ഇന്ത്യയില്‍ നീതി കിട്ടേണ്ടത് രാഹുല്‍ ഗാന്ധിക്കല്ല; ജനാധിപത്യത്തിന്..!

paryathe vayya
SHARE

എവിടെ വരെ പോകുമെന്ന് നോക്കാം എന്നു കാത്തിരുന്നവരെയെല്ലാം പ്രധാനമന്ത്രി നരേന്ദ്രമോദിയും ബി.ജെ.പിയും പലവട്ടം അതിശയിപ്പിച്ചിട്ടുണ്ട്. ഓരോ തവണയും മോദി ഭരണകൂടം  ജനാധിപത്യത്തില്‍ പുതിയ താഴ്ചകള്‍ കുറിച്ചു. ഇപ്പോഴത് അവസാനത്തെ ആണികള്‍ അടിച്ചുറപ്പിക്കുന്നു. രാഹുല്‍ ഗാന്ധി പാര്‍ലമെന്റില്‍ നിന്ന് അയോഗ്യനായത് സ്വാഭാവികമാണെന്നും നിയമനടപടി മാത്രമല്ലേയെന്നും അമ്പരപ്പിനിടയിലും വിശ്വസിക്കാന്‍ ശ്രമിക്കുന്ന പാവം മനസുകള്‍ ഇപ്പോഴും ഇന്ത്യയിലുണ്ടെന്നതാണ് മോദി രാഷ്ട്രീയത്തിന്റെ അടിത്തറ. ആത്മവിശ്വാസം. ഇനി അല്‍ഭുതപ്പെടേണ്ടിവരില്ല. അഥവാ ഇനിയെന്തു സംഭവിച്ചാലും അതൊരു അല്‍ഭുതമല്ല . നമ്മുടെ രാജ്യത്ത്  ജനാധിപത്യം അപകടത്തിലാണോ? ഒരിക്കലുമല്ല.  ഇന്ത്യയില്‍ ജനാധിപത്യം വളരെ വളരെ സുരക്ഷിതമാണ്. നരേന്ദ്രമോദി സര്‍ക്കാര്‍ സംരക്ഷിക്കുന്നതിനേക്കാള്‍  നന്നായി നമ്മുടെ  ജനാധിപത്യം സംരക്ഷിക്കാന്‍  സാധ്യമല്ല. പക്ഷേ ഒരു കാര്യം വെളിച്ചത്തായിപ്പോയി, രാഹുല്‍ഗാന്ധിയെ അവര്‍ പേടിക്കുന്നു.  

രാഹുല്‍ ഗാന്ധി ഇപ്പോള്‍ എം.പിയല്ല. വയനാട് ലോക്സഭാമണ്ഡലത്തില്‍  നാലേകാല്‍ലക്ഷത്തിലേറെ വോട്ടിന്റെ  ഭൂരിപക്ഷത്തിന് ജനങ്ങള്‍ തിരഞ്ഞെടുത്ത രാഹുല്‍ഗാന്ധി ഇപ്പോള്‍ എം.പിയല്ല. വയനാട് ലോക്സഭാമണ്ഡലം ഒഴിഞ്ഞു കിടക്കുകയാണെന്ന് ലോക്സഭാ വെബ്സൈറ്റ് പ്രഖ്യാപിച്ചു കഴിഞ്ഞു.  രാഹുല്‍ഗാന്ധി എങ്ങനെയാണ് അയോഗ്യനായത്? നേരിട്ടെഴുതുമ്പോള്‍ വളരെ ലളിതമായ നിയമനടപടിയാണ്. 2019 ലോക്സഭാതിരഞ്ഞെടുപ്പ് കാലത്ത് കര്‍ണാടകയിലെ കോലാറില്‍ രാഹുല്‍ഗാന്ധി ഇങ്ങനെയൊരു പരാമര്‍ശം നടത്തുന്നു.  

പറഞ്ഞതാരെയെന്നും എന്തിനെന്നും കേട്ട ആര്‍ക്കും സംശയമുണ്ടായില്ലെങ്കിലും ഗുജറാത്തിലെ ബി.ജെ.പി. എം.എല്‍.എ , മുന്‍ മന്ത്രി പൂര്‍ണേഷ് മോദി ഈ പരാമര്‍ശത്തില്‍ വേദനിച്ചു. എല്ലാ മോദിമാരെയും അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശത്തിലെ ഹൃദയവേദന ഉന്നയിച്ചുകൊണ്ട് ഗുജറാത്തിലെ സൂറത്ത് കോടതിയില്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യുന്നു. വിചാരണ മുന്നോട്ടു പോകവേ പൂര്‍ണേഷ് മോദി തന്നെ വിചാരണന നീട്ടിവയ്ക്കണമെന്ന് ഹൈക്കോടതിയോട് ആവശ്യപ്പെടുന്നു. 2019ല്‍ ആരംഭിച്ച് തുടരുകയായിരുന്ന കോടതി നടപടികള്‍ പരാതിക്കാരന്റെ ആവശ്യപ്രകാരം 2022 മാര്‍ച്ച് ഏഴിന് സ്റ്റേ ചെയ്യുന്നു. 11 മാസം അനങ്ങാതിരുന്ന ശേഷം കഴിഞ്ഞ മാസം ഫെബ്രുവരി 16ന് ഹര്‍ജിക്കാരന്‍ വീണ്ടും ഹൈക്കോടതിയെ സമീപിച്ച് സ്റ്റേ നീക്കിയെടുക്കുന്നു. ഫെബ്രുവരി 27ന് തന്നെ വിചാരണ വീണ്ടും തുടങ്ങുന്നു. ഒരു മാസം തികയും മുന്‍പ് ഈ മാസം 23ന് കോടതി രാഹുല്‍ഗാന്ധിയെ കുറ്റക്കാരനെന്നു കണ്ടെത്തുന്നു. രണ്ടു വര്‍ഷം തടവിനും പിഴയ്ക്കും ശിക്ഷിക്കുന്നു. കര്‍ണാടകയിലെ പ്രസംഗത്തിന് മാനനഷ്ടക്കേസില്‍ ഗുജറാത്ത് കോടതി പരമാവധി ശിക്ഷയായ രണ്ടു വര്‍ഷം തടവിന് ശിക്ഷിക്കുന്നു. 24 മണിക്കൂര്‍ തികയും മുന്‍പ് ലോക്സഭാ സെക്രട്ടേറിയറ്റ് രാഹുല്‍ഗാന്ധിയെ അയോഗ്യനാക്കി തീരുമാനം പ്രഖ്യാപിക്കുന്നു. എല്ലാം വളരെ സ്വാഭാവികമായി സംഭവിച്ച കാര്യങ്ങളാണ്. വിശ്വസിക്കാന്‍ ചെറിയ പ്രയാസങ്ങളൊക്കെയുണ്ടാകും.  പക്ഷേ സംശയിക്കണ്ട, ഇന്ത്യയില്‍ ജനാധിപത്യം അപകടത്തിലല്ല. ഒരിക്കലുമില്ല.  

ഞങ്ങള്‍ക്കിതില്‍ ഒന്നും ചെയ്യാനില്ലെന്ന് ബി.ജെ.പി. പറഞ്ഞു. വളരെ സത്യമാണ്. ബി.ജെ.പി ഒന്നും ചെയ്തിട്ടില്ല. ഗുജറാത്തിലെ കോടതിയാണ് രാഹുല്‍ഗാന്ധിയെ ശിക്ഷിച്ചത്.  സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലാണ് രാഹുലിന് അയോഗ്യത വന്നത്.  ലോക്സഭാസെക്രട്ടേറിയറ്റാണ് അയോഗ്യത പ്രഖ്യാപിച്ചത്. ബി.ജെ.പി. ഒന്നും ചെയ്തിട്ടില്ല.  ഇതുവരെ എല്ലാം വളരെ ശരിയല്ലേ?  വളരെ വളരെ ശരിയാണ്. മനുഷ്യരുടെ സാമാന്യബോധത്തെയാകെ ആശയക്കുഴപ്പത്തിലാക്കുകയെന്നതും സര്‍വാധികാര ഏകപക്ഷീയരാഷ്ട്രീയത്തിന്റെ ഗെയിമുകളില്‍ ഒന്നാണ്. എല്ലാം മനസിലായാലും പിന്നെയും പിന്നെയും നിയമത്തിന്റെ, സാങ്കേതികതയുടെ ആശയക്കുഴപ്പങ്ങളില്‍ നിയമം എല്ലാവര്‍ക്കും ബാധകമല്ലേ  എന്ന ചോദ്യം അന്തരീക്ഷത്തില്‍ നിലനിര്‍ത്താനാകുന്നതും ഈ ഗെയിമില്‍ ബി.ജെ.പിയുടെ കണക്കില്‍ വിജയമാണ്.  

ഇപ്പോഴുണ്ടായതെല്ലാം വളരെ സ്വാഭാവികമാണ്.  ഗുജറാത്തിലെ കോടതിയില്‍ രാഹുലിനെതിരെ മാനനഷ്ടക്കേസു നടത്തിയിരുന്ന ബി.ജെ.പി. മുന്‍ മന്ത്രി ഒരു വര്‍ഷത്തോളം സ്റ്റേ വാങ്ങി കേസ് നടപടികള്‍ നിര്‍ത്തിവച്ചത് സ്വാഭാവികമാണ്. പാര്‍ലമെന്റില്‍ രാഹുല്‍ഗാന്ധി ഗൗതം അദാനിയുമായുള്ള ബന്ധത്തിന്റെ പേരില്‍ പ്രധാനമന്ത്രി മോദിക്കെതിരെ രൂക്ഷമായ ആക്രമണം നടത്തി ഒരാഴ്ചയ്ക്കുള്ളില്‍ ബി.ജെ.പി. നേതാവ് സ്റ്റേ നീക്കി വിചാരണ പുനരാരംഭിക്കാന്‍ ആവശ്യപ്പെട്ടത് സ്വാഭാവികമാണ്. ഒരു മാസത്തിനുള്ളില്‍ വിധി വന്നത് സ്വാഭാവികമാണ്. ആ കോടതിനടപടികളിലെ അസ്വാഭാവികത സ്വാഭാവികമാണ്. ശിക്ഷ മാനനഷ്ടക്കേസിലെ പരമാവധിയായ രണ്ടു വര്‍ഷം തന്നെയായത് സ്വാഭാവികമാണ്. റെക്കോര്‍ഡ് വേഗത്തില്‍ ലോക്സഭാസെക്രട്ടേറിയറ്റിന്റെ അയോഗ്യതാപ്രഖ്യാപനം സ്വാഭാവികമാണ്. എല്ലാം വളരെ സ്വാഭാവികമാണ്.  

പിന്നെയും എന്തൊക്കെ സ്വാഭാവികതകളുണ്ട് നമ്മുടെ രാജ്യത്ത്? രാഷ്ട്രീയപ്രസംഗത്തിലെ നിര്‍ദോഷപ്രസ്താവനയുടെ പേരില്‍ പ്രതിപക്ഷത്തെ പ്രധാന നേതാവ് എം.പിയല്ലാതാവുന്നത് സ്വാഭാവികമായില്ലേ?. എന്താണ് രാഹുല്‍ ഗാന്ധി ചെയ്ത കുറ്റമെന്ന് ആലോചിച്ചു നോക്കൂ. അദ്ദേഹം വംശഹത്യയുെട പേരില്‍ ആരോപണം നേരിട്ടിട്ടില്ല. വ്യാജ ഏറ്റുമുട്ടലുകളുടെ പേരില്‍ നിയമനടപടി നേരിട്ടിട്ടില്ല, വര്‍ഗീയധ്രുവീകരണത്തിന്റെ പേരില്‍ വിമര്‍ശിക്കപ്പെട്ടിട്ടില്ല. പക്ഷേ രാഹുല്‍ ഗാന്ധി രാഷ്ട്രീയവിമര്‍ശനം ഉയര്‍ത്തിയിട്ടുണ്ട്. ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്നത്തെ ഇന്ത്യയില്‍ ഏറ്റവും വലിയ കുറ്റം അതാണ്, സംസാരിക്കുന്നത് കുറ്റമാണ്, ചോദ്യം ചെയ്യുന്നത് കുറ്റമാണ്.  അയോഗ്യതയ്ക്ക് മതിയായ കാരണങ്ങളാണ്. എല്ലാം വളരെ സ്വാഭാവികമല്ലേ? 

രാഹുല്‍ഗാന്ധി ഒരു കാലയളവ് വരെ ബി.െജ.പിക്കും കേന്ദ്രനേതാക്കള്‍ക്കും പരിഹാസപാത്രമായിരുന്നു. പപ്പു മാത്രമായിരുന്നു. രാഹുല്‍ ഗാന്ധിയും അക്കാലത്തൊക്കെ വളരെ അപക്വമായ പ്രസ്താവനകളും നിലപാടുകളും സ്വീകരിച്ചിട്ടുണ്ട്.  ഈ പറഞ്ഞ വിവാദപരാര്‍മശം പോലും രാഷ്ട്രീയമായി അപക്വമാണ്. ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ നാനാര്‍ഥങ്ങള്‍ മനസിലാകാതെ ആവേശഭരിതനായി രാഹുല്‍ഗാന്ധി നടത്തിയ പല ഇടപെടലുകളിലും അദ്ദേഹം തന്നെ പുലിവാലു പിടിച്ചിട്ടുണ്ട്. നിയമനടപടികളും നേരിട്ടിട്ടുണ്ട്. ഇനിയും ഗുജറാത്തില്‍ തന്നെ രണ്ട് മാനനഷ്ടക്കേസുകള്‍ കൂടി രാഹുലിനെ കാത്തിരിക്കുന്നുമുണ്ട്.പക്ഷേ അത് മാറിയതെങ്ങനെയെന്നത് നമ്മള്‍ കണ്‍മുന്നില്‍ കണ്ടതാണ്.   ഈ അവസാനമൂന്നു നാലു വര്‍ഷങ്ങളില്‍ രാഹുല്‍ ഗാന്ധിയുടെ പരിണാമം തീര്‍ച്ചയായും ബി.െജ.പിക്ക് അസ്വസ്ഥതയുണ്ടാക്കുന്നതായിരുന്നു. നെഹ്റുകുടുംബാംഗം എന്ന ഒരേയൊരു യോഗ്യതയില്‍ നിന്ന് പ്രധാനമന്ത്രിക്കെതിരായ രാഷ്ട്രീയവിമര്‍ശനങ്ങളിലൂടെ അടിത്തട്ടിലെ രാഷ്ട്രീയപ്രവര്‍ത്തനങ്ങളിലൂടെ രാഹുല്‍ നേതാവായി വളര്‍ന്നു. അതിദേശീയതയും അതിവൈകാരികതയുമല്ല രാഷ്ട്രീയം എന്ന നിലപാടിന്റെ പക്വതയില്‍ പ്രധാനമന്ത്രി മോദിക്ക് എതിര്‍പക്ഷത്ത്  ശക്തമായ ചോദ്യങ്ങളുമായി ഉറച്ചു നിന്നു. 

ഭാരത് ജോഡോ യാത്ര രാഹുല്‍ എന്ന കോണ്‍ഗ്രസ് നേതാവിന്റെ സ്വീകാര്യത ദൃശ്യമാക്കി.  ഭാരത് ജോഡോ യാത്ര മാത്രമല്ല ഭരണകൂടത്തെ അസ്വസ്ഥമാക്കിയത്.  ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് ഉയര്‍ത്തിപ്പിടിച്ച് രാഹുല്‍ പാര്‍ലമെന്റില്‍ പ്രധാനമന്ത്രിയോട് ചോദ്യങ്ങള്‍ ചോദിച്ചു. ഒരു ചോദ്യത്തിനുപോലും മറുപടി പറയാനാകാതെ ദേശീയതയുടെ മറ പറ്റി ഓടിയൊളിക്കേണ്ടി വന്നു പ്രധാനമന്ത്രിക്ക്. രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി മോദിക്ക് തീര്‍ത്തും ഒരു തലവേദനയായി മാറിക്കഴിഞ്ഞിരുന്നു. രാഹുല്‍ ഗാന്ധിയെ പാര‍്‍ലമെന്റില്‍ നിന്ന് പുറത്താക്കാന്‍ എത്ര നാളുകളായി തന്നെ ബി.ജെ.പി. ശ്രമിക്കുന്നുണ്ടായിരുന്നു? ഇന്ത്യയില്‍ ജനാധിപത്യം അപകടത്തിലാണെന്ന് വിദേശത്ത് പ്രസ്താവന നടത്തിയതിന്റെ പേരില്‍ പാര്‍ലമെന്റിന്റെ നടപ്പ് സമ്മേളനമാകെ സ്തംഭിപ്പിച്ചതെന്തിനായിരുന്നു? രാഹുല്‍ ഗാന്ധിക്കു മാത്രമായെന്താണ് പ്രത്യേകതയെന്ന് ബി.ജെ.പി. തന്നെ പല ഘട്ടങ്ങളില്‍ വിളിച്ചു പറഞ്ഞിട്ടുണ്ട്.  

ഇന്ത്യയില്‍ ജനാധിപത്യം അപകടത്തിലാണെന്ന് രാഹുല്‍ഗാന്ധി വിദേശത്തു പറഞ്ഞതിന്റെ പേരിലാണ് ഭരണപക്ഷം ഒരു പാര്‍ലമെന്റ് സമ്മേളനമാകെ അലങ്കോലമാക്കുന്ന അസാധാരണകാഴ്ച രാജ്യം കണ്ടത്. പറ‍​ഞ്ഞത് വിശദീകരിക്കാന്‍ പാര്‍ലമെന്റില്‍ അവസരം വേണമെന്ന രാഹുലിന്റെ ആവര്‍ത്തിച്ചുള്ള അഭ്യര്‍ഥനകള്‍ പരിഗണിക്കപ്പെട്ടില്ല. രാഹുലിന് എന്തു പറയാനുണ്ട് എന്ന് ബി.ജെ.പിക്കറിയേണ്ടെന്ന് വ്യക്തമായിരുന്നു. രാഹുല്‍ ഗാന്ധി പറയേണ്ടതില്ല എന്നതില്‍ മാത്രമായിരുന്നു ഊന്നല്‍. ഇന്ത്യയില്‍ ജനാധിപത്യം അപകടത്തിലാണ് എന്ന് രാഹുല്‍ പറഞ്ഞപ്പോള്‍  അതിനെ ചോദ്യം ചെയ്തവരെല്ലാം എന്താണാ അപകടമെന്ന് ഒരു പാര്‍ലമെന്റ് സമ്മേളനകാലം മുഴുവന്‍ കാണുകയായിരുന്നു. അതിനിടയില്‍ പൊലീസിനെ ഉപയോഗിച്ചും അസാധാരണ നടപടികളുണ്ടായി. ഭാരത് ജോഡോ യാത്രയ്ക്കിടെ രാഹുല്‍ ഗാന്ധി നടത്തിയ പ്രസംഗത്തിന് തെളിവ് ആവശ്യപ്പെട്ട് ഡല്‍ഹി പൊലീസ് രാഹുല്‍ ഗാന്ധിയുടെ വീട്ടിലെത്തി.   

നാഷനല്‍ ഹെറള്‍ഡ് കേസിലോടി, രാഹുല്‍ ഗാന്ധിയുടെ പ്രസംഗത്തിനു പിന്നാലെയോടി, ലണ്ടനിലെ പരാമര്‍ശത്തിനു പിന്നാലെയോടി  ഒന്നും ചെയ്യാനാകാതെ ബി.ജെ.പി കിതയ്ക്കുന്നതിനിടെയാണ് ഗുജറാത്ത് കോടതി  ഒരു മാനനഷ്ടക്കേസില്‍ രണ്ടു വര്‍ഷം തടവ് ശിക്ഷ വിധിക്കുന്നത്. ഒരു മിനിറ്റു പോലും പാഴാക്കാതെ ലോക്സഭാസെക്രട്ടേറിയറ്റ് അയോഗ്യത പ്രഖ്യാപിച്ചു. അതിനു മുന്‍പ് തന്നെ രാഹുല്‍ഗാന്ധിയെ പാര്‍ലമെന്റില്‍ നിന്ന് പുറത്താക്കാന്‍ ബി.ജെ.പി ശ്രമം തുടങ്ങിയിരുന്നു. ലണ്ടന്‍പ്രസംഗത്തില്‍ മാപ്പു പറയണമെന്നാവശ്യപ്പെട്ട് പാര്‍ലമെന്റില്‍ കേന്ദ്രമന്ത്രിമാരുടെ നേതൃത്വത്തില്‍ ഇരുസഭകളിലും ആഴ്ചകളായി പ്രക്ഷോഭങ്ങള്‍ നടന്നു. രാഹുലിന്റെ പാര്‍ലമെന്റ് അംഗത്വം റദ്ദാക്കാനുള്ള നടപടിക്രമത്തിന് തുടക്കമിടാന്‍ പാര്‍ലമെന്ററി സമിതി രൂപീകരിക്കണമെന്ന് ബി.ജെ.പി സ്പീക്കര്‍ക്ക് കത്തും നല്‍കി. ഈ കത്ത് സ്പീക്കറുടെ പരിഗണനയിലിരിക്കേ ബി.ജെ.പി നേതാവിന്റെ പരാതിയില്‍ സൂറത്ത് കോടതി രാഹുലിനെ അയോഗ്യനാക്കാന്‍ പര്യാപ്തമായ ഒരു വിധിയുംപുറപ്പെടുവിച്ചു . അത്രയേ സംഭവിച്ചിട്ടുള്ളൂ.  

മോദി സര്‍ക്കാര്‍ നടപടികള്‍ ജനാധിപത്യത്തിനു നേരെയുള്ള ഒരു യുദ്ധപ്രഖ്യാപനം തന്നെയാണ്. ഒരു ജനാധിപത്യമര്യാദയും ഇനി നിലവിലില്ല എന്ന തുറന്ന പ്രഖ്യാപനം. ജനാധിപത്യത്തിന്റെ കരുത്തിനെ, സംവാദശേഷിയെ ജനാധിപത്യത്തിന്റെ തന്നെ പഴുതുകള്‍ കൊണ്ട് നേരിടുന്ന യുദ്ധമാണിത്. ആ യുദ്ധം തിരിച്ചറിയാനുള്ള ശേഷിയും കരുത്തും ഐക്യവും രാഹുല്‍ഗാന്ധിയുടെ പാര്‍ട്ടിക്കുണ്ടോ എന്നത് ഇനി രാജ്യം കാണും. ഇപ്പോള്‍ ദൃശ്യമായ പ്രതിപക്ഷ ഐക്യം ജനാധിപത്യവാദികള്‍ക്ക് പ്രതീക്ഷയാണ്. ഇവിടെ വരെ എത്തിച്ചതില്‍ കോണ്‍ഗ്രസിനുള്ള പങ്ക് തിരിച്ചറിഞ്ഞു തന്നെ ഈ പോരാടത്തില്‍ ആര്‍ക്കൊപ്പം നില്‍ക്കണമെന്ന് നമ്മുടെ ജനാധിപത്യരാജ്യത്തിന് സംശയമുണ്ടാകില്ല.  

രാഹുല്‍ഗാന്ധിക്കു നേരെയുണ്ടായ നടപടി കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട് എന്നത് വസ്തുതതാണ്. ദീര്‍ഘകാലരാഷ്ട്രീയനേട്ടമായി പരിണമിക്കുമെന്ന പ്രതീക്ഷകളൊക്കെ വര്‍ത്തമാനകാലത്തെ പ്രതിസന്ധി നേരിടാന്‍ പര്യാപ്തമൊന്നുമല്ല. കോണ്‍ഗ്രസിന്റെ ഉദാസീനതയും അലംഭാവവും കുറ്റകരമായിരുന്നു എന്നു കൂടി പറയാതെ വയ്യ. സൂറത്ത് കോടതിയില്‍ കേസ് ഗൗരവത്തോടെ കൈകാര്യം ചെയ്യപ്പെട്ടതേയില്ല. രാജ്യത്തെ ഏറ്റവും മികച്ച അഭിഭാഷകരുടെ പട്ടികയില്‍ മുന്നിലുള്ള കോണ്‍ഗ്രസ് നേതാക്കളാണ് എന്നതൊന്നും കേസ് നടത്തിപ്പില്‍ കണ്ടതേയില്ല. രാഹുല്‍ ഗാന്ധിക്കെതിരായ ഒരു കേസ് ശരിയായി കൈകാര്യം ചെയ്യപ്പെടാതിരുന്നാല്‍ ഏതറ്റം വരെ പ്രത്യാഘാതമുണ്ടാകാമെന്നത് കോണ്‍ഗ്രസ് കണക്കിലെടുത്തതേയില്ല.  രാഷ്ട്രീയനേതാക്കളുടെ പരാമര്‍ശം മാനനഷ്ടക്കേസില്‍ പെടുന്നത് ഇതാദ്യമല്ല. പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ ഇത്തരത്തില്‍ ഒരു മാനനഷ്ടക്കേസ് നേരത്തെ നേരിടേണ്ടി വന്നിട്ടുണ്ട്. അതും നെഹ്റുവിനെതിരെ നടത്തിയ പരാമര്‍ശത്തിന്റെ പേരില്‍. അന്ന് കേസു നല്‍കിയത് യൂത്ത് കോണ്‍ഗ്രസ് നേതാവുമായിരുന്നു. എന്നാല്‍ കേസ് കോടതി തള്ളി. ഗുജറാത്തില്‍ നടന്ന പ്രസംഗത്തിന്റെ പേരില്‍ രാജസ്ഥാനില്‍ കേസ് നിലനില്‍ക്കില്ലെന്ന് അന്ന്  രാജസ്ഥാനിലെ  കോടതി നിലപാടെടുത്തു. അതുമാത്രമല്ല ഹര്‍ജിക്കാരന് നെഹ്റുവുമായോ കുടുംബവുമായോ ബന്ധമില്ലെന്നതും  കോടതി കണക്കിലെടുത്തു. നെഹ്റു കുട്ടികള്‍ക്കു വേണ്ടി ഒന്നും ചെയ്തില്ലെന്ന മോദിയുടെ പരാമര്‍ശമായിരുന്നു അന്ന് പരാതിക്കിടയാക്കിയത്. രാജ്യം ശിശുദിനമായി ആചരിക്കുന്നത് നെഹ്റുവിന്റെ ജന്‍മദിനമാണെന്നും നരേന്ദ്രമോദിയുടെ പരാമര്‍ശം മനോവേദനയുണ്ടാക്കുന്നതാണെന്നും ചൂണ്ടിക്കാട്ടിയായിരുന്നു  ഹര്‍ജി. എന്തായാലും അധികാരപരിധിയും ഹര്‍ജിക്കാരന് നേരിട്ട് കേസുമായി ബന്ധമില്ലെന്നതും കണക്കിലെടുത്ത്  അന്ന് ആ ഹര്‍ജി തള്ളപ്പെട്ടു. മാനനഷ്ടക്കേസുകള്‍ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതുകൂടി പ്രധാനമാണ്. ഇന്നിപ്പോള്‍ നിലവില്‍ ബി.ജെ.പി. നേതാവായ ഖുഷ്ബു കോണ്‍ഗ്രസിലായിരുന്നപ്പോള്‍ രാഹുല്‍ഗാന്ധി നടത്തിയതിന് സമാനമായ പരാമര്‍ശം നടത്തിയത് സമൂഹമാധ്യമങ്ങള്‍ ഉയര്‍ത്തിക്കൊണ്ടു വന്നിട്ടുണ്ട്. മോദി എന്ന വാക്കിന്റെ അര്‍ഥം അഴിമതി എന്നാക്കണം എന്നായിരുന്നു ഖുഷ്ബുവിന്റെ ട്വീറ്റ്.  രാഹുല്‍ ഗാന്ധി പിന്നാക്കസമുദായത്തെ ആക്ഷേപിച്ചുവെന്ന് ബി.ജെ.പി പ്രചാരണം നടത്താന്‍ പോകുമ്പോള്‍ ഖുഷ്ബുവിന്റെ പരാമര്‍ശം എന്തു ചെയ്യും?  

രാഹുല്‍ഗാന്ധി നിയമത്തിന് അതീതനാണോ? രാഹുല്‍ഗാന്ധി ഇന്ത്യയില്‍ എന്തെങ്കിലും പ്രത്യേകപരിഗണനയ്ക്ക് അര്‍ഹനാണോ? കോടതി ശിക്ഷിച്ചാല്‍ അയോഗ്യനാകില്ലേ? അയോഗ്യനായാല്‍ പുറത്താക്കേണ്ടേ? നെഹ്റുവിന്റെ പിന്തുടര്‍ച്ചക്കാരനെന്ന് പേടിച്ച് അനങ്ങാതിരിക്കണോ ? ബി.ജെ.പിയുടെ മറുചോദ്യങ്ങളാണ്.  ശരിയല്ലേ എന്ന് ഒറ്റബുദ്ധിയില്‍ തോന്നിക്കുന്ന ചോദ്യങ്ങള്‍ തന്നെയാണ് ബി.ജെ.പി. ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. നെഹ്റു കുടുംബാഗമായതുകൊണ്ടല്ല രാഹുല്‍ഗാന്ധി ഇപ്പോള്‍ ഭരണകൂടത്തിന്റെ കണ്ണിലെ കരടായത്. കഴിഞ്ഞ നാലു വര്‍ഷമായി കേന്ദ്രത്തിനെതിരെ ഏറ്റവും ശക്തമായി ചൂണ്ടുവിരലുയര്‍ത്തുന്ന രാഷ്ട്രീയനേതാവാണ് രാഹുല്‍ഗാന്ധി. പ്രധാനമന്ത്രി മോദിക്കെതിരെ പാര്‍ലമെന്റില്‍ ഏറ്റവും കഠിനമായ ചോദ്യങ്ങള്‍ നേര്‍ക്കുനേര്‍ ഉന്നയിക്കുന്ന രാഷ്ട്രീയനേതാവാണ് രാഹുല്‍ഗാന്ധി. പ്രതിപക്ഷരാഷ്ട്രീയത്തില്‍ രാഹുല്‍ഗാന്ധിക്കുണ്ടായ ഈ പരിണാമം തന്നെയാണ് അദ്ദേഹത്തെ മോദിസര്‍ക്കാരിന്റെ നോട്ടപ്പുള്ളിയാക്കിയത്. എന്തു കടുംവെട്ടു കൊണ്ടാണെങ്കിലും ഈ വ്യക്തി പാര്‍ലമെന്റിലുണ്ടാകരുത് എന്ന് ബി.ജെ.പി. തീരുമാനിച്ചതിന്റെ കാരണം രാഹുല്‍ ഗാന്ധിയുടെ കുടുംബാധിപത്യരാഷ്ട്രീയമല്ല. കര്‍ക്കശമായ ചോദ്യങ്ങള്‍ക്കൊപ്പം രാജ്യത്തിന് വിശ്വാസ്യതയുള്ള കുടുംബപ്പേരു കൂടി ചേരുന്നത് മാരകമായ വെല്ലുവിളിയെന്ന് ബി.ജെ.പിയും പ്രധാനമന്ത്രി മോദിയും തിരിച്ചറിഞ്ഞിരിക്കുന്നു. എഴുതിത്തള്ളിയാലും പരിഹസിച്ച് ആക്ഷേപിച്ചാലും മാഞ്ഞുപോകാത്ത ചില ചോദ്യങ്ങള്‍ രാഹുല്‍ഗാന്ധി ദേശീയ രാഷ്ട്രീയത്തിന്റെ അന്തരീക്ഷത്തില്‍ എഴുതിയിരിക്കുന്നുവെന്ന് മോദി രാഷ്ട്രീയം ശരിയായി മനസിലാക്കിയിരിക്കുന്നു. ഇനി കാല്‍പനികമായ മുന്നറിയിപ്പുകളുടെ കാലമല്ല. പ്രവൃത്തിയുടെയും പ്രതിരോധത്തിന്റെയും കാലത്തിനേ ജനാധിപത്യത്തിലൂടെ അധികാരമേറ്റ ഏകാധിപത്യത്തെ നേരിടാനാകൂ. നിലവിലുണ്ടായിരിക്കുന്ന പ്രതിപക്ഷകൂട്ടായ്മ പ്രതീക്ഷ നല്‍കുന്നതാണ്. രാഹുല്‍ ഗാന്ധിയല്ല ., ജനാധിപത്യമാണ് ലക്ഷ്യമെന്ന് മനസിലായാല്‍ രാഷ്ട്രീയപ്രതിരോധമല്ലാതെ മറ്റൊരു മാര്‍ഗവുമില്ല.    

അപക്വമെന്ന വിമര്‍ശനത്തില്‍ തീരേണ്ട ഒരു പ്രസ്താവനയുടെ പേരില്‍ ജനങ്ങളുടെ തിരഞ്ഞെടുപ്പ് റദ്ദാകുന്ന വൈപരീത്യം നോക്കിനില്‍ക്കുകയാണ് ജനാധിപത്യം. ഭരണകൂടത്തിന്റെ ഇച്ഛയ്ക്കൊത്ത് ദുരുപയോഗിക്കാനുള്ള സാധ്യതകള്‍ നമ്മുടെ ജനാധിപത്യത്തിലുമുണ്ട്. പുരോഗമനസമൂഹത്തില്‍ പരസ്പരം പാലിക്കുന്ന മര്യാദകള്‍ക്കെല്ലാം നമ്മള്‍ ജനാധിപത്യമര്യാദ എന്ന വാക്കുപയോഗിക്കാറുണ്ട്. മോദി ഭരണകൂടം ആ മര്യാദകള്‍ അവസാനിപ്പിച്ചിരിക്കുന്നു. അതുകൊണ്ട് ജനതയ്ക്കു മുന്നിലുള്ള ഒരേയൊരു മാര്‍ഗം രാഷ്ട്രീയപ്രതിരോധം തന്നെയാണ്. ആദ്യമായി നമ്മുടെ പ്രധാന പ്രതിപക്ഷപാര്‍ട്ടികളെല്ലാം സാഹചര്യം തിരിച്ചറിഞ്ഞിരിക്കുന്നു എന്നത് പ്രത്യാശാജനകമാണ്. അദാനി വിവാദം മറ്റെന്തിനേക്കാളേറെ പ്രധാനമന്ത്രിയെയും ബി.ജെ.പിയെയും ഉലയ്ക്കുന്നുണ്ടെന്നത് തെളിഞ്ഞു. ഇതിനു മുന്‍പും പല തവണ രാഹുല്‍ഗാന്ധി  നരേന്ദ്രമോദിയെ തന്നെ ഉന്നംവച്ച് കടുത്ത ആരോപണങ്ങള്‍ ഉയര്‍ത്തിയിട്ടുണ്ട്.  പക്ഷേ അദാനിവിവാദം അങ്ങനെയൊരു മാനാഭിമാനപ്രശ്നം മാത്രമല്ല ബി.ജെ.പിക്കും പ്രധാനമന്ത്രിക്കും. പ്രതിപക്ഷമോ ജനാധിപത്യമോ ഒന്നും അദാനിക്വസ്റ്റ്യനേക്കാള്‍ വലുതല്ല എന്നു ഭരണകൂടം പ്രഖ്യാപിക്കുന്നതാണ് രാജ്യം കാണുന്നത്.  

പ്രതിപക്ഷം രാഹുല്‍ഗാന്ധിക്കൊപ്പം നില്‍ക്കുന്നു. ജനാധിപത്യത്തിനൊപ്പം നില്‍ക്കുന്നു. ഒന്നിച്ചു കോടതിയിലേക്ക് നീങ്ങുവാന്‍ തയാറാകുന്നു. കേന്ദ്ര ഏജന്‍സികള്‍ പ്രതിപക്ഷത്തെ വേട്ടയാടുന്നതിന്റെ വസ്തുവിവരക്കണക്കുമായി കോടതികളില്‍ വാദമുന്നയിക്കുന്നു.  കോടതികളില്‍ നിന്നിറങ്ങി ന്യായാധിപര്‍ നേരെ രാജ്ഭവനുകളിലേക്കും രാജ്യസഭയിലേക്കുമൊക്കെ ചെന്നിരിക്കുന്ന കാലത്തും നമ്മള്‍ ഇന്ത്യന്‍ ജുഡീഷ്യറിയുടെ നീതിബോധമുള്ള പാരമ്പര്യത്തില്‍വിശ്വാസമര്‍പ്പിച്ചു കാത്തിരിക്കുകയാണ്. നീതി കിട്ടേണ്ടത് ജനാധിപത്യത്തിനാണ്. രാഹുല്‍ഗാന്ധിക്കു മാത്രമല്ല. പ്രധാനമന്ത്രിക്കെതിരെ പോസ്റ്ററുകള്‍ പതിച്ചവരെ കസ്റ്റഡിയിലെടുക്കുകയാണ് ഡല്‍ഹിയില്‍. ഹിന്ദുത്വം നുണകളുടെ മുകളിലാണ് കെട്ടിപ്പടുത്തത് എന്ന രാഷ്ട്രീയവിമര്‍ശനത്തിന്റെ പേരില്‍ കന്നട നടന്‍ അറസ്റ്റ് ചെയ്യപ്പെടുകയാണ് കര്‍ണാടകത്തില്‍. പ്രതിപക്ഷനേതാക്കള്‍ മാത്രം അഴിമതിക്കേസുകളിലും ഗൂഢാലോചനകളിലും കേന്ദ്ര ഏജന്‍സികളുടെ കുരുക്കുകള്‍ നേരിടുകയാണ്. അതേസമയം കോടിക്കണക്കിന് ഇന്ത്യക്കാരുടെ ജീവിതസമ്പാദ്യം കൈകാര്യം ചെയ്യുന്ന അദാനി ഗ്രൂപ്പിനു മാത്രം അന്വേഷണങ്ങള്‍ നേരിടേണ്ടവരുന്നില്ല. സാമ്പത്തികത്തട്ടിപ്പുകള്‍ രാജ്യാന്തരതലത്തില്‍ പുറത്തു വന്നിട്ടു പോലും. പ്രധാനമന്ത്രി നരേന്ദ്രമോദിയും അദാനിയും തമ്മിലുള്ള ബന്ധം ഇന്നുവരെ നിഷേധിക്കപ്പെടാത്തത്ര ശക്തമായ ഒന്നാണ്. അതിന്റെ പേരില്‍ ഇന്ത്യന്‍ ഭരണകൂടത്തിന്റെ പക്ഷപാതപരമായ നിലപാടുകള്‍ ചോദ്യം ചെയ്യുമ്പോള്‍ ചോദ്യകര്‍ത്താവിനെ അയോഗ്യനാക്കിയാലും ചോദ്യങ്ങള്‍ക്ക് അയോഗ്യത വരില്ല.  

ചോദ്യങ്ങള്‍ നിശബ്ദമാക്കാന്‍ ബി.ജെ.പി. എവിടെ വരെ പോകുമെന്ന് ഒരിക്കല്‍ കൂടി നമ്മള്‍ കാണുന്നു. പക്ഷേ ഇത്തവണ അതിനൊപ്പം നരേന്ദ്രമോദിയുടെ ബി.ജെ.പി.  എതിരാളിയെ തിരിച്ചറിഞ്ഞിരിക്കുന്നു എന്ന സമ്മതം കൂടി രാഹുല്‍ഗാന്ധിക്കെതിരായ നീക്കങ്ങളിലുണ്ട്.ആരാണ് എതിരാളിയെന്ന് മോദിസര്‍ക്കാര്‍ തന്നെ ചൂണ്ടിക്കാണിക്കുന്നു. മോദി രാഷ്ട്രീയത്തിനൊരു മറുപക്ഷം ഏതാണെന്ന്, എതിര്‍പക്ഷം ഏതാണെന്ന് ബി.ജെ.പി. തന്നെ തിരഞ്ഞെടുത്ത് കാണിച്ചിരിക്കുന്നു. ആരെയാണ് ഭയമെന്ന്,എന്തിനെയാണ് ഏകാധിപത്യരാഷ്ട്രീയം ഭയപ്പെടുന്നതെന്ന് ചൂണ്ടിക്കാണിച്ചു തന്നിരിക്കുന്നു.  സ്വയം തിരിച്ചറിയാത്ത കരുത്ത്  രാഹുല്‍ഗാന്ധിയും കോണ്‍ഗ്രസും തിരിച്ചറിഞ്ഞിട്ടുണ്ടോ എന്നത് വരും ദിവസങ്ങളില്‍ നമ്മള്‍ കാണും. ആ ചോദ്യത്തിന്റെ ഉത്തരം ജനാധിപത്യ ഇന്ത്യയുടെ ഭാവിയും അടയാളപ്പെടുത്തും. 

Parayathe Vayya Discuss about Rahul Gandhi Disqualified

MORE IN PARAYATHE VAYYA
SHOW MORE