോ ഒക്കെ ഇപ്പോഴും മാധ്യമസ്വാതന്ത്ര്യത്തെക്കുറിച്ച് ഘോരഘോരം സംസാരിക്കുന്നതും നമ്മള്‍ കേട്ടേക്കും. നിശബ്ദമായ ,  അതേസമയം  എല്ലാവര്‍ക്കും കേള്‍ക്കാവുന്നത്ര ഭീഷണമായ മുന്നറിയിപ്പാണ് നടപ്പാക്കപ്പെട്ടത്. പതിയെ പതിയെ ഭരണകൂടവും ഭരണകൂടരാഷ്ട്രീയവും വിമര്‍ശനത്തിന്റെ പരിധിക്കു പുറത്തായി. ചെറുത്തുനില്‍ക്കുന്നവരെ ഒന്നൊന്നായി ആസൂത്രിതമായി ഒറ്റപ്പെടുത്തി, വളഞ്ഞിട്ടു പിടിക്കുന്ന കാഴ്ചയ്ക്കാണ് ഇന്ത്യന്‍ മാധ്യമരംഗം ഓരോ ദിവസവും സാക്ഷ്യം വഹിക്കുന്നത്. ഭരണകൂടത്തെ വിമര്‍ശിക്കുന്നതാണ് ഇപ്പോള്‍ വാര്‍ത്ത എന്നു വരെയായി അവസ്ഥ. കേരളത്തില്‍ ഇപ്പോള്‍ ഇതൊക്കെ പറയാന്‍ മാത്രം എന്തു സംഭവിച്ചു എന്നാണ് സി.പി.എം അല്‍ഭുതപ്പെടുന്നത്.  ഒന്നു രണ്ടു വാര്‍ത്തകള്‍ വെളിച്ചം കണ്ടപ്പോള്‍ കേരളം ഭരിക്കുന്ന സി.പി.എമ്മിന്റെ മാധ്യമസ്വാതന്ത്ര്യാവേശത്തിന്റെ ചെമ്പ് പുറത്തു വന്നു. മാധ്യമവിരുദ്ധതയുടെ രാഷ്ട്രീയം മറയില്ലാതെ നേതാക്കള്‍ വിളിച്ചുപറഞ്ഞു.  പൊലീസിനെ ഉപയോഗിച്ചാണ് കേരളത്തിലെ മാധ്യമങ്ങളെ ഇപ്പോള്‍ ഭരണകൂടം നേരിടുന്നത് എന്ന വാസ്തവം പല കേസുകളിലായി നാട് കാണുന്നു. സി.പി.എമ്മിന്റെ സങ്കല്‍പത്തിലെ മാധ്യമസ്വാതന്ത്ര്യം എന്തായിരുന്നുവെന്ന് ഇപ്പോഴാണ് നമുക്ക് മനസിലാകുന്നത്. മോദി ഭരണകൂടത്തിന്റെയും പിണറായി സര്‍ക്കാരിന്റെയും മാധ്യമസ്വാതന്ത്ര്യ സങ്കല്‍പങ്ങള്‍ ശരിക്കും പഠനവിധേയമാക്കാവുന്നത്ര സമീകരിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. 

പരീക്ഷയെഴുതാത്ത എസ്എഫ്ഐ  സംസ്ഥാനസെക്രട്ടറിയെ വിജയിപ്പിച്ചുകൊണ്ട്  ഒരു പരീക്ഷാഫലം മഹാരാജാസ് കോളജ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. മഹാരാജാസ് കോളജ് ഔദ്യോഗികമായി തന്നെ ചെയ്ത പ്രവൃത്തിയാണത് എന്ന് പ്രിന്‍സിപ്പല്‍ സ്ഥിരീകരിച്ചതുമാണ്. ആര്‍ഷോയെ വിജയിപ്പിച്ച, അഥവാ പേരു പോലും ഉള്‍പ്പെടാന്‍ പാടില്ലാത്ത മാര്‍ക്ക് ‍ലിസ്റ്റ് എങ്ങനെ എവിടെ നിന്നുണ്ടായി എന്നതാണ് ഈ പ്രശ്നത്തിലെ കാതലായ ചോദ്യം. ഡിജിറ്റല്‍ ഡോക്യുമെന്റ് കൂടിയായതിനാല്‍ ഉത്തരം കണ്ടുപിടിക്കാന്‍ ഒരു പ്രയാസവുമുണ്ടാകേണ്ടതില്ലാത്ത ഒരു ചോദ്യമാണത്. ആരുടെ ലോഗിനില്‍ നിന്ന് എപ്പോഴാണ് ആര്‍ഷോയുടെ പേര് ചേര്‍ക്കപ്പെട്ടത്? അത് പാസ്‍ഡ് എന്ന് രേഖപ്പെടുത്തിയത് ആരാണ്? കോളജ് പ്രിന്‍സിപ്പലും കണ്‍ട്രോളറുടെ റിപ്പോര്‍ട്ടും വിശദീകരിക്കുന്നതുപോലെ പാസ്ഡ് എന്നു വന്നത് സാങ്കേതികപ്പിഴവാണെന്നു വാദിച്ചാലും പേരു പോലും ഉള്‍പ്പെടാന്‍ പാടില്ലെങ്കില്‍ ആര്‍ഷോയുടെ പേരെഴുതിച്ചേര്‍ത്തതാരാണ്? മാധ്യമങ്ങള്‍ വാര്‍ത്തയാക്കുന്നതുവരെ എഴുതാത്ത പരീക്ഷയില്‍ സംസ്ഥാനസെക്രട്ടറി വിജയിച്ചുഎന്നു തന്നെയായിരുന്നു ഔദ്യോഗിക രേഖ. പക്ഷേ അത് വ്യാജവാര്‍ത്തയാണെന്നാരോപിച്ച്,  വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തവരെ ഗൂഢാലോചനക്കാരാക്കിയാണ് കേരളത്തിലെ പൊലീസിന്റെ കേസ്. ആദ്യമൊക്കെ ആര്‍ഷോയുടെ പരാതിയല്ലേ, കേസെടുക്കാതെ പറ്റില്ലല്ലോ എന്നു വ്യാജം നടിച്ച സി.പി.എം നേതാക്കള്‍ സംസ്ഥാനസെക്രട്ടറി തന്നെ ഇനിയും കേസെടുക്കുമെന്നു പ്രഖ്യാപിച്ചതോടെ ഇടം വലം നോക്കാതെ മാധ്യമവിരുദ്ധ രാഷ്ട്രീയം പുറത്തെടുത്തു. പൊലീസും മോശമാക്കിയില്ല .  വാര്‍ത്ത വായിച്ചതിനും അഴിമതി റിപ്പോര്‍ട്ട് ചെയ്തതിനുമെല്ലാം പൊലീസിനു മുന്നില്‍ വിശദീകരണം കൊടുക്കുകയാണ് ഇപ്പോള്‍ കേരളത്തിലെ മാധ്യമപ്രവര്‍ത്തകരുടെ ഒരു പ്രധാന ജോലി. 

അല്ലെങ്കിലും പിണറായി സര്‍ക്കാര്‍ ഒരു മാധ്യമപ്രവര്‍ത്തകയ്ക്കെതിരെ സാധൂകരിക്കാനാകാത്ത ഒരു കേസെടുത്താല്‍ അത് തെറ്റാണ് എന്നു പറയാന്‍ ധൈര്യമുള്ള ഏതു നേതാവാണ് ഇന്നത്തെ സി.പി.എമ്മില്‍  ശേഷിക്കുന്നത്? ശരിയാണ് എന്നു പറയുകയേ നിവൃത്തിയുള്ളൂ. അത് സീതാറാം യെച്ചൂരിയായാലും പ്രകാശ് കാരാട്ടായാലും അതേ നിവൃത്തിയുള്ളൂ. കേരളത്തിലെ ഏതെങ്കിലുമൊരു സി.പി.എം നേതാവിന് ഇത് ശരിയല്ല എന്ന് പറയാന്‍ കഴിയൂ. പരസ്യമായി പറയുന്നത് പോകട്ടെ, പാര്‍ട്ടിക്കുള്ളില്‍ പറയാന്‍ കഴിയുമോ? സാധിക്കില്ല. അപ്പോള്‍ എന്തു ചെയ്യും, പരമാവധി മിണ്ടാതിരിക്കാം. മിണ്ടാതിരിക്കാനാകാത്ത സാഹചര്യത്തില്‍ പെട്ടു പോയാല്‍ ന്യായീകരിക്കുകയല്ലാതെ മറ്റൊരു മാര്‍ഗവുമില്ല. ചരിത്രത്തില്‍ ഇന്നു വരെ മാധ്യമങ്ങളുടെ ഭാഗത്തു നിന്നുണ്ടായ എല്ലാ തെറ്റുകളും എടുത്തു നിരത്തിയാലും ഈ നടപടിയെ ന്യായീകരിക്കാനാകില്ല എന്നറിയാതെയല്ല, ഇന്നത്തെ കേരളത്തില്‍ അങ്ങനെ മനഃസാക്ഷിയും വ്യക്തിത്വവുമൊന്നും നോക്കിയിട്ടു കാര്യമൊന്നുമില്ല എന്നും അവര്‍ക്കറിയാം. മാധ്യമവിരോധം കാലാകാലമായി മനസിലുണ്ടെങ്കില്‍ ഇതൊരവസരം കൂടിയാണ്. ആയിരം മറുചോദ്യങ്ങള്‍ നിങ്ങളുന്നയിച്ചാലും മാധ്യമപ്രവര്‍ത്തകയ്ക്കെതിരായ കേസ് ന്യായീകരിക്കപ്പെടില്ല. അത് നിങ്ങള്‍ക്കുമറിയാം, ഞങ്ങള്‍ക്കുമറിയാം. നിങ്ങള്‍ ഇതെന്തിനു വേണ്ടിയാണ് ചെയ്യുന്നതെന്നും നിങ്ങള്‍ക്കുമറിയാം, ഞങ്ങള്‍ക്കുമറിയാം. 

ഞങ്ങള്‍ക്ക്് വിവരങ്ങളും വസ്തുതയും  അറിയേണ്ട , ഞങ്ങളുടെ പക്ഷം ജയിച്ചാല്‍ മതി എന്ന് മാത്രം ചിന്തിക്കുന്ന തരത്തിലേക്ക് കേരളത്തില്‍ എല്ലാ രാഷ്ട്രീയപാര്‍ട്ടി അണികളും എത്തിയിട്ടുണ്ട്. രാജ്യത്ത് അത് എന്നോ സംഭവിച്ചു കഴിഞ്ഞു. പ്രധാനമന്ത്രിക്കു തെറ്റു പറ്റുമോ എന്ന ഒരു ചോദ്യമേ മോദി ആരാധകര്‍ക്കു മുന്നിലില്ല. അതിന്റെ ഉത്തരം അവര്‍ ഉറപ്പിച്ചു കഴിഞ്ഞു. ഇനി വിവരങ്ങളോ വസ്തുതകളോ പ്രശ്നമല്ല. ധാര്‍മികത പ്രശ്നമല്ല, നീതിബോധം പ്രശ്നമല്ല, മനുഷ്യത്വം പോലും പ്രസക്തമല്ല. കേരളവും അതേ പാതയില്‍ ഇടതുരാഷ്ട്രീയത്തിന്റെ ചിറകിലേറി യാത്ര തുടങ്ങിയിരിക്കുന്നുവെന്നാണ് ഭരണകൂടത്തിന്റെ പ്രതീക്ഷ. അതുകൊണ്ടാണ് വിവരം റിപ്പോര്‍ട്ട് ചെയ്യുന്നത് കുറ്റമായിത്തുടങ്ങുന്നത്. എന്തും ന്യായീകരിക്കാവുന്ന മാനസികാവസ്ഥയിലേക്ക് അണികളെത്തിക്കഴിഞ്ഞു. പാര്‍ട്ടിക്കകത്തു നിന്നോ ഇടതുപക്ഷത്തു നിന്നോ ചോദ്യങ്ങളുയരില്ല എന്നുറപ്പാക്കിക്കഴിഞ്ഞു. ഇനി ശേഷിക്കുന്ന ചോദ്യങ്ങളെ നേരിടേണ്ടതെങ്ങനെയെന്നതുമാത്രമാണ് പ്രശ്നം. ഒരു സമൂഹം ഉയര്‍ന്ന ധാര്‍മിക, രാഷ്ട്രീയമൂല്യങ്ങള്‍ വച്ചു പുലര്‍ത്തിയാലും ജനാധിപത്യനേതൃത്വം കൈയാളുന്നവരുടെ മൂല്യങ്ങള്‍ കുറച്ചുകാലത്തേക്കെങ്കിലും സമൂഹത്തെ സ്വാധീനിക്കും. സമൂഹത്തില്‍ മുന്നിട്ടു നില്‍ക്കുന്ന സ്വഭാവസവിശേഷതകളെയും നിര്‍ണയിക്കും. അതിന്റെ ഉത്തമഉദാഹരണമാണ് ഇന്നത്തെ ഇന്ത്യ. അടുത്ത ഉദാഹരണമായി കേരളത്തെ മാറ്റാനുള്ള ശ്രമത്തിനു മുന്നിലാണ് നമ്മള്‍ നില്‍ക്കുന്നത്. ചെറുക്കേണ്ടത് ജനാധിപത്യത്തിന്റെ ചുമതലയാണ്. നമ്മളോരോരുത്തരുടെയും ചുമതലയാണ്. 

MORE IN PARAYATHE VAYYA
SHOW MORE