
മനുഷ്യചരിത്രത്തില്‍ തന്നെ ഹീനമെന്ന് അടയാളപ്പെടുത്താവുന്ന ബില്‍ക്കീസ് ബാനു കേസിലെ പ്രതികളെ വെറുതെ വിട്ട ബി.ജെ.പി. രാഷ്ട്രീയം എന്താണ് ഇന്ത്യയോട് പറയുന്നത്? നിയമം ശിക്ഷിച്ചാലും ഇന്ത്യയില്‍ നടപ്പാകാന്‍ പോകുന്നത് തങ്ങള്‍ തീരുമാനിക്കുന്ന നീതിയാണെന്ന് ഒരു മറയുമില്ലാതെ സംഘപരിവാര്‍ തുറന്നു പ്രഖ്യാപിക്കുന്നത് നമ്മുടെ രാജ്യം കേള്‍ക്കുന്നതെങ്ങനെയാണ്? അധികാരം, സമ്പൂര്‍ണാധികാരം എന്ന ആര്‍ത്തി മൂത്ത രാഷ്ട്രീയഅശ്വമേധത്തിനു മുന്നില്‍ ഇന്ത്യന്‍ പൗരസമൂഹം ഇത്രമേല്‍ നിസഹായരാണോ? ശരിക്കും മനുഷ്യത്വം എന്ന അടിസ്ഥാനവികാരം കൂടി നമ്മള്‍ ഉപേക്ഷിച്ചു കഴിഞ്ഞോ?
ഗുജറാത്ത് കലാപകാലത്ത് മനുഷ്യമനഃസാക്ഷിയെ മരവിപ്പിച്ച കുറ്റകൃത്യത്തിന്റെ ഇരയാണ് ബില്‍ക്കിസ് ബാനു. 5 മാസം ഗര്‍ഭിണിയായിരുന്ന 21 കാരി ബില്‍ക്കിസ് ബാനു കലാപത്തിനിടെ കൂട്ടബലാല്‍സംഗത്തിന് ഇരയാക്കപ്പെട്ടു. മൂന്നരവയസുകാരിയായ മകളടക്കം ഉറ്റബന്ധുക്കളായ 7 പേരെ കലാപകാരികള്‍ കൊലപ്പെടുത്തി. 11 പ്രതികളെയാണ് ബില്‍ക്കിസ് ബാനു കേസില്‍ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. ഈ പൈശാചികകൃത്യം നടത്തിയ 11 പേരെയാണ് ഈ സ്വാതന്ത്ര്യദിനത്തില്‍ ഗുജറാത്ത് സര്‍ക്കാര്‍ ശിക്ഷാ ഇളവ് നല്‍കി വിട്ടയച്ചത്. പ്രതികള്‍ 14 വര്‍ഷം ശിക്ഷ പൂര്‍ത്തിയാക്കിയ സാഹചര്യത്തില്‍ ഗുജറാത്ത് സര്‍ക്കാര്‍ രൂപീകരിച്ച പ്രത്യേക പാനലിന് മുന്‍പാകെയെത്തിയ അപേക്ഷ പരിഗണിച്ചാണ് ഇളവ് നല്‍കിയതെന്ന് ഗുജറാത്ത് സര്‍ക്കാര്‍ വിശദീകരിക്കുന്നു. പ്രതികളുടെ പ്രായം, കുറ്റകൃത്യത്തിന്റെ സ്വഭാവം, ജയിലിലെ പെരുമാറ്റം എന്നിവ കൂടി കണക്കിലെടുത്താണ് തീരുമാനമെന്നും ന്യായീകരണത്തിലുണ്ട്. ഗോധ്ര ട്രെയിന്‍ ദുരന്തത്തിനു ശേഷം
ഗുജറാത്തിലാകെ കലാപം കത്തിപ്പടര്‍ന്നതോടെ രാധിക്പൂരിലെ ഗ്രാമത്തില്‍ നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ ചപ്പര്‍വാഡ് ഗ്രാമത്തില്‍ വച്ചാണ് ബില്‍ക്കിസ് ബാനു ഹീനമായ ആക്രമണത്തിന് ഇരയായത്. ക്രൂരമായ ആക്രമണത്തിനു ശേഷം ബോധം വീണ്ടെടുത്തയുടന്‍ ബില്‍ക്കിസ് ബാനു തൊട്ടടുത്തുള്ള പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി. പക്ഷേ പരാതി രേഖപ്പെടുത്തുന്നതില്‍ പോലും വന്‍ക്രമക്കേടുണ്ടായി. ഒടുവില്‍ ദേശീയമനുഷ്യാവകാശകമ്മിഷന്റെ പിന്തുണയില്‍ സുപ്രീംകോടതി ഇടപെടല്‍ വരെയുണ്ടായ ശേഷമാണ് കേസ് സുതാര്യമായ നടപടികളിലേക്കെത്തിയത്. അന്നു മുതല്‍ തുടങ്ങിയ വര്‍ഷങ്ങള്‍ നീണ്ട നിയമയുദ്ധത്തിനൊടുവിലാണ് 11 പ്രതികള്‍ക്കും ശിക്ഷ ലഭിക്കുന്ന സാഹചര്യമുണ്ടായത്. ഗുജറാത്തില്‍ വച്ച് വിചാരണ നടന്നാല്‍ കേസ് അട്ടിമറിക്കപ്പെടുമെന്ന ബാനുവിന്റെ ആശങ്ക കണക്കിലെടുത്ത് മഹാരാഷ്ട്രയിലാണ് വിചാരണയും വിധിപ്രസ്താവവും നടന്നത്. ഗര്‍ഭിണിയായ യുവതിയെ ക്രൂരമായി ബലാല്‍സംഗം ചെയ്തതും കൊലക്കുറ്റവും അടക്കം ശിക്ഷാനിയമങ്ങള്‍ ചുമത്തിയാണ് 11 പ്രതികള്‍ക്കും കോടതി ശിക്ഷ വിധിച്ചത്. ഹൈക്കോടതിയും സുപ്രീംകോടതിയും വിധി ശരിവച്ചു. സുപ്രീംകോടതി ബില്‍ക്കീസിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും ഉത്തരവിട്ടിരുന്നു. അന്ന് സുപ്രീംകോടതിയാണ് നീതിക്കായുള്ള പോരാട്ടത്തില്‍ ബില്‍ക്കീസിന് തുണയായതെങ്കില്‍ ഇന്ന് അതേ സുപ്രീംകോടതിയില്‍ നിന്നുണ്ടായ ഒരു നടപടിയാണ് ഗുജറാത്ത് സര്‍ക്കാരിന് ഈ തീരുമാനത്തിന് ധൈര്യമേകിയതെന്നതും വിധിയുടെ വൈരുധ്യം.
തന്റെ കുഞ്ഞിനെയും ബന്ധുക്കളെയും കൊലപ്പെടുത്തിയ, തന്നെയും മാതാവിനെയുമടക്കം നിസഹായരായ സ്ത്രീകളെ ക്രൂരമായി ബലാല്‍സംഘം ചെയ്ത ഗുജറാത്ത് കലാപകാരികള്‍ക്കെതിരെ ബില്‍ക്കിസ് ബാനു നടത്തിയ നിയമപോരാട്ടം ഇന്ത്യന്‍ നീതിന്യായചരിത്രത്തില്‍ തന്നെ അവിസ്മരണീയമായ ഒരു ഏടാണ്. മേല്‍ക്കോടതികള്‍ ശരിവച്ച, ഒരു മനുഷ്യന്റെയും മനഃസാക്ഷിയുടെ കോടതിയില്‍ മറുവാദമില്ലാത്ത വിധിയെ അട്ടിമറിച്ചു കൊണ്ടാണ് ഇപ്പോള്‍ ഗുജറാത്ത് സര്‍ക്കാര്‍ ഈ പ്രതികളെ വിട്ടയച്ചിരിക്കുന്നത്. ഇന്ത്യന്‍ നീതിന്യായവ്യവസ്ഥയെ മാത്രമല്ല, ഓരോ ഇന്ത്യക്കാരന്റെയും നീതിബോധത്തെ തന്നെ വെല്ലുവിളിച്ചുകൊണ്ടാണ് ബി.ജെ.പി. വെറും രാഷ്ട്രീയനേട്ടം മാത്രം ലാക്കാക്കി ഈ ഹീനമായ കൃത്യം നടപ്പാക്കിയിരിക്കുന്നത്.
ബില്‍ക്കിസ് ബാനുവിന് ഇപ്പോഴും സ്വന്തം ഗ്രാമത്തില്‍ ജീവിക്കാനായിട്ടില്ല. നിരന്തരം വധഭീഷണികളും ഭീഷണി നിറഞ്ഞ അന്തരീക്ഷവും കാരണം കുറ്റകൃത്യത്തിന്റെ ഇരയായ അതിജീവിതയുടെ ജീവിതം തീര്‍ത്തും അരക്ഷിതാവസ്ഥയിലാണ്. അപ്പോഴാണ് ലോകത്തിനു മുന്നില്‍ ഇന്ത്യയുടെ തല കുനിപ്പിച്ച ഹീനരായ കുറ്റവാളികളെ സ്വതന്ത്രരായി വിഹരിക്കാന്‍ ഒരു സര്‍ക്കാര്‍ ഇറക്കിവിട്ടിരിക്കുന്നത്. ദീര്‍ഘകാലം ശിക്ഷ അനുഭവിച്ച കുറ്റവാളികള്‍ക്ക് തടവ് കാലാവധിയില്‍ ഇളവ് നല്‍കുന്നത് അസാധാരണമല്ല. പക്ഷേ അതിക്രൂരമായ ലൈംഗികകുറ്റവാളികളെയും കൊലയാളികളെയും ഇത്ര വേഗം ഇറക്കിവിടുന്നത് തീര്‍ത്തും അസാധാരണമാണ്. ഗുജറാത്ത് സര്‍ക്കാര്‍ ഇപ്പോള്‍ എന്തിനിതു ചെയ്തുവെന്ന് മനസിലാക്കാന്‍ ഒട്ടും പ്രയാസമൊന്നുമില്ല. തിരഞ്ഞെടുപ്പ് അടുക്കുകയാണ് ഗുജറാത്തില്‍. ഭൂരിപക്ഷവികാരം അനുകൂലമായി നിലനിര്‍ത്താന്‍ ഇത്തരം കുറ്റകൃത്യങ്ങള്‍ സര്‍ക്കാരിനും ചെയ്യാമെന്ന് ബി.ജെ.പി. ഇതിനു മുന്‍പും തെളിയിച്ചിട്ടുള്ളതാണ്.
കേസിലെ പ്രതികള്‍ക്ക് ശിക്ഷാഇളവ് നല്‍കിയ സമിതി അംഗം കൂടിയായ ബി.ജെ.പി. എം.എല്‍.എ സി.കെ.റൗള്‍ജിയുടെ ന്യായീകരണമാണിത്. സ്വതന്ത്രരാക്കപ്പെട്ട കുറ്റവാളികളില്‍ ചിലര്‍ നല്ല മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കുന്ന ബ്രാഹ്മണരാണെന്ന്. അവര്‍ കേസുകളില്‍ അകപ്പെട്ടു പോയതാകാമെന്ന്. പ്രതിഷേധം ശക്തമായി ഉയര്‍ന്നതോടെ ട്വീറ്റിലൂടെ തിരുത്താന്‍ ശ്രമിച്ചെങ്കിലും പറഞ്ഞത് എല്ലാവര്‍ക്കും മനസിലായി. ഗുജറാത്തില്‍ തിരഞ്ഞെടുപ്പ് അടുക്കുകയാണ്. എതിരാളികളില്ലെന്നു വീമ്പു പറയുമ്പോഴും അധികാരത്തില്‍ തുടരാന്‍ ഹീനമായ നടപടികളും ആവശ്യമാണെന്ന് തുറന്നു സമ്മതിക്കുന്ന പ്രവൃത്തിയാണ് ഗുജറാത്ത് സര്‍ക്കാരില്‍ നിന്നുണ്ടായിരിക്കുന്നത്.
ഗുജറാത്ത് സര്‍ക്കാരിന്റെ തീരുമാനം കോടതിയിലും നിയമത്തിലുമുള്ള തന്റെ വിശ്വാസം ഉലച്ചു കളഞ്ഞുവെന്ന് ബില്‍ക്കിസ് ബാനു പറയുമ്പോള്‍ മറുപടിയില്ലാതെ ഇന്ത്യയാണ് തലകുനിക്കുന്നത്. സ്ത്രീവിരുദ്ധത വച്ചുപൊറുപ്പിക്കരുതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയില്‍ നിന്നു വിളിച്ചു പറഞ്ഞ അതേ ദിവസമാണ് ഗുജറാത്തിലെ ബി.ജെ.പി. സര്‍ക്കാര്‍ ബില്‍ക്കീസ് ബാനു കേസിലെ 11 പ്രതികളെയും മോചിപ്പിക്കാന്‍ തീരുമാനമെടുത്തത്. എത്ര മനോഹരമായ സ്ത്രീശാക്തീകരണമാണ് മോദിജിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയും മാതൃകായി മുന്നോട്ടു വച്ചിരിക്കുന്നത്. അധികാരത്തേക്കാള്‍ വലുതായി മറ്റൊന്നുമില്ലെന്ന്, മനുഷ്യത്വം പോലുമില്ലെന്ന് പ്രധാനമന്ത്രിയും പാര്‍ട്ടിയും വീണ്ടും വീണ്ടും തെളിയിക്കുന്നത് രാജ്യം നോക്കിനില്‍ക്കുന്നു. ഇപ്പോള്‍ നിസഹായത പോലുമില്ല. നിസംഗത മാത്രം. നമ്മളാരും മാനുഷികമൂല്യങ്ങള്‍ക്ക് ഒരു മൂല്യവും കല്‍പ്പിക്കുന്നില്ലെന്ന് സ്വയം സമ്മതിക്കുന്നു. നമ്മുടെ ഇന്ത്യയില്‍ ഇന്ന് ഇതൊരു ആശങ്ക പോലുമാകുന്നില്ലെന്ന് തലകുനിക്കാതെ തന്നെ സമ്മതിക്കുന്നു. ദേശസ്നേഹം തെളിയിക്കാന്‍ പുതിയ പുതിയ മാര്‍ഗങ്ങള്‍ പരീക്ഷിച്ചു നിര്‍വൃതിയടയുന്നു.
നാരീശക്തിയെക്കുറിച്ചുള്ള ചില ഓര്‍മപ്പെടുത്തലുകള്‍ ഈ സ്വാതന്ത്ര്യദിനത്തിലും രാജ്യം കേട്ടു. ഭരണാധികാരിയില്‍ നിന്നു തന്നെ. ബില്‍ക്കീസ് ബാനു എന്ന നാരി ഇന്ത്യയിലെ മുഴുവന്‍ സ്ത്രീകള്‍ക്കും പ്രചോദനമാകും വിധത്തില്‍ നടത്തിയ ഐതിഹാസിക നിയമപോരാട്ടത്തിനൊടുവില്‍ പ്രധാനമന്ത്രിയുടെ പാര്‍ട്ടി അവരോട് എന്താണു ചെയ്തതെന്ന് വിശദീകരിക്കാന്‍ അദ്ദേഹത്തിനു ബാധ്യതയുണ്ടോ? ഗുജറാത്ത് സര്‍ക്കാരിന്റെ മാത്രം താല്‍പര്യത്തിലുണ്ടായ നടപടിയാണെങ്കില്‍ നടപടി പിന്‍വലിക്കാനും തിരുത്താനും പ്രധാനമന്ത്രി ഗുജറാത്തിനോട് ആവശ്യപ്പെടുമോ? ഇന്ത്യയില്‍ വീണ്ടും നീതിനിഷേധമെന്ന് രാജ്യാന്തരമാധ്യമങ്ങളെല്ലാം റിപ്പോര്‍ട്ട് ചെയ്യുന്നത് അദ്ദേഹം ഏറ്റവുമധികം താല്‍പര്യപ്പെടുന്ന രാജ്യാന്തരപ്രതി്ഛായയില്‍ എന്ത് സ്വാധീനമുണ്ടാക്കുന്നുവെന്നത് പ്രധാനമന്ത്രിയെ എങ്ങനെയെങ്കിലും ആശങ്കപെടുത്തുന്നുണ്ടോ? ഉത്തരങ്ങളിലൊന്നും സന്ദേഹത്തിന്റെ പോലും ആവശ്യമില്ല. ബി.ജെ.പിയുടെ രാഷ്ട്രീയസന്ദേശം ഉച്ചത്തിലുച്ചത്തില്‍ മുഴക്കത്തില്‍ കേള്‍പ്പിക്കുകയാണ് ഗുജറാത്ത് സര്‍ക്കാരിന്റെ നടപടി. ജനതയില്‍ ഒരു വിഭാഗം എന്തു കുറ്റകൃത്യങ്ങള്‍ ചെയ്താലും അവര്‍ നിയമക്കുരുക്കില്‍ അകപ്പെട്ടാല്‍ പോലും ബി.ജെ.പിയുടെ രാഷ്ട്രീയപരിരക്ഷ അവര്‍ക്കുണ്ടാകും. അഥവാ ഒരു വിഭാഗം കുറ്റങ്ങള്‍ ചെയ്യുന്നവരല്ല. അഥവാ മറ്റൊരു വിഭാഗത്തോട് ഭൂരിപക്ഷം ചെയ്യുന്ന ഒരു കുറ്റവും യഥാര്‍ഥത്തില്‍ കുറ്റമല്ല. ഇനി ഏതെങ്കിലും ബില്‍ക്കീസ് ബാനുമാര്‍ ജീവിതം മുള്‍മുനയില്‍ നിര്‍ത്തി നിരന്തരപോരാട്ടത്തിലൂടെ അവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവന്നാലും ബി.ജെ.പിയുെട അധികാരം ഏതുവിധേനയും അവരെ രക്ഷപ്പെടുത്തും. ഭരണാധികാരമെന്നാല്‍ ഒരു വിഭാഗത്തിന്റെ സംരക്ഷണത്തിനു കൂടിയുള്ളതാണ് എന്നുച്ചത്തില്‍ പ്രഖ്യാപിക്കുന്ന ഈ നടപടി നിരന്തരതുടര്‍ഭരണം എന്ന വലിയ രാഷ്ട്രീയലക്ഷ്യത്തിലേക്കുള്ള ആയുധം കൂടിയാണെന്നു വ്യക്തം. എതിര്‍ക്കേണ്ടവര്‍ക്ക് എതിര്‍ക്കാം, പ്രതിഷേധിക്കേണ്ടവര്‍ക്ക് പ്രതിഷേധിക്കാം. പക്ഷേ ബി.ജെ.പിക്ക് ശരിയെന്നു തോന്നുന്നത് ഒരു മാനുഷികമൂല്യവും വിശദീകരിക്കേണ്ടി വരാതെ നടപ്പാക്കാനുള്ള പൂര്‍ണാധികാരത്തിലേക്കുള്ള വഴിയൊരുക്കാനുള്ള ആഹ്വാനമാണ് ഗുജറാത്തില്‍ കണ്ടത്.
ഒരു സ്ത്രീ ഒരു മനുഷ്യായുസില്‍ നേരിടാവുന്ന എല്ലാ ദുരന്തങ്ങളും അനുഭവിച്ച ശേഷവും മനോധൈര്യം കൈവിടാതെ നടത്തിയ നിയമപോരാട്ടത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി എന്തു വില മതിക്കുന്നുവെന്ന് ആരും അദ്ദേഹത്തോട് ചോദിക്കില്ല. ഗുജറാത്തില്‍ 2002ല്‍ എന്താണു നടന്നതെന്ന് രാജ്യം മറക്കുകയുമില്ല. പക്ഷേ നിയമവ്യവസ്ഥയ്ക്ക് ഭരണകൂടം എന്തു വിലമതിക്കുന്നുവെന്ന് പരമോന്നത കോടതിയെങ്കിലും ചോദിക്കാന്‍ ധൈര്യം കാണിക്കണം. ബില്‍ക്കിസ് ബാനു അര്‍ഹിക്കുന്ന വിധി ഇതാണോയെന്ന് ഓരോ ഇന്ത്യന്‍ പൗരനും സ്വയമൊന്നു ചോദിക്കണം. ഒരല്‍പം മനഃസാക്ഷിക്കുത്തെങ്കിലും ഉള്ളില്‍ ശേഷിക്കുന്നുണ്ടോയെന്ന് സ്വയം പരിശോധിക്കണം. ഇല്ലെന്നാണ് ബോധ്യപ്പെടുന്നതെങ്കില്‍ അതിജീവിക്കാന്‍ വേണ്ടി മാത്രം അനങ്ങാതിരിക്കുന്ന മനുഷ്യജീവികളായി മാറിക്കഴിഞ്ഞിരിക്കുന്നുവെന്ന് സ്വയം തിരിച്ചറിയുകയെങ്കിലും വേണം.