വിഭാഗീയത വളര്‍ത്താന്‍ മാത്രം ഉതകുന്ന പ്രസ്താവന; ഒരിക്കലും ചെയ്യരുതാത്തത്

Parayathe-Vayya_bishop
SHARE

ജിഹാദ് എന്ന വാക്ക് ഒരു തമാശയല്ല. ഉത്തരവാദിത്ത ബോധമില്ലാതെ, ഒരു രാഷ്ട്രീയആയുധമായി എടുത്തു പ്രയോഗിക്കാവുന്നതുമല്ല. വിഭാഗീയതയും വര്‍ഗീയതയും പ്രചരിപ്പിക്കാന്‍ ഒരു മതത്തിന്റെ പേരിലും ആര്‍ക്കും അവകാശമില്ലെന്ന് കേരളം ഒറ്റക്കെട്ടായി ഓര്‍മിപ്പിക്കേണ്ട നേരമായിരിക്കുന്നു.  

തെളിവില്ല, വ്യക്തതയില്ല, ഉത്തരവാദിത്തബോധമോ ലക്ഷ്യബോധമോ ഇല്ലാത്ത അംഗീകരിക്കാനാകാത്ത പ്രസ്താവന. ഒരു മതനിരപേക്ഷരാജ്യത്തില്‍, മതേതരത്വം ജീവനാഡിയായി കൊണ്ടുനടക്കുന്ന കേരളസമൂഹത്തില്‍ വിഭാഗീയ ചിന്താഗതി വളര്‍ത്താന്‍ മാത്രം ഉതകുന്ന ഒരു പ്രസ്താവന.  

പക്ഷേ ലൗജിഹാദില്‍ തുടങ്ങി നര്‍ക്കോട്ടിക് ജിഹാദിലെത്തിനില്‍ക്കുന്ന പ്രസ്താവനകള്‍ ഏതെങ്കിലുമൊരു വ്യക്തിയുടെ മാത്രം പ്രശ്നമായി ചുരുക്കാനുമാവില്ല. വിമര്‍ശനങ്ങള്‍ ശക്തമായപ്പോള്‍ പാലാ രൂപത ഒരു വിശദീകരണക്കുറിപ്പിറക്കിയിട്ടുണ്ട്. സമൂഹത്തില്‍ പ്രകടമായിക്കൊണ്ടിരിക്കുന്ന അപകടകരമായ പ്രവണതകളെക്കുറിച്ചുള്ള മുന്നറിയിപ്പാണ് ബിഷപ്പ് പങ്കുവച്ചതെന്നാണ് വിശദീകരണം. പരസ്പരം തിരുത്തി ഏകോദരസഹോദരങ്ങളെപ്പോലെ ജീവിക്കാമെന്ന ആഹ്വാനവും രൂപത വാര്‍ത്താക്കുറിപ്പിലുണ്ട്. തെറ്റിദ്ധാരണയും ഭിന്നിപ്പുമുണ്ടാക്കുന്ന പരാമര്‍ശങ്ങള്‍ പിന്‍വലിക്കാതെ വിശദീകരണക്കുറിപ്പു പോലും ആത്മാര്‍ത്ഥതയുള്ള തിരുത്തലാകില്ല.  

കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി കേരളത്തിലെ സാമുദായിക അന്തരീക്ഷത്തില്‍ ഉരുണ്ടു കൂടുന്ന ചില കാര്‍മേഘങ്ങള്‍ സമൂഹം തിരിച്ചറിയാതെ പോകുന്നതല്ല. മതവുമായി ഒരു ബന്ധവുമില്ലെന്ന് പൊതുവില്‍ വിലയിരുത്തപ്പെടുന്ന കാര്യങ്ങളില്‍ പോലും സ്പര്‍ധയ്ക്കിടയാക്കുന്ന ആശയങ്ങള്‍ ഉയര്‍ത്തപ്പെടുന്നു. പ്രചരിക്കപ്പെടുന്നു. രാജ്യത്തെ രാഷ്ട്രീയസാഹചര്യമോ മതേതരത്വം നേരിടുന്ന വെല്ലുവിളികളോ പരിഗണിക്കാതെ പരസ്പരവിദ്വേഷമുണ്ടാകുന്ന പല നീക്കങ്ങളും അടിത്തട്ടില്‍ സജീവമാണ്. ഏതു മതത്തിലാണെങ്കിലും ശരിയായ വഴിയിലേക്കു നയിക്കേണ്ട മതനേതാക്കള്‍ തന്നെ വിഭാഗീയചിന്താഗതിക്ക് തീ കൊളുത്തുന്നത് ഖേദകരമാണ്. 

ഞങ്ങളും നിങ്ങളും എന്ന വേര്‍തിരിവ് രാജ്യത്തെ മുറിവേല്‍പ്ിക്കുന്നത് നമ്മള്‍ കണ്ടു കൊണ്ടേയിരിക്കുകയാണ്. തീവ്രമായ പ്രകോപനങ്ങളും പ്രലോഭനങ്ങളുമുണ്ടായിട്ടും കേരളം വഴി മാറിനടന്നു. പക്ഷേ ഈയിടെയായി ഞങ്ങളും നിങ്ങളും അവരും ഇവരുമൊക്കെ കേരളത്തിന്റെ പൊതുമണ്ഡലത്തിലേക്കും മടിയില്ലാതെ കയറി വരികയാണ്. പ്രശ്നങ്ങളുണ്ടാകുമ്പോള്‍ അതുന്നയിക്കുന്നതിനും പരിഹരിക്കുന്നതിനും അപരവിദ്വേഷസ്വരം ആവശ്യമുണ്ടോ? കുറ്റകൃത്യങ്ങളില്‍ സംഘടിത സ്വഭാവം സംശയിക്കുന്നുണ്ടെങ്കില്‍ പോലും അതിന് മതത്തിന്റെ നിറം നല്‍കുന്നതുകൊണ്ട് എന്താണ് നേട്ടം? വ്യക്തികളുടെ കുറ്റകൃത്യങ്ങളില്‍ മതങ്ങള്‍ മറുപടി പറയാന്‍ ബാധ്യസ്ഥരാണെങ്കില്‍ അത് എല്ലാ മതങ്ങള്‍ക്കും ബാധകമാകേണ്ടതാണ്. സംഘടിതകുറ്റകൃത്യങ്ങള്‍ എന്ന ആരോപണം പൊള്ളയല്ലെങ്കില്‍ കൃത്യമായ തെളിവുകളോടെ നീതിന്യായവ്യവസ്ഥയെ സമീപിക്കുകയാണ് ചെയ്യേണ്ടത്. അതിനപ്പുറം സമുദായങ്ങള്‍ തമ്മില്‍ വിള്ളലുണ്ടാക്കുന്ന അപകടകരമായ പ്രസ്താവനകള്‍ ആവര്‍ത്തിക്കപ്പെടരുതെന്ന് വ്യക്തമായി പറയാനുള്ള ധൈര്യം കേരളത്തിലെ പൊതുസമൂഹം കാണിക്കണം. ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പിനു മുന്‍പും കേരളത്തിലെ ഉത്തരവാദപ്പെട്ട രാഷ്ട്രീയനേതാക്കള്‍ ഇത്തരത്തില്‍ ഗൂഢലക്ഷ്യം വച്ചുള്ള നിരവധി പ്രസ്താവനകള്‍ നടത്തുന്നത് കേരളം കണ്ടു. വിദ്വേഷം വിളിച്ചുപറയാന്‍ വേദികള്‍ സൃഷ്ടിക്കപ്പെടരുതെന്ന ബോധം എല്ലാ കോണിലുമുണ്ടാകണം. സ്വാര്‍ഥതാല്‍പര്യങ്ങള്‍ ലക്ഷ്യം വച്ച് ഇതരമതങ്ങളെ അപരവല്‍ക്കരിക്കുന്നതും വര്‍ഗീയത തന്നെയാണ്.  

അതേസമയം തന്നെ ഈ പ്രസ്താവന മുതലെടുക്കാന്‍ ചാടിയിറങ്ങിയിരിക്കുന്നവരെയും കേരളം കാണാതെ പോകരുത്. പ്രതികരണത്തിന്റെ പേരില്‍ പ്രകോപനം സൃഷ്ടിക്കുന്നവര്‍ മുതല്‍ മറയില്ലാതെ രാഷ്്ട്രീയമുതലെടുപ്പിന് ഇറങ്ങിയിരിക്കുന്നവര്‍ വരെ സജീവമായിരിക്കുന്നു. ഈ കെണിയില്‍ തല വയ്ക്കാതിരിക്കാന്‍ കേരളം സൂക്ഷ്മമായ ജാഗ്രത കാണിച്ചേ പറ്റൂ.  

അപലപിക്കുകയും തള്ളിക്കളയുകയും ചെയ്യേണ്ട പരാമര്‍ശമാണ് പാലാ ബിഷപ്പില്‍ നിന്നുണ്ടായിരിക്കുന്നത്. പക്ഷേ അവിടം കൊണ്ടവസാനിപ്പിക്കില്ലെന്ന് നിശ്ചയിച്ചിറങ്ങിയവരെ  കാണാതെ പോകാനാകില്ല.  

സംഘപരിവാര്‍ രാജ്യത്ത് സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന അതേ ശൈലിയിലേക്കാണ് ഈ വിഷയത്തെ ബി.ജെ.പി ഏറ്റെടുത്തിരിക്കുന്നത്. ഏതൊക്കെ സംഭവങ്ങളാണ് നര്‍ക്കോട്ടിക് ജിഹാദ് എന്ന് ആരോപിക്കുന്നതെന്ന് യുക്തിയുള്ള ആരും തിരിച്ചു ചോദിക്കുന്ന ചോദ്യങ്ങളൊന്നും ബി.ജെ.പിക്കില്ല.  

പകരം കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടവരുടെ മതത്തില്‍ പെട്ടവരെല്ലാം നിലപാട് വിശദീകരിക്കണമെന്നാണ് കേന്ദ്രമന്ത്രിയുടെ ആവശ്യം. ഇത് ഒരു മതത്തിനു മാത്രമാണ് ബാധകമെന്നതും പ്രത്യേകം ശ്രദ്ധിക്കണം.  

ലൗജിഹാദ് എന്ന ആരോപണം കേന്ദ്രസര്‍ക്കാര്‍ പോലും സ്ഥിരീകരിച്ചിട്ടില്ലല്ലോ എന്നു ചോദിച്ചാല്‍ മറുപടി ഇങ്ങനെയാണ്.   അവഗണിക്കേണ്ട നിലപാടിനെതിരെ പ്രകോപനപരമായ മുദ്രാവാക്യങ്ങളുമായി

പ്രതിഷേധപ്രകടനങ്ങള്‍ക്കിറങ്ങിയിരിക്കുന്നവരെയും കേരളം കരുതിയിരിക്കണം. കലക്കവെള്ളത്തില്‍ മീന്‍പിടിക്കാന്‍ ഇറങ്ങുന്നവരാരും നിഷ്കളങ്കരല്ല. വിളിച്ചു പറയുന്നതൊക്കെ എവിടെയെല്ലാം മുറിവേല്‍പിക്കുമെന്ന് തിരിച്ചറിയാതെയല്ല ആരും ഒന്നും ചെയ്യുന്നതെന്നു സൂക്ഷിച്ചു നോക്കിയിരിക്കേണ്ടത് കേരളമാണ്.  

ഇവിടെ സംസ്ഥാനസര‍്ക്കാരിന് ഇടപെട്ട് നിലപാടെടുക്കാന്‍ ഉത്തരവാദിത്തമുള്ള ചില കാര്യങ്ങളുണ്ട്. ഇങ്ങനെയൊരു ആരോപണത്തിന് സഭാനേതൃത്വത്തെ പ്രേരിപ്പിച്ചതെന്താണ് എന്നത് നിയമപരമായി തന്നെ പരിശോധിക്കാന്‍ സര്‍ക്കാര്‍ തയാറാകണം. മയക്കുമരുന്നും മദ്യവും സാമൂഹ്യവിരുദ്ധ കുറ്റകൃത്യങ്ങളാണ്. മതത്തിന്റെ നിറം ചാര്‍ത്താതെ നിയമപരമായി കുറ്റകൃത്യങ്ങളുടെ സാഹചര്യം ശരിയായി വിലയിരുത്താന‍് സര്‍ക്കാര്‍ തയാറാകണം. അനാവശ്യചര്‍ച്ചകളിലേക്ക് വഴിതിരിഞ്ഞു പോകാതെ സര്‍ക്കാര്‍ കൃത്യമായ നിലപാടെടുത്ത് ഇക്കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ തയാറാകണം. മദ്യത്തിനും ലഹരിമരുന്നിനും ജാതിമത ടാഗുകള്‍ ചാര്‍ത്താന്‍ അവസരം കൊടുക്കരുത്. കേരളീയ സമൂഹത്തിന് പിന്നോട്ടു നടക്കാനാകില്ല.   

നിലനിന്നുപോരുന്ന സമുദായമൈത്രി തകര്‍ക്കുകയെന്നത് വളരെ എളുപ്പമാണ്. പരസ്പരബഹുമാനം പൊട്ടിച്ചെറിഞ്ഞു കഴിഞ്ഞാല്‍  സാഹോദര്യത്തോടെ ജീവിക്കുന്ന സമൂഹം തിരിച്ചുകൊണ്ടു വരികയെന്നത്  ഏറെക്കുറെ അസാധ്യവുമാണ്. ഇന്നത്തെ ലോകത്തോട്, നാളത്തെ മനുഷ്യരാശിയോട് ചെയ്യാവുന്ന ഏറ്റവും വലിയ കുറ്റകൃത്യം പരസ്പരവിദ്വേഷം സൃഷ്ടിക്കുകയെന്നതാണ്. മറ്റേതു കുറ്റകൃത്യത്തെയും നിയമം കൊണ്ടും അവബോധം കൊണ്ടും നേരിടാനാകും. മനുഷ്യരോട് മനുഷ്യര്‍ ചെയ്തുകൂടാത്ത ചിലതുണ്ടെന്ന് നേതൃത്വം മനസിലാക്കിയേ പറ്റൂ. അത് മതനേതൃത്വമായാലും രാഷ്ട്രീയനേതൃത്വമായാലും. 

MORE IN PARAYATHE VAYYA
SHOW MORE
Loading...
Loading...