സ്പ്രിങ്ക്ളര്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ട് സ്വപ്നയെ സര്‍ക്കാര്‍ പൂട്ടാത്തതെന്ത്?

PARAYATHE-VAYYA
SHARE

സി.പി.എം സംസ്ഥാന കമ്മിറ്റി ഓഫിസായ  എ.കെ.ജി.സെന്ററിനു നേരെ  നടത്തിയ  ആക്രമണം തീര്‍ത്തും അപലപനീയമാണ്. രാഷ്ട്രീയസംഘര്‍ഷാവസ്ഥ നിലനില്‍ക്കുമ്പോള്‍ പോലും ഭരണകക്ഷിയുടെ ഏറ്റവും പ്രധാന കേന്ദ്രത്തിന് മതിയായ സുരക്ഷ ഉറപ്പാക്കാനാകാത്ത സംസ്ഥാന ആഭ്യന്തരവകുപ്പിനോട് ആര്‍ക്കും ചോദ്യങ്ങളില്ല. വ്യക്തിപരമായ ആസൂത്രണമാണോ എന്നു പൊലീസ് കണ്ടെത്തുന്നതിനു മുന്‍പേ എതിര്‍പാര്‍ട്ടിയെന്നു പ്രഖ്യാപിച്ച് അക്രമങ്ങള്‍ക്ക് വഴിയൊരുക്കുന്നതും പക്വമായ രാഷ്ട്രീയമാണോ?  രാഷ്ട്രീയത്തിനോ സമൂഹത്തിനോ ഒരു ഗുണവും ചെയ്യാത്ത ഇത്തരം അക്രമരാഷ്ട്രീയവെല്ലുവിളികള്‍ ആവര്‍ത്തിക്കുന്നതെന്തുകൊണ്ടാണെന്ന് ആരെങ്കിലും ആത്മാര്‍ഥമായി പരിശോധിക്കാന്‍ തയാറാണോ? അവസാനിപ്പിക്കാന്‍ തയാറാണോ? 

വ്യാഴാഴ്ച രാത്രി 11.25നാണ് സംഭവം നടന്നത്. ഇരുചക്രവാഹനത്തിലെത്തിയ ആളാണ് എ.കെ.ജി.ഹാളിന്റെ ഗേറ്റിലൂടെ സ്ഫോടകവസ്തു അകത്തേക്കെറിഞ്ഞത്. മുഖ്യകവാടത്തില്‍ പൊലീസ് കാവലുണ്ടായിരുന്നു. ശബ്ദം കേട്ട് ഉടനേ പൊലീസെത്തിയെങ്കിലും പ്രതിയെ പിന്തുടര്‍ന്ന് പിടികൂടാനായില്ല. 

ശക്തമായി പ്രതിഷേധിക്കുന്നുവെന്ന് സി.പി.എം പ്രതികരിച്ചു. നിലവിലെ രാഷ്ട്രീയസാഹചര്യത്തില്‍ കോണ്‍ഗ്രസാണ് ആക്രമണത്തിനു പിന്നിലെന്ന് ഉടന്‍ തന്നെ ഇടതുമുന്നണി കണ്‍വീനര്‍ ആരോപിക്കുകയും ചെയ്തു. പൊലീസ് അന്വേഷണം നടക്കുമ്പോള്‍ തന്നെ കോണ്‍ഗ്രസാണ് ആക്രമണത്തിനു പിന്നിലെന്ന ആരോപണവുമായി മന്ത്രിമാരും പിന്നാലെയെത്തി. 

എകെജി സെന്ററിനു നേരെ നടന്ന ആക്രമണം കേരളത്തിന്റെ സമാധാനാന്തരീക്ഷം തകര്‍ക്കാനുള്ള ആസൂത്രിതശ്രമമായിരുന്നു. കേരളത്തിലെ രാഷ്ട്രീയം കലുഷിതമായി തുടരണമെന്ന ദുരുദ്ദേശത്തോടെ നടത്തിയ ഹീനകൃത്യം. പക്ഷേ പൊലീസ് കാവലിലുള്ള ഭരണപക്ഷപാര്‍ട്ടി ഓഫിസിനു നേരെ ഇത്രയെളുപ്പം ഒരു വ്യക്തിക്ക് ആക്രമണം നടത്താന്‍ കഴിഞ്ഞതെങ്ങനെ എന്ന ചോദ്യത്തിന് ആഭ്യന്തരവകുപ്പാണ് മറുപടി പറയേണ്ടത്.  ഇതാണോ കേരളത്തിന്റെ മുഖ്യമന്ത്രി പുകഴ്ത്തുന്ന മികച്ച പൊലീസിങ് ? 

തൊട്ടുമുന്നില്‍ സ്ഫോടകവസ്തു എറിഞ്ഞയാളെ പിന്തുടര്‍ന്നു പിടിക്കാന്‍ പോലും കേരളാപൊലീസിന് കഴിഞ്ഞില്ല. അഥവാ ശ്രമിച്ചില്ല.  ആഭ്യന്തരഭരണം പിണറായി വിജയനായതുകൊണ്ട് സി.പി.എമ്മിനും സഖ്യകക്ഷികള്‍ക്കും  പൊലീസിനോട് കൂടുതല്‍ ചോദ്യങ്ങളൊന്നും ചോദിക്കാന്‍ നിവൃത്തിയില്ല.  

കോണ്‍ഗ്രസാണ് എന്ന് ഇ.പിയും മന്ത്രിമാരായ രാജീവും റിയാസും ആവര്‍ത്തിക്കുന്നതുപോലെ പാര്‍ട്ടിയാകെ ഏറ്റുപാടിയില്ല എന്നത് ശ്രദ്ധേയമാണ്. കാനവും കോണ്‍ഗ്രസെന്നു പറഞ്ഞില്ല.യെച്ചൂരിയും പറഞ്ഞില്ല. സ്കോര്‍ബോര്‍ഡില്‍ മുന്നില്‍ നില്‍ക്കുമ്പോള്‍ ഞങ്ങള്‍ ഇങ്ങനെ ചെയ്യുമോ എന്നായിരുന്നു കോണ്‍ഗ്രസിന്റെ മറുചോദ്യം.   

ആരോപണപ്രത്യാരോപണങ്ങളല്ലാതെ രാഷ്ട്രീയത്തിന്റെ പേരിലുള്ള കൈയാങ്കളി അവസാനിപ്പിക്കാം എന്നാരും പറയുന്നില്ലെന്ന് കേരളം കാണണം.  പാര്‍ട്ടി ഓഫിസുകളും എം.പി. ഓഫിസുമൊക്കെ ആക്രമിക്കപ്പെടുന്നതെങ്ങനെയാണ്? ? തുടര്‍ന്ന് അതിവൈകാരിക സംഘര്‍ഷ അവസ്ഥയിലൂടെ സമൂഹത്തെ തള്ളിവിടുന്നതെന്തിനാണ്? പാര്‍ട്ടികള്‍ക്ക് അക്രമവീര്യം പ്രകടിപ്പിക്കാനും അണികളെ ഉത്തേജിതരാക്കാനും നടത്തുന്ന വൈകാരികനാടകങ്ങള്‍ക്ക് കേരളം കൊടുക്കേണ്ടി വരുന്ന വിലയെത്രയാണ്? അവസാനിപ്പിക്കാന്‍ ആര്‍ക്കെങ്കിലും ആത്മാര്‍ഥത മഷിയിട്ടു നോക്കിയാല്‍ കാണാനുണ്ടോ? ബോധപൂര്‍വമായ പരസ്പരപ്രകോപനങ്ങളിലൂടെ രാഷ്ട്രീയ ഊര്‍ജം കണ്ടെത്താനുള്ള ഇത്തരം നാടകങ്ങളില്‍ കേരളം രാഷ്ട്രീയപാര്‍ട്ടികളുടെ കൂടെ കരയണോ? അക്രമം നിര്‍ത്താന്‍ നിങ്ങള്‍ തീരുമാനിച്ചാല്‍ നിലയ്ക്കും. അതു ചെയ്യാതെ ഈ ഇരവാദം ആവര്‍ത്തിക്കുന്നത് ആര്‍ക്കും മനസിലാകുന്നില്ലെന്ന് ശരിക്കും രാഷ്ട്രീയനേതൃത്വങ്ങള്‍ കരുതുന്നുണ്ടോ? 

സ്വര്‍ണകടത്തു കേസില്‍ സ്വപ്നസുരേഷ് മുഖ്യമന്ത്രിക്കെതിരെ ആരോപണങ്ങളുമായി രംഗത്തു വന്നതിനു ശേഷം കേരളം ആഴ്ചകളായി സംഘര്‍ഷാന്തരീക്ഷത്തിലൂടെയാണ് കടന്നു പോകുന്നത്.  പ്രതിപക്ഷസമരങ്ങളും പൊലീസുമായുള്ള സംഘര്‍ഷവും കേരളത്തിന് ചിരപരിചിതമാണെങ്കിലും ശേഷം കാര്യങ്ങള്‍ പല വട്ടം കൈവിട്ടു പോയി. മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ പ്രതിഷേധമുയര്‍ത്തിയതിനോടു സി.പി.എം പ്രതികരിച്ചത് KPCC ഓഫിസിനു നേരെ പ്രതിഷേധമാര്‍ച്ചും ആക്രമണവും സംഘടിപ്പിച്ചുകൊണ്ടാണ്. വ്യാപകമായി കോണ്‍ഗ്രസ് ഓഫിസുകള്‍ തകര്‍ക്കപ്പെട്ടു. അന്തരീക്ഷം ശാന്തമായി എന്നു കരുതുമ്പോഴേക്കും പരിസ്ഥിതിലോലമേഖലാ പ്രശ്നത്തില്‍  എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ കല്‍പറ്റയിലെ രാഹുല്‍ഗാന്ധിയുടെ ഓഫിസിനു നേരെ ആക്രമണം നടത്തി.  

മറുപടിയായി കോട്ടയത്ത് കോണ്‍ഗ്രസിന്റെ ആക്രമണം, തിരിച്ചടി, ജനാധിപത്യപ്രതിഷേധങ്ങള്‍ , ആക്രമണോല്‍സുക പ്രതിരോധമാര്‍ച്ചുകള്‍.  ഇതു തന്നെയാണ് കേരളം കണ്ടുകൊണ്ടേയിരിക്കുന്നത്. അക്രമത്തിന് വഴിമരുന്നാകരുതെന്ന കരുതലോടെ ഒരേയൊരു രാഷ്ട്രീയപ്രതികരണം കണ്ടത് രാഹുല്‍ഗാന്ധിയില്‍ നിന്നു മാത്രമാണ്.  

ആക്രമണം ആവര്‍ത്തിക്കരുത് എന്ന ആത്മാര്‍ഥതയുള്ള, കരുതലോടെയുള്ള നിലപാടുകള്‍ കേരളത്തിലെ രാഷ്ട്രീയപാര്‍ട്ടികള്‍ നിര്‍ബന്ധപൂര്‍വം സ്വീകരിച്ചാല്‍ ഇത്രയും സ്ഫോടനാത്മകമായ സാഹചര്യം കേരളം അനുഭവിക്കേണ്ടി വരില്ലെന്നുറപ്പാണ്.ഇപ്പോള്‍ സി.പി.എം ആകെ പ്രതിരോധത്തിലായി നില്‍ക്കുന്ന നേരത്താണ് പാര്‍ട്ടി ആസ്ഥാനത്തിനു നേരെ ആക്രമണം നടന്നിരിക്കുന്നത്.  

ഏതു സാഹചര്യത്തിലാണെങ്കിലും രാഷ്ട്രീയത്തില്‍ അക്രമത്തിന് ഇടം നല്‍കില്ലെന്ന് രാഷ്ട്രീയനേതൃത്വങ്ങള്‍ തീരുമാനിക്കാതെ ഇതിന് ഒരവസാനമുണ്ടാകില്ലെന്നുറപ്പാണ്.  സ്വര്‍ണക്കടത്തു കേസില്‍ പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയം ചര്‍ച്ച ചെയ്യാന്‍ ഭരണപക്ഷം തീരുമാനിച്ചതോടെ വിവാദത്തിനും സംഘര്‍ഷത്തിനും  തല്‍ക്കാലം ശമനമുണ്ടാകുമെന്ന് 

 ഇടതുനേതാക്കളെങ്കിലും പ്രതീക്ഷിച്ചിട്ടുണ്ടാകണം. പ്രതിപക്ഷം അക്കമിട്ടു ചോദിച്ച ചോദ്യങ്ങള്‍ക്ക് വ്യക്തമായി മറുപടി പറയാതെ ഒഴിഞ്ഞുമാറിയെങ്കിലും പറയാനുദ്ദേശിച്ച കാര്യങ്ങള്‍ മുഖ്യമന്ത്രി വ്യക്തമായി പറയുകയും ചെയ്തു. പക്ഷേ ചര്‍ച്ചയ്ക്കിടെ കോണ്‍ഗ്രസ് എം.എല്‍.എ മാത്യു കുഴല്‍നാടന്റെ ഒരു പരാമര്‍ശത്തില്‍ ക്ഷുഭിതനായ മുഖ്യമന്ത്രി വളരെ വൈകാരികമായി പ്രതികരിച്ചു, ആ പ്രതികരണം വസ്തുതാവിരുദ്ധമാണെന്ന അവകാശലംഘനനോട്ടീസില്‍ എത്തിനില്‍ക്കുന്നു.  

എന്നാല്‍ വീണ വിജയന്‍ തന്നെ ഈ ജെയ്ക് ബാലകുമാര്‍ തന്റെ കമ്പനിയുടെ ഉപദേശകനായിരുന്നുവെന്ന് മുന്‍പ് നേരിട്ട് സ്ഥിരീകരിച്ചിട്ടുണ്ട്. ഒപ്പം സൈറ്റില്‍ ഇത് വ്യക്തമായി തന്നെ രേഖപ്പെടുത്തുകയും ചെയ്തിരുന്നു. മെന്റര്‍ എന്ന വാക്കിന്റെ അര്‍ഥവും ആശയവും ഉപദേശകനാണെന്നിരിക്കേ തന്റെ മകള്‍ അങ്ങനെ പറഞ്ഞിട്ടില്ലെന്നു മാത്രമല്ല, മുഖ്യമന്ത്രി അങ്ങേയറ്റം വികാരഭരിതനായി പ്രതികരിക്കുകയും ചെയ്തു.  

അല്ലെങ്കിലും ഒരു PWC ഡയറക്ടര്‍ ഐ.ടി.സംരംഭകയായ മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിയുടെ മെന്റര്‍ ആകുന്നതില്‍ എന്താണ് കുഴപ്പം? വളരെ സ്വാഭാവികമായ ഒരു കാര്യത്തിന് പച്ചക്കള്ളമെന്നു പൊട്ടിത്തെറിച്ച മുഖ്യമന്ത്രി താന്‍ പറഞ്ഞതാണ് പച്ചക്കള്ളം എന്നു സമ്മതിക്കുമോ? തനിക്കു തെറ്റു പറ്റിയെന്നു സമ്മതിക്കുമോ? തെറ്റുപറ്റിയതാണെങ്കിലേ അങ്ങനെ പറയാനാകൂവെന്നത് മറക്കുന്നില്ല. തെറ്റു പറ്റിയതല്ലെങ്കില്‍ മുഖ്യമന്ത്രി എന്തിനാണ് പൊട്ടിത്തെറിച്ച് പ്രതിപക്ഷത്തെ പേടിപ്പിക്കാന്‍ ശ്രമിച്ചത്?  

മുഖ്യമന്ത്രിക്കെതിരെ മാത്യു കുഴല്‍നാടന്‍ അവകാശലംഘനത്തിനു നോട്ടീസ് നല്‍കിയിരിക്കുകയാണ്. മുഖ്യമന്ത്രി വസ്തുതാവിരുദ്ധമായ കാര്യം പറഞ്ഞ് സഭയെ തെറ്റിദ്ധരിപ്പിച്ചുവെന്നാണ് നോട്ടീസിലെ ആരോപണം. മുഖ്യമന്ത്രിയുടെ കുടുംബത്തെ രാഷ്ട്രീയത്തിലേക്കു വലിച്ചിഴക്കുന്നത് ശരിയല്ലെന്നു ചര്‍ച്ചകള്‍ തുടരുമ്പോഴാണ് സ്വര്‍ണക്കടത്തു പ്രതി സ്വപ്ന സുരേഷ് വീണ വിജയനെതിരെ വീണ്ടും ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.  

മറ്റൊന്നു കൂടി സ്വപ്ന സുരേഷ് ആരോപിച്ചു.  പക്ഷേ ഗുരുതരമായ ഈ ആരോപണം കേന്ദ്രവിദേശകാര്യമന്ത്രാലയം അത്രയ്ക്കങ്ങോട്ട് ഏറ്റെടുക്കുന്നില്ല.  സ്വപ്ന സുരേഷ് തവണ വ്യവസ്ഥയില്‍ ഉന്നയിക്കുന്ന എല്ലാ ആരോപണങ്ങള്‍ക്കും അപ്പപ്പോള്‍ മറുപടി നല്‍കണമെന്ന് നമുക്ക് മുഖ്യമന്ത്രിയോട് ആവശ്യപ്പെടാനാകില്ല. പക്ഷേ ജനങ്ങള്‍ക്കറിയാന്‍ താല്‍പര്യമുണ്ടാകുമെന്ന് മുഖ്യമന്ത്രി തന്നെ അടിയന്തരപ്രമേയ നോട്ടീസില്‍ പ്രതികരിച്ച സ്ഥിതിക്ക് സ്വപ്നയ്ക്കുള്ള മറുപടിയല്ലാതെ തന്നെ രണ്ടു ചോദ്യങ്ങളില്‍ കേരളത്തിനു മറുപടി വേണം. 1. സ്പ്രിങ്ക്ളര്‍ കരാറിനു പിന്നില്‍ നടന്നതെന്താണ്? ആരാണ് കുറ്റക്കാര്‍? 2. സ്വപ്ന സുരേഷിന് സര്‍ക്കാര്‍ പ്രോജക്റ്റില്‍ കനത്ത ശമ്പളത്തില്‍ നിയമനം നല്‍കിയ കേസില്‍ ആരാണ് കുറ്റക്കാര്‍, പൊലീസ് അന്വേഷണത്തിന് എന്തു സംഭവിച്ചു? 

സ്പ്രിങ്ക്ളര്‍ കരാറിന്റെ മാസ്റ്റര്‍ ബ്രെയിന്‍ വീണ വിജയനാണെന്നും കേരളത്തിലെ ജനങ്ങളുടെ ഹെല്‍ത്ത് ഡേറ്റ വിറ്റഴിച്ചുവെന്നുമാണ് സ്വപ്നസുരേഷിന്റെ ആരോപണം.  സ്പ്രിങ്ക്ളര്‍ കരാറില്‍ ഹൈക്കോടതി ഇടപെടലോടെ പിന്‍മാറേണ്ടി വന്ന സംസ്ഥാനസര്‍ക്കാര്‍ തുടര്‍ന്ന് ഒരന്വേഷണം പ്രഖ്യാപിച്ചിരുന്നു. സ്പ്രിന്‍ക്ലര്‍ കരാര്‍ സംസ്ഥാന താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമാണെന്നും ജനങ്ങളുടെ സ്വകാര്യവിവരങ്ങള്‍ക്ക് മേല്‍ സ്വകാര്യകമ്പനിക്ക് സമ്പൂര്‍ണ അവകാശം നല്‍കുന്ന സ്ഥിതിയുണ്ടായെന്നുമായിരുന്നു മാധവന്‍ നമ്പ്യാര്‍ കമ്മിറ്റിയുടെ കണ്ടെത്തല്‍.

ആരോഗ്യവകുപ്പോ ചീഫ് സെക്രട്ടറിയോ ഒന്നുമറിയാതെ ഐ.ടി.സെക്രട്ടറിയായിരുന്ന ശിവശങ്കര്‍ ഒറ്റയ്ക്കാണ് കരാര്‍ തീരുമാനിച്ചതെന്നും റിപ്പോര്‍ട്ടില്‍ പരാര്‍ശമുണ്ടായിരുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നു. അതോടെ തിരഞ്ഞെടുപ്പ് സമയത്ത് ഈ റിപ്പോര്‍ട്ട് തിരിച്ചടിയാകാതിരിക്കാന്‍ സര്‍ക്കാര്‍ ഇക്കാര്യം പഠിക്കാന്‍ രണ്ടാമതൊരു കമ്മിറ്റിയെ വച്ചു.   ശിവശങ്കറിന്റെ നടപടികള്‍ ശരിയായില്ലെങ്കിലും ദുരുദ്ദേശമില്ലായിരുന്നുവെന്ന് ചിറ്റ് നല്‍കി വെളുപ്പിച്ചെടുത്തു. പക്ഷേ ഈ രണ്ടു റിപ്പോര്‍ട്ടുകളും പൂര്‍ണമായി പുറത്തുവിടാന്‍ സര്‍ക്കാര്‍ തയാറായിട്ടില്ല.  

ആരാണ് സ്പ്രിങ്ക്ളര്‍ കരാറിനു പിന്നില്‍ പ്രവര്‍ത്തിച്ചത് എന്നു സുതാര്യമായി ജനങ്ങളെ അറിയിക്കാന്‍ സര്‍ക്കാര്‍ എന്തിനു മടിക്കണം? അങ്ങനെ ചെയ്യാതിരുന്നതിന്, ഇപ്പോഴും ചെയ്യാതിരിക്കുന്നതിനുള്ള കാരണമെന്താണ്? പിന്നെയും പിന്നെയും കമ്മിറ്റികളും എന്നിട്ടും സുതാര്യമല്ലാത്ത ഒളിപ്പിക്കലുകളും നടത്തുന്നതെന്തിനാണ്? ഇനിയുമുണ്ട് ഒരു പ്രശ്നം. സ്വപ്നസുരേഷിന് സര്‍ക്കാര്‍ പ്രൊജക്റ്റില്‍ അനധികൃത നിയമനം ലഭിച്ചതിനെക്കുറിച്ച് പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ആ കേസെന്തായി? സ്വപ്ന സുരേഷിന്റെ അനധികൃതനിയമനക്കേസില്‍ യഥാര്‍ഥ പ്രതി ആരാണ്? രണ്ടു വര്‍ഷത്തോളമായിട്ടും നടപടിയെടുക്കാത്തതെന്താണ്? 

സ്വപ്ന സുരേഷ് സ്വര്‍ണക്കള്ളക്കടത്തു കേസില്‍ കുടുങ്ങുമ്പോള്‍ അവര്‍ കേരളാസര്‍ക്കാരിന്റെ സ്പേസ് പാര്‍ക്കില്‍ ഉന്നത തസ്തികയില്‍ കരാര്‍ ഉദ്യോഗസ്ഥയായിരുന്നു.  കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്സ് ഉപകരാര്‍ നല്‍കിയ വിഷന്‍ടെക് എന്ന സ്ഥാപനം വഴിയാണ് നിയമനമെന്ന് സര്‍ക്കാര്‍ വിശദീകരിച്ചെങ്കിലും ചീഫ്സെക്രട്ടറി തല സമിതിയുടെ പ്രാഥമികഅന്വേഷണത്തില്‍ തന്നെ ശിവശങ്കര്‍ കുറ്റക്കാരനെന്നു കണ്ടെത്തി. സസ്പെന്‍ഡ് ചെയ്തതും ഇതേ കാരണത്തിലാണ്. കരാര്‍ നിയമനം മാത്രമാണെന്ന് വിശദീകരിച്ചു പിടിച്ചു നില്‍ക്കാന്‍ സര്‍ക്കാര്‍ പരമാവധി ശ്രമിച്ചെങ്കിലും സ്വപ്നയുടെ മൊഴിയായി കോടതി രേഖകള്‍ പ്രകാരം, ശിവശങ്കര്‍ KSITIL എം.ഡി. വഴിയാണ് നിയമനം നടന്നത്.  പിന്നീട് പശ്ചാത്തലത്തിനായി PWC, വിഷന്‍ടെക്് എന്നീ സ്ഥാപനങ്ങളുടെ കടലാസുണ്ടാക്കുകയായിരുന്നുവെന്നാണ് മൊഴി. ഇതേ KSITIL എം.ഡിയുടെ പരാതി പ്രകാരം തിരുവനന്തപുരം കന്‍റോണ്‍മെന്റ് സ്റ്റേഷനില്‍ പൊലീസ് ഒരു കേസ് റജിസ്റ്റര്‍ ചെയ്തിരുന്നു. സ്വപ്നയുടെ നിയമനത്തിനായി പ്രതിമാസം 3.18 ലക്ഷം സര്‍ക്കാര്‍ ചെലവാക്കിയതില്‍ 1.3 ലക്ഷം രൂപ PWCയ്ക്കുള്ള കമ്മിഷനായിരുന്നു. ശേഷിക്കുന്ന 1.46 ലക്ഷത്തില്‍ 1.1 ലക്ഷം സ്വപ്നയ്ക്കും 36,000 രൂപ വിഷന്‍ടെക്കിനുമാണ്. കേസില്‍ പ്രതിയായി പുറത്താകും വരെ ഇത്തരത്തില്‍ സ്വപ്നയ്ക്കായി 19.06 ലക്ഷം രൂപ സര്‍ക്കാര്‍ ചെലവാക്കിയിരുന്നു. ഈ പണം ഉത്തരവാദപ്പെട്ട കരാര്‍ സ്ഥാപനത്തില്‍ നിന്ന് ഈടാക്കണമെന്ന് ധനകാര്യപരിശോധനാവിഭാഗം നിര്‍ദേശവും നല്‍കി. പക്ഷേ PWC പണം തിരിച്ചുകൊടുക്കാനോ ഉത്തരവാദിത്തമേറ്റെടുക്കാനോ തയാറായില്ല. എങ്കില്‍ ശിവശങ്കര്‍ അടക്കമുള്ള മൂന്ന് ഉന്നത ഉദ്യോഗസ്ഥരില്‍ നിന്ന് തിരിച്ചുപിടിക്കണമെന്നും ശുപാര്‍ശ ചെയ്തിരുന്ന.ു ഇതുവരെ ഇക്കാര്യത്തിലും നടപടിയുണ്ടായില്ല. പൊലീസ് കേസും രണ്ടുവര്‍ഷമായിട്ടും അനങ്ങിയിട്ടില്ല. സര്‍ക്കാരിനെ വഞ്ചിച്ച, വിവാദത്തില്‍ കുരുക്കിയ സ്വപ്ന സുരേഷിനെതിരെ കൃത്യമായി തെളിവുള്ള ഒരു കേസില്‍ നടപടി മുന്നോട്ടു കൊണ്ടുപോകാന്‍ സര്‍ക്കാരിന് താല്‍പര്യമില്ലാത്തതെന്തുകൊണ്ടാണ്?

ഇനിയുമുണ്ട് തമാശകള്‍. സ്വപ്നയുെട നിയമനം വിവാദമായപ്പോള്‍ PWCയെ ഐ.ടി.വകുപ്പ് കരാറുകളില്‍ നിന്നു വിലക്കി. ഹൈക്കോടതിയില്‍ പോയി സര്‍ക്കാര്‍ നടപടിക്കെതിരെ സ്റ്റേ വാങ്ങിയ PWC സ്വപ്നയുടെ നിയമനത്തിനുള്ള ശുപാര്‍ശ KSITLല്‍ നിന്നു തന്നെയാണ് വന്നതെന്നു കോടതിയില്‍ രേഖാമൂലം വാദിച്ചു. അതായത് വാദി പ്രതിയാണെന്ന്. പരാതിക്കാരനായ KSITIL എം.ഡി തന്നെയാണ് സ്വപ്ന സുരേഷിന്റെ ബയോഡാറ്റ കൈമാറിയതെന്നും കോടതിയില്‍ PWC വാദിച്ചു. തെളിവുകള്‍ ആവശ്യം വന്നാല്‍ പുറത്തുവിടുമെന്ന PWCയുടെ മുന്നറിയിപ്പിലാണ് കാര്യങ്ങള്‍ നില്‍ക്കുന്നത്. 

അതായത് കോടതിക്കു മാത്രമറിയാവുന്ന സ്വപ്ന സുരേഷിന്റെ  രഹസ്യമൊഴിയുടെ അടിസ്ഥാനത്തില്‍ ഗൂഢാലോചനക്കേസും ജാമ്യമില്ലാത്ത വകുപ്പുകളും ഉന്നത പൊലീസ് സംഘവുമായി ബഹളം വയ്ക്കുന്ന സര്‍ക്കാരിന് സ്വപ്നയെങ്ങനെ സര്‍ക്കാരിന്റെ കരാ‍ര്‍ ജോലിക്കാരിയായി എന്നറിയാന്‍ രണ്ടു വര്‍ഷമായിട്ടും താല്‍പര്യമില്ല. അഥവാ ഉത്തരമറിയാവുന്നതുകൊണ്ട് കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ താല്‍പര്യമില്ല. ഇപ്പോള്‍ സ്വപ്നയുടെ ആരോപണങ്ങള്‍ക്കു മറുപടി നല്‍കാന്‍ ഒരു ഉജ്വല മാര്‍ഗം സര്‍ക്കാരിനു മുന്നിലുണ്ട്. സ്പ്രിങ്ക്ളര്‍കരാറിനു പിന്നില്‍ ആരാണ് പ്രവര്‍ത്തിച്ചത് എന്ന രണ്ട് അന്വേഷണറിപ്പോര്‍ട്ടുകളുംപൂര്‍ണമായി പുറത്തുവിടുക. സ്വപ്നയുടെ അനധികൃത നിയമനത്തിനു പിന്നിലെ റൂട്ട് എന്താണെന്ന് പൊലീസ് അന്വേഷണവിവരങ്ങള്‍ പുറത്തുവിടുക. ഇത്രയും കൃത്യതയുള്ള രണ്ടു മാര്‍ഗങ്ങള്‍ മുന്നിലുണ്ടായിട്ടും പിണറായി സര്‍ക്കാര്‍ അതു ചെയ്യാത്തതെന്തുകൊണ്ടായിരിക്കും? ഈ രണ്ടു കേസിലും ആദ്യത്തെ കുറ്റവാളിയെന്ന് സര്‍ക്കാരിന്റെ പ്രാഥമികാന്വേഷണത്തിലേ ബോധ്യപ്പെട്ട ശിവശങ്കറിനെതിരെ നടപടിയെടുക്കാതെ സംരക്ഷിക്കുന്നത് എന്തുകൊണ്ടായിരിക്കും? ഉത്തരം മുഖ്യമന്ത്രി പിണറായി വിജയനു മാത്രമേ അറിയാവൂ. 

MORE IN PARAYATHE VAYYA
SHOW MORE