എന്നെ കൊല്ലാന്‍ വന്നെന്ന് പറയുന്ന മുഖ്യമന്ത്രി; അത് കേള്‍ക്കുന്ന കേരളം

PARAYATHE-VAYYA
SHARE

കേരളത്തില്‍ ഇപ്പോള്‍ ശരിക്ക് എന്തു വിലയുണ്ട്? ശരിയായി കേള്‍ക്കണം, തെറ്റിദ്ധരിക്കരുത്, ശരിക്ക് വിലയുണ്ടോ എന്നാണ് ചോദ്യം.  ശരി  ചെയ്യുക, ശരിയായി പെരുമാറുക, ശരിയായ തീരുമാനങ്ങള്‍ നടപ്പാക്കുക തുടങ്ങി ശരിക്ക് എന്തു മൂല്യമുണ്ട്? വിമാനത്തില്‍ പ്രതിഷേധിച്ചവര്‍ എന്നെ കൊല്ലാന്‍ വന്നതാണ് എന്ന് കേരളത്തിന്റെ മുഖ്യമന്ത്രി പറയുന്നത് ശരിയാണോ? എം.എം.മണി പറ‍ഞ്ഞതില്‍ ഒരു കുഴപ്പവുമില്ല എന്ന് മുഖ്യമന്ത്രി പറഞ്ഞത് ശരിയാണോ, മണി തിരുത്തിയിട്ടും അതു തിരുത്താതിരിക്കുന്നത് ശരിയാണോ? രാഷ്ട്രീയാരോപണങ്ങളെ നേരിടാന്‍ പൊലീസിനെയും നിയമത്തെയും ആയുധമാക്കുന്നത് ശരിയാണോ? പക്ഷേ ഇതൊക്കെ ശരിയാണോയെന്ന് ആരു ചോദിക്കും?  

സുശക്തനായ മുഖ്യമന്ത്രി, സുസംഘടിതമായ പാര്‍ട്ടി. രാഷ്ട്രീയാരോപണങ്ങള്‍ എങ്ങനെ വന്നാലും കൂസേണ്ടതില്ലാത്തത്രയും അംഗബലത്തോടെ ഭരണം. തുടര്‍ഭരണം നേടി ചരിത്രം കുറിച്ച പിണറായി സര്‍ക്കാരിന് ആരുടെയും അടിസ്ഥാനമില്ലാത്ത ആരോപണങ്ങളെ ഗൗനിക്കേണ്ട കാര്യം പോലുമില്ല. തെളിവുകള്‍ മുന്നിലെത്തിക്കാനാകാത്ത ഏത് ഗുരുതരമായ ആരോപണത്തെയും അഗവണിക്കാം. വിശദീകരിക്കേണ്ടതു മാത്രം വിശദീകരിക്കാം, രാഷ്ട്രീയാരോപണങ്ങളെ രാഷ്ട്രീയമായി നേരിടാം, നിയമപരമായി നേരിടേണ്ടതിനെ അങ്ങനെയും. ഇനി മുഖ്യമന്ത്രിക്കെതിരെ എന്താരോപണം ഉയര്‍ന്നാലും അദ്ദേഹത്തോട് വിശദീകരണം ആവശ്യപ്പെടാനും പോന്നവരാരും ഭരണമുന്നണിയിലുമില്ല. ഇത്രയും ആത്മവിശ്വാസത്തോടെ ഭരണനിര്‍വഹണവും രാഷ്ട്രീയപ്രതിരോധവും മുന്നോട്ടു കൊണ്ടുപോകേണ്ട സാഹചര്യത്തില്‍ പക്ഷേ കേരളം കാണുന്നതെന്താണ്? സ്വര്‍ണക്കടത്ത് കേസിലെ പ്രതി മുഖ്യമന്ത്രിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചു തുടങ്ങിയതോടെ പൊലീസ് രാഷ്ട്രീയായുധമായി പ്രവര്‍ത്തിക്കുന്നു. സ്വര്‍ണക്കടത്തു കേസ്പ്രതി സരിത്തിനെ തട്ടിക്കൊണ്ടുപോകല്‍, ഫോണ്‍ പിടിച്ചെടുക്കല്‍, സ്വപ്നസുരേഷുമായി ഒത്തുതീര്‍പ്പ് ചര്‍ച്ച,   സ്വപ്നസുരേഷിനെതിരെ ഗൂഢാലോചനാക്കേസ്, പി.സി.ജോര്‍ജിനെതിരെ പീഡനക്കേസ്, മുദ്രാവാക്യം വിളിച്ചവര്‍ക്കെതിരെ വധശ്രമക്കേസ്, പ്രതിഷേധം ആസൂത്രണം ചെയ്ത മുന്‍എം.എല്‍.എ വധശ്രമക്കേസില്‍ പ്രതി തുടങ്ങി പൊലീസ് മുഖ്യമന്ത്രിയുടെ രാഷ്ട്രീയ എതിരാളികളെ നേരിടാനുള്ള ആയുധമായി ചുരുങ്ങിയിരിക്കുന്നു. 

പൊലീസിന് കിട്ടേണ്ടതെല്ലാം കോടതിയില്‍ നിന്നു തിരിച്ചടിയായി കിട്ടുന്നുണ്ട്. ഒന്നു പോലും പെന്‍‍ഡിങില്‍ ഇല്ല. പൊലീസ് അറസ്റ്റ് ചെയ്യുന്നു, കോടതി അന്നു തന്നെ ജാമ്യത്തില്‍ വിടുന്നു. പൊലീസ് പറയുന്നത് വിശ്വസനീയമല്ലെന്ന് ഓരോ ജാമ്യ ഉത്തരവിലും കോടതി വ്യക്തമായി രേഖപ്പെടുത്തിയിട്ടുമുണ്ട്. പക്ഷേ പൊലീസോ മുഖ്യമന്ത്രിയോ നിര്‍ത്താന്‍ ഭാവമില്ലെന്ന് പ്രതിപക്ഷനേതാവിനും കെ.പി.സി.സി. പ്രസിഡന്റിനുമെതിരായ പരാതിയിലെ നടപടിയില്‍ നിന്നും വ്യക്തമാണ്. സര്‍ക്കാരിനു മുന്നില്‍ തിരിച്ചടികളുടെ ഘോഷയാത്രയാണ് എന്നു പരിഹസിക്കുന്നതു പോലും യഥാര്‍ഥത്തില്‍ പിണറായി സര്‍ക്കാര്‍ ചെയ്തുകൂട്ടുന്ന അധികാരദുര്‍വിനിയോഗത്തെ ലഘൂകരിച്ചുകളയും. രാഷ്ട്രീയമായി വെല്ലുവിളി ഉയര്‍ത്തുന്നവരെ എല്ലാ ജനാധിപത്യമര്യാദകളും കാറ്റില്‍ പറത്തി പൊലീസിനെ ഉപയോഗിച്ചു നേരിടുന്നതിന് കേരളം സാക്ഷ്യം വഹിക്കുന്നു. നിയമത്തിന്റെ പഴുതുകളില്‍ സാധ്യതയുള്ളിടത്ത് അതുപയോഗിച്ച്, നിയമവിരുദ്ധമായാല്‍ പോലും പേടിപ്പിക്കാനാകുമെങ്കില്‍ അങ്ങനെ. മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആരോപണമോ സമരമോ നയിക്കുന്നവര്‍ക്കെതിരെ ഏതറ്റം വരെയും നീങ്ങുമെന്ന് കേരളത്തിലെ പൊലീസിനെ മുന്‍നിര്‍ത്തി പേടിപ്പിക്കുകയാണ് പിണറായി സര്‍ക്കാര്‍. ന്യായമോ നീതിയോ മര്യാദയോ ജനാധിപത്യമോ ഒന്നും പ്രശ്നമല്ല. നഗ്നമായ അധികാരദുര്‍വിനിയോഗം. രാജാവ് നഗ്നനാണ് എന്ന് ആരോ പറഞ്ഞുവെന്നതുമാത്രമാണ് പ്രകോപനം. നഗ്നനാണെന്ന് ജനങ്ങള്‍ വിശ്വസിക്കുകയോ കേന്ദ്രഏജന്‍സികള്‍ ഇടപെടുകയോ ചെയ്തിട്ടില്ല. പക്ഷേ വെപ്രാളം പ്രകടമാകുന്ന വിധം പരക്കം പായുന്നു കേരളത്തിലെ പൊലീസ്. പൊലീസ് മന്ത്രി പേടിക്കേണ്ടതില്ലെങ്കില്‍ പൊലീസ് ഇങ്ങനെ പേടിക്കുന്നതെന്തിനാണ്? 

ഇത് ശരിയാണോ എന്നു മുഖ്യമന്ത്രിയോട് പാര്‍ട്ടി ചോദിക്കില്ല. പൊലീസിനെ വ്യക്തിപരമായ ആരോപണങ്ങള്‍ നേരിടാന്‍ ആയുധമാക്കുന്നതു ശരിയാണോ എന്ന് കേരളത്തിലെ ഇടതുപക്ഷവും  ചോദിക്കില്ല. പകരം കോടതിയില്‍ നിന്ന് എത്ര തിരിച്ചടി കിട്ടിയാലും ന്യായീകരണത്തിന് പുതിയ വാദങ്ങള്‍ തീര്‍ത്ത് ഈ പുതിയ രാഷ്ട്രീയശൈലിയെ പിന്തുണച്ചുകൊണ്ടേയിരിക്കും. പിന്തുണയ്ക്കുകയല്ലാതെ മറ്റൊരു ചോയ്സ് പാര്‍ട്ടിക്കോ അനുയായികള്‍ക്കോ ഇല്ല എന്നതാണ് യാഥാര്‍ഥ്യം. എന്നെ കൊല്ലാനാണ് വിമാനത്തില്‍ പ്രതിഷേധിച്ചവര്‍ ശ്രമിച്ചത് എന്ന് കേരളത്തിന്റെ മുഖ്യമന്ത്രി പറയുമ്പോള്‍ കേള്‍ക്കുന്നവര്‍ക്കെന്തു തോന്നും എന്നു തിരുത്താന്‍ ഒരാളുമില്ല. പകരം മുഖ്യമന്ത്രിയെ കൊല്ലാന്‍ വന്നതല്ലെന്ന് നിങ്ങള്‍ക്കെങ്ങനെ അറിയാമെന്നു തിരിച്ചു ചോദിക്കുകയാണ് ഒരു പാര്‍ട്ടി, അതിന്റെ അണികള്‍, ഇടതുരാഷ്ട്രീയത്തെ പിന്തുണയ്ക്കുന്ന മുഴുവന്‍ മനുഷ്യരും. മറുചോദ്യങ്ങള്‍ സാധ്യമല്ലാത്ത രാഷ്ട്രീയാധിപത്യം ഏതു തുടര്‍ഭരണത്തിന്റെ പേരിലാണെങ്കിലും പാര്‍ട്ടിക്കും നാടിനും ഗുണകരമല്ല. 

നിയമത്തിന്റെ പഴുതുകള്‍ ഉപയോഗിച്ച് പ്രതിഷേധക്കാര്ക്കെതിരെ വധശ്രമക്കേസ് ചുമത്തുന്നത് അസാധാരണമൊന്നുമല്ല. കേരളത്തില്‍ ഇരുമുന്നണികളും സമരക്കാര്‍ക്കെതിരെ വധശ്രമത്തിനുള്ള വകുപ്പ് മുന്‍പും പ്രയോഗിച്ചിട്ടുണ്ട്. പക്ഷേ തന്നെ  കൊല്ലാന്‍ വന്നതാണെന്ന് മുഖ്യമന്ത്രി തന്നെ ജനസാമാന്യത്തിനു മുന്നില്‍ വന്ന് അവകാശപ്പെടുന്നത് അചിന്തനീയമാണ്. കൊല്ലാന്‍ വന്നതു തന്നെയെന്ന് ആവര്‍ത്തിക്കുകയല്ലാതെ ഇനി ഒരു സി.പി.എമ്മുകാരനു മുന്നിലും ഒരു മാര്‍ഗവുമില്ല. 

വിമാനത്തില്‍ നടന്ന പ്രതിഷേധം അനുകരിക്കാവുന്ന മാതൃകയാണെന്ന് ആരും പറയില്ല. വിമാനമെന്ന ഇടത്തിന് അതിന്റേതായ പ്രത്യേകതകളും സുരക്ഷാപ്രശ്നവുമുണ്ട്. അത് കൊണ്ടു തന്നെ കോണ്‍ഗ്രസ് പോലും വിമാനപ്രതിഷേധത്തിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് തെന്നിമാറി രക്ഷപ്പെടാനാണ് ശ്രമിച്ചത്. അങ്ങനെ ഒഴിഞ്ഞു മാറാന്‍ സമ്മതിക്കില്ലെന്നും യൂത്ത് കോണ്‍ഗ്രസും കോണ്‍ഗ്രസും ആസൂത്രണം ചെയ്താണ് പ്രതിഷേധം നടപ്പാക്കിയതെന്ന് തുറന്നു കാട്ടും എന്നൊരു രാഷ്ട്രീയനിലപാടൊക്കെ സ്വീകരിക്കാന്‍ മുഖ്യമന്ത്രിക്ക് അവകാശമുണ്ട്. പക്ഷേ അതിന് എന്നെ കൊല്ലാന്‍ വന്നു എന്നു പറഞ്ഞാല്‍ വിശ്വസിക്കണമെന്നു പറയുന്നത് കടന്ന കൈയാണ്. പ്രതിഷേധം പ്രതിഷേധം എന്ന് രണ്ടു മുദ്രാവാക്യം വിളി കേള്‍ക്കുമ്പോഴേക്കും മരിച്ചു പോകുന്നത്ര ദുര്‍ബലനായ മനുഷ്യനാണ് മുഖ്യമന്ത്രിയെന്ന് അദ്ദേഹത്തിന്റെ രാഷ്ട്രീയ എതിരാളികള്‍ പോലും ആരോപിക്കില്ല.

സമരക്കാരെ നിയമത്തിന്റെ വ്യാഖ്യാനങ്ങളുപയോഗിച്ച് കുടുക്കാന്‍  ശ്രമിക്കുന്ന പൊലീസ് മുന്‍ എം.എല്‍.എ കൂടിയായ യുവജനസംഘടനാനേതാവിനെ കൈകാര്യം ചെയ്ത രീതിയും ഒരു ജനാധിപത്യസമൂഹത്തിന് അംഗീകരിക്കാവുന്നതല്ല. 

കൊല്ലാന്‍ വന്നവരില്‍ നിന്നും തന്നെ രക്ഷിച്ച ഇ.പി.ജയരാജനെതിരെ കേസെടുക്കില്ലെന്നും മുഖ്യമന്ത്രി ഉറപ്പിച്ചു പ്രഖ്യാപിച്ചിരുന്നു. 

പക്ഷേ കോടതി ഉത്തരവുപ്രകാരം കേസെടുക്കേണ്ടി വന്നു. അതിനു മുന്നേ യഥാര്‍ഥത്തില്‍ വിമാനത്തിനകത്ത് സംഭവിച്ചതെന്തെന്ന് സ്വതന്ത്ര സമിതിയുടെ അന്വേഷണറിപ്പോര്‍്ടട് പ്രകാരം ഇന്‍ഡിഗോ ഇ.പി.ജയരാജനെതിരെയും പ്രതിഷേധക്കാര്‍ക്കെതിരെയും വിലക്ക് പ്രഖ്യാപിക്കുകയും ചെയ്തു. 

മുഖ്യമന്ത്രിയെയും ആരും കൊല്ലാന്‍ ശ്രമിച്ചിട്ടില്ല. പ്രതിഷേധക്കാരായ യൂത്ത്കോണ്‍ഗ്രസുകാരെയും ആരും കൊല്ലാന്‍ ശ്രമിച്ചിട്ടില്ല. വിമാനത്തിനകത്ത് അപ്രതീക്ഷിതമായി ഒരു പ്രതിഷേധമുണ്ടായപ്പോള്‍ പ്രതീക്ഷിക്കാവുന്ന പ്രതികരണമൊക്കെ അവിടെയുണ്ടായി. ഇപ്പോള്‍ ജയരാജന്‍ വധിക്കാന്‍ ശ്രമിച്ചുവെന്ന് കൗണ്ടര്‍കേസില്‍ അഭിരമിക്കുന്ന പ്രതിപക്ഷത്തിനും യാഥാര്‍ഥ്യത്തോടു ബഹുമാനമൊന്നുമില്ല. പക്ഷേ മുഖ്യമന്ത്രി കൊല്ലാന്‍ ശ്രമിച്ചുവെന്നുപറയുന്നിടത്ത് ജയരാജന്‍ കൊല്ലാന്‍ ശ്രമിച്ചുവെന്ന് നിയമത്തില്‍ വ്യാഖ്യാനിക്കാന്‍ പ്രതിപക്ഷവും മടിക്കുന്നില്ല. 

വിമാനത്തിനകത്ത് സംഭവിച്ചതെന്താണെന്ന് ഇപ്പോള്‍ വ്യക്തമായ ചിത്രം നമുക്കു മുന്നിലുണ്ട്. വിമാനക്കമ്പനിയുടെ റിപ്പോര്‍ട്ടായും ഇ.പി.ജയരാജന്‍ അടക്കമുള്ളവരുടെ വിവരണമായും. അവിടെയാണ് നടന്നിട്ടില്ലാത്ത വധശ്രമം നടന്നുവെന്ന് വിശ്വസിക്കാന്‍ കേരളത്തിന്റെ മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയും ആവശ്യപ്പെടുന്നത്. ഇതേ പോലെ തന്നെയാണ് കണ്‍മുന്നില്‍ കണ്ട, എല്ലാവരും തിരുത്തണമെന്നാവശ്യപ്പെട്ട എം.എം.മണിയുടെ വിവാദപ്രസ്താവനയെയും മുഖ്യമന്ത്രി വ്യാഖ്യാനിച്ചത്. ഒടുവില്‍ എം.എം.മണി തിരുത്തിയിട്ടും അദ്ദേഹത്തെ ശരിവച്ച മുഖ്യമന്ത്രി തിരുത്തിയിട്ടില്ല. തിരുത്താന്‍ പ്രതിപക്ഷമല്ലാതെ സ്വന്തം പക്ഷത്ത് ആരും ആവശ്യപ്പെടാനും പോകുന്നില്ല. ശരിയെന്തെന്ന് അന്വേഷിക്കുകയല്ല ഇപ്പോള്‍ ഇടതുപക്ഷരാഷ്ട്രീയം, മുഖ്യമന്ത്രി ശരിയെന്നു പറയുന്നതിനെ ശരിയെന്ന് വ്യാഖ്യാനിക്കുന്നതാണ് ഇടതുപക്ഷപ്രതിബദ്ധതയെന്ന് സ്ഥാപിക്കപ്പെട്ടിരിക്കുന്നു. 

നാട്ടുഭാഷയുടെ വാമൊഴിവഴക്കമെന്ന് ന്യായീകരിക്കുന്നവര്‍ക്കുപോലും പിടിച്ചുനില്‍ക്കാനാകാത്ത തലങ്ങളിലേക്ക് എം.എം.മണിയുടെ ഭാഷാപ്രയോഗങ്ങള്‍ ആവര്‍ത്തിക്കുക തന്നെയാണ്. മുഖ്യമന്ത്രിയെ വിമര്‍ശിക്കുന്നു എന്നതിന്റെ പേരിലാണ് അദ്ദേഹം മറ്റു പ്രകോപനങ്ങളൊന്നുമില്ലാതെ സഭയില്‍ കെ.കെ.രമയ്ക്കെതിരെ തിരിഞ്ഞത്. പ്രതിപക്ഷം ശക്തമായ പ്രതിഷേധമുയര്‍ത്തിയിട്ടും മണി പറഞ്ഞതില്‍ എന്താണ് തെറ്റെന്ന് മുഖ്യമന്ത്രിക്കു മാത്രം ബോധ്യമായില്ല. 

സഭയ്ക്കു പുറത്തും മുഖ്യമന്ത്രിക്ക് മണി കെ.കെ.രമയ്ക്കെതിരെ നടത്തിയ പ്രസ്താവനയിലെ പ്രശ്നങ്ങള്‍ ഒരു പ്രശ്നമല്ല. 

തന്നെ വിമര്‍ശിക്കുന്നവരെ വാക്പ്രയോഗത്തിലൂടെയാണെങ്കിലും അടിച്ചൊതുക്കുന്നവരെ എന്തിനു തള്ളിപ്പറയണമെന്നാകാം മുഖ്യമന്ത്രിയുടെ നിലപാട്. മുഖ്യമന്ത്രിയുടെ പിന്തുണയുള്ളപ്പോള്‍ എം.എം.മണി ആരെ പേടിക്കണം ?

പക്ഷേ സി.പി.എം. സെക്രട്ടേറിയറ്റിലെത്തിയതോടെ കാര്യങ്ങള്‍ ഒന്നുമാറിമറിഞ്ഞു. എം.എം.മണി തിരുത്തണമെന്ന് പാര്‍ട്ടി തീരുമാനിച്ചു. 

ഒടുവില്‍ സ്പീക്കര്‍ എം.ബി.രാജേഷ്, ചരിത്രപരമായ ഒരു റൂളിങിലൂടെ എം.എം. മണിയെ തിരുത്തുന്നതുവരെ മണി പറഞ്ഞത് ശരിയാണെന്ന് സ്ഥാപിച്ചെടുക്കാന്‍ പഠിച്ച പണി പതിനെട്ടും പയറ്റി ന്യായീകരണക്കാര്‍. 

ഒടുവില്‍ എം.എം.മണി തിരുത്തി, മുഖ്യമന്ത്രി ഇതുവരെ തിരുത്തിയിട്ടില്ല. തിരുത്താനും പോകുന്നില്ലെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം.  

നേതാവ് മാതൃകപരമായ നിലപാടുകള്‍ സ്വീകരിക്കുമ്പോഴേ അണികള്‍ക്കും അതു പിന്തുടരേണ്ടി വരൂ. എന്തു കുറ്റം എന്നതാണ് എപ്പോഴും 

ഭരണാധികാരിയുടെ പ്രതിരോധമെങ്കില്‍ കെ.ടി.ജലീലും അതു തന്നെ ചോദിക്കും. കേരളത്തിലെ ഒരു പത്രത്തിനെതിരെ നടപടിയെടുക്കാന്‍ വിദേശരാജ്യത്തോട് ആവശ്യപ്പെട്ടുവെന്നത് നിവൃത്തിയില്ലാതെ സമ്മതിക്കുമ്പോഴും കെ.ടി.ജലീല്‍ ചോദിക്കുന്നത് അതിന് തൂക്കിക്കൊല്ലാനൊന്നും പറ്റില്ലല്ലോ എന്നാണ്. തെറ്റുകള്‍ ആവര്‍ത്തിക്കാം. ശരിയായിരിക്കുക എന്ന് സ്പീക്കര്‍ക്കുള്ള നിര്‍ബന്ധം മുഖ്യമന്ത്രിക്കില്ലെന്ന തിരിച്ചറിവ് കെ.ടി.ജലീല്‍ ഇപ്പോഴും കൈവിട്ടിട്ടില്ലാത്ത ആത്മവിശ്വാസത്തില്‍ പ്രകടമാണ്. തെറ്റും ശരിയും പ്രശ്നമല്ല, കുറ്റവും ശിക്ഷയുമാണെങ്കില്‍ അത് നമ്മളാണല്ലോ തീരുമാനിക്കുന്നത്.  

സ്വര്‍ണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷ് മുഖ്യമന്ത്രിക്കും മുന്‍മന്ത്രിക്കും സ്പീക്കര്‍ക്കുമെതിരെ ആരോപണങ്ങളുമായി രംഗത്തെത്തിയപ്പോള്‍ പോലും വിശ്വാസയോഗ്യമായ തെളിവുകള്‍ ഒന്നും മുന്നോട്ടു വയ്ക്കാന്‍  കഴിഞ്ഞിരുന്നില്ല. ഇതാദ്യമായാണ് ആരോപണം നേരിടുന്ന വ്യക്തിക്ക് നിവൃത്തിയില്ലാതെ സമ്മതിക്കേണ്ടിവരുന്ന ഗുരുതരമായ ഒരാരോപണം സ്വപ്ന സുരേഷിന് ഉന്നയിക്കാന്‍ കഴിഞ്ഞത്.  

വ്യാഖ്യാനിക്കാവുന്ന പഴുതുകളിലൊന്നും രക്ഷയില്ലെന്നു വന്നതോടെ കെ.ടി.ജലീല്‍ സമ്മതിച്ചു. മാധ്യമം പത്രത്തിനെതിരെ നടപടി ആവശ്യപ്പെട്ട് യു.എ.ഇയെ സമീപിച്ചിട്ടുണ്ട്. എന്നിട്ടും ന്യായങ്ങളെന്തൊക്കെയാണ്.  കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസമന്ത്രിയായിരുന്ന ജലീല്‍ കേരളത്തിനാകെ അപമാനമാകുന്ന ഒരു വാദം പോലും മുന്നോട്ടു വച്ചു.  കുറ്റകരമല്ലാത്ത പ്രോട്ടോക്കോള്‍ ലംഘനത്തിന് ഞാനാരോടു മറുപടി പറയണം എന്ന ചോദ്യത്തിന് ജലീലിനെ മന്ത്രിയും എം.എല്‍.എയുമാക്കിയ പാര്‍ട്ടിക്കു പോലും മറുപടിയില്ല.  

അതായത് ഈ ചെയ്യുന്നതും പറയുന്നതും ശരിയാണോ എന്ന് കേരളത്തിലെ ഇടതുമുന്നണി സര്‍ക്കാരിനോട്, മുഖ്യമന്ത്രിയോട്, മുന്‍മന്ത്രിമാരോട് ഒന്നും മുന്നണിക്ക് ചോദ്യമില്ല. ശരിയാണെന്നു വരുത്തിത്തീര്‍ക്കാന്‍ അഹോരാത്രം പാടുപെടുകയാണ് ഇപ്പോള്‍ കേരളത്തിലെ ഇടതുപക്ഷരാഷ്ട്രീയപ്രവര്‍ത്തനം. രാഷ്ട്രീയമായി നേരിടേണ്ടതിനെയും പൊലീസിനെക്കൊണ്ട് നേരിടും എന്ന പ്രഖ്യാപനം കേരളത്തിനു പുറത്തെവിടെയെങ്കിലുമാണെങ്കില്‍ ഭരണകൂടഭീകരതയാണ്. പത്രത്തിനെതിരെ നടപടിയെടുക്കണമെന്ന് വിദേശരാജ്യത്തോട് ആവശ്യപ്പെടുകയോ വിമര്‍ശനത്തിന്റെ പേരില്‍ മാധ്യമപ്രവര്‍ത്തകനെതിരെ കേസെടുക്കുകയോ ചെയ്താല്‍ മാധ്യമസ്വാതന്ത്ര്യത്തിന്റെ ധ്വംസനമാണ്. കേരളത്തിലാണെങ്കില്‍ നമുക്ക് ഇതിനെല്ലാം പുതിയ പുതിയ വ്യാഖ്യാനങ്ങള്‍ തീര്‍ക്കാം. സഭയില്‍ അവകാശലംഘന നോട്ടീസ് വന്നാലും അവാസ്തവം പറഞ്ഞതു തിരുത്താന്‍ മുഖ്യമന്ത്രിക്കു ബാധ്യതയില്ലെങ്കില്‍  ജയ് വിളിക്കുന്നവര്‍ എന്തു തിരുത്തണം, എന്തിനു തിരുത്തണം. വിമര്‍ശിക്കുന്നവര്‍ക്കെല്ലാം തുടര്‍ഭരണത്തില്‍ അസൂയയാണ് എന്ന കാപ്സ്യൂളിന് ഈ 

 ഭരണകാലം മുഴുവന്‍ കാലാവധി കിട്ടുമല്ലോ. 

MORE IN PARAYATHE VAYYA
SHOW MORE