സ്ത്രീവിരുദ്ധത വിളിച്ചു പറയുന്ന ലീഗ്; കാലത്തോടുള്ള വെല്ലുവിളി

Parayathe-Vayya-haritha
SHARE

ഹരിതയ്ക്കെതിരായ മുസ്‍ലിംലീഗ് നടപടി ആ പ്രസ്ഥാനത്തിന്റെ സ്ത്രീവിരുദ്ധത മാത്രമല്ല, ഇന്നും കേരളരാഷ്ട്രീയത്തില്‍ സ്ത്രീകള്‍ നേരിടുന്ന യഥാര്‍ഥ വെല്ലുവിളികള്‍ കൂടി വെളിപ്പെടുത്തുന്നു. പറയുന്നത് അനുസരിച്ചാല്‍ മതിയെന്ന് പിന്തിരിപ്പന്‍, സ്ത്രീവിരുദ്ധത പരസ്യമായി വിളിച്ചു പറയാന്‍ മുസ്‍ലിംലീഗ് കാണിക്കുന്ന ധൈര്യം കേരളം കൈവരിച്ച എല്ലാ പുരോഗമനത്തെയും വെല്ലുവിളിക്കുന്നതാണ്. സ്വാര്‍ഥതാല്‍പര്യങ്ങള്‍ക്കു വേണ്ടി സ്ത്രീകള്‍ക്കെതിരായ അതിക്രമത്തെ നിസാരമായി കാണുന്ന രാഷ്ട്രീയശൈലിക്കെതിരെ ഹരിതയിലെ സ്ത്രീകള്‍ മാത്രമല്ല പോരാട്ടം പ്രഖ്യാപിക്കേണ്ടത്. 

കമ്മിറ്റിയുടെ കാലാവധി കഴിഞ്ഞിട്ടുണ്ടെങ്കിലും അച്ചടക്കലംഘനത്തിന്റെ പേരില്‍ തന്നെയാണ് നടപടിയെന്ന് മുസ്‍ലിംലീഗ് ജനറല്‍ സെക്രട്ടറി സംശയങ്ങള്‍ക്കിട നല്‍കാതെ വ്യക്തമാക്കിയിട്ടുണ്ട്. എന്താണ് അച്ചടക്കലംഘനം? സംഘടനയിലെ സഹപ്രവര്‍ത്തകരില്‍ നിന്ന് ലൈംഗികാധിക്ഷേപം നേരിട്ടുവെന്ന പരാതിയില്‍ പാര്‍ട്ടി നടപടിയെടുക്കാതെ നീട്ടിക്കൊണ്ടുപോയപ്പോള്‍ രാജ്യത്തെ നിയമവ്യവസ്ഥയെ സമീപിച്ചു. 

പാര്‍ട്ടി ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും വനിതാകമ്മിഷനില്‍ നല്‍കിയ പരാതി പിന്‍വലിക്കാന്‍ ഹരിത തയാറായില്ല. ഒത്തുതീര്‍പ്പിന്റെ ഭാഗമായി ആരോപണവിധേയര്‍ സമൂഹമാധ്യമങ്ങളിലൂടെ വിശദീകരണം നല്‍കിയിട്ടും പിന്‍വാങ്ങാന്‍ തയാറായില്ല. എന്നുവച്ചാല്‍ ലൈംഗികാധിക്ഷേപപരാതി സംസാരിച്ചു തീര്‍ക്കാന്‍ ഹരിത നേതൃത്വം വഴങ്ങിയില്ലെന്നു ചുരുക്കം. 

എം.എസ്.എഫ്. സംസ്ഥാനപ്രസിഡന്റ് പി.കെ.നവാസും മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി വി.എ. വഹാബും സംഘടനായോഗങ്ങളിലും ഫോണ്‍ സംഭാഷണങ്ങളിലും സ്ത്രീത്വത്തെ അപമാനിക്കും വിധം സംസാരിച്ചെന്നു കാണിച്ച് ആഗസ്റ്റ് രണ്ടാം വാരമാണ് ഹരിതയുടെ 10 ഭാരവാഹികള്‍ ഒപ്പിട്ട പരാതി വനിതാകമ്മിഷന് നല്‍കിയത്. തുടര്‍ന്ന് കോഴിക്കോട് വെള്ളയില്‍ പോലീസ് കേസും റജിസ്റ്റര്‍ ചെയ്തു. പരാതി പിന്‍വലിക്കണമെന്ന് മുസ്‍ലിംലീഗ് നേതൃത്വം ആവശ്യപ്പെട്ടെങ്കിലും ഹരിത നേതൃത്വം നിലപാടില്‍ ഉറച്ചു നിന്നു. തുടര്‍ന്ന് കഴിഞ്ഞ മാസം 17ന് കമ്മിറ്റി മരവിപ്പിച്ചു. ഹരിതനേതാവിനോട് അപമാനകരമായ പരാമര്‍ശം നടത്തിയെന്ന ആരോപണം നേരിടുന്ന എം.എസ്.എഫ്. മലപ്പുറം ജില്ലാപ്രസിഡന്റ് കബീര്‍ മുതുപറമ്പ് അടക്കം മൂന്നു പേരോടും വിശദീകരണവും തേടിയിരുന്നു. തുടര്‍ന്ന് 25ന് ഇരുവിഭാഗത്തെയും ഒരുമിച്ചിരുത്തി നടത്തിയ ചര്‍ച്ചയിലും പരാതി പിന്‍വലിക്കണമെന്ന ലീഗ് നേതൃത്വത്തിന്റെ അന്ത്യശാസനത്തിന് ഹരിത നേതാക്കള്‍ വഴങ്ങിയില്ല.  

മുഫീദ തസ്നി പ്രസിഡന്റും നജ്മ തബ്ഷിറ ജനറല്‍ സെക്രട്ടറിയുമായ സംസ്ഥാന കമ്മിറ്റിയാണ് പിരിച്ചു വിട്ടത്. പരസ്യമായി ഹരിതയ്ക്ക് നീതി ലഭിച്ചില്ലെന്ന് ആവര്‍ത്തിച്ച ഹരിതയുടെ പ്രഥമ ജനറല്‍ സെക്രട്ടറിയും എം.എസ്.എഫ് ദേശീയ വൈസ് പ്രസി‍ന്റുമായ ഫാത്തിമ തഹലിയയ്ക്കെതിരെ നടപടിയുണ്ടാകുമോ എന്ന ചോദ്യത്തിന് മുസ്‍ലിം ലീഗ് ജനറല്‍ സെക്രട്ടറി ഒഴിഞ്ഞു മാറുകയാണ് ചെയ്തത്. നടപടിക്കെതിരെ എം.എസ്.എഫ് തന്നെ വിമര്‍ശനമുയര്‍ത്തി. പാര്‍ട്ടിയും സംഘടനയും പൊതുസമൂഹത്തില്‍ അപഹാസ്യരാവുകയാണെന്ന് എം.എസ്.എഫില്‍ ഒരു വിഭാഗം നിലപാടെടുത്തിട്ടും മുസ്‍ലിംലീഗ് നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് ചെയ്തത്. ലീഗിലെ പുരോഗമനമുഖങ്ങള്‍ പോലും നടപടിയെ ന്യായീകരിച്ചു.  

മുക്കാല്‍ നൂറ്റാണ്ടിലേക്കെത്തുന്ന നിയമസഭാരാഷ്ട്രീയത്തില്‍ രണ്ടേ രണ്ടു തവണ മാത്രം സ്ത്രീകള്‍ക്ക് സ്ഥാനാര്‍ഥിത്വം നല്‍കിയ ചരിത്രമുള്ള 

മുസ്‍ലിംലീഗില്‍ നിന്ന് പുരോഗമനപരമായ ഒരു നിലപാടും സംഘടനയിലെ സ്ത്രീകള്‍ പോലും പ്രതീക്ഷിക്കില്ല. പക്ഷേ തെറ്റു സംഭവിച്ചുവെന്ന് പാര്‍ട്ടിക്കു തന്നെ ബോധ്യമുള്ള ഒരു പ്രശ്നത്തില്‍ അച്ചടക്കം പറഞ്ഞ് സ്ത്രീകളെ അനുസരണ പഠിപ്പിക്കുന്ന രാഷ്ട്രീയസമീപനം 2021ലും പിന്തുടരാന്‍ ലീഗ് തീരുമാനിക്കുന്നത് അപലപനീയമാണ്. മുന്നോട്ട് ഒരിഞ്ചു പോലും നീങ്ങാനില്ലെന്ന രാഷ്ട്രീയപ്രഖ്യാപനം തന്നെയാണ് ഹരിതയ്ക്കെതിരായ നടപടി.   

എന്നുവച്ചാല്‍ ലൈംഗികാധിക്ഷേപം നേരിട്ടാലും പാര്‍ട്ടി പറഞ്ഞാല്‍ പരാതി പിന്‍വലിക്കുന്ന  വനിതാനേതാക്കളെ കണ്ടെത്തി സംഘടനയ്ക്ക് പുതിയ മുഖം നല്‍കും.  വനിതകളെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താത്തതിനെതിരെ അഫ്ഗാനിസ്ഥാനില്‍ താലിബാന്റെ തോക്കിന്‍മുനകള്‍ക്കു മുന്നില്‍ സ്ത്രീകള്‍ സമരം ചെയ്യുന്ന കാലത്താണ് ഇവിടെ ജനാധിപത്യപുരോഗമന കേരളത്തില്‍ പെണ്ണുങ്ങള്‍ക്ക് അച്ചടക്കം മതിയെന്ന് മുസ്‍ലിം ലീഗ് തീരുമാനിക്കുന്നത്. നമ്മുടെ രാജ്യത്തു തന്നെ പതിറ്റാണ്ടുകള്‍ പ്രതിരോധിച്ചിട്ടും ഒടുവില്‍ വനിതകള്‍ക്കു മുന്നില്‍ സൈനിക അക്കാദമികള്‍ക്കു പോലും വാതില്‍ തുറക്കേണ്ടി വന്ന കാലത്താണ് മിണ്ടാതിരിക്കണമെന്ന്  ഹരിതയെ അടക്കിനിര്‍ത്താന്‍ മുസ്‍ലിം ലീഗ് ധൈര്യം കാണിക്കുന്നത്. 

പുരോഗമനവും സ്ത്രീവിമോചനവും ഞങ്ങളുടെ പാര്‍ട്ടിക്കു പുറത്തു മതിയെന്നു പ്രഖ്യാപിച്ചിട്ടുള്ളത് മുസ്‍ലിംലീഗ് മാത്രമാണോ? അല്ലെന്ന് കേരളത്തിലെ വനിതാരാഷ്ട്രീയപ്രവര്‍ത്തകരേക്കാള്‍ നന്നായറിയാവുന്ന മറ്റാരുമുണ്ടാവില്ല. പുരോഗമനയുവജനപ്രസ്ഥാനം വനിതാ അംഗത്തിന്റെ പരാതിയില്‍ സ്വീകരിച്ച നിലപാട് മറക്കാന്‍ നേരമായിട്ടൊന്നുമില്ല. ഏറ്റവുമൊടുവില്‍ സ്ത്രീവിരുദ്ധ സമീപനം സ്വീകരിക്കുന്ന പൊലീസിനെ വിമര്‍ശിച്ച മുതിര്‍ന്ന വനിതാനേതാവിനെ അച്ചടക്കം പഠിപ്പിക്കുന്ന തിരക്കിലാണ് മറ്റൊരു പുരോഗമനപ്രസ്ഥാനം. വനിതകള്‍ ഉയര്‍ത്തുന്ന ഏറ്റവും ഗുരുതരമായ ചോദ്യങ്ങളോടു പോലും കേരളരാഷ്ട്രീയം എങ്ങനെയാണ് പ്രതികരിക്കുന്നതെന്ന് പൊതുസമൂഹം കണ്ടുകൊണ്ടേയിരിക്കുകയാണ്.  

DYFI വനിതാനേതാവിന്റെ പരാതിയില്‍ നേരിട്ട ശക്തമായ നടപടി താങ്ങാനാകാതെ സി.പി.എമ്മിന്റെ മുന്‍ എം.എല്‍.എ ഇപ്പോള്‍ പുതിയ ചുമതലയുടെ ഭാരമേല്‍ക്കുകയാണ്. ആ പരാതി പാര്‍ട്ടിക്കാണ് കിട്ടിയത്, അതുകൊണ്ട് പാര്‍ട്ടി നടപടിയെടുത്തു.  പിന്നീട് പി.കെ.ശശിക്ക് കൂടുതല്‍ വലിയ ചുമതല കൊടുത്തു വീണ്ടും ശിക്ഷിക്കുകയാണ്. പെണ്‍കുട്ടി പൊലീസില്‍ പരാതിപ്പെട്ടിട്ടില്ലാത്തതുകൊണ്ട് നിയമനടപടിക്ക് നിവൃത്തിയില്ലായിരുന്നു എന്ന ന്യായം  വിഴുങ്ങിയിട്ടു  വേണം നമ്മള്‍ ഹരിതയ്ക്കു വേണ്ടി ശബ്ദമുയര്‍ത്താന്‍. സി.പി.ഐയിലാകട്ടെ പൊലീസിന്റെ സ്ത്രീവിരുദ്ധ നടപടികള്‍ക്കെതിരെ ശബ്ദമുയര്‍ത്തിയ ആനിരാജയെ ചട്ടം പഠിപ്പിച്ചുകൊണ്ടിരിക്കുകയാണ്.  

അവഗണിക്കാനാകാത്ത മുതിര്‍ന്ന വനിതാനേതാക്കള്‍ പോലും വനിതകളുടെ പ്രശ്നം ഉയര്‍ത്തിയാല്‍ അത് തങ്ങള്‍ക്ക് എന്തെങ്കിലും അലോസരം സൃഷ്ടിക്കുന്നതാണെങ്കില്‍ ഓരോ രാഷ്ട്രീയപാര്‍ട്ടിയും എങ്ങനെ പെരുമാറുമെന്നതിന് കേരളത്തിനു മുന്നില്‍ ഇനിയും പാഠപുസ്‍തകങ്ങള്‍ ഏറെയുണ്ട്. വിപ്ലവകരമായ മാറ്റത്തിന് പുതിയ ഡി.സി.സി.പ്രസിഡന്റുമാരെ പ്രഖ്യാപിച്ചപ്പോള്‍ ഒരൊറ്റ വനിതയ്ക്കു പോലും ഇടം  കൊടുക്കാത്ത കോണ്‍ഗ്രസും പറയുമ്പോള്‍ പുരോഗമനിലപാടില്‍ ഉറച്ചു നില്‍ക്കുന്ന പ്രസ്ഥാനമാണെന്നത് വേറൊരു തമാശ.  പക്ഷേ ഹരിതയുടെ കാര്യത്തില്‍ ഒടുവിലുണ്ടായിരിക്കുന്നത് സാമാന്യബോധത്തെ മറയില്ലാതെ വെല്ലുവിളിക്കലാണ്. ജനാധിപത്യത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു രാഷ്ട്രീയപാര്‍ട്ടി ഒരു പൊതുഉത്തരവാദിത്തവും ബാധകമല്ലെന്ന് ഒഴിഞ്ഞു മാറി രക്ഷപ്പെടുന്നത് അംഗീകരിക്കാനാകില്ല. മു‍സ്‍ലിംലീഗ് ഈ സമീപനം തിരുത്തണം. കുറ്റകരമായ പെരുമാറ്റമുണ്ടായെന്ന് ബോധ്യപ്പെട്ടിട്ടും പുരുഷനേതാക്കളെ സംരക്ഷിക്കുന്ന സമീപനം അവസാനിപ്പിക്കണം. പൊലീസ് അറസ്റ്റ് ചെയ്ത നടപടിയിലല്ല ഹരിതയിലെ പെണ്‍കുട്ടികള്‍ക്ക് നീതി കിട്ടേണ്ടത്. വിശ്വാസമര്‍പ്പിച്ച പ്രസ്ഥാനം നീതിപൂര്‍വം പെരുമാറുമ്പോള്‍ കൂടിയാണ്. രാഷ്ട്രീയപാര്‍ട്ടികളുടെ അധികാരശ്രേണികളില്‍ സ്ത്രീകള്‍ക്കു വീതിച്ചു കിട്ടുന്ന പദവികളും ഉത്തരവാദിത്തങ്ങളും കടുത്ത സാമൂഹ്യ അനീതിയായി തുടരുമ്പോഴാണ് അടിസ്ഥാനഅവകാശങ്ങള്‍ പോലും നിഷേധിക്കാന്‍ പാര്‍ട്ടി നേതൃത്വങ്ങള്‍ മടികാണിക്കാതിരിക്കുന്നത്.  

പാര്‍ട്ടി സംവിധാനങ്ങള്‍ക്കകത്തുള്ള സ്ത്രീകള്‍ പരാതിപ്പെടുമ്പോഴാണ് സ്ത്രീപക്ഷസമീപനത്തെ പൊള്ളത്തരങ്ങള്‍ മറയില്ലാതെ പുറത്തു വരുന്നത്.  സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ നിയമം പറയുന്ന നടപടികളൊക്കെ സാധാരണക്കാര്‍ക്കു വേണ്ടി മാത്രമുള്ളതാണ്. പാര്‍ട്ടിയോട് വിധേയത്തമുള്ള സ്ത്രീകള്‍ പാര്‍ട്ടി കോടതികളുടെ ഒത്തുതീര്‍പ്പുകളില്‍ തൃപ്തിപ്പെട്ടുകൊള്ളണം. പാര്‍ട്ടിക്കു പുറത്ത് പുരോഗമനം പ്രസംഗിക്കാനുള്ള പാവകളല്ലെന്ന് കേരളത്തിലെ വനിതാരാഷ്ട്രീയപ്രവര്‍ത്തകര്‍ ബോധ്യപ്പെടുത്തിക്കൊടുക്കേണ്ടതുണ്ട്. തിരുത്താന്‍ തയാറല്ലാത്ത പിന്തിരിപ്പന്‍ ചട്ടക്കൂടുകളില്‍ നിന്നു പുറത്തിറങ്ങുന്നതാണ് ശരിക്കുമുള്ള സ്ത്രീപക്ഷരാഷ്ട്രീയപ്രവര്‍ത്തനം. 

MORE IN PARAYATHE VAYYA
SHOW MORE
Loading...
Loading...