നെഹ്റു കുടുംബം മാറിയാൽ പ്രശ്നം തീരുമോ? പ്രസക്തി കോൺഗ്രസ് തിരിച്ചറിയുമോ?

Parayathe-Vayya
SHARE

ലോക്സഭാതിരഞ്ഞെടുപ്പിന്റെ സെമിയില്‍ ദയനീയമായ പരാജയം നേരിട്ട കോണ്‍ഗ്രസിന് ഇനി ഒരു തിരിച്ചുവരവില്ലേ? അഞ്ചു സംസ്ഥാനങ്ങളില്‍ നാലിലും വന്‍മുന്നേറ്റം നടത്തിയ ബി.ജെ.പിയും പഞ്ചാബ് പിടിച്ചെടുത്ത ആം ആദ്മി പാര്‍ട്ടിയും വിജയാഘോഷം തുടരുമ്പോള്‍ കോണ്‍ഗ്രസ് നേരിട്ടുകൊണ്ടിരുന്ന ചോദ്യം തീര്‍ത്തും കണിശമാകുന്നു.  ഇന്ത്യ ഇനി കോണ്‍ഗ്രസിനെ കാത്തിരിക്കണോ? കോണ്‍ഗ്രസിനെ പരിഹസിക്കാന്‍ പോലും ഇന്ത്യന്‍ ജനാധിപത്യത്തിനു മുന്നില്‍ ഇനി സാവകാശമുണ്ടോ?

തിരിച്ചറിയാത്തത് കോണ്‍ഗ്രസാണ്. കോണ്‍ഗ്രസ് മാത്രമാണ് . പ്രതീതി പ്രധാനമാണ്. ഐക്യത്തിന്റെ പ്രതീതി, സുശക്തരെന്ന പ്രതീതി, തന്ത്രജ്ഞരെന്ന പ്രതീതി. സദ്ഭരണമെന്ന പ്രതീതി. ഭൂരിപക്ഷമെന്ന പ്രതീതി. പ്രതീതി അതിപ്രധാനമാണ്.  പ്രതീതിക്കപ്പുറത്തേക്ക് ചൂണ്ടുവിരല്‍ ഉയര്‍ത്താനാകാത്ത ഭയത്തിന്റെ പ്രതീതിയും പ്രധാനമാണ്. ബി.ജെ.പി. ഇതെല്ലാം തിരിച്ചറിഞ്ഞു, എല്ലാ പ്രതീതിയും ഉറപ്പാക്കുന്നു. കോണ്‍ഗ്രസിന് പ്രതിഛായയുമില്ല പ്രതീതിയുമില്ല, ലക്ഷ്യബോധമേയില്ല. സത്യത്തില്‍ ഈ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിജയം അര്‍ഹിച്ചുവെന്ന് കോണ്‍ഗ്രസുകാരെങ്കിലും വിശ്വസിക്കുന്നുണ്ടോ? അവിടെയാണ് കോണ്‍ഗ്രസ് മറുപടി പറയേണ്ടി വരുന്നത്. സ്വന്തം ദൗര്‍ബല്യം തിരിച്ചറിഞ്ഞില്ല എന്നു മാത്രമല്ല. പ്രതിപക്ഷനേതൃത്വം എന്നത്  ആത്മാര്‍ഥതയില്ലാത്ത അവകാശവാദം മാത്രമാണെന്നു തെളിയിക്കുകയും ചെയ്തു. ബി.െജ.പി.യെ നേരിടുകയെന്ന വലിയ വെല്ലുവിളിയില്‍ കോണ്‍ഗ്രസിന് ലക്ഷ്യബോധമോ ഇച്ഛാശക്തിയോ ഇല്ലെന്ന് രാജ്യം സ്വയം സമ്മതിക്കേണ്ടി വരുന്നു. അപ്പോഴും കോണ്‍ഗ്രസ് തീര്‍ത്തും അപ്രസക്തമാകുന്നുണ്ടോ ? നെഹ്റു കുടുംബം നേതൃത്വത്തില്‍ നിന്നു മാറിയാല്‍ കോണ്‍ഗ്രസിന്റെ പ്രശ്നം തീരുമോ? കോണ്‍ഗ്രസിന് അത് സാധിച്ചില്ല. അതിനു കോണ്‍ഗ്രസിനെ മാത്രം പഴിക്കാമോ എന്നു ചോദിച്ചാല്‍ ഞങ്ങള്‍ ശരിയാക്കിത്തരാം എന്നാണ് ഇപ്പോഴും കോണ്‍ഗ്രസ് രാജ്യത്തോടു പറഞ്ഞുകൊണ്ടിരിക്കുന്നത്. ഒന്നുകില്‍ കോണ്‍ഗ്രസിന് സാധിക്കുന്നില്ലെന്നു തുറന്നു സമ്മതിച്ച് പിന്നണിയിലേക്കൊതുങ്ങണം. അല്ലെങ്കില്‍ ഉത്തരവാദിത്തം തിരിച്ചറിഞ്ഞ്, ഉദാസീനതകള്‍ ഉപേക്ഷിച്ച് കോണ്‍ഗ്രസ് മുന്നോട്ടു വരണം. എന്തായാലും കോണ്‍ഗ്രസ് ഇപ്പോള്‍ നില്‍ക്കുന്നിടത്ത് നില്‍ക്കാനാവില്ല. അത് കോണ്‍ഗ്രസിനു മാത്രമല്ല ജനാധിപത്യരാഷ്ട്രീയത്തിനു തന്നെ അപകടമാണ്. കോണ്‍ഗ്രസിനെ എന്തിനു വിശ്വസിക്കണമെന്ന് ജനങ്ങള്‍ക്ക് മനസിലാവുന്നില്ലെങ്കില്‍ അവരെയങ്ങനെ കുറ്റപ്പെടുത്തും? 

കോവിഡ് കാലത്ത് ജീവിതമാകെ അനിശ്ചിതത്വത്തിലായിപ്പോയ ഒരു കാലം പിന്നിടുമ്പോള്‍ ഭരണത്തിലെങ്കിലും സ്ഥിരതയും സമാധാനവുമല്ലാതെ ജനങ്ങള്‍ എന്തു തിരഞ്ഞെടുക്കും? നെഹ്റു കുടുംബം  കോണ്‍ഗ്രസിന്റെ ഒരു പ്രശ്നമാണ്. പക്ഷേ കോണ്‍ഗ്രസിന്റെ പ്രശ്നം നെഹ്റുകുടുംബം മാത്രമല്ല. ഇത്രയും വ്യക്തമായ ചുവരെഴുത്ത് വായിക്കാനാകാത്ത, അത് മനസിലാകാത്ത, അതിന്റെ അപകടം ഇനിയും തിരിച്ചറിയാത്ത നേതൃത്വമാണ് കോണ്‍ഗ്രസിനെ തോല്‍പിച്ചുകൊണ്ടേയിരിക്കുന്നത്. നെഹ്റുകുടുംബം തലപ്പത്തിരുന്നാലും നേതൃത്വവും അവരായിരിക്കണമെന്ന് നിര്‍ബന്ധമുണ്ടോ? നിസ്വാര്‍ഥ ജനസേവനം എന്നു തോന്നിപ്പിക്കാന്‍ കഴിയുന്ന ഒരു കോണ്‍ഗ്രസ് നേതാവെങ്കിലുമുണ്ടോ? ഇന്നത്തെ കോണ്‍ഗ്രസില്‍ ഏതു നേതാവിനും ആദ്യം വലുത് സ്വന്തം കാര്യമാണ്.  പിന്നെ സ്വന്തം ഗ്രൂപ്പും അവരുടെ ആധിപത്യവും. അതു കഴിഞ്ഞേ പാര്‍ട്ടിയും പരിപാടിയുമുള്ളൂ. കോണ്‍ഗ്രസിനെ ഒന്നാമതായി കാണുന്ന ഒരു പാര്‍ട്ടി നേതൃത്വം രൂപപ്പെട്ടാല്‍ മാത്രമേ പ്രതീക്ഷയ്ക്കു പോലും വകയുള്ളൂ. രാഷ്ട്രീയത്തോട് ജനങ്ങളുടെ മനോഭാവം മാറിവരുന്നത് തിരിച്ചറിയാനെങ്കിലും ശേഷിയുള്ള ഒരു പുതുനേതൃത്വത്തിനേ കോണ്‍ഗ്രസിനെ ഈ കയത്തില്‍ നിന്ന് രക്ഷപ്പെടുത്താന്‍ കഴിയൂ.തീര്‍ത്തും പ്രസക്തി നഷ്ടപ്പെട്ടാല്‍ നേതാക്കള്‍ക്ക് ബി.െജ.പിയിലേക്കു പോകാം. പക്ഷേ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ബി.ജെ.പിയില്‍ ചേരാനാകില്ല. പാര്‍ട്ടിയെ സ്നേഹിക്കുന്ന, പാര്‍ട്ടിയില്‍ രാജ്യം അര്‍പ്പിക്കുന്ന പ്രതീക്ഷ മനസിലാകുന്ന, ജനങ്ങളെ മനസിലാകുന്ന ഒരു നേതൃത്വം രൂപപ്പെടാതെ കോണ്‍ഗ്രസ് പാര്‍ട്ടി രക്ഷപ്പെടില്ല. കോണ്‍ഗ്രസിനെ കാത്തിരിക്കാനുള്ള സാവകാശം ഇന്ത്യന്‍ രാഷ്ട്രീയത്തിലുമില്ല. പക്ഷേ ഇന്ത്യന്‍ ജനാധിപത്യത്തില്‍ പ്രതിരോധത്തിന്റെ ശബ്ദമായി തിരിച്ചുവരാന്‍ ഇപ്പോഴും ഏറ്റവും സാധ്യതകളുള്ളത് കോണ്‍ഗ്രസിനു തന്നെയാണ്. അത് കോണ്‍ഗ്രസ് തിരിച്ചറിഞ്ഞാല്‍ മാത്രം. 

MORE IN PARAYATHE VAYYA
SHOW MORE