മനുഷ്യർ പഞ്ചവൽസര വോട്ടുപദ്ധതികളല്ല; സിപിഎം വിശ്വാസിച്ചവരെ വഞ്ചിച്ചോ?

Parayathe-Vayya
SHARE

കേരളത്തിലെ മനുഷ്യരെ വോട്ടു ചെയ്യാനുള്ള ഉപകരണങ്ങള്‍ മാത്രമായാണോ നമ്മുടെ രാഷ്ട്രീയനേതൃത്വം കണക്കാക്കുന്നത്? ഒരുമയോടെ ജീവിക്കേണ്ട മനുഷ്യരെ ജാതിയും മതവും നോക്കി വോട്ടുബാങ്കുകളായി തിരിച്ചു കാണുന്ന രാഷ്ട്രീയശൈലിയിലേക്ക് കേരളവും ചുവടുറപ്പിക്കുകയാണോ? അതോ കേരളത്തിലെ രാഷ്ട്രീയഭരണനേതൃത്വം അതിനു തുനിഞ്ഞിറങ്ങിയിരിക്കുകയാണോ? വര്‍ഗീയ വിഭജനശ്രമങ്ങളില്‍ കേരളത്തിലെ ഭരണരാഷ്ട്രീയനേതൃത്വം സ്വീകരിക്കുന്ന നിലപാട് ജനാധിപത്യത്തോടും മതേതരത്വത്തോടുമുള്ള അപരാധമാണ്. 

പക്ഷേ ഇതുവരെയും പിടിച്ചു നിന്നുകേരളം. ഗൂഢരാഷ്ട്രീയലക്ഷ്യങ്ങളുടെ അജന്‍ഡ‍കളില്‍ വീണു കൊടുത്തിട്ടില്ല. ചെറുത്തുനിന്നത് രാഷ്ട്രീയനേതൃത്വമൊന്നുമല്ല. സാധാരണമനുഷ്യരാണ്. ഇനിയും  അതിന് ശേഷിയുണ്ടെന്നു തന്നെയാണ് ഏറ്റവുമൊടുവില്‍ നര്‍ക്കോട്ടിക് ജിഹാദ് വിവാദത്തിലും കേരളത്തിലെ പൊതുസമൂഹം നിലപാടെടുത്തത്. അവഗണിക്കേണ്ടത് അവഗണിച്ചു തന്നെയേ മുന്നോട്ടു പോകാനാകൂ എന്ന സംയമനം പൊതുസമൂഹം കാണിച്ചു. പക്ഷേ മതനിരപേക്ഷതയുടെ കാവല്‍ക്കാരായി സ്വയം  അവരോധിക്കുന്ന ഇടതുമുന്നണി പോലും വിഭാഗീയ അജന്‍‍ഡകള്‍ കണ്ടില്ലെന്നു നടിക്കുകയും ആശ്വാസം അര്‍ഹിക്കുന്നവരെ അവഗണിച്ച് മുറിവേല്‍പിച്ചവരെ ആശ്വസിപ്പിക്കാനോടുകയാണ്. കരുതിയിരിക്കേണ്ട കാലമാണെന്ന് ഓരോ രാഷ്ട്രീയനേതൃത്വത്തിന്റെയും വോട്ട് ബാങ്ക് ഭീതി നമ്മളോട് പറയുന്നത്

പക്ഷേ ഇപ്പോള്‍ വിവാദം സി.പി.എമ്മും ശരിവച്ചിരിക്കുന്നുവെന്ന് നര്‍ക്കോടിക് ജിഹാദ് വാദത്തെ അനുകൂലിക്കുന്നര്‍ക്ക് 

 അവകാശപ്പെടാവുന്ന സാഹചര്യം ഭരണമുന്നണി ഒരുക്കിക്കൊടുത്തിരിക്കുന്നു. മറ്റു മതത്തില്‍ പെടുന്നവരെ സംശയത്തോടെയും ഭീതിയോടെയും നോക്കിക്കാണാന്‍ അവസരമൊരുക്കിയ പ്രസ്താവന സി.പി.എം ശരിവച്ചിരിക്കുന്നുവെന്ന് ദീപിക പത്രവും 

 അവകാശപ്പെടുന്നു.  പത്രത്തെയും സഭയെയും ഇക്കാര്യത്തില്‍ കുറ്റപ്പെടുത്താനാകില്ല. വിഭാഗീയ പരാമര്‍ശത്തോട് സി.പി.എം രാഷ്ട്രീയമായി സ്വീകരിച്ചിരിക്കുന്ന നിലപാട് ആര്‍ക്കും അത്തരത്തിലൊരു സംശയമുണ്ടാക്കും. 

വിവാദത്തില്‍ സജീവമായി ഇടപെടുന്നില്ലെന്ന സര്‍ക്കാര്‍ നിലപാട് പോലും ന്യായീകരിക്കാന്‍ കാരണങ്ങളുണ്ടായിരുന്നു. പക്ഷേ ശാന്തമായി മുന്നോട്ടു പോയിക്കൊണ്ടിരുന്ന സമൂഹത്തില്‍ പെട്ടെന്ന് അവിശ്വാസവും അരക്ഷിതാവസ്ഥയും ഉണ്ടാക്കാന്‍ ഇടയാക്കിയവരെ ആശ്വസിപ്പിക്കാന്‍ തുനിയുന്ന പക്ഷപാതിത്വം സര്‍ക്കാര്‍ ഇക്കാര്യത്തില്‍ സ്വീകരിച്ചു. തുടങ്ങിവച്ചതെവിടെ എന്നതില്‍ പോലും ഊന്നാന്‍ നില്‍ക്കാതെ സമൂഹം വിവാദത്തില്‍ നിന്ന് പിന്‍വാങ്ങുന്നതിനിടെയാണ് സി.പി.എം പ്രകടമായ ചായ്‍വ് പ്രകടിപ്പിച്ചത് . സാമൂഹികാന്തരീക്ഷം കത്തിച്ചെടുക്കാന്‍ ഒരു വിഭാഗം ശ്രമിക്കുന്നതിനിടെ ഭരണകക്ഷി കാണിക്കേണ്ട ഉത്തരവാദിത്തം കാണിക്കുന്നില്ലെന്നു മാത്രമല്ല, പ്രകോപനമുണ്ടാക്കിയവരോടു കാണിക്കുന്ന മൃദുത്വം ആശങ്കാജനകമാണ്. 

പക്ഷേ സങ്കുചിതരാഷ്ട്രീയലക്ഷ്യങ്ങള്‍ പുലര്‍ത്തുന്നവര്‍ മനുഷ്യരെ വോട്ടുബാങ്കുകള്‍ക്കപ്പുറം കാണുമെന്ന പ്രതീക്ഷ ഇനി വേണ്ടെന്നാണ് ഈ ജിഹാദ് വിവാദം നമ്മളോടു പറയുന്നത്. സങ്കുചിത ചിന്താഗതി വീണ്ടുവിചാരമില്ലാതെ വിളിച്ചു പറയുന്ന മതനേതാക്കളെ  കേരളം ഇതിനു മുന്‍പും കണ്ടിട്ടുണ്ട്. തിരുത്തുന്നവരെ സ്വീകരിച്ചും തിരുത്താന്‍ തയാറാകാത്തവരെ അവഗണിച്ചും മുന്നോട്ടു പോകാന്‍ കേരളം പഠിച്ചു കഴിഞ്ഞതാണ്. വര്‍ഗീയധ്രുവീകരണശ്രമങ്ങള്‍ക്കെതിരെ രാഷ്ട്രീയഭരണനേതൃത്വം വഴികാട്ടുമെന്ന് ഇനി കാത്തിരിക്കേണ്ട. അധികാരത്തിനു വേണ്ടി മാത്രം തമ്മില്‍ വിഭജിക്കാന്‍ കാത്തിരിക്കുന്നവരെ സ്വയം കരുതിയിരിക്കുകയേ നമുക്കു മുന്നില്‍ വഴിയുള്ളൂ. 

അതുകൊണ്ട് കരുതിയിരിക്കേണ്ടത് നമ്മളാണ്. അയ്യഞ്ചു കൊല്ലം  അധികാരം നിലനിര്‍ത്താന്‍ കയ്യുയര്‍ത്തേണ്ട പഞ്ചവല്‍സരപദ്ധതികള്‍ മാത്രമാണ് നമ്മളെന്ന് രാഷ്ട്രീയനേതൃത്വങ്ങള്‍ തുറന്നു കാണിക്കുന്നു. ഓരോ ദിവസവും ഓരോ നിമിഷവും പരസ്പരം ചേര്‍ന്ന് സഹവര്‍ത്തിത്വത്തോടെ ജീവിക്കുന്നവര്‍ക്കിടയില്‍ മുറിവുകളേല്‍ക്കാതിരിക്കാന്‍ ജാഗ്രത പുലര്‍ത്താനുള്ള ഉത്തരവാദിത്തം നമുക്കു മാത്രമാണ്. മതേതരത്വം പ്രസംഗിക്കുന്നവരാരും അവിടെ തുണയ്ക്കെത്തുമെന്ന് കാത്തിരിക്കേണ്ട. അധികാരം നിലനിര്‍ത്താന്‍ വേണ്ടി വര്‍ഗീയതയെ ആശ്രയിക്കുന്നവരെ  കണ്ടില്ലെന്നു നടിക്കുന്നവരെയും കൂടി കരുതിയിരിക്കുക. 

MORE IN PARAYATHE VAYYA
SHOW MORE
Loading...
Loading...