ബിജെപി കേരളം ഭരിക്കില്ലെന്ന് ഉറപ്പുണ്ടോ..? മോദിയുടെ വെല്ലുവിളിയുടെ അര്‍ത്ഥം

PARAYATHE-VAYYA
SHARE

ബി.ജെ.പിക്ക് രാജ്യത്തെ ജനങ്ങളെക്കുറിച്ചുള്ള ധാരണ എന്താണെന്നറിയാന്‍ ഓരോ തിരഞ്ഞെടുപ്പിലെയും വോട്ടെണ്ണല്‍ കഴിയുന്നതു വരെ  കാത്തിരുന്നാല്‍ മതി. വോട്ടെണ്ണാന്‍ പോലും കാത്തുനില്‍ക്കാറില്ല, ഇന്ധനത്തിനോ പാചകവാതകത്തിനോ വില കുത്തനെ കൂട്ടിയിരിക്കും.  ബി.ജെ.പി.സര്‍ക്കാര്‍ ഇതു ചെയ്യുമെന്ന് ജനങ്ങള്‍ക്കുമറിയാം, എന്നിട്ടും ഞങ്ങള്‍ തന്നെയാണല്ലോ ജയിക്കുന്നതെന്ന് വടക്കുകിഴക്കന്‍ ജനവിധിക്കു ശേഷം വെല്ലുവിളിക്കുകയും ചെയ്യുന്നു ബി.ജെ.പി. ജനജീവിതം കൂടുതല്‍ ദുരിതത്തിലാക്കുന്ന തീരുമാനങ്ങള്‍ ആവര്‍ത്തിക്കുന്നു.  ജനങ്ങളുടെ സാമാന്യബോധത്തെ പരിഹസിക്കുന്നു. എന്നിട്ടും എന്തു കൊണ്ട് ബി.ജെ.പി. ത്രിപുരയില്‍ പോലും തുടര്‍ഭരണം ഉറപ്പിക്കുന്നു? 

വിലക്കയറ്റത്തില്‍ ജനം നട്ടം തിരിയുന്നു. പലിശ കൂടുന്നു, നികുതി കൂടുന്നു, കേരളത്തില്‍ പ്രത്യേക ഇന്ധനസെസ് , വെള്ളക്കരം കൂടുന്നു. ജീവിതച്ചെലവ് സാധാരണക്കാര്‍ക്ക് താങ്ങാവുന്നതിനേക്കാള്‍ വേഗത്തില്‍ കുതിച്ചുയരുന്നതിനിടെ എങ്ങനെയാണ് പാചകവാതകവില കൂടി കുത്തനെ കൂട്ടാന്‍ ഒരു ജനാധിപത്യഭരണകൂടത്തിന് മനസു വരുന്നത്? അങ്ങനെ നിഷ്കളങ്കമായ ചോദ്യങ്ങളൊന്നും ഇപ്പോള്‍  ജനങ്ങളുടെ മനസില്‍ പോലുമില്ല. കാരണം ഈ പരിപാടി ഇപ്പോള്‍ കൃത്യമായി ആവര്‍ത്തിക്കുന്നതാണ്. തിരഞ്ഞെടുപ്പുകള്‍ അടുത്തു വരുമ്പോള്‍ ഇന്ധന–പാചകവാതകവില സ്തംഭിക്കും. വോട്ടെടുപ്പ്  തീരുന്ന തൊട്ടടുത്ത മണിക്കൂറുകളില്‍ പിടിച്ചു നിര്‍ത്തിയതിന്റെ കൂടി പരുക്ക് തീര്‍ക്കുന്ന വിധം കുത്തനെ കൂട്ടും.  

താമരയ്ക്കു തന്നെ വോട്ടു ചെയ്ത ജനങ്ങളെ കൊഞ്ഞനം കുത്തുന്ന പരിപാടി ബി.ജെ.പി സര്‍ക്കാര്‍ ഇന്നും ഇന്നലെയും തുടങ്ങിയതല്ല.  എന്നിട്ടും ജനപിന്തുണ ഞങ്ങള്‍ക്കാണല്ലോ എന്നാണ് ബി.ജെ.പിയുടെ മറുചോദ്യം. ജനങ്ങള്‍ ഒപ്പമുണ്ടെന്ന് അത്രയും വിശ്വാസമുണ്ടെങ്കില്‍ വോട്ടെടടുപ്പു കഴിയാന്‍ കാത്തുനില്ക്കുന്നതെന്തിനാണ്? അനിവാര്യമായ തീരുമാനമെന്ന് ജനങ്ങള്‍ക്ക് ബോധ്യപ്പെടുമെന്നാണ് ന്യായമെങ്കില്‍ എന്തിനാണ് അതേ ജനങ്ങളെ പരിഹസിച്ചുകൊണ്ട് വോട്ട് പെട്ടിയില്‍ വീണ തൊട്ടടുത്ത മണിക്കൂറില്‍ പാചകവാതകത്തിനു വില കൂട്ടുന്നത്? സര്‍വാധികാരം സര്‍വമര്യാദകളുടെയും അവസാനമാണെന്നു പ്രഖ്യാപിക്കുന്ന രാഷ്ട്രീയസംസ്കാരം ഇന്ത്യയെ എവിടെ വരെയെത്തിക്കും? 

രണ്ടു വര്‍ഷത്തിനുള്ളില്‍ പാചകവാതകത്തിന് 382 രൂപയാണ് കേന്ദ്രസര്‍ക്കാര്‍ വര്‍ധിപ്പിച്ചത്. വാണിജ്യസിലിണ്ടറിന് 556 രൂപയും രണ്ടു വര്‍ഷം കൊണ്ട് കൂട്ടി. ഇപ്പോള്‍ പാചകവാതകവില 1100 രൂപ പിന്നിട്ടു കഴിഞ്ഞു. ഈ വര്‍ധനയില്‍ തന്നെ വഞ്ചനയുടെ വഴി തെളിഞ്ഞു കിടപ്പുണ്ട്. ഗാര്‍ഹിക പാചകവാതകത്തിനു നല്‍കിപ്പോന്നിരുന്ന സബ്സിഡി ആരുമറിയാതെ ഇതിനിടെ പിന്‍വലിച്ചു. തീരുമാനമില്ല, പ്രഖ്യാപനമില്ല, അറിയിപ്പില്ല, വിശദീകരണമില്ല. ഒന്നുമില്ല. അതിലേക്കെത്തിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച മാര്‍ഗത്തില്‍ തന്നെയുണ്ട് കൗടില്യം. ഗാര്‍ഹികസിലിണ്ടറിന് മുഴുവന്‍ തുകയും നല്‍കി വാങ്ങുക, പിന്നീട് സബ്സിഡി ബാങ്ക് അക്കൗണ്ടില്‍ തരുമെന്നായിരുന്നു ആദ്യപരിഷ്കാരം. ഇത് നടപ്പാക്കിയത് 2015ല്‍.  സബ്സിഡി അര്‍ഹരായവര്‍ക്ക് മാത്രം കിട്ടുന്നുവെന്നുറപ്പിക്കാനാണിത് എന്നായിരുന്നു അന്ന് വിശദീകരണം. അഞ്ചുകൊല്ലത്തോളം സബ്സിഡി ബാങ്കില്‍ വന്നു. 2020ല്‍ കോവിഡ് രൂക്ഷമായി, ജനം നിത്യച്ചെലവിന് വഴിയില്ലാതെ പാടുപെടുന്ന കാലത്ത് ഒരറിയിപ്പുമില്ലാതെ സബ്സിഡി ബാങ്കില്‍ വരുന്നത് അങ്ങവസാനിപ്പിച്ചു.  

2020 ജൂണ്‍ മുതല്‍ സബ്സിഡി ബാങ്കില്‍ വന്നിട്ടില്ല. ഇതുവരെ സബ്സിഡി അവസാനിപ്പിച്ചതായി ഒരറിയിപ്പും എവിടെയുമുണ്ടായിട്ടില്ല. പാചകവാതകത്തിന് കാലാകാലങ്ങളിലായി നല്‍കി വന്നിരുന്ന സബ്സിഡ‍ി ഞങ്ങള്‍ നിര്‍ത്തലാക്കിയിരിക്കുവെന്ന് ജനങ്ങളെ അറിയിക്കേണ്ടതുണ്ടെന്ന് സര്‍ക്കാര്‍ കരുതുന്നില്ല. ആ ജനാധിപത്യമര്യാദയില്ലായ്മ തന്നെയാണ് ഓരോ തിരഞ്ഞെടുപ്പുകാലത്തും ബി.ജെ.പി. ജനങ്ങളോടു കാണിക്കുന്നത്.  ഇത്തവണത്തെ പാചകവാതകവിലവര്‍ധനയ്ക്ക് പ്രത്യേകിച്ച് കാരണങ്ങളൊന്നും വിശദീകരിക്കപ്പെട്ടിട്ടില്ല.  ഇപ്പോള്‍ ഇങ്ങനെയൊരു വര്‍ധനയ്ക്ക് ഒരു ന്യായീകരണവുമില്ലെന്നതാണ് വസ്തുത. ഇതുവരെ പറഞ്ഞുകൊണ്ടിരുന്നത് രാജ്യാന്തരവിപണിയിലെ ക്രൂഡ് ഓയില്‍ വിലക്കയറ്റമാണെങ്കില്‍ ഇത്തവണ അതു പറയാനാവില്ല. ക്രൂഡ് വില കുറഞ്ഞു നില്‍ക്കുകയാണ്. കഴിഞ്ഞ ഒരുവര്‍ഷമായി നമ്മുടെ രാജ്യം റഷ്യയില്‍ നിന്ന് ക്രൂഡ് ഇറക്കുമതി ചെയ്യുന്നത് രാജ്യാന്തരവിപണി വിലയേക്കാള്‍ വളരെ കുറഞ്ഞ നിരക്കിലാണ്. ഇന്ത്യയുടെ എണ്ണ ഇറക്കുമതിയില്‍ 40 ശതമാനവും ഇപ്പോള്‍ റഷ്യയില്‍ നിന്നാണു താനും.  കഴിഞ്ഞ മേയിലാണ് ഗാര്‍ഹികസിലിണ്ടര്‍ വില ആയിരം കടന്നത്. അന്ന് ക്രൂഡ് വില 100– 115 ഡോളര്‍ നിരക്കിലായിരുന്നെങ്കില്‍ ഇപ്പോഴത് 80 ഡോളറിലും താഴെയാണ്. റഷ്യയില്‍ നിന്നുള്ള നിരക്കാകട്ടെ 60 ഡോളറും. 

ക്രൂഡ് വില കുറഞ്ഞു നില്‍ക്കുമ്പോഴും പാചകവാതകവില ഉയര്‍ത്തുന്നത് എണ്ണക്കമ്പനികളുടെ ലാഭം ഉയര്‍ത്താന്‍ വേണ്ടി മാത്രമാണ്. മൊത്തലാഭത്തില്‍ കുറവു വരുന്നതോ തിരഞ്ഞെടുപ്പ് കാലത്ത് വില പിടിച്ചു നിര്‍ത്തിയതിന്റെ പേരിലാണെന്ന സര്‍ക്കാര്‍ പ്രായശ്്ചിത്തമാണ് നമ്മള്‍ ഇപ്പോള്‍ ഈ അനുഭവിക്കുന്നത്. അങ്ങനെ കഷ്ടിച്ചാണെങ്കിലും വീണ്ടും കടന്നു കൂടാന്‍ പിന്തുണച്ച ത്രിപുരയിലെ ജനങ്ങള്‍ക്കും അധികാരത്തുടര്‍ച്ചയ്ക്ക് അവസരമൊരുക്കിയ മറ്റു വടക്കുകിഴക്കന്‍ ജനതയ്ക്കും വോട്ടെണ്ണും മുന്‍പേ മോദി സര്‍ക്കാര്‍ പ്രത്യുപകാരം ചെയ്തു. എന്തൊക്കെ ചെയ്താലും എണ്ണവിലയും പാചകവാതകവിലയും കുത്തനെ നിന്നിട്ടും എന്തുകൊണ്ട് ബി.ജെ.പി. ജയിക്കുന്നു?  അജയ്യരാണ് ബി.ജെ.പി എന്നാണോ ഈ മൂന്നു സംസ്ഥാനങ്ങളിലെയും വിധി തെളിയിക്കുന്നത്?  

കേവലഭൂരിപക്ഷത്തേക്കാള്‍ രണ്ടു സീറ്റധികം നേടി ബി.ജെ.പി. സര്‍ക്കാര്‍ തുടര്‍ഭരണം ഉറപ്പിച്ചിട്ടും ത്രിപുരയെക്കുറിച്ച് സി.പി.എം ഇങ്ങനെ വിശദീകരിക്കുമ്പോള്‍ അത് തമാശയായി തോന്നും. പക്ഷേ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബി.ജെ.പി. ജയം ആവര്‍ത്തിച്ചെങ്കിലും തിരഞ്ഞെടുപ്പ് ഫലം പ്രതിപക്ഷത്തെ പൂര്‍ണമായി തള്ളിക്കളയുന്നതല്ല. ഒരു സീറ്റു പോലുമില്ലാതിരുന്ന ത്രിപുരയില്‍ ഒറ്റയടിക്ക് അറുപതില്‍ 36 സീറ്റു നേടി കഴിഞ്ഞ തവണ അധികാരത്തിലേറിയ ബി.െജ.പിക്ക് ഇത്തവണ സീറ്റിലും വോട്ടുവിഹിതത്തിലും കുറവാണുണ്ടായത്.  മേഘാലയയില്‍ എന്തും സംഭവിക്കാമെന്ന നിലയിലാണ് കാര്യങ്ങള്‍ ഇപ്പോഴും നില്‍ക്കുന്നത്.മേഘാലയയില്‍ എല്ലാ സീറ്റിലും ഒറ്റയ്ക്ക് മല്‍സരിച്ച ബി.ജെ.പിക്ക് കഴിഞ്ഞ തവണത്തെ രണ്ടില്‍ തന്നെ ഒതുങ്ങേണ്ടി വന്നു. തൊട്ടുപിന്നാലെ തിര‍ഞ്ഞെടുപ്പ് കാലത്ത് രാജ്യത്തെ ഏറ്റവും അഴിമതി സര്‍ക്കാരെന്ന് അമിത് ഷാ വിശേഷിപ്പിച്ച മുന്‍ സഖ്യകക്ഷിക്കു പിന്നാലെ ഓടാനും ബി.ജെ.പിക്ക് മടിയൊന്നുമുണ്ടായില്ല.  

നാഗാലാന്‍ഡില്‍ പക്ഷേ ബി.ജെ.പി. ഒരു സീറ്റില്‍ നിന്ന് 12 സീറ്റായി. 90 ശതമാനം ക്രിസ്ത്യന്‍വിഭാഗത്തിനു വോട്ടുള്ള സംസ്ഥാനമാണ് നാഗാലാന്‍ഡ്. ആ ആത്മവിശ്വാസത്തിലാണ് പ്രധാനമന്ത്രിയുടെ വാക്കുകള്‍. പക്ഷേ പ്രതിപക്ഷം തീര്‍ത്തും നിരാശരാകേണ്ട വിധിയല്ല മൂന്ന് സംസ്ഥാനങ്ങളിലുമുണ്ടായതെന്ന് വ്യക്തമാണ്. 2016ലാണ്  ബി.ജെ.പിയുടെ വടക്കുകിഴക്കന്‍ ആധിപത്യത്തിന് തുടക്കം കുറിക്കുന്നത്. ന്യൂനപക്ഷങ്ങളും സങ്കീര്‍ണമായ രാഷ്ട്രീയ–സാംസ്കാരിക പ്രത്യേകതകളുമുള്ള സംസ്ഥാനങ്ങളില്‍ അതു വരെ ബി.ജെ.പിക്ക് കാര്യമായ ഒരു സ്വാധീനവുമുണ്ടായിരുന്നില്ല. 2016ല്‍ അസം പിടിച്ചു, പിന്നെ ത്രിപുര, മണിപ്പൂര്‍, അരുണാചല്‍ പ്രദേശ്, ഒപ്പം നാഗാലാന്‍ഡ്, മേഘാലയ തുടങ്ങി സഖ്യഭരണവും. ഇത്തവണ കോണ്‍ഗ്രസും സി.പി.എമ്മും കൈകോര്‍ത്തിട്ടും ബി.ജെ.പിയെ പിടിച്ചുനിര്‍ത്താനായില്ല. പക്ഷേ തിപ്രമോത്തയുടെ വരവും ഓരോ സീറ്റിലും അവരുടെ സാന്നിധ്യമുണ്ടാക്കിയ സ്വാധീനവും വച്ചു നോക്കുമ്പോള്‍ പ്രതിപക്ഷം തകര്‍ന്നടിഞ്ഞിട്ടില്ല. ആകെ പ്രതിപക്ഷത്തിന് ബി.ജെ.പിയേക്കാള്‍ മുന്നില്‍ 56 ശതമാനം വോട്ടുണ്ടെന്ന് സി.പി.എം ചൂണ്ടിക്കാണിക്കുന്നു.  

ത്രിപുരയില്‍ ഇടതുസഖ്യത്തെ പരാജയപ്പെടുത്തിയത് തിപ്രമോത്തയാണ്. ബി.ജെ.പിയുടെ 36 സീറ്റ് 32 ആയി ചുരുക്കിയതിലും മോത്തയ്ക്കു പങ്കുണ്ടെങ്കിലും പല മണ്ഡലങ്ങളിലും വിജയിക്കാന്‍ ബി.ജെ.പിയെ സഹായിച്ചതും തിപ്രമോത്ത വിഭജിച്ച പ്രതിപക്ഷവോട്ടുകളാണെന്നു കണക്കില്‍ വ്യക്തം. ത്രിപുരയില്‍ ഇടത്–കോണ്‍ഗ്രസ് സഖ്യം പണിപ്പെട്ട് പണിയെടുത്തിരുന്നു. പക്ഷേ കോണ്‍ഗ്രസിന്റെ കേന്ദ്രനേതാക്കളോ നെഹ്റു കുടുംബാംഗങ്ങളോ പ്രചാരണത്തിനെത്താതെ തന്നെ ത്രിപുരയില്‍ മൂന്ന് സീറ്റില്‍ കോണ്‍ഗ്രസ് ജയിച്ചു. ഒരു മണ്ഡലം പോലും നിര്‍ണായകമാണെന്നു കാണുന്ന ബി.ജെ.പിക്കു മുന്നിലാണ് സംസ്ഥാനതിര‍ഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് ഇപ്പോഴും നിസംഗത പുലര്‍ത്തുന്നത്. ഹിമാചലിലും കേന്ദ്രനേതൃത്വമല്ല കോണ്‍ഗ്രസിനെ ജയിപ്പിച്ചത്. ഉപതിരഞ്ഞെടുപ്പുകളിലും പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വത്തിന്റെ കഠിനമായ പ്രവര്‍ത്തനം ഫലം കണ്ടു. ബംഗാളിലും മഹാരാഷ്ട്രയിലും ഉപതിരഞ്ഞെടുപ്പിലെ ജയം കോണ്‍ഗ്രസിനെ തന്നെ ഞെട്ടിക്കും വിധമായി. ത്രിപുരയിലും ബംഗാളിലും നിയമസഭയിലേക്കു തന്നെ കോണ്‍ഗ്രസിന്റെ തിരിച്ചുവരവാണ് മാര്‍ച്ച് രണ്ടിനുണ്ടായത് . ആ ഗൗരവത്തില്‍ പാര്‍ട്ടി തിര‍ഞ്ഞെടുപ്പുകളെ സമീപിച്ചോ എന്നത് ഗൗരവമുള്ള ചോദ്യം.  

പൂര്‍ണമായും ബി.ജെ.പിയിലേക്കു ചോര്‍ന്നു പോയ ത്രിപുരയിലെ കോണ്‍ഗ്രസിന്റെ വോട്ടുകള്‍ തിരിച്ചുപിടിക്കാന്‍ ഇടതുസഖ്യം പാടുപെട്ടു ശ്രമിച്ചു. അതിനു ഫലവുമുണ്ടായി എന്നാണ് ത്രിപുര കണക്ക്. കോണ്‍ഗ്രസ് പൂജ്യത്തില്‍ നിന്ന് മൂന്നു സീറ്റിലേക്കും രണ്ടു ശതമാനം പോലുമില്ലാതിരുന്നു വോട്ടു വിഹിതം 9 ശതമാനത്തിലേക്കും എത്തി. തിപ്രമോത്തയില്ലായിരുന്നുവെങ്കില്‍ 12 സീറ്റു കൂടി ഇടതു–കോണ്‍ഗ്രസ് സഖ്യത്തിനു ലഭിച്ചേക്കാമായിരുന്നു തിരഞ്ഞെടുപ്പ് ഫലത്തില്‍ വ്യക്തമാണ്. എന്നുവച്ചാല്‍ പതിനാലും പന്ത്രണ്ടും 26 പിന്നെ തിപ്രമോത്തയുടെ 13 സീറ്റും. ത്രിപുരയില്‍ ജനം ബി.ജെ.പിയെ  സുസ്വാഗതം ചെയ്ത് വിജയിപ്പിക്കുകയായിരുന്നില്ല എന്ന് വ്യക്തം. നാഗാലാന്‍ഡും മേഘാലയയും കൂടി സൂക്ഷ്മമായി പരിശോധിക്കുമ്പോള്‍ പ്രതിപക്ഷത്തിന്റെ തന്ത്രങ്ങള്‍ കൃത്യമായാല്‍ വോട്ടു ചെയ്യാന്‍ ജനം തയ്യാറാണ് എന്നത് പ്രകടമാണ്. അതുകൊണ്ടു തന്നെ ഈ മൂന്നിടങ്ങളില്‍ നിന്നും കോണ്‍ഗ്രസ് എന്തു പഠിക്കുന്നുവെന്നത് നിര്‍ണായകവുമാണ്. 

വടക്കുകിഴക്കന്‍ വിധിയുടെ ആത്മവിശ്വാസത്തില്‍ പ്രധാനമന്ത്രി നടത്തിയ വെല്ലുവിളി കേരളത്തെക്കുറിച്ചാണ്. അടുത്തത് കേരളമാണ്. നേരത്തെയും പറഞ്ഞിട്ടുണ്ടാകാം. പക്ഷേ കേരളം ഭരിക്കുന്ന ബി.ജെ.പി അസംഭവ്യമായ ഒരു വെല്ലുവിളിയാണോ? എന്തുകൊണ്ട് കേരളത്തില്‍ ബി.ജെ.പി. ജയിക്കുന്നില്ല എന്നതിന് കാലാകാലമായി ഒരേ ഉത്തരം മതിയാകുമോ? ചോദ്യവും ഉത്തരവും കേരളം പുതുക്കുന്നുണ്ടോ., തിരിച്ചറിയുന്നുണ്ടോ? പ്രധാനമന്ത്രി നരേന്ദ്രമോദി വിജയാഹ്ലാദത്തില്‍ വെറുതേ അങ്ങു പറഞ്ഞതല്ലെന്നൊരു തോന്നല്‍ ഇത്തവണ കേരളത്തിലുണ്ടായി. കാരണം ത്രിപുരയിലേത് ഒറ്റത്തവണ അല്‍ഭുതമായിരുന്നില്ല എന്നു വ്യക്തമാക്കുന്ന വിജയമാണ് തിളക്കം കുറഞ്ഞെങ്കിലും ബി.ജെ.പി നേടിയത്. അപ്പോള്‍ എന്താണ് ബി.െജ.പിയുടെ കേരളാപ്രോജക്റ്റ് എന്ന ചോദ്യം ഇപ്പോള്‍ നിസാരമല്ല.  

കേരളത്തിലെ ജനതയുടെ പ്രാതിനിധ്യസ്വഭാവം തന്നെ ബി.ജെ.പിയുടെ ആത്മവിശ്വാസത്തിന് ആദ്യതടസമാണ്. പക്ഷേ കേരളത്തിലെ ബി.ജെ.പിക്ക് ആത്മവിശ്വാസം വര്‍ധിക്കുന്നത് സ്വാഭാവികം. കേരളത്തിലെ പല തിരഞ്ഞെടുപ്പുകളിലായി 13 ശതമാനം മുതല്‍ 20 ശതമാനം വരെ വോട്ടാണ് ബി.ജെ.പി. നേടിയിട്ടുള്ളത്. പക്ഷേ ബി.ജെ.പിക്ക് നിലവിലെ ദേശീയ രാഷ്ട്രീയസാഹചര്യത്തില്‍ കേരളത്തില്‍ ഇരുപതു ശതമാനത്തില്‍ കൂടുതല്‍ പിന്തുണയുണ്ടെന്നത് ആര്‍ക്കും തിരിച്ചറിയാവുന്ന യാഥാര്‍ഥ്യമാണ്. പക്ഷേ  ബി.ജെ.പി. സംസ്ഥാനനേതൃത്വത്തിന്റെ പ്രശ്നങ്ങള്‍ മുതല്‍ കേരളജനതയുടെ ഉറച്ച രാഷ്ട്രീയബോധ്യങ്ങള്‍ വരെ പ്രതിബന്ധങ്ങളുടെ നിരയ്ക്ക് കരുത്തും ദാര്‍ഢ്യവും കൂടുതലായതുകൊണ്ട്  ബി.ജെ.പിക്ക് തിരഞ്ഞെടുപ്പ് നേട്ടമുണ്ടാക്കാനാകുന്നില്ല.  എന്താണ് കേരളത്തില്‍ ബി.ജെ.പിയുടെ പ്രതീക്ഷയുടെ അടിസ്ഥാനം? അടുത്തത്് കേരളമെന്ന് വാശിയോടെ ബി.ജെ.പി തീരുമാനിച്ചാല്‍ പ്രതിരോധിക്കാന്‍ എന്താണുള്ളത്? കേരളത്തിന്റെ ആത്മവിശ്വാസവും ഉറപ്പും എത്രമാത്രം അടിത്തറയുള്ളതാണ്? ത്രിപുരയും ബംഗാളും പോലും ബി.ജെ.പിക്കു മുന്നില്‍ വഴിമാറുമ്പോള്‍ കേരളത്തിന്റെ കരുത്തെന്താണ്? അതോ ഇതെല്ലാം കാതലില്ലാത്ത വിശ്വാസം മാത്രമാണോ?  

പ്രതിപക്ഷരാഷ്ട്രീയത്തിന്റെ ആശയവ്യക്തതയാണ് ബി.ജെ.പിയെ ചെറുത്തുനില്‍ക്കുന്ന എല്ലാ രാഷ്ട്രീയപാര്‍ട്ടികളുടെയും കരുത്ത്. കേരളത്തിലും ബി.ജെ.പിയെ ചെറുക്കേണ്ടതെങ്ങനെ, എന്തുകൊണ്ട്, എപ്രകാരം എന്നതില്‍ ഇവിടത്തെ രാഷ്ട്രീയമുന്നണികള്‍ക്കും ജനങ്ങള്‍ക്കും ഒരു പോലെ വ്യക്തതയുണ്ട്. പക്ഷേ വളരെ കസ്റ്റമൈസ്ഡ് രാഷ്ട്രീയതന്ത്രങ്ങളാണ്  ഓരോ സംസ്ഥാനത്തും ബി.ജെ.പി. പ്രയോഗിക്കുന്നത് എന്നത് യാഥാര്ഥ്യമാണ്. 51 തവണ പ്രധാനമന്ത്രി നരേന്ദ്രമോദി വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ സന്ദര്‍ശനം നടത്തി. വന്‍വികസപദ്ധതികള്‍ ഒന്നിനു പിന്നാലെ ഒന്നായി പ്രഖ്യാപിക്കപ്പെട്ടു. പൗരത്വഭേദഗതി നിയമത്തിനെതിരെ വന്‍പോരാട്ടം നടത്തിയവരെ വരെ ബി.െജ.പി. ഒപ്പം നിര്‍ത്തി. ഉത്തര്‍പ്രദേശിലെയോ മറ്റു ഭൂരിപക്ഷാധിപത്യമുള്ള സംസ്ഥാനങ്ങളിലെയോ ധ്രുവീകരണരാഷ്ട്രീയം വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പുറത്തെടുത്തതേയില്ല  എന്നതും ശ്രദ്ധേയം.  അവിടെ പശുരാഷ്ട്രീയമില്ല, ന്യൂനപക്ഷവിരുദ്ധ രാഷ്ട്രീയമില്ല. ജനതയ്ക്കു സ്വീകാര്യമാകുന്ന , മറ്റെല്ലാം മറക്കാന്‍ പ്രേരിപ്പിക്കുന്ന വികസനരാഷ്ട്രീയം മാത്രം.  

വികസനരാഷ്ട്രീയം വേണ്ടേ എന്ന വെല്ലുവിളി ഗോവയിലും വടക്കുകിഴക്കന്‍ ന്യൂനപക്ഷമേഖലകളിലും ബി.ജെ.പിയെ ജയിപ്പിച്ച വെല്ലുവിളി  കേരളം പോലൊരിടത്ത് പെട്ടെന്നൊന്നും വലിയ സ്വാധീനമുണ്ടാക്കില്ല. പക്ഷേ കേരളത്തിലെ സര്‍ക്കാരും ഇപ്പോള്‍ എല്ലാ ജനവിരുദ്ധനയങ്ങളെയും ന്യായീകരിക്കാന്‍ വികസനരാഷ്ട്രീയമെന്ന വാദമാണ് ഏറ്റവും പ്രധാനമെന്ന് സ്ഥാപിച്ചിട്ടുണ്ട്. വഴിയില്‍ കാണുന്ന വികസനമാണ് രാഷ്ട്രീയതീരുമാനത്തിന്റെ അടിസ്ഥാനമാകേണ്ടതെന്ന പ്രതീതി കേരളത്തിലും വേരുറപ്പിക്കുന്നുണ്ട്. കേരളം മതേതരത്വത്തില്‍ വിട്ടു വീഴ്ച ചെയ്യില്ലെന്നുറപ്പ്. ആരു ഭരിക്കണം, ആരെ തിരഞ്ഞെടുക്കണം എന്ന കാര്യത്തില്‍ കേരളത്തിലെ വോട്ടര്‍മാരുടെ വ്യക്തത അവര്‍ക്കു മുന്നിലുള്ള ബി.ജെ.പി. ബദലുകള്‍ക്ക് അത്രമേല്‍ ഉറപ്പുള്ളതുകൊണ്ടു കൂടിയാണ്. ഇടതുപക്ഷമായാലും കോണ്‍ഗ്രസ് മുന്നണിയായാലും കേരളത്തിന്റെ പൊതുബോധത്തിനനുസൃതമായ രാഷ്ട്രീയകാഴ്ചപ്പാടുകളും ഒപ്പം വികസനമുന്നേറ്റവും ഉയര്‍ത്തിപ്പിടിച്ചാണ് മുന്നോട്ടു പോകുന്നത്. അതിനൊപ്പം നില്‍ക്കുന്ന ജനതയുടെ നിലപാട്  തീര്‍ത്തും ലോലമായ ആടിയുലയുന്ന രാഷ്ട്രീയമെന്നു കരുതാനാകില്ല. 

പക്ഷേ ബി.ജെ.പി. ആഞ്ഞുപിടിച്ചാല്‍ ഇളകാത്ത അടിത്തറ ഇപ്പോഴുമുണ്ടോ എന്ന് മുന്നണികള്‍ വിലയിരുത്തുക തന്നെ വേണം. പഴുതുകളില്‍ പരിഹാരവുമുണ്ടാകണം. ഒന്നിച്ചൊരു രാഷ്ട്രീയകൂറുമാറ്റമല്ല, പിടിച്ചെടുത്ത സംസ്ഥാനങ്ങളിലൊന്നും ബി.ജെ.പിക്ക് അധികാരം നല്‍കിയത്. മറുപക്ഷത്തെ വോട്ടുകള്‍ പലവഴിക്ക് ഭിന്നിപ്പിക്കുകയും പുതിയ കക്ഷികളെ അവതരിപ്പിച്ചും ജയിച്ച മോഡലുകളാണ് ബി.ജെ.പിയുടെ ആത്മവിശ്വാസം.  അടുത്തത് കേരളമാണ് എന്ന് പ്രധാനമന്ത്രി പറയുമ്പോള്‍ നടക്കില്ല എന്ന വൈകാരികമായ ആത്മവിശ്വാസം മാത്രം പോര. നിലവില്‍ ബി.ജെ.പിയെ തടഞ്ഞുനിര്‍ത്തുന്നതെന്ത് എന്നു വ്യക്തമായി മനസിലാക്കണം, വീണ്ടും വീണ്ടും വിലയിരുത്തണം. ആ നിലപാടെടുക്കാന്‍ കേരളത്തെ സഹായിക്കുന്ന ജനാധിപത്യഅടിത്തറ കൂടുതല്‍ ശക്തിപ്പെടുത്തണം. മാനുഷികവും മതേതരവുമായ മൂല്യങ്ങളെ ബഹുമാനത്തോടെ സമീപിക്കുന്ന രാഷ്ട്രീയസംസ്കാരത്തിന് കരുത്തു പകരണം. ഇതൊന്നും രാഷ്ട്രീയപാര്‍ട്ടികള്‍ മാത്രം ചെയ്യേണ്ടതല്ലെങ്കിലും ജനാധിപത്യത്തോടും മതേതരരാഷ്ട്രീയത്തോടും സ്വാതന്ത്ര്യബോധത്തോടും എത്രമാത്രം നീതി പുലര്‍ത്തുന്നുണ്ട് എന്ന് സ്വയം വിലയിരുത്തേണ്ടത് കേരളത്തിലെ രാഷ്ട്രീയനേതൃത്വം തന്നെയാണ്. പ്രത്യേകിച്ച് നിലവിലെ ഭരണകൂടരാഷ്ട്രീയം. 

MORE IN PARAYATHE VAYYA
SHOW MORE