പാർട്ടി ചെയ്യേണ്ടതിനും സർക്കാർ ഫണ്ട്; ആരുണ്ടിവിടെ ചോദിക്കാൻ?

pv
SHARE

ഏതു ചോദ്യത്തെയും യെസ്, അല്ലെങ്കില്‍ നോ എന്നതിലേക്ക് ചുരുക്കിയാല്‍  കാര്യങ്ങള്‍ വളരെ എളുപ്പമാണ്. ഉദാഹരണത്തിന് ദുരിതാശ്വാസനിധി ദുരുപയോഗക്കേസില്‍ മുഖ്യമന്ത്രി രാജിവയ്ക്കണോ  എന്നൊരു ചോദ്യം ഉണ്ടാക്കിയാല്‍ കാര്യങ്ങള്‍ വളരെ എളുപ്പമാണ്. യെസിനും നോയ്ക്കും ഇടയിലുള്ള എല്ലാ പ്രസക്തമായ ചോദ്യങ്ങളില്‍ നിന്നും രക്ഷപ്പെടാം. ഏകപക്ഷീയ പ്രവണതകളുളള ഏതു ഭരണകൂടത്തിന്റെയും ആരാധകരെന്ന പോലെ കേരളത്തിലെ പിണറായി സര്‍ക്കാര്‍ അനുകൂലികളും ചെയ്യുന്നത് എല്ലാ പ്രശ്നങ്ങളെയും ഒരൊറ്റ ചോദ്യത്തിലേക്ക് ചുരുക്കുകയെന്നതാണ്. പിണറായി രാജി വയ്ക്കേണ്ടതുണ്ടോ? ഇല്ലെങ്കില്‍ പിന്നെ എന്തു പ്രശ്നം? എന്തു ചോദ്യം എന്തുത്തരം?

ദുരിതാശ്വാസനിധി വിനിയോഗത്തില്‍ വീഴ്ചകളുണ്ടോ എന്ന ചോദ്യവും മുഖ്യമന്ത്രി രാജിവയ്ക്കണോ എന്ന ചോദ്യവും ഒന്നല്ല. ഒരു സാഹചര്യത്തിലും രണ്ടു ചോദ്യങ്ങളും ഒന്നാവുകയുമില്ല. പക്ഷേ ആദ്യത്തെ ചോദ്യത്തിനുത്തരം പറയാതെ രണ്ടാമത്തെ ചോദ്യവും ഉത്തരവും ഒന്നിച്ചു പറഞ്ഞാല്‍ എങ്ങനെയിരിക്കും?  ഇതാണ് ഇപ്പോള്‍ കേരളത്തിന്റെ അവസ്ഥ. പ്രസക്തമായ ചോദ്യങ്ങളില്‍ നിന്ന് ഭരണപക്ഷവും ആരാധകരും ഒഴിഞ്ഞു മാറും. പകരം പ്രസക്തമല്ലാത്ത ചോദ്യത്തിന്റെ സുരക്ഷിതത്വത്തില്‍ അഭയം തേടും.  മുഖ്യമന്ത്രി രാജിവയ്ക്കണോ എന്നറിയാന്‍ വേണ്ടി മാത്രമാണ് ഈ വിഷയം ചര്‍ച്ച ചെയ്യപ്പെടുന്നത് എന്നങ്ങ് സ്ഥാപിക്കും. അപ്പോള്‍ പിന്നെ മുഖ്യമന്ത്രി ചെയ്തത് ശരിയാണോ എന്നൊരു ചോദ്യത്തിനുത്തരം വേണ്ട. മന്ത്രിസഭ ചെയ്തതും ചെയ്തുകൊണ്ടിരിക്കുന്നതും ശരിയാണോ എന്ന ചോദ്യത്തിനുത്തരം വേണ്ട. 

ധാര്‍മികത എന്നൊരു പ്രശ്നം ഇതിലെവിടെയെങ്കിലുമുണ്ടോ? പാര്‍ട്ടി നേതാക്കള്‍ക്കോ ആശ്രിതര്‍ക്കോ സഹായം ആവശ്യമാണെന്ന് ബോധ്യമായാല്‍ സഹായം എത്തിക്കുകയെന്നത് പാര്‍ട്ടിയുടെ ചുമതലയാണ്. ആ സഹായം സര്‍ക്കാരിന്റേതാകരുത് , പാര്‍ട്ടിയുടേതാകണം എന്നു മാത്രം. പാര്‍ട്ടി പിരിച്ചെടുക്കുന്നതും സര്‍ക്കാര്‍ സ്വരൂപിക്കുന്നതും ജനങ്ങളില്‍ നിന്നാണ്. പക്ഷേ സര്‍ക്കാരിന്റെ പണവും പാര്‍ട്ടിയുടെ പണവും തമ്മില്‍ വ്യത്യാസമുണ്ട്. ആ വ്യത്യാസം തിരിച്ചറിയുന്നവരാകണം രാഷ്ട്രീയ–ഭരണനേതൃത്വങ്ങളില്‍ എന്നതാണ് പ്രധാനം. അന്തരിച്ച പാര്‍ട്ടി നേതാക്കളുടെ കുടുംബകടം തീര്‍ക്കാനും ദുരിതാശ്വാസനിധിയില്‍ നിന്നു തന്നെ പണമെടുക്കും. ആരാണിവിടെ ചോദിക്കാന്‍ എന്ന നിലപാട് ധാര്‍ഷ്ട്യം മാത്രമാണ്. അനിവാര്യമായതുകൊണ്ടല്ല, അധികാരമുണ്ട് എന്തും ചെയ്യാം എന്ന നിലപാട് ശരിയാണെന്ന് ലോകായുക്ത പറഞ്ഞാല്‍ പോലും അംഗീകരിക്കാവുന്നതല്ല. 

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ദുരുപയോഗം ചെയ്തെന്നാണ് കേസ്. എൻ.സി.പി. നേതാവ് ഉഴവൂര്‍ വിജയന്റെ ചികിത്സാ ചെലവിനൊപ്പം മക്കളുടെ പഠനത്തിനായി  25 ലക്ഷം അനുവദിച്ചതാണ് ആദ്യ ആക്ഷേപം.  മുൻ ചെങ്ങന്നൂര്‍ എം.എൽ.എ കെ.കെ.രാമചന്ദൻ നായരുടെ മകന് ജോലി നൽകിയതിന് പുറമേ കുടുംബത്തിന്റെ കടം തീര്‍ക്കാൻ എട്ടര ലക്ഷം അനുവദിച്ചതും കോടിയേരി ബാലകൃഷ്ണന് അകമ്പടി പോയി വാഹനം അപകടത്തിൽ മരിച്ച പൊലീസുകാരന്റെ കുടുംബത്തിന് ആശ്രിതനിയമനത്തിനൊപ്പം 20 ലക്ഷവും  നൽകിയതും അഴിമതിയും സ്വജനപക്ഷപാതവുമാണെന്നാണ് കേസ്. മുഖ്യമന്ത്രിയടക്കം ഒന്നാം പിണറായി സര്‍ക്കാരിലെ 18 മന്ത്രിമാരും ചീഫ് സെക്രട്ടറിയുമായിരുന്നു എതിര്‍കക്ഷികള്‍.   വിധി പറയാനായി ചേര്‍ന്നതിന് പിന്നാലെ പരാതിയുടെ അടിസ്ഥാനകാര്യങ്ങളില്‍ തന്നെ അഭിപ്രായഭിന്നതയുള്ളതായി ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫും ഉപലോകായുക്ത ജസ്റ്റിസ് ഹാറൂൺ അൽ റഷിദും അറിയിച്ചു. മന്ത്രിസഭയുടെ തീരുമാനം പരിശോധിക്കാനുള്ള അധികാരം ലോകായുക്ത നിയമത്തിന്റെ പരിധിയിൽ വരുമോ എന്നതിലാണ് പ്രധാനതര്‍ക്കം. ആരോപണങ്ങളുടെ നിജസ്ഥിതിയിലും രണ്ടുപേര്‍ക്കും രണ്ട് അഭിപ്രായം. ഇതോടെ ഭിന്നവിധി പോലും പറയാതെ ഹര്‍ജി മൂന്നംഗ ബെഞ്ചിലേക്ക് മാറ്റുകയായിരുന്നു. ന്യായാധിപരില്‍ ആര്‍ക്കാണ് സര്‍ക്കാര്‍ തീരുമാനം തെറ്റെന്ന അഭിപ്രായമുള്ളതെന്നും വ്യക്തമാക്കിയില്ല. അതായത് അടിസ്ഥാനപ്രശ്നത്തില്‍ തീരുമാനമാകാതെയാണ് കേസ് ഇത്ര കാലം ലോകായുക്ത കൈകാര്യം ചെയ്തത് എന്ന സമ്മതമാണ് വിധിയിലുള്ളത്. 2018 സെപ്റ്റംബര്‍ 27നാണ് കേസിനാധാരമായ ഹര്‍ജി ലോകായുക്തയിലെത്തുന്നത്.   2022 ഫെബ്രുവരി അഞ്ചിന് ലോകായുക്തയില്‍ വാദം ആരംഭിച്ചു, മാര്‍ച്ച് 18ന് വാദം പൂര്‍ത്തിയാകുകയും ചെയ്തു. പക്ഷേ ഒരു വര്‍ഷമായിട്ടും വിധി പറയാതെ നീട്ടിക്കൊണ്ടു പോയി. ആ കാലത്ത് കേരളത്തില്‍ എന്തൊക്കെ സംഭവിച്ചു എന്ന് ഇനിയും വിശദീകരിക്കേണ്ടതില്ല. കെ.ടി.ജലീലിന് രാജിവയ്ക്കേണ്ടി വന്ന ലോകായുക്ത വിധിയെത്തുടര്‍ന്ന് സര്‍ക്കാര്‍ ലോകായുക്തയുടെ അധികാരപരിധി തന്നെ വെട്ടിച്ചുരുക്കുന്ന നിയമനിര്‍മാണത്തിലേക്കു പോയി. ഗവര്‍ണറും സര്‍ക്കാരുമായി ഇടക്കാലത്തുണ്ടായ ഏറ്റുമുട്ടലിന്റെ ഫലമായി ബില്‍ ഇതുവരെ നിയമമായിട്ടില്ലെങ്കിലും സര്‍ക്കാരിന്റെ സന്ദേശം വളരെ ഉച്ചത്തിലുള്ളതും വ്യക്തവുമായിരുന്നു. മനസിലാകേണ്ടവര്‍ക്കൊക്കെ അത് മനസിലായിട്ടുമുണ്ട്.  

ലോകായുക്ത ഒരു കേസ് ഫുള്‍ബെഞ്ചിന് വിടുന്നത് അസാധാരണമല്ല. നേരത്തെ പാറ്റൂര്‍ ഫ്ലാറ്റ് നിര്‍മാണകേസും ഫുള്‍ബഞ്ചിനു വിട്ടിട്ടുണ്ട്. എന്നു മാത്രമല്ല ഈ കേസില്‍ തന്നെ ഫുള്‍ബെഞ്ച് വിശദമായ വാദം കേട്ട ശേഷം 2019 ജനുവരി 14ന് ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളതാണ്. പരാതിയില്‍ പ്രഥമദൃഷ്ട്യാ കഴമ്പുണ്ടെന്നും വിശദമായ അന്വേഷണം വേണമെന്നും അന്ന് ജസ്റ്റിസ് പയസ്.സി.കുര്യാക്കോസ് അധ്യക്ഷനായ ലോകായുക്ത ഫുള്‍ബെഞ്ച് തീരുമാനിച്ചു. ഈ ഉത്തരവ് നിലനില്‍ക്കുമ്പോഴാണ് വാദം കഴിഞ്ഞ് ഒരു വര്‍ഷത്തിനു ശേഷം കേസ് നിലനില്‍ക്കുമോ എന്നതില്‍ രണ്ടംഗബെഞ്ചില്‍ ഭിന്നത വരുന്നത്. ഇനി ഫുള്‍ബെഞ്ച് കേസിന്റെ നടപടിക്രമങ്ങള്‍ ഒന്നു മുതല്‍ വീണ്ടും തുടങ്ങണം. 

ഈ സംഭവിച്ചതൊക്കെ കേരളത്തിലായിരുന്നില്ലെങ്കില്‍ സി.പി.എമ്മിന്റെ പ്രതികരണം എന്തായിരിക്കും. ഭരണകൂടസമ്മര്‍ദം, ജുഡീഷ്യറിയുടെ വിധേയപ്പെടല്‍, ജനാധിപത്യത്തിന് ഭീഷണി തുടങ്ങിയ പ്രഖ്യാപിത നിലപാടുകള്‍ സി.പി.എമ്മിനു മാത്രമല്ല നമുക്കൊക്കെ ഇത്തരം സാഹചര്യങ്ങളിലുണ്ട്. യുക്തിസഹമായ ചോദ്യങ്ങളിലേക്കു കടന്നാല്‍ സംവാദം കുറച്ചു ബുദ്ധിമുട്ടായിരിക്കുമെന്നതു കൊണ്ട് ആശ നിരാശ ആക്ഷേപങ്ങളില്‍ അഭിരമിക്കുകയാണ് ഭരണപക്ഷം. അധികാരം എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരമാണെന്ന് വിശ്വസിക്കുന്ന രാഷ്ട്രീയം. അഥവാ അത് രാഷ്ട്രീയം തന്നെയാണോ?

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി വിനിയോഗത്തിന് മാര്‍ഗനിര്‍ദേശങ്ങളേയുള്ളൂ. വ്യക്തമായ ചട്ടങ്ങളോ നിയമമോ രൂപപ്പെടുത്തിയിട്ടില്ല. അതുകൊണ്ട് തന്നെ മന്ത്രിസഭ കൂട്ടായെടുത്ത തീരുമാനം എങ്ങനെ അഴിമതിയാകും എന്നു ചോദിക്കാന്‍ രാഷ്ട്രീയമായ സാധ്യതയുള്ള കേസു തന്നെയാണിത്. പക്ഷേ സ്വജനപക്ഷപാതമാകുമോ എന്നു ചോദ്യം വന്നാല്‍ ഉത്തരം പ്രയാസമാണ്. സാധാരണ മനുഷ്യര്‍ നുള്ളിപ്പെറുക്കി ജീവിതപ്രാരാബ്ധങ്ങള്‍ക്കിടയിലും സ്വരുക്കൂട്ടുന്ന ചെറിയ തുകകള്‍ വച്ച് സമാഹരിക്കുന്ന പണം നേതാക്കളുടെ കുടുംബത്തിന് സാമ്പത്തികബാധ്യത തീര്‍ക്കാന്‍ നല്‍കുന്നതെങ്ങനെ എന്നത് നിയമത്തേക്കാളേറെ രാഷ്ട്രീയചോദ്യം കൂടിയാണ്. എന്തുകൊണ്ട് രാഷ്ട്രീയമായി തീരുമാനിക്കപ്പെടേണ്ട ധാര്‍മികതയുടെ ചോദ്യങ്ങള്‍ കോടതികളിലേക്കെത്തുന്നു  എന്ന ചോദ്യത്തിനും ജനങ്ങളല്ല, നേതൃത്വം തന്നെയാണ് മറുപടി പറയേണ്ടത്. ഞങ്ങള്‍ക്കെന്തുമാകാം എന്ന് അധികാരത്തിലിരിക്കുന്നവര്‍ തീരുമാനിച്ചാല്‍ ജനങ്ങള്‍ നിസഹായരാണ്. ആകെയുള്ളത് ലോകായുക്ത പോലെ നേരിയ സാധ്യതകള്‍ മാത്രം. അധികാരത്തിലിരിക്കുന്നവര്‍ ചോദ്യം ചെയ്യപ്പെടേണ്ടതില്ല എന്നാണ് നിലപാടെങ്കില്‍ അതങ്ങ് തുറന്നുപറഞ്ഞാല്‍ മതിയാകും. നേരത്തെ എം.കെ.മുനീറിനെ സഹായിച്ചതും സി.എച്ചിന്റെ കുടുംബത്തെ സഹായിച്ചതും ഇത്തരം ഫണ്ട് ഉപയോഗിച്ചു തന്നെയാണ് എന്നതൊക്കെയാണ് ഇപ്പോള്‍ സര്‍ക്കാര്‍ അനുകൂലികളുടെ വാദം. അതൊന്നും ചോദ്യത്തിനുള്ള ഉത്തരമല്ല. അതറിയാവുന്നതുകൊണ്ടാണ് പിണറായി രാജിവയ്ക്കാത്തതിലുള്ള നിരാശയല്ലേ എന്ന ജനാധിപത്യവിരുദ്ധതയിലേക്ക് അണികള്‍ ചേക്കേറുന്നത്. 

ഭരണനേതൃത്വം ആഗ്രഹിക്കുന്ന ചോദ്യങ്ങള്‍ മാത്രമേ പിന്തുണയ്ക്കുന്നവര്‍ ചോദിക്കൂ എന്ന അവസ്ഥ ജനാധിപത്യപരമല്ല. ഭരണനേതൃത്വം  മറുപടി പറയേണ്ട എല്ലാ സാഹചര്യങ്ങളിലും രക്ഷിക്കാന്‍ ഓടിയെത്തുന്നത് പാര്‍ട്ടിയും ആരാധകരുമാണ്. വന്‍ഭൂരിപക്ഷത്തില്‍ അധികാരത്തിലിരിക്കുമ്പോഴും കേരളത്തിന്റെ ഭരണനേതൃത്വം ഒരിക്കലും സുതാര്യതയ്ക്ക് വില കല്‍പിച്ചിട്ടില്ല.   സുതാര്യത ജനാധിപത്യത്തില്‍ പ്രധാനമാണെന്ന നിലപാടൊക്കെയുള്ള പാര്‍ട്ടിയാണ് സി.പി.എം. സ്വപ്നസുരേഷ് ഉന്നയിച്ചുകൊണ്ടേയിരിക്കുന്ന ചില ആരോപണങ്ങളില്‍ മുഖ്യമന്ത്രിക്കോ പാര്‍ട്ടിക്കോ പ്രതികരണമില്ല. നിയമനടപടിയുമില്ല. എം.വി.ഗോവിന്ദന് മാത്രമാണ് അക്കാര്യത്തില്‍ മാനനഷ്ടം തോന്നിയിട്ടുള്ളത്.

തന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്ന പദവി ദുരുപയോഗം ചെയ്ത് താന്‍ വിശ്വസിച്ച ഉന്നത ഉദ്യോഗസ്ഥന്‍ സ്വര്‍ണക്കടത്തുകാര്‍ക്കും ലൈഫ് മിഷന്‍ അഴിമതിക്കാര്‍ക്കും ഒത്താശ ചെയ്തതിനെക്കുറിച്ച് സ്വന്തം വിലയിരുത്തലെന്താണെന്ന് ഉത്തരവാദിത്തത്തോടെ മുഖ്യമന്ത്രി ഇതുവരെ സംസാരിച്ചിട്ടില്ല. ലൈഫ് മിഷന്‍ കോഴയുമായി ബന്ധപ്പെട്ട് ഇപ്പോഴും തന്റെ അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറി കേന്ദ്ര ഏജന്‍സികളുടെ ചോദ്യം ചെയ്യലിനു വിധേയനാകുന്നതിനെക്കുറിച്ച് പ്രതികരിച്ചിട്ടില്ല. ഇതൊന്നും താന്‍ വിശദീകരിക്കേണ്ട കാര്യമില്ല എന്ന മുഖ്യമന്ത്രിയുടെ നിലപാടിനെ ചോദ്യം ചെയ്യുന്നതിനു പകരം വേണ്ട, മുഖ്യമന്ത്രി ഒന്നും മിണ്ടണ്ട, ആരും ചോദ്യങ്ങള്‍ ചോദിക്കാതെ ഞങ്ങള്‍ സംരക്ഷിക്കാം എന്ന നിലപാടാണ് പാര്‍ട്ടിയും അണികളും സ്വീകരിച്ചിരിക്കുന്നത്. ജനാധിപത്യത്തെക്കുറിച്ച്,കേന്ദ്രസര്‍ക്കാരിന്റെ ജനാധിപത്യവിരുദ്ധതയെക്കുറിച്ച് ദേശീയ തലത്തില്‍ ചര്‍ച്ച ചെയ്യുന്ന സി.പി.എം. കേരളത്തിലെ സര്‍ക്കാര്‍ അവസാന നിയമസഭാസമ്മേളനത്തില്‍ സ്വീകരിച്ച ജനാധിപത്യവിരുദ്ധ നിലപാട് ചര്‍ച്ചയാക്കാന്‍ ആഗ്രഹിക്കില്ല. കേരളത്തില്‍ ന്യായാധിപന്‍മാര്‍ക്ക് നേരെ ഉയരുന്ന വെല്ലുവിളികളും ഭീഷണികളും ചര്‍ച്ചയാകില്ല. 

മുഖ്യമന്ത്രി രാജിവയ്ക്കുമോ ഇല്ലയോ എന്നത് ഭരണപക്ഷവും പ്രതിപക്ഷവും നിരന്തരം അന്യോന്യം ഉന്നയിക്കുന്ന, ഉന്നയിച്ചുകൊണ്ടേയിരിക്കുന്ന രാഷ്ട്രീയആവശ്യമാണ്. മുഖ്യമന്ത്രി രാജിവയ്ക്കണം എന്ന ആവശ്യം ഭരണപക്ഷത്തിന്  ഉള്‍ക്കിടിലമാകുന്നത്  ഇപ്പോഴാണെന്നു മാത്രം. ഭരണനേതൃത്വത്തിനു നേരെയുള്ള എല്ലാ ചോദ്യങ്ങളുടെയും ഉത്തരം രാജിയില്ല എന്നതില്‍  ഒതുങ്ങില്ല. 

അധികാരത്തിന് ഭീഷണിയില്ലെങ്കില്‍  ചോദ്യങ്ങളില്ലാതെ വരുന്നത് ജനാധിപത്യത്തിന് നല്ല സൂചനയല്ല. അധികാരം കൈക്കൊള്ളുന്ന തീരുമാനങ്ങള്‍ വിശദീകരിക്കപ്പെടുക എന്നത് തിരഞ്ഞെടുത്ത ജനതയുടെ അവകാശമാണ്. രാഷ്ട്രീയചോദ്യങ്ങള്‍ക്കുത്തരം പറയേണ്ടത് കോടതികളുമല്ല. 

MORE IN PARAYATHE VAYYA
SHOW MORE