ആക്രമിക്കപ്പെട്ട സ്ത്രീകൾക്ക് നീതി അവകാശമാണ്; ഔദാര്യമല്ല

Parayathe-Vayya-hema
SHARE

ജസ്റ്റിസ് ഹേമ കമ്മിഷന്‍ റിപ്പോര്‍ട്ട് സര്‍ക്കാര്‍ എന്തിനാണ് പൂഴ്ത്തിവച്ചിരിക്കുന്നത്? ആക്രമണം നേരിട്ടവരെ സംരക്ഷിക്കാനെന്ന പേരില്‍ വേട്ടക്കാരെ വീണ്ടും വീണ്ടും സംരക്ഷിക്കുന്നതെന്തിനാണ്? വിഗ്രഹങ്ങള്‍ വീണുടയുമെന്നതുകൊണ്ടാണെന്ന് സിനിമാമേഖലയിലുള്ളവര്‍ പോലും തുറന്നു പറയുമ്പോള്‍ സര്‍ക്കാര്‍ ആരെയാണ് ഒളിച്ചുവച്ച് രക്ഷിക്കാന്‍ ശ്രമിക്കുന്നത്?

പ്രമുഖ അഭിനേത്രി പാര്‍വതി തിരുവോത്ത് നിശിതമായി വിമര്‍ശിച്ചത് ഒരിക്കല്‍ വളരെ പ്രതീക്ഷയോടെ വിശ്വസിച്ച സര്‍ക്കാരിനെയാണ്. ചലചിത്രമേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന ചൂഷണങ്ങള്‍ അവസാനിപ്പിക്കാന്‍ നിര്‍ണായകമായ അവസരമായി ഹേമ കമ്മിഷന്‍ റിപ്പോര്‍ട്ടിനെ കണ്ടവരെല്ലാം ഇതേ വിമര്‍ശനവുമായി സര്‍ക്കാരിനോടു ചോദ്യങ്ങള്‍ ആവര്‍ത്തിക്കുകയാണ്. 

പാര്‍വതിയടക്കമുള്ള ഒരു ചെറിയ സംഘം വനിതാസിനിമാപ്രവര്‍ത്തകര്‍ നിരന്തരപോരാട്ടത്തിലൂടെയാണ് WCCയ്ക്കും ഹേമ കമ്മിഷനും അടിത്തറയൊരുക്കിയത്. സ്ത്രീകളുടെ അവകാശപോരാട്ടത്തിനിടയില്‍ ഈ സംഘത്തിലെ പല വനിതകള്‍ക്കും അവസരങ്ങള്‍ നിഷേധിക്കപ്പെട്ടു. ഒറ്റപ്പെടുത്തല്‍ അനുഭവിക്കേണ്ടി വന്നു. പക്ഷേ ഇനി വരുന്നൊരു തലമുറയ്ക്ക് മലയാളസിനിമയില്‍ ചൂഷണരഹിതമായ തുല്യതയുറപ്പാക്കുന്ന സാഹചര്യമുണ്ടാകണമെന്ന അവകാശബോധത്താല്‍ പിടിച്ചു നില്‍ക്കുന്ന ഈ സംഘത്തിന്റെ കൂടി നിതാന്തശ്രമത്തിലാണ് ഈ കമ്മിഷനും ആഭ്യന്തരപരാതിപരിഹാരസെല്ലുമെല്ലാം വരുന്നത്. ഈ പോരാട്ടത്തില്‍ ഒപ്പമുണ്ടെന്ന് അവര്‍ വിശ്വസിച്ച സര്‍ക്കാരാണ് ഹേമ കമ്മിഷന്‍ റിപ്പോര്‍ട്ടുമായി ഒളിച്ചുകളിക്കുന്നത്. 

റിപ്പോര്‍ട്ട് പുറത്തു വിടാനാവില്ലെന്ന് വാദിക്കുമ്പോഴെല്ലാം സര്‍ക്കാര്‍ മറന്നു പോകുന്നത് കമ്മിഷനെ നിയോഗിച്ച ഉദ്ദേശലക്ഷ്യങ്ങള്‍ തന്നെയാണ്. ലൈംഗികാതിക്രമങ്ങള്‍ മാത്രമല്ല കമ്മിഷനു മുന്നില്‍ വനിതാസിനിമാപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയ പ്രശ്നം. സിനിമാമേഖലയില്‍ നിലനില്‍ക്കുന്ന കടുത്ത വിവേചനവും ഉച്ചനീചത്വവും അടക്കമുള്ള ചൂഷണവും കമ്മിഷനു മുന്നിലെത്തിയിട്ടുണ്ട്. സ്വകാര്യത സംരക്ഷിച്ചുകൊണ്ടു തന്നെ കമ്മിഷന്‍ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്തുവിടണം. കമ്മിഷനെ വിശ്വസിച്ച ് ദുരനുഭവങ്ങള്‍ തുറന്നു പറയാന്‍ തയാറായ സ്ത്രീകളോടും സര്‍ക്കാര്‍ നീതി പുലര്‍ത്തണം. 

2017ല്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തെത്തുടര്‍ന്ന് മലയാളചലച്ചിത്രമേഖലയിലെ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് ഒട്ടേറെ ചര്‍ച്ചകളും വെളിപ്പെടുത്തലുകളും നടന്നു. നിയമപരമായ അവകാശങ്ങളില്ലാതെ തീര്‍ത്തും പുരുഷമേധാവിത്തം നിലനില്‍ക്കുന്ന സിനിമാമേഖലയില്‍ സ്ത്രികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ വ്യാപകമായി ചര്‍ച്ചയായി. സിനിമാവ്യവസായത്തെ സ്ത്രീസൗഹൃദ ഇടമാക്കണമെന്ന ആവശ്യവുമായി വിമന്‍ ഇന്‍ സിനിമാകളക്റ്റീവ് ആണ് ഒരു കമ്മിഷനെ നിയോഗിച്ച് പ്രശ്നങ്ങള്‍ പഠിക്കണമെന്ന നിര്‍ദേശം കൂടി വച്ച് സര്‍ക്കാരിനെ സമീപിച്ചത്. 

2017 ജൂലൈയിലാണ് ജസ്റ്റിസ് കെ.ഹേമ അധ്യക്ഷയായി പിണറായി സര്‍ക്കാര്‍ മൂന്നംഗ കമ്മിഷന്‍ രൂപീകരിച്ചത്. കെ.ബി.വല്‍സലകുമാരി, നടി ശാരദ എന്നിവരായിരുന്നു മറ്റ് അംഗങ്ങള്‍. മലയാള ചലച്ചിത്രമേഖലയിലെ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ ആഴത്തില്‍ പഠിക്കുകയും  പരിഹാരമാര്‍ഗങ്ങള്‍ നിര്‍ദേശിക്കുകയുമായിരുന്നു കമ്മിഷന്‍റെ ചുമതല. തുടര്‍ന്ന് ഹേമ കമ്മിഷന്‍ വിശദമായ കൂടിക്കാഴ്ചകള്‍ നടത്തി. സിനിമാമേഖലയിലെ അഭിനേതാക്കള്‍, നിര്‍മാതാക്കള്‍, സാങ്കേതികവിദഗ്ധര്‍ തുടങ്ങി എല്ലാ രംഗത്തെയും പ്രതിനിധീകരിക്കുന്നവരില്‍ നിന്നും വിശദാംശങ്ങള്‍ ശേഖരിച്ചു. വേതനത്തിലെ ലിംഗവ്യത്യാസം, തൊഴില്‍ ചൂഷണം, അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കാത്ത തൊഴില്‍ അന്തരീക്ഷം, പരാതി പരിഹാരസെല്ലുകളുെട അഭാവം ഇതെല്ലാം  ഹേമ കമ്മിഷന്‍ പരിശോധിച്ചു. അതിനേക്കാളെല്ലാമുപരിയായി, സിനിമയില്‍ അവസരം ലഭിക്കുന്നതിനു പകരമായി കടുത്ത ലൈംഗികചൂഷണം നേരിടേണ്ടി വന്നവരും മോശം പെരുമാറ്റം നേരിടേണ്ടി വന്നവരുമായ ഒട്ടേറെ സ്ത്രീകള്‍ കമ്മിഷന് മുന്നില്‍ പരാതിയുമായെത്തി.കാസ്റ്റിങ് കൗച്ച് വ്യാപകമാണെന്ന് പ്രധാന താരങ്ങള്‍ പരസ്യമായി തുറന്നടിച്ചപ്പോള്‍ വിശദാംശങ്ങളടക്കം കമ്മിഷനു മുന്നില്‍ പരാതികളായെത്തി. ഒട്ടേറെ അഭിനേതാക്കള്‍ സമാനസാഹചര്യം സ്ഥിരീകരിച്ചു. സിനിമാമേഖലയില്‍ മദ്യവും മയക്കുമരുന്നും വ്യാപകമായതിനെത്തുടര്‍ന്നുണ്ടാകുന്ന അരക്ഷിതാവസ്ഥയും കമ്മിഷന്‍ ഗൗരവമായി പഠിച്ചു. ഇത്തരം പ്രശ്നങ്ങള്‍ അന്വേഷിക്കാന്‍ ഒരു ട്രൈബ്യൂണല്‍ വേണമെന്നും കമ്മിഷന്‍ ശുപാര്‍ശ ചെയ്തിരുന്നു. 

2019 ഡിസംബറില്‍ കമ്മിഷന്‍ അന്തിമറിപ്പോര്‍ട്ട് സമര്‍പ്പിച്ചു. എന്നാല്‍ ഈ റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ പഠിക്കാനും നടപ്പാക്കാനുമായി മറ്റൊരു സമിതിക്ക് രൂപം നല്‍കുകയാണ് സര്‍ക്കാര്‍ ചെയ്തത്. ഹേമ കമ്മിഷന്‍ റിപ്പോര്‍ട്ട് നല്‍കിയ ശേഷം രണ്ടുവര്‍ഷത്തിനിടെ പല തവണ റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന ആവശ്യം സര്‍ക്കാരിനു മുന്നിലെത്തി.  ഒട്ടേറെ വിവരാവകാശഅപേക്ഷകളും എത്തിയെങ്കിലും സര്‍ക്കാര്‍ സ്വകാര്യതയുടെ പ്രശ്നം ചൂണ്ടിക്കാട്ടി അപേക്ഷകള്‍ തള്ളി. കമ്മിഷന് കാരണക്കാരായ   WCC  തന്നെ പല തവണ സര്‍ക്കാരിന് കത്തു നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. 2020ല്‍ ഷാനിമോള്‍ ഉസ്മാന്‍ എം.എല്‍.എ ഇക്കാര്യം സഭയില്‍ ഉന്നയിച്ചപ്പോള്‍ അന്നത്തെ സാംസ്കാരികമന്ത്രി റിപ്പോര്‍ട്ടിലെ ശുപാര്‍ശകളില്‍ ചിലത് വെളിപ്പെടുത്തി പിന്‍മാറി. ഇപ്പോള്‍ പ്രതിപക്ഷവും വനിതാഅവകാശപ്രവര്‍ത്തകരും ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ സര്‍ക്കാര്‍ പുറത്തു വിടുന്നില്ല. 

ഹേമാ കമ്മിഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ച് 2 വര്‍ഷം കഴിഞ്ഞിട്ടും നാളിതുവരെ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്തു വിടുകയോ തുടര്‍നടപടികള്‍ സ്വീകരിക്കുകയോ ചെയ്തിട്ടില്ല. ഇരകളുടെ സ്വകാര്യതയെക്കുറിച്ച് ആശങ്കയുള്ളതുകൊണ്ടാണ് റിപ്പോര്‍ട്ട് വെളിപ്പെടുത്താത്തതെന്നു സര്‍ക്കാര്‍ വാദിക്കുമ്പോള്‍ രക്ഷപ്പെടുത്തുന്നത് വേട്ടക്കാരെ തന്നെയാണ്. എന്തു ന്യായം പറഞ്ഞാലും സര്‍ക്കാരിനെ വിശ്വസിക്കുകയും ആശ്രയിക്കുകയും ചെയ്ത സ്ത്രീകളോടുള്ള വഞ്ചനയാണ് ഈ സമീപനം. സ്ത്രീകളെ ചൂഷണത്തില്‍ നിന്നു സംരക്ഷിക്കുകയെന്നത് ഇടതുസര്‍ക്കാരിന്റെ ഔദാര്യമൊന്നുമല്ല. ഓരോ ഇന്ത്യന്‍ വനിതയുടെയും ഭരണഘടനാപരമായ അവകാശമാണ്. ഞങ്ങള്‍ ഇത്രയെങ്കിലും ചെയ്തല്ലോ എന്ന മേനി പറച്ചില്‍ കേള്‍ക്കാനല്ല ചലച്ചിത്രമേഖലയിലെ വനിതകള്‍ കാത്തിരിക്കുന്നതും പോരാടുന്നതും. 

മലയാളത്തിന്റെ മഹാസാഹിത്യകാരന്‍റെ ചൂണ്ടുവിരലും സര്‍ക്കാരിന്റെ മനസിളക്കിയിട്ടില്ല. റിപ്പോര്‍ട്ട് പുറത്തുവിടാതിരിക്കുന്നതിന് അതിജീവിതരുടെ സ്വകാര്യതയെന്ന ബ്ലാക്ക് മെയിലിങ് നടത്തിയാണ് സര്‍ക്കാര്‍ ഇപ്പോഴും ന്യായീകരിച്ചു നില്‍ക്കുന്നത്. 

IFFK വേദിയില്‍ നടി ഭാവനയ്ക്കു ലഭിച്ച സ്വീകരണം നേരിട്ടു കണ്ടിട്ടും സര്‍ക്കാരിന്റെ കണ്ണു തുറന്നിട്ടില്ല.   ആക്രമിച്ചവരാണ്, അനീതി പ്രവര്‍ത്തിച്ചവരാണ് അവര്‍ മാത്രമാണ് തലകുനിക്കേണ്ടതെന്ന് അതിജീവിച്ചവരും പോരാടാന്‍ തയാറായവരും തലയുയര്‍ത്തി പറയുമ്പോഴും നമ്മുടെ സര്‍ക്കാര്‍ പറയുന്നത് നിങ്ങള്‍ തലതാഴ്ത്തിയിരുന്നോളൂ എന്നു തന്നെയാണ്. 

സ്ത്രീസുരക്ഷയ്ക്കായി നിയമനിര്‍മാണം നടത്തുമെന്നാണ് വേദിയില്‍ തന്നെ സാംസ്കാരികമന്ത്രി നല്‍കിയ മറുപടി. ഇനി വരുന്ന സ്ത്രീകള്‍ മാത്രം രക്ഷിക്കപ്പെട്ടാല്‍  ഇതുവരെ തെറ്റു ചെയ്തവര്‍ എങ്ങനെ ശിക്ഷിക്കപ്പെടും? അവര്‍ തെറ്റു ചെയ്തുവെന്ന് തുറന്നു പറയാന്‍ ധൈര്യം കാണിച്ച അതിജീവിതര്‍ക്ക് ആരു നീതി നല്‍കും? ആര്‍ക്കു വേണ്ടിയാണ് സര്‍ക്കാര്‍ വേട്ടക്കാരെ സംരക്ഷിക്കുന്നത്? 

സ്ത്രീകള്‍ക്കൊപ്പം എന്നു തലയുയര്‍ത്തിയ സര്‍ക്കാര്‍ തന്ത്രപരമായി നിയമപരമായ ഒരു ബാധ്യതയും ഏല്‍ക്കാത്ത വിധമാണ് ജസ്റ്റിസ് ഹേമ കമ്മിഷനെ ചുമതലയേല്‍പിച്ചത് എന്നത് മറ്റൊരു വൈരുധ്യം. കമ്മിഷന്‍ ഓഫ് എന്‍ക്വയറീസ് ആക്റ്റിനു കീഴിലല്ല ഈ കമ്മിഷന്‍ പ്രഖ്യാപിച്ചത്. അതുകൊണ്ടു തന്നെ കമ്മിഷന് അര്‍ധജുഡീഷ്യല്‍ അധികാരങ്ങളുമില്ല., റിപ്പോര്‍ട്ടില്‍ നടപടിയെടുക്കാന്‍ സര്‍ക്കാരിന് നിയമപരമായ ബാധ്യതയുമില്ല. ജസ്റ്റിസ് ഹേമ തന്നെ 2020ല്‍ സ്വകാര്യത ചൂണ്ടിക്കാട്ടി റിപ്പോര്‍ട്ട് പുറത്തുവിടരുതെന്നാവശ്യപ്പെട്ടതുകൊണ്ടാണ് പുറത്തുവിടാത്തതെന്ന് ന്യായീകരിക്കാനും സര്‍ക്കാരിനു മടിയില്ല. വ്യക്തിവിവരങ്ങള്‍ വെളിപ്പെടുത്താത്ത ഭാഗങ്ങള്‍ പ്രസിദ്ധീകരിക്കുകയോ കൈമാറുകയോ ചെയ്യണമെന്ന ആവശ്യവും ഈ സര്‍ക്കാര്‍ അംഗീകരിച്ചിട്ടില്ലെന്നതാണ് വസ്തുത. മാത്രമല്ല, വ്യക്തിപരമായി തിരിച്ചറിയാന്‍ സഹായിക്കുന്ന വിവരങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്ന് ജസ്റ്റിസ് ഹേമ തന്നെ മുന്‍പ് വിശദീകരിച്ചിട്ടുമുണ്ട്. മലയാളചലച്ചിത്രമേഖല എന്ന വിപുലമായ തൊഴില്‍മേഖലയില്‍ നിര്‍ണായകമാറ്റങ്ങള്‍ കൊണ്ടുവരേണ്ട ഒരു റിപ്പോര്‍ട്ട് സ്വകാര്യത മാത്രം കാരണമാക്കി പുറത്തുവിടാതിരിക്കുന്നത് ദുരുദ്ദേശപരമാണെന്ന് ആര്‍ക്കും സംശയിക്കാം. 

ഹേമ കമ്മിഷന്‍ റിപ്പോര്‍ട്ട് പുറത്തുവിടണമെന്നു പറയുമ്പോള്‍ പരാതിക്കാരായ സ്ത്രീകളുടെ വിവരങ്ങളാണ് ആവശ്യപ്പെടുന്നത് എന്നു തോന്നുന്നുണ്ടെങ്കില്‍ സര്‍ക്കാരിന്റെ ഉദ്ദേശശുദ്ധിയില്‍ ഗുരുതരമായ പ്രശ്നമുണ്ട്. നേരിട്ട ചൂഷണങ്ങളും വിവേചനവും തുറന്നു പറയുമ്പോള്‍ സ്ത്രീകള്‍ ആ മാനസികസംഘര്‍ഷം വീണ്ടും വീണ്ടും അനുഭവിച്ചുകൊണ്ടാണ് അതിനു തയാറാകുന്നത്. നിയമം ഉറപ്പു നല്‍കുന്ന നീതി നടപ്പാക്കുകയാണ് സര്‍ക്കാരിന്റെ ചുമതല.  വിഗ്രഹങ്ങളെ രക്ഷിക്കേണ്ട ബാധ്യത സ്ത്രീകള്‍ക്കുമില്ല, സര്‍ക്കാരിനുമില്ല. തലമുറകളോടു നിര്‍വഹിക്കേണ്ട നീതിയാണ് ഓരോ പരാതിയിലും നടപടി ഉറപ്പാക്കുമ്പോള്‍ സംഭവിക്കുന്നത്. സര്‍ക്കാര്‍ ഹേമ കമ്മിഷന്‍ റിപ്പോര്‍ട്ടിലെ വിശദാംശങ്ങള്‍ പുറത്തു വിടണം. നിയമപരമായ നടപടിയെടുക്കണം. ശുപാര്‍ശകള്‍ നടപ്പാക്കി ചലച്ചിത്രമേഖലയില്‍ സ്ത്രീകള്‍ക്ക് ചൂഷണത്തെ ഭയക്കാതെ അന്തസോടെ ജോലി ചെയ്യാനുള്ള തൊഴില്‍ സാഹചര്യം ഉറപ്പാക്കണം.

MORE IN PARAYATHE VAYYA
SHOW MORE