ഭരണകൂടത്തെ തിരുത്തിയ രാജ്യരോഷം; പക്ഷേ ഇത് അധികാരം പിടിക്കാനുള്ള നാടകം

Parayathe-Vayya-farm-law
SHARE

ഇന്ത്യയിലെ മനുഷ്യര്‍ക്ക് വോട്ടിന്റെ വിലയെങ്കിലുമുണ്ടെന്ന് മോദി സര്‍ക്കാര്‍ സമ്മതിച്ചു. ഐതിഹാസികമായ കര്‍ഷകസമരത്തിന് ചരിത്രവിജയം. വിവാദകര്‍ഷകനിയമങ്ങള്‍ പിന്‍വലിക്കാന്‍ മോദി സര്‍ക്കാര്‍ നിര്‍ബന്ധിതരായി. പ്രധാനമന്ത്രി രാജ്യത്തോട് ക്ഷമ ചോദിച്ചിട്ടുണ്ട്. എന്തിന്റെ പേരിലാണ് ഈ ക്ഷമാപണം എന്നത് പക്ഷേ വ്യക്തമല്ല. ഏതവസ്ഥയിലും ജനാധിപത്യം നമ്മുടെ പ്രതീക്ഷയും പരിഹാരവുമാണെന്ന് കര്‍ഷകര്‍ ഒരിക്കല്‍കൂടി ഇന്ത്യയെ പഠിപ്പിക്കുന്നു. ദുര്‍ബലരായി ചിതറിനില്‍ക്കുന്ന പ്രതിപക്ഷത്തിനാണ് കര്‍ഷകസമരവിജയം ശരിയായ പാഠമാകേണ്ടത്.  

ഈ മുട്ടുമടക്കലിനും ക്ഷമാപണത്തിനും പിന്നില്‍ ഒരുപാട് കാരണങ്ങളുണ്ട്. പക്ഷേ എല്ലാ കാരണങ്ങളും അധികാരത്തില്‍ തുടങ്ങി അധികാരത്തില്‍ അവസാനിക്കുന്നു . അധികാരം ഏതു മനുഷ്യത്വവിരുദ്ധമായ പരിഷ്കാരത്തിനുമുള്ള അവസരമാണെന്ന് തെറ്റിദ്ധരിച്ചു. അധികാരം അടിച്ചമര്‍ത്താനും പിടിച്ചടക്കാനും തോന്നുംപടി പരിഷ്കരിക്കാനുമുള്ള അവസരമാണെന്നു ധരിച്ചു. ജനാധിപത്യത്തില്‍ ജനങ്ങളുടെ അവകാശം തിരഞ്ഞെടുപ്പില്‍ അവസാനിക്കുന്നതാണെന്നു ധരിച്ചു. ഈ ധാരണകളെല്ലാം കര്‍ഷകര്‍ തിരുത്തി. അഥവാ ഇന്ത്യയുടെ ആത്മാവ് ഇന്ത്യയുടെ ഭരണകൂടത്തെ തിരുത്തി. പക്ഷേ ഈ തിരുത്തലും അധികാരം മാത്രം മുന്നില്‍ കണ്ടാണെന്നതും ജനത മറക്കാതിരിക്കേണ്ടതുണ്ട്.  

3 വിവാദകര്‍ഷകനിയമങ്ങളും പിന്‍വലിക്കുന്നുവെന്ന് പ്രധാനമന്ത്രിയാണ് പ്രഖ്യാപിച്ചത്. ഏതു പ്രധാനമന്ത്രി? ഒരു വര്‍ഷമായി സമരം ചെയ്യുന്ന കര്‍ഷകരോട് ഒരിക്കല്‍ പോലും നേരിട്ടു ചര്‍ച്ചയ്ക്കു പോലും തയാറാകാതെ മാറി നിന്ന അതേ പ്രധാനമന്ത്രി. സിഖ് മതസ്ഥാപകന്‍ ഗുരുനാനാക്കിന്റെ ജയന്തി ദിനത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്തു നടത്തിയ പ്രഖ്യാപനത്തില്‍ പോലും പ്രധാനമന്ത്രി തന്റെ ഒന്നാം പരിഗണന അധികാരമാണെന്ന് പറയാതെ പറഞ്ഞു. കര്‍ഷകസമരത്തില്‍ ഏറ്റവും ശക്തമായ നിലകൊണ്ടത് രാജ്യത്തെ സിഖ് വിഭാഗമാണ്. വിട്ടുവീഴ്ചയില്ലാത്ത ഊര്‍ജവുമായി സമരത്തെ മുന്നോട്ടു നയിച്ചതിലും അവര്‍ക്ക് നിര്‍ണായക പങ്കുണ്ടായിരുന്നു. അടുത്ത വര്‍ഷമാദ്യം തിരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന സംസ്ഥാനങ്ങളില്‍ ഒന്ന് പഞ്ചാബ് കൂടിയാണ്. 

സിഖ് വോട്ടുകള്‍ നിര്‍ണായകമാകുന്ന മേഖലകള്‍ ഉത്തര്‍പ്രദേശ് ബി.ജെ.പിക്ക് അതിപ്രധാനവുമാണ്.  

അത്രമേല്‍ ലളിതവും അതിലേറെ സങ്കീര്‍ണവുമാണ് മോദി സര്‍ക്കാരിന്റെ ഈ തിരുത്തല്‍. സത്യത്തില്‍ അധികാരത്തോടുള്ള സമീപനം മോദിസര്‍ക്കാര്‍ ഇതിലും കൂടുതല്‍ തുറന്നുകാണിക്കാനൊന്നുമില്ല. ഒരിക്കലും അവരത് മറച്ചു വച്ചിട്ടുമില്ല. തിരിച്ചൊരു പ്രതിരോധം എങ്ങനെ എന്നതിലായിരുന്നു ആശയക്കുഴപ്പവും അവ്യക്തതയും മാത്രം നിഴലിച്ചു നിന്നത്. കര്‍ഷകര്‍ ഒരു വഴി കാണിക്കുന്നു. അത് പ്രത്യാശയുടെയും നിശ്ചയദാര്‍ഢ്യത്തിന്റെയും ആശയവ്യക്തതയുടെയും വിട്ടുവീഴ്ചയില്ലാത്ത സഹനത്തിന്റെയും മാര്‍ഗമാണ്. പ്രതിപക്ഷത്തിനും പ്രതിരോധത്തിനും മാര്‍ഗദര്‍ശനമാണ് വേണ്ടതെങ്കില്‍ അതിവിടെയുണ്ട്.  

സഖ്യകക്ഷികളുെട പോലും എതിര്‍പ്പിനെ വകവയ്ക്കാതെയാണ് വിവാദകാര്‍ഷികനിയമങ്ങള്‍ മോദി സര്‍ക്കാര്‍ പാര്‍ലമെന്റില്‍ പാസാക്കിയെടുത്തത്. പാര്‍ലമെന്റിനകത്തും പുറത്തും പ്രതിപക്ഷം ഉയര്‍ത്തിയ പ്രതിഷേധം പതിവുപോലെ വഴിപാടായി ഒടുങ്ങി. പക്ഷേ നിയമത്തിന് ഇരയാകേണ്ടി വരുന്ന കര്‍ഷകര്‍ക്ക് അത് ജീവിതസമരം തന്നെയായിരുന്നു. ഒരു നിമിഷം പോലും പിന്തിരിയാതെ ഈ ഒരു വര്‍ഷക്കാലം അവരാ സമരജ്വാലയില്‍ ഉറച്ചു നിന്നു. 11 വട്ടം കര്‍ഷകരുമായി കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ച നടത്തി. പക്ഷേ എല്ലാ ചര്‍ച്ചയിലും നേതൃത്വം നല്‍കിയ േകന്ദ്രമന്ത്രിമാര്‍ ഒരൊറ്റക്കാര്യത്തില്‍ മാത്രം ഉറച്ചു നിന്നു. നിയമങ്ങള്‍ പിന്‍വലിക്കില്ല. ഭേദഗതികള്‍ വരുത്താം. പക്ഷേ നിയമങ്ങള്‍ പിന്‍വലിക്കുന്നതില്‍ കുറഞ്ഞൊന്നിനും കര്‍ഷകര്‍ ഒത്തുതീര്‍പ്പിനു വഴങ്ങിയില്ല. ഈ സമരകാലത്ത് എഴുനൂറോളം സമരക്കാര്‍ മരിച്ചു. ലഖിംപൂര്‍ ഖേരിയില്‍ കൊല്ലപ്പെട്ട കര്‍ഷകരടക്കം ഇതില്‍ പെടും. പക്ഷേ ചിട്ടയായ ആസൂത്രണത്തോടെ തികഞ്ഞ ലക്ഷ്യബോധത്തോടെ സമരം മുന്നോട്ടു പോയി.  

സമരം വിജയിക്കുമ്പോഴും കര്‍ഷകര്‍ക്ക് അത്യാവേശമോ ആഹ്ളാദമോ ഇല്ല. രാജ്യത്തിനും തലമുറകള്‍ക്കും വേണ്ടി ഏറ്റെടുത്ത ഒരു ചരിത്രദൗത്യം പൂര്‍ത്തിയാക്കുന്ന സമര്‍പ്പണമനോഭാവം മാത്രം.  

കാര്‍ഷികനിയമങ്ങളേക്കാള്‍ രാജ്യത്തെ ഓരോ മനുഷ്യനെയും ബാധിച്ച നോട്ടുനിരോധനപരിഷ്കാരം നിര്‍വികാരമായി അനുഭവിച്ചു തീര്‍ത്ത ജനതയ്ക്കു മുന്നിലാണ് കര്‍ഷകര്‍ തലയുയര്‍ത്തി നില്‍ക്കുന്നത്. ചോദ്യം ചെയ്യപ്പെടാത്ത അധികാരം എന്ന ധാര്‍ഷ്ട്യം ഭരണകൂടത്തിനു കൈവരുന്നതും ആ സന്ദര്‍ഭത്തോടെയാണ്. പ്രതിരോധമില്ലാത്ത ഭരണാധികാരം ഒരു ജനതയെ എങ്ങനെ കൈകാര്യം ചെയ്യുമെന്നു കൂടിയാണ് കഴിഞ്ഞ ഏഴു വര്‍ഷമായി രാജ്യം കണ്ടുകൊണ്ടിരുന്നത്. അതുകൊണ്ടു തന്നെ ഈ സമരവിജയം ഓരോ ഇന്ത്യക്കാരനും ജീവിതത്തോളം വലിപ്പമുള്ളതാണ്.  

വരുന്ന തിരഞ്ഞെടുപ്പുകളില്‍ പ്രതിപക്ഷത്തിന്റെ വലിയൊരു രാഷ്ട്രീയ ആയുധമില്ലാതാക്കിയെന്ന വീമ്പുപറച്ചിലുമായി ഈ പിന്‍മാറ്റത്തെ വ്യാഖ്യാനിക്കാന്‍ ബി.ജെ.പി. ശ്രമിക്കുന്നുണ്ട്. പക്ഷേ സംഭവിച്ചെതന്താണെന്ന് രാജ്യത്തിനറിയാം.  ഭരണകൂടവും കാലാവസ്ഥയും കോവി‍ഡ‍ും ഉയര്‍ത്തിയ വെല്ലുവിളികള്‍ മറികടന്ന് ഒരു രാജ്യത്തിന്റെ അന്നദാതാക്കള്‍ വിട്ടുവീഴ്ചയില്ലാതെ പൊരുതി. സമരത്തെ നേരിടാന്‍ സാധ്യമായ എല്ലാ മാര്‍ഗങ്ങളും കേന്ദ്രം പ്രയോഗിച്ചിരുന്നു. ഭിന്നിപ്പിക്കാന്‍ എല്ലാ വഴികളും തേടി. കടുത്ത പീഡനങ്ങളിലേക്ക് സമരക്കാരെ വിട്ടുകൊടുത്തു. ദുരൂഹമായ അക്രമസംഭവങ്ങള്‍ ഇടയിലുണ്ടായി. ഖലിസ്ഥാന്‍ വാദികളെന്ന് പരസ്യമായ ആക്ഷേപിച്ചു. മനോവീര്യം തകര്‍ക്കാന്‍ എന്തെല്ലാം ചെയ്യാമോ അതെല്ലാം ചെയ്തു. പക്ഷേ ഒറ്റലക്ഷ്യത്തില്‍ ഉറച്ചു നിന്ന് ഒരേ മനസോടെ കര്‍ഷകര്‍ പൊരുതി. രാഷ്ട്രീയപാര്‍ട്ടികളെ പോലും കൈയകലത്തില്‍ നിര്‍ത്തി അവരാ ലക്ഷ്യം നേടിയെടുത്തു.  

പക്ഷേ പ്രതിപക്ഷത്തിന്റെ പദ്ധതിയെന്ത് എന്ന രാഷ്ട്രീയചോദ്യത്തിലേക്ക് കര്‍ഷകസമരം നേരെ തിരിഞ്ഞു ചോദിക്കുന്നുണ്ട്.  

പ്രതിപക്ഷത്തെയും പ്രതിരോധത്തെയും പേടിക്കേണ്ടതില്ല എന്ന് ഇതിനോടകം മോദിസര്‍ക്കാര്‍ ആത്മവിശ്വാസം നേടിയിട്ടുണ്ട്. പക്ഷേ ജനങ്ങളെ ഭയന്നേ തീരൂവെന്ന് ഈയടുത്തുണ്ടായ ഉപതിരഞ്ഞെടുപ്പ് തിരിച്ചടി ബി.ജെ.പിയെ പഠിപ്പിച്ചു. അതുകൊണ്ടു മാത്രം ഇന്ധനവിലയില്‍ കുറവ് വരുത്തേണ്ടി വന്നു കേന്ദ്രസര്‍ക്കാരിന്. ഇപ്പോള്‍ കര്‍ഷകനിയമങ്ങളിലും പിന്നോട്ടു പോകുന്നു. ജനത മനസിലാക്കേണ്ടത് ഒരേയൊരു വസ്തുത. വികാരങ്ങള്‍ക്കും ആവലാതികള്‍ക്കും വിലയില്ലെങ്കിലും വോട്ടിന് ഇപ്പോഴും വിലയുണ്ട്. തിരഞ്ഞെടുപ്പ് പ്രധാനമാണ്. ഒന്നുകൂടി ആവര്‍ത്തിക്കട്ടെ, തിരഞ്ഞെടുപ്പാണ് പരമപ്രധാനം.  

രണ്ടാഴ്ചയ്ക്കുള്ളില്‍ രണ്ടു തീരുമാനങ്ങള്‍. ഇന്ധനവിലയിലും ഇപ്പോള്‍ കാര്‍ഷികനിയമങ്ങളിലും. ബദല്‍ കണ്ടെത്താനാകാതെ വീണ്ടും അധികാരത്തിലേറ്റിയ ജനങ്ങള്‍ക്ക് സൂക്ഷ്മമായ തിരഞ്ഞെടുപ്പിനുള്ള ശേഷി നഷ്ടപ്പെട്ടിട്ടില്ലെന്ന് ഉപതിര‍ഞ്ഞെടുപ്പ് സൂചനയായി. പഞ്ചാബിലും പടിഞ്ഞാറന്‍ യു.പിയിലും വളര്‍ന്നു വരുന്ന കര്‍ഷകരോഷം ബി.ജെ.പി. തിരിച്ചറിയുന്നു. അധികാരത്തേക്കാള്‍ പ്രധാനമായൊന്നുമില്ലെന്ന ആശയം തന്നെ മേല്‍ക്കൈ നേടുന്നു. തിരുത്തലുകള്‍ പ്രഖ്യാപിക്കുന്നു. പ്രതിപക്ഷത്തിന് ആവേശത്തില്‍ അമരാനോ ആഹ്ലാദിക്കാനോ ഇപ്പോഴും അവസരമില്ല. സുപ്രധാന രാഷ്ട്രീയ ആയുധങ്ങള്‍ ബി.ജെ.പി. തിരിച്ചെടുത്തിരിക്കുന്നു. തിരുത്താനും തയാറാണെന്ന തന്ത്രം വ്യക്തമായ സന്ദേശമായിരിക്കുന്നു. ഇനി തിരുത്തേണ്ടത് പ്രതിപക്ഷം തന്നെയാണ്. എന്താണ് രാഷ്ട്രീയപദ്ധതി? കര്‍ഷകര്‍ ഒറ്റക്കെട്ടായി ഉയര്‍ത്തിയ പ്രതിരോധം രാജ്യത്തിനു സാധ്യമാകാത്തതെന്തുകൊണ്ടാണ്? 100 രൂപയ്ക്കു മേല്‍ ഇന്ധനവില നല്‍കേണ്ടി വരുന്ന കാലത്തും ഒരു പ്രക്ഷോഭത്തിനു പോലും നേതൃമികവ് കാണിക്കാന്‍ പ്രതിപക്ഷത്തിനു സാധിക്കാത്തതെന്തുകൊണ്ടാണ്?  

സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ സമരമാണ് കര്‍ഷകര്‍ വിജയിപ്പിച്ചെടുത്തത്. സര്‍ക്കാര്‍ തിരുത്തുമ്പോള്‍ പ്രതിപക്ഷത്തിന്റെ തിരുത്തെന്താകുമെന്നാണ് ജനത കാത്തിരിക്കുന്നത്. രാഷ്ട്രീയം വ്യക്തമായ ആസൂത്രണത്തിന്റെയും പദ്ധതികളുടെയും വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളുടേതു കൂടിയാണെന്ന് കര്‍ഷകര്‍ പഠിപ്പിച്ചിരിക്കുന്നു. പ്രത്യാശയാണ്, പ്രതീക്ഷയാണ്, പക്ഷേ പ്രതിരോധം പൂര്‍ണമാകുമ്പോള്‍ മാത്രം. 

MORE IN PARAYATHE VAYYA
SHOW MORE