ഹിജാബില്‍ ബാക്കിയാകുന്ന ചോദ്യങ്ങള്‍; ഞാനായി ജീവിക്കാനുള്ള അവകാശം എവിടെ..?

parayathe-hijaab
SHARE

കര്‍ണാടകത്തിലെ വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ ഹിജാബ് വിലക്കിയുള്ള സര്‍ക്കാര്‍ ഉത്തരവ് കര്‍ണാടക ഹൈക്കോടതി ശരിവച്ചു. ഹിജാബ് ഇസ്്‍ലാം മതവിശ്വാസത്തിന്റെ അവിഭാജ്യഘടകമല്ലെന്നു വ്യക്തമാക്കിയാണ് കര്‍ണാടക ഹൈക്കോടതിയുടെ വിശാലബഞ്ച് വിദ്യാര്‍ഥികളുടെ ഹര്‍ജി തള്ളിയത്. ഹിജാബ് ഇസ്്ലാമില്‍ അനിവാര്യമാണോ എന്നതാണോ സ്കൂളില്‍ ഹിജാബ് അനുവദിക്കപ്പെടാമോ എന്നതാണോ കോടതി പരിഗണിച്ച ചോദ്യം? പൗരന്റെ അവകാശങ്ങള്‍ കോടതി സ്വതന്ത്രമായി വിലയിരുത്തുന്നുണ്ടോ? ഈ വിധിക്ക് ദൂരവ്യാപകപ്രത്യാഘാതങ്ങളുണ്ടോ? 

ഭരണഘടനയുടെ 26ാം അനുച്ഛേദപ്രകാരമുള്ള മതസ്വാതന്ത്ര്യത്തിന്റെ കീഴില്‍ ഹിജാബ് വരില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കര്‍ണാടക ഹൈക്കോടതിയുടെ വിധി. സ്കൂള്‍ യൂണിഫോം നിര്‍ബന്ധമാക്കുന്ന സര്‍ക്കാര്‍ നിര്‍ദേശം അഭിപ്രായസ്വാതന്ത്ര്യത്തിന്റെയോ സ്വകാര്യതയുടെയോ ലംഘനമല്ലെന്നും കോടതി തീര്‍പ്പെഴുതി. സ്വാഭാവികമായും വിധിയോട് പ്രതീക്ഷിച്ച പ്രതികരണങ്ങളുണ്ടായി. ബി.ജെ.പി. നയിക്കുന്ന സംസ്ഥാനസര്‍ക്കാരും കേന്ദ്രസര്‍ക്കാരും വിധിയെ സ്വാഗതം ചെയ്തു. 

ഇന്ത്യയില്‍ മറ്റൊരു സംസ്ഥാനത്തും ഇതുപോലുള്ള പ്രയാസങ്ങളില്ലെന്ന് മുസ്‍ലിംലീഗ് ചൂണ്ടിക്കാണിക്കുന്നു. എല്ലായിടത്തും ഹിജാബ് യൂണിഫോമിനൊപ്പം ധരിക്കുന്നു. വ്യക്തിസ്വാതന്ത്ര്യത്തെ ഹനിക്കുന്നതു കൂടിയാണ് ഹിജാബ് നിരോധനമെന്നും പാര്‍ട്ടി വാദിക്കുന്നു. ഹിജാബ് വിവാദം ആസൂത്രിതമാണെന്നും സംഘര്‍ഷത്തിനു പിന്നില്‍ ആസൂത്രിത കരങ്ങള്‍ പ്രവര്‍ത്തിച്ചെന്നും മതസൗഹാര്‍ദം തകര്‍ക്കാനുള്ള ശ്രമങ്ങള്‍ നടന്നെന്നും കോടതി പരാമര്‍ശിച്ചു. കോടതിവിധി സ്വീകാര്യമല്ലെന്നും സുപ്രീംകോടതിയില്‍ പ്രതീക്ഷയുണ്ടെന്നും പരമോന്നത കോടതിയില്‍ അപ്പീല്‍ നല്‍കിയ ഹര്‍ജിക്കാര്‍ പ്രതികരിച്ചു. 

ഹിജാബ് ഇസ്‍ലാം വിശ്വാസത്തിന്റെ അവിഭാജ്യഘടകമാണോ എന്ന ചോദ്യത്തിനുത്തരം കിട്ടാനല്ല വിദ്യാര്‍ഥിനികള്‍ കോടതിയെ സമീപിച്ചതെന്ന് പരാതിക്കാര്‍ ചൂണ്ടിക്കാണിക്കുന്നു. മറ്റാരെയും ബാധിക്കാത്ത, വിദ്യാര്‍ഥികള്‍ക്കിടയിലെ തുല്യതാബോധത്തെ ബാധിക്കാത്ത ഒരു  ശിരോവസ്ത്രം അനുവദിക്കാനാകുമോ എന്ന സാധ്യതയേ കോടതിവിധിയില്‍ പരിഗണിക്കപ്പെട്ടില്ല. മതത്തിന്റെ അവിഭാജ്യഘടകമല്ലെന്നു കോടതി തന്നെ കണ്ടെത്തിയെങ്കില്‍ സംസ്കാരത്തില്‍ ശീലമായി മാറിയ ഒരു ശൈലി അനുവദിക്കില്ലെന്ന് തീര്‍പ്പു പറയുന്നതെങ്ങനെയെന്നും പരാതിക്കാര്‍ ചോദ്യമുയര്‍ത്തുന്നു. 

കോടതിവിധിയില്‍ നിയമവൃത്തങ്ങള്‍ തന്നെ പഴുതുകള്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. യൂണിഫോമിനൊപ്പം അതേ നിറത്തില്‍ ശിരോവസ്ത്രം അനുവദിക്കുകയെന്ന സാധ്യത പോലും കോടതി പരിഗണിച്ചില്ലെന്നാണ് പ്രധാന വിമര്‍ശനം. പൊതുസമൂഹത്തെ ഒരു തരത്തിലും അലോസരപ്പെടുത്താത്ത ഒരു അവകാശം അനുവദിക്കാതിരിക്കാനുള്ള സാധ്യതകള്‍ മാത്രമാണ് കോടതി കണ്ടതെന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. യൂണിഫോമില്‍ സാധ്യമായിടത്തെല്ലാം വിവേചനാവകാശങ്ങള്‍ കൂട്ടിച്ചേര്‍ക്കാറുണ്ട്. പക്ഷേ വിദ്യാഭ്യാസസ്ഥാപനങ്ങളിലാകെ ഹിജാബിന്റെ കാര്യത്തില്‍ അത് സാധ്യമല്ലെന്ന് കോടതി തീര്‍പ്പെഴുതുമ്പോള്‍ ഉത്തരം കിട്ടാതെ ചോദ്യങ്ങള്‍ ബാക്കിയാണ്. ഏതു പൗരനും സ്വത്വബോധത്തോടെ സ്വാതന്ത്ര്യത്തോടെ സന്തോഷത്തോടെ ജീവിക്കാനാകുമ്പോഴാണ് ഇന്ത്യന്‍ ഭരണഘടന സാര്‍ഥകമാകുന്നത്. സ്റ്റേറ്റിന്റെ താല്‍പര്യങ്ങളും വ്യക്തിയുടെ താല്‍പര്യങ്ങളും പരസ്പരവിരുദ്ധമാകാത്തിടത്തെല്ലാം പൗരന്റെ സ്വാതന്ത്ര്യം ഇന്ത്യന്‍ ഭരണഘടന  ഉയര്‍ത്തിപ്പിടിക്കുന്നു. ഞാനായിരിക്കാനുള്ള അവകാശം കൂടിയാണ് ഇന്ത്യന്‍ പൗരനായിരിക്കുമ്പോള്‍ ഭരണഘടന ഒരു വ്യക്തിക്ക് ഉറപ്പു നല്‍കുന്നത്. പൊതുതാല്‍പര്യങ്ങളെ ഹനിക്കാത്ത, സമൂഹത്തിന്റെയും രാജ്യത്തിന്റെയും കെട്ടുറപ്പിനെ ബാധിക്കാത്ത അവകാശങ്ങള്‍ ഇന്ത്യന്‍ പൗരന്റെ അവകാശമാണ്. അത് കോടതികളുടെ പോലും ഔദാര്യമാകാതെ നോക്കേണ്ട ഉത്തരവാദിത്തം ജനാധിപത്യം തിരഞ്ഞെടുക്കുന്ന ഭരണകൂടത്തിനുള്ളതാണ്. പക്ഷേ ഹിജാബിന്റെ കാര്യത്തില്‍ നടക്കുന്നതെന്തെന്ന് ലോകം കാണുകയാണ്. 

പൗരന്റെ അവകാശത്തെ മതവുമായി പോലും ബന്ധപ്പെടുത്താതെ സ്വതന്ത്രമായി കണ്ടു വിലയിരുത്തണമെന്നാണ് നമ്മുടെ ഭരണഘടനയുടെ അടിസ്ഥാനതത്വം. എന്നാല്‍ നിലവിലെ പൊതുബോധത്തെയും ഭൂരിപക്ഷവികാരത്തെയും സദാചാരപരിഷ്കരണവാദങ്ങളെയുമെല്ലാം കണക്കിലെടുക്കുന്ന കോടതിവിധി ഒരു പൗരന്റെ അടിസ്ഥാനഅവകാശം എത്രമാത്രം മൂല്യമേറിയതാണെന്നു വിലയിരുത്തിയതേയില്ല. അത് ഹിജാബിന്റെയും ഇസ്‍ലാം വിശ്വാസികളുടെയും കാര്യത്തില്‍ മാത്രമല്ല അപായകരമാകുന്നത്. മറ്റൊന്നിനോടും ബന്ധിപ്പിക്കാതെ തന്നെ അനുവദിച്ചുകിട്ടേണ്ട അടിസ്ഥാനപൗരാവകാശത്തെയാണ് മതത്തില്‍ നിര്‍ബന്ധമല്ലല്ലോ എന്ന വാദത്തിലൂടെ കോടതി നിരാകരിച്ചിരിക്കുന്നത്. 

അനുവര്‍ത്തിച്ചു പോരുന്ന വിശ്വാസത്തിന്റെയും സംസ്കാരത്തിന്റെയും അടിസ്ഥാനത്തില്‍ ഹിജാബ് ധരിക്കാന്‍ അനുമതി വേണമെന്നു ചൂണ്ടിക്കാട്ടുമ്പോഴാണ് ഇസ്‍ലാംവിശ്വാസം അതു നിഷ്കര്‍ഷിക്കുന്നില്ല എന്നു കോടതി പറയുന്നത്. അങ്ങനെയൊരു വിധിയെഴുതാന്‍ വിശാലമായ വാദമോ ആഴത്തിലുള്ള പരിശോധനയോ നടത്തിയിട്ടില്ലെന്നത് ഒരു പ്രധാന വസ്തുത. ഒപ്പം ഹര്‍ജിക്കാരുടെ ആവശ്യമെന്താണ്, അത് അനുവദിക്കുന്നതുകൊണ്ടുളള പ്രത്യാഘാതമെന്താണ്, അത് തടയുന്നവരുടെ ലക്ഷ്യമെന്താണ് തുടങ്ങിയ കാര്യങ്ങളൊന്നും വിധിന്യായം കാണുന്നതേയില്ല. സ്കൂള്‍, നല്ല താല്‍പര്യങ്ങള്‍ക്കായുള്ള പ്രത്യേക പരിഗണന പോലും അനുവദിക്കാനാകാത്ത ഒരു സവിശേഷ ഇടമായും യൂണിഫോം കൂട്ടിച്ചേര്‍ക്കല്‍ പോലും അനുവദിക്കാനാകാത്ത ഒരു സവിശേഷ തീരുമാനമാണെന്നാണ് വിധി വ്യാഖ്യാനിച്ചിരിക്കുന്നത്. രാജ്യത്ത് കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള കേന്ദ്രീയ വിദ്യാലയങ്ങളില്‍ പോലും യൂണിഫോമിന്റെ അതേ നിറത്തില്‍ ഹിജാബ് ധരിക്കാമെന്നതാണ് വസ്തുത. യൂണിഫോം ധരിക്കേണ്ട അധ്യാപകരും വിദ്യാര്‍ഥികളുമുള്ള വിദ്യാലയങ്ങളില്‍ പോലും പൊട്ടും ചന്ദനക്കുറിയും സീമന്തസിന്ദൂരവുമെല്ലാം മതപരമായ ചരടുകളുമെല്ലാം വിലക്കപ്പെടാതെ നിലനില്‍ക്കുമ്പോള്‍ ഹിജാബ് മാത്രം വിലക്കപ്പെടുന്നത് തീര്‍ച്ചയായും വിവേചനമാണെന്ന് പരാതിപ്പെടാനാകും. സുപ്രീംകോടതി ഇക്കാര്യങ്ങളെല്ലാം പരിഗണനയ്ക്കെടുക്കുമെന്നാണ് ഹര്‍ജിക്കാരുടെപ്രതീക്ഷ

ഒരു പൗരനും അരക്ഷിതാവസ്ഥയില്‍ ജീവിക്കേണ്ടി വരാന്‍ പാടില്ലെന്ന വ്യക്തതയോടെയാണ് നമ്മുടെ ഭരണഘടന എഴുതപ്പെട്ടിരിക്കുന്നത്. അന്തസോടെ, അവകാശങ്ങളോടെ, വിശ്വാസത്തോടെ ജീവിക്കാന്‍ ഓരോ ഇന്ത്യക്കാരനും അവകാശമുണ്ടെന്ന് അത്രമേല്‍ സുവ്യക്തമായി രേഖപ്പെടുത്തിയിരിക്കുന്ന ഭരണഘടനയെ ന്യായാധിപര്‍ സമീപിക്കുന്നത് വ്യത്യസ്തമായ തലത്തിലായിരിക്കുമെന്നത് സ്വാഭാവികം. പക്ഷേ അടിസ്ഥാനതത്വങ്ങള്‍ ഉറപ്പിച്ചു കിട്ടാനുള്ള സുദീര്‍ഘപോരാട്ടങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നത് നിലവിലെ രാഷ്ട്രീയകാലാവസ്ഥയില്‍ ന്യൂനപക്ഷങ്ങള്‍ക്കുണ്ടാക്കുന്ന അരക്ഷിതാവസ്ഥ അസ്വീകാര്യമാണ്. 

ഒരു മതത്തിന്റെയോ വസ്ത്രത്തിന്റെയോ മാത്രം പ്രശ്നമല്ല ഹിജാബ്. എന്തു ധരിക്കണമെന്നും എന്തു സംസ്കാരം പുലര്‍ത്തണമെന്നും ഭൂരിപക്ഷത്തിന് തീരുമാനിക്കാം എന്ന കാട്ടുനീതിക്ക് ഭരണകൂടവും നിയമവ്യവസ്ഥയും തുല്യം ചാര്‍ത്തുന്നു എന്നതാണ് പ്രശ്നം. നാളെ ഇത് ഏതു സമൂഹത്തിനു നേരെയും ഏത് അവകാശത്തിനു നേരെയും ആവര്‍ത്തിക്കപ്പെടാം എന്നതാണ് പ്രശ്നം.  ഓരോ വ്യത്യസ്ത വിഭാഗങ്ങളെയും എങ്ങനെ ഉള്‍ക്കൊള്ളാം എന്നാണ് നമ്മുടെ ഇന്ത്യ ഇതുവരെയും ശ്രമിച്ചുകൊണ്ടിരുന്നത്.  എങ്ങനെ ഒറ്റപ്പെടുത്താം എന്നല്ല, എങ്ങനെ അരികത്താക്കി അന്യവല്‍ക്കരിക്കാം എന്നല്ല. ഭരണഘടന ഉറപ്പു തരുന്ന വിശാലജനാധിപത്യഅവകാശങ്ങളെ വ്യാഖ്യാനം ചെയ്തുറപ്പിക്കേണ്ടത് കോടതികളാണ്. ചോദ്യമുനയില്‍ ഹിജാബ് അല്ല, ഇന്ത്യന്‍ പൗരന്റെ അവകാശങ്ങളാണ് ഉത്തരം കാത്തിരിക്കുന്നത്. 

MORE IN PARAYATHE VAYYA
SHOW MORE