അയോഗ്യത കൽപ്പിക്കപ്പെടുന്ന ജനാധിപത്യം; ഉണരുന്ന പ്രതിപക്ഷ ഐക്യം

parayathe-vayya-modi
SHARE

നമ്മുടെ രാജ്യത്തെ മുന്നോട്ടു നയിക്കുന്നത് ജനാധിപത്യമാണോ, നിയമമണോ, ധാര്‍മികതയാണോ, മൂല്യബോധമാണോ?ഒരു ജനത പരമപ്രധാനമായി കരുതിപ്പോരുന്ന മൂല്യങ്ങളൊന്നും ഇന്നത്തെ ഇന്ത്യയില്‍ പ്രധാനമല്ലെന്ന് നമ്മള്‍ തിരിച്ചറിയുകയാണ്. നിര്‍ദോഷമായ ഒരു ചോദ്യം പാര്‍ലമെന്റില്‍ നിന്ന് അയോഗ്യനാകാന്‍ പോന്ന കുറ്റമാണ്.  എന്നാല്‍ കൂട്ടക്കൊലയും കലാപവും കൂട്ടബലാല്‍സംഘവും രാജ്യം ഭരിക്കുന്ന പാര്‍ട്ടിക്ക് ശിക്ഷയൊക്കെ ഇളവു ചെയ്ത്  സര്‍ക്കാര്‍ പരിപാടിയില്‍ കയറ്റിയിരുത്താന്‍ മാത്രം മൂല്യമുള്ള നിസാരമായ ഒരു പ്രവൃത്തിയാണ്. നമ്മുടെ രാജ്യത്ത് ഇന്ന് ഭരണാധികാരിയുടെ വിദ്യാഭ്യാസയോഗ്യത അന്വേഷിക്കുന്നത്  കുറ്റമാണ്. ഭരണാധികാരിയും കള്ളന്‍മാരും തമ്മിലെന്താണ് ബന്ധമെന്ന ചോദ്യം  കുറ്റമാണ്.  അതുകൊണ്ട് പ്രതിരോധം അസാധ്യമാണ് എന്നര്‍ഥമുണ്ടോ? 

ഒരാഴ്ചയ്ക്കിടെയും കാര്യമായ മാറ്റമൊന്നും നമ്മുടെ രാജ്യത്തുണ്ടായിട്ടില്ല. രാഹുല്‍ ഗാന്ധി ഇപ്പോഴും പാര്‍ലമെന്റില്‍ അയോഗ്യനാണ്. അയോഗ്യനായ രാഹുലിനോട്  വീടൊഴിയണമെന്ന് ആവശ്യപ്പെട്ട് ലോക്സഭാസെക്രട്ടേറിയറ്റ് വീണ്ടും കാര്യശേഷി പ്രകടിപ്പിച്ചിട്ടുണ്ട്.  കോടതി വിധി വന്ന് 24 മണിക്കൂറിനകം രാഹുല്‍ അയോഗ്യനെന്ന് ഉത്തരവിറക്കിയ ലോക്സഭാസെക്രട്ടേറിയറ്റിന്റെ ഇരട്ടത്താപ്പ് മുഹമ്മദ് ഫൈസലിന്റെ കേസില്‍ വെളിച്ചത്തായതും ഈയാഴ്ചയാണ്. അയോഗ്യനാകാനിടയാക്കിയ കോടതി ഉത്തരവ് മേല്‍ക്കോടതി തന്നെ സ്റ്റേ ചെയ്ത്  രണ്ടു മാസം കഴിഞ്ഞിട്ടും നടപടിയെടുക്കാന്‍ തയാറാകാതിരുന്നതും ഇതേ ലോക്സഭാസെക്രട്ടേറിയറ്റാണ്. ഒടുവില്‍ ഫൈസലിന്റെ ഹര്‍ജി സുപ്രീംകോടതിയിലെത്തിയപ്പോള്‍ തിരക്കിട്ട് അതേദിവസം അയോഗ്യത പിന്‍വലിച്ച് ഉത്തരവിറക്കിയതും ഇതേ ലോക്സഭാസെക്രട്ടേറിയറ്റാണ്. 

ഇതെല്ലാം മോദി സര്‍ക്കാരിനും ബി.ജെ.പിക്കും നിയമവ്യവസ്ഥയോടുള്ള ബഹുമാനം കാരണമാണെന്ന് ആര്‍ക്കാണറിയാത്തത്? ജുഡീഷ്യറി ഒരു കാര്യം തീരുമാനിച്ചാല്‍ ഭയ–ഭക്തി ബഹുമാനങ്ങളോടെ ഒരു നിമിഷം പാഴാക്കാതെ അതു നടപ്പാക്കുന്നതിനെ ആര്‍ക്കു കുറ്റം പറയാന്‍ പറ്റും? ജുഡീഷ്യറി എന്തുപറയണമെന്നു കൂടി മോദി സര്‍ക്കാര്‍ തീരുമാനിക്കുമെന്ന് ശത്രുക്കള്‍ പറ‍ഞ്ഞു നടക്കുന്നുണ്ടെങ്കിലും സത്യം അതല്ല. ബില്‍ക്കീസ് ബാനു കേസ് ഉദാഹരണം. മഹാരാഷ്ട്രയിലെ കോടതി ജീവപര്യന്തം തടവിനു ശിക്ഷിച്ചവരെ ഗുജറാത്ത് സര്‍ക്കാര്‍ ശിക്ഷയില്‍ ഇളവ് നല്‍കി മോചിപ്പിച്ചതും നിയമവ്യവസ്ഥയോടുള്ള ഈ അചഞ്ചലമായ ബഹുമാനം കാരണമാണ്. കൂട്ടക്കൊലയും കൂട്ടബലാല്‍സംഘവും എന്തായാലും മാനനഷ്ടക്കേസിന്റെ അത്രയും ഹീനമായ കുറ്റമല്ലല്ലോ. 

രാഹുല്‍ഗാന്ധിയെ ശിക്ഷിച്ചത് കോടതിയല്ലേ? കോടതിവിധിയാല്‍ അയോഗ്യനായാല്‍ മോദി സര്‍ക്കാര്‍ എന്തു പിഴച്ചുവെന്നു ബി.ജെ.പി. ആവര്‍ത്തിച്ചു ചോദിച്ചുകൊണ്ടിരിക്കുകയായിരുന്നു. അതിനിടെ സുപ്രീംകോടതിയില്‍ നിന്ന് കടുത്ത ഒന്നു രണ്ടു ചോദ്യങ്ങള്‍ വന്നു. ബില്‍ക്കീസ് ബാനു കേസിലാണ്. കേന്ദ്രസര്‍ക്കാരിനും സംസ്ഥാനസര്‍ക്കാരിനുമുണ്ട് നോട്ടീസ്. 21കാരിയും ഗര്‍ഭിണിയുമായിരുന്ന ബില്‍ക്കീസ് ബാനുവിനെ കൂട്ടബലാല്‍സംഘത്തിനിരയാക്കുകയും അവരുടെ 3 വയസുള്ള കുഞ്ഞടക്കം കുടുംബാംഗങ്ങളെ കൂട്ടക്കൊല നടത്തുകയും ചെയ്തു എന്ന് കണ്ടെത്തി മഹാരാഷ്ട്രയിലെ വിചാരണാകോടതി ജീവപര്യന്തം ശിക്ഷ വിധിച്ച 11 പേരെയാണ്  ഗുജറാത്ത് സര്‍ക്കാര്‍ ശിക്ഷാ ഇളവ് നല്‍കി മോചിപ്പിച്ചത്.  കേന്ദ്രസര്‍ക്കാരിന്റെ അനുമതിയോടെയായിരുന്നു നടപടി. ഗുജറാത്തില്‍ വിചാരണ നടന്നാല്‍ നീതി ലഭിക്കില്ലെന്ന പരാതിക്കാരിയുടെ വാദം അംഗീകരിച്ച് മഹാരാഷ്ട്രയില്‍ വാദവും വിധിപ്രഖ്യാപനവും നടന്ന കേസിലാണ് വീണ്ടും ഗുജറാത്ത് സര്‍ക്കാരിന്റെ അട്ടിമറി നടന്നത്. ശിക്ഷാഇളവ് നല്‍കാന്‍ ഗുജറാത്ത് സര്‍ക്കാരിന് അധികാരമുണ്ടോയെന്നാണ് ഇപ്പോള്‍ സുപ്രീംകോടതിയുടെ ചോദ്യം. കേസിനെ വൈകാരികമായി കാണില്ലെന്ന് വ്യക്തമാക്കിയ സുപ്രീംകോടതി അധികാരപരിധി വിശദമായി പരിശോധിക്കുമെന്നും പറഞ്ഞിരിക്കുന്നു. ഹീനകൃത്യം നടത്തിയെന്നു കണ്ടെത്തിയ  11 പേര്‍ക്കും ഒരേ മാനദണ്ഡങ്ങള്‍ പ്രകാരം മോചനം നല്‍കിയതും കോടതി ചൂണ്ടിക്കാണിച്ചിട്ടുണ്ട്. 

ഇളവ് നല്‍കിയതിനെതിരായ ഹര്‍ജി സുപ്രീംകോടതി പരിഗണിക്കുന്ന അതേ ദിവസം തന്നെ ഗുജറാത്തില്‍ ബില്‍ക്കീസ് ബാനു പ്രതികളെ സര്‍ക്കാര്‍ പരിപാടിയില്‍ വേദിയില്‍ കയറ്റിയിരുത്തി ബി.ജെ.പി.യുടെ എം.എല്‍.എയും എ.ംപിയും വേദി പങ്കിട്ടു എന്നതും വാര്‍ത്തയായതാണ്. എല്ലാം നിയമവ്യവസ്ഥയോടുള്ള ബഹുമാനമാണ്. പരാമര്‍ശത്തിന്റെ പേരില്‍ പ്രതിപക്ഷത്തെ പ്രധാന നേതാവ് പാര്‍ലമെന്റില്‍ അയോഗ്യനാക്കപ്പെടുന്നു. ഇന്ത്യന്‍ ജനാധിപത്യത്തെ അവഹേളിച്ചുവെന്നാരോപിച്ച് ഭരണപക്ഷം തന്നെ  അദ്ദേഹത്തിനെതിരെ സമരം ചെയ്യുന്നു. അതേസമയം ഇന്ത്യന്‍ പൗരന്‍മാരെ കൊലപ്പെടുത്തുകയും ബലാല്‍സംഘം ചെയ്യുകയും ചെയ്തതിന് കോടതി ശിക്ഷിച്ചവരെ ശിക്ഷാ ഇളവും നല്‍കി വേദി നല്‍കി ആദരിക്കുകയും ചെയ്യുന്നു. 

ഭരിക്കുന്നവര്‍ തീരുമാനിക്കുന്നതാണ് ജനാധിപത്യം. ഭരിക്കുന്നവര്‍ തീരുമാനിക്കുന്നതാണ് നിയമവ്യവസ്ഥയോടുള്ള ബഹുമാനം. ഭരിക്കുന്നവര്‍ പറയുന്നതാണ് രാജ്യസ്നേഹം, ഭരിക്കുന്നവര്‍ തീരുമാനിക്കുന്നവരാണ് യഥാര്‍ഥ ഇന്ത്യക്കാര്‍. പക്ഷേ കള്ളന്‍മാര്‍ക്കൊക്കെ മോദി എന്നു പേരു വരുന്നതെന്താ എന്നു കേട്ടപ്പോഴേക്കും മാനം നഷ്ടപ്പെട്ടവര്‍ക്കാര്‍ക്കും മോദാനി  എന്ന് ആക്ഷേപിക്കുന്നതില്‍ ഒരു പ്രശ്നവും തോന്നാത്തതെന്തായിരിക്കും? അദാനിയുടെ പേരില്‍ നമ്മുടെ പ്രധാനമന്ത്രിയെ രാഹുല്‍ഗാന്ധി ഇങ്ങനെയൊക്കെ ആക്ഷേപിച്ചിട്ടും പ്രതിരോധിക്കാന്‍ പോലും ഒരു ബി.ജെ.പി. നേതാവ് ഈ രാജ്യത്തില്ലേ? എന്തൊരു കഷ്ടമാണിത്? 

ഭരണകൂടം എല്ലാ മറകളും ഉപേക്ഷിച്ചിരിക്കുന്നു. ഇനി ജനാധിപത്യമര്യാദകളില്ല, ഏതു വിമര്‍ശനവും പ്രശ്നമല്ല. ഏതു ചോദ്യവും പ്രശ്നമല്ല. മോദി എന്നു പേരുള്ളവരെങ്ങനെ കള്ളന്‍മാരാകുന്നു എന്ന ചോദ്യത്തിന് രാജ്യമൊട്ടാകെ കേസുകള്‍ നേരിടാന്‍ പോകുന്നു രാഹുല്‍ഗാന്ധി. പക്ഷേ മോദാനി എന്നാവര്‍ത്തിച്ചു വിളിച്ചിട്ടും ആക്ഷേപിച്ചിട്ടും പ്രധാനമന്ത്രി മോദിക്ക് മാനനഷ്ടമില്ല.   അതു കേള്‍ക്കുന്ന രാജ്യത്തങ്ങോളം ഇങ്ങോളമുള്ള ബി.ജെ.പി. നേതാക്കള്‍ക്കും മാനനഷ്ടം തോന്നുന്നില്ല. ആവര്‍ത്തിച്ചാവര്‍ത്തിച്ചു ചോദിച്ചിട്ടും പ്രധാനമന്ത്രിയും വിവാദ വ്യവസായി ഗൗതം അദാനിയും തമ്മിലുള്ള ബന്ധമെന്ത് എന്ന ചോദ്യത്തിന് ഉത്തരമില്ല. അദാനിയുടെ ഷെല്‍ കമ്പനികളില്‍  20000 കോടി നിക്ഷേപിച്ചതാര് എന്ന ചോദ്യം കേട്ടതായി പോലും ഭാവിക്കുന്നില്ല.  പാര്‍ലമെന്റിലും മിണ്ടിയില്ല, പുറത്തും മിണ്ടുന്നില്ല. പ്രധാനമന്ത്രി പണ്ടേ അങ്ങനെ ആക്ഷേപിക്കാനല്ലാതെ വസ്തുതാപരമായി മറുപടി പറയാന്‍ വാ തുറക്കാറില്ലെന്ന് നമുക്കറിയാം. പക്ഷേ ഘോരഘോരം വാദിക്കുന്ന ബി.ജെ.പി നേതാക്കള്‍ക്കും അദാനി എന്ന പേരു കേള്‍ക്കുമ്പോള്‍ ഇതെന്തു പറ്റി?

ഇന്ത്യയില്‍ ജനാധിപത്യം അപകടത്തിലാണ് എന്ന് രാഹുല്‍ഗാന്ധി ലണ്ടനില്‍ പറഞ്ഞു എന്നതിന്റെ പേരിലാണ് ഒരു പാര്‍ലമെന്റ് സമ്മേളനം തന്നെ ഭരണപക്ഷം സ്തംഭിപ്പിച്ചു കളഞ്ഞത്. പക്ഷേ നമ്മുടെ പ്രധാനമന്ത്രിക്ക് ഓഹരിതട്ടിപ്പ് നടത്തിയെന്നാരോപണം നേരിടുന്ന വന്‍വ്യവസായിമായുള്ള ബന്ധത്തെക്കുറിച്ച് രാഹുല്‍ഗാന്ധി ആവര്‍ത്തിച്ചു ചോദിച്ചിട്ടും ഒരു മാനനഷ്ടവും ആര്‍ക്കുമില്ല.  ആരോപണങ്ങളെക്കുറിച്ച് അന്വേഷണവുമില്ല.  ജനാധിപത്യത്തെക്കുറിച്ചു പറഞ്ഞാല്‍ കടിച്ചു കീറാനെത്തുന്നവര്‍ക്കും അദാനി, ഹിന്‍ഡന്‍ബര്‍ഗ്, ഓഹരിതട്ടിപ്പ്, എല്‍.ഐ.സി., SBI നിക്ഷേപവിവാദം എന്നൊക്കെ എത്രയാവര്‍ത്തിച്ചു ചോദിച്ചാലും മിണ്ടാട്ടമില്ല.   ചില ചോദ്യങ്ങള്‍ അവഗണിക്കുക മാത്രമേ നിവൃത്തിയുള്ളൂ എന്ന ഭരണപക്ഷനിസഹായത വെളിപ്പെട്ടുവെന്നതാണ് അദാനി വിവാദം കൊണ്ട് ഇന്ത്യന്‍ ജനതയ്ക്കുണ്ടായ നേട്ടം. 

രാഹുല്‍ഗാന്ധിയുടെ അയോഗ്യത കൊണ്ട് അടുത്തൊന്നും സാധ്യമാകില്ലെന്നുറപ്പിച്ചിരുന്ന പ്രതിപക്ഷഐക്യം കാണാന്‍ കഴിഞ്ഞു എന്നതും ഇന്ത്യയുടെ നേട്ടമാണ്. എത്രനാള്‍, എവിടെ വരെ പോകുമെന്നൊന്നും  ഉറപ്പില്ലെങ്കിലും ആദ്യമായി പ്രതിപക്ഷം കൈകോര്‍ത്തു. തിരഞ്ഞെടുപ്പ് ജയം ഏത് അധികാരധാര്‍ഷ്ട്യത്തെയും ന്യായീകരിക്കും എന്ന മോദി ഭരണകൂടത്തിന്റെ നിലപാടിന്റെ അപായം പ്രതിപക്ഷം അതിന്റെ അര്‍ഥത്തില്‍ തന്നെ മനസിലാക്കിയിരിക്കുന്നു എന്നത് വലിയ കാര്യമാണ്. പക്ഷേ മറ്റെല്ലാ അഭിപ്രായവ്യത്യാസങ്ങളും മാറ്റിവച്ച് രാജ്യത്തോടു പ്രതിബദ്ധത കാണിക്കാന്‍ പ്രതിപക്ഷത്തിന് കഴിയുമോ? പ്രതിപക്ഷഐക്യം യാഥാര്‍ഥ്യമാകുമോ?

രാജ്യം ഉറ്റുനോക്കിയ ചോദ്യത്തിന് ഉത്തരം ഉരുത്തിരിയുകയാണ്. പ്രതിപക്ഷഐക്യം പല കോണുകളില്‍ നിന്നായി രൂപമെടുത്തു വരുന്നു.  അപൂര്‍വമായ ചരിത്രസന്ദര്‍ഭമാണ് രാജ്യതലസ്ഥാനം കണ്ടുകൊണ്ടിരിക്കുന്നത്.  കടുപ്പിച്ച് മുഖം തിരിഞ്ഞു നിന്ന മമതാബാനര്‍ജിയും അഖിലേഷ് യാദവും ചന്ദ്രശേഖര റാവുവും നിതീഷ് കുമാറുമെല്ലാം ജനാധിപത്യധ്വംസനമെന്ന് ചൂണ്ടിക്കാട്ടി ഈ പ്രതിപക്ഷഐക്യത്തില്‍ മുന്നിലുണ്ട്. 

ഐക്യത്തിനായി എന്തു വിട്ടുവീഴ്ചയ്ക്കും തയാറെന്ന് രാഹുല്‍ഗാന്ധിയും പ്രഖ്യാപിച്ചതോടെ സമവായത്തിന്റെ വിശാലസാധ്യതകള്‍ പ്രതിപക്ഷത്തിനു മുന്നിലുണ്ട്. പ്രധാനമന്ത്രി പദം തല്‍ക്കാലം തര്‍ക്കവിഷയമാകേണ്ടതല്ലെന്ന തിരിച്ചറിവ് എല്ലാ പ്രതിപക്ഷപാര്‍ട്ടികള്‍ക്കുമുണ്ടാകണം. ബി.െജ.പി. എവിടെ വരെയും പോകുമെന്ന തിരിച്ചറിവ് പ്രാദേശിക ഭിന്നതകളും മല്‍സരങ്ങളും തന്ത്രപരമായി നേരിടാനുള്ള വെല്ലുവിളിയാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ക്കു മുന്നില്‍ വയ്ക്കുന്നത്. 

പ്രാദേശികസാധ്യതകള്‍ കണക്കിലെടുത്തു തന്നെ പ്രതിപക്ഷഐക്യം ഏതു വരെ മുന്നോട്ടു പോകുമെന്ന് രാജ്യം കാത്തിരുന്നു കാണേണ്ടി വരും. കര്‍ണാടകയിലാണ് ആദ്യത്തെ ഉത്തരമുണ്ടാകേണ്ടത്. അഴിമതി ആരോപണങ്ങളില്‍ മുങ്ങിയ ബി.ജെ.പി. സര്‍ക്കാരിന് തുടര്‍ഭരണം ഉറപ്പിക്കാന്‍ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും ആറും ഏഴും തവണയാണ് ഒരു മാസം തന്നെ കര്‍ണാടകയിലെത്തുന്നത്. 

ഭരണപക്ഷം മാത്രമായും പ്രതിപക്ഷം ഒറ്റക്കെട്ടായും മുഖാമുഖം എത്തിയാലും നിലവില്‍ രാജ്യത്ത് ഭരണപക്ഷത്തിന് തന്നെയാണ് മുന്‍തൂക്കം. അധികാരത്തിന്റെ സകല സാധ്യതകളും പ്രയോഗത്തിലുണ്ട്. ദുരൂഹവ്യവസായികളുടെ സാമ്പത്തികപിന്‍ബലം മറ്റാര്‍ക്കുമില്ലാത്ത കരുത്താവും. ഭരണപക്ഷത്തിനു മുന്നില്‍ ഇപ്പോഴും പ്രതിപക്ഷം ഒരു വെല്ലുവിളിയല്ല. പക്ഷേ ഒന്നുണ്ട്. ധാര്‍മികത. എത്ര നിസാരവല്‍ക്കരിച്ചാലും ധാര്‍മികതയും നീതിബോധവും പ്രധാനമായി കാണുന്ന മനുഷ്യര്‍ ഇപ്പോഴും നമ്മുടെ രാജ്യത്തിന്റെ കരുത്താണ്. ജനാധിപത്യത്തിന്റെ കരുത്തും ആഴവും നിലനില്‍ക്കുന്നത് ആ മാനവികബോധത്തിലാണ്. അത് പ്രതിപക്ഷത്തിനും പ്രതീക്ഷയാകണം. 

MORE IN PARAYATHE VAYYA
SHOW MORE