കോവിഡ് കണക്കിന്റെ കളിയല്ല; ഒന്നാകെ പൂട്ടിയിട്ടുള്ള നിയന്ത്രണം എന്തിന്..?

traffic
SHARE

കോവിഡ്  കണക്കിന്റെ കളിയല്ല. ഇനിയെങ്കിലും അങ്ങനെയാകുകയും ചെയ്യരുത്. എന്തുകൊണ്ട് അങ്ങനെയാകരുതെന്ന് ചില കണക്കുകള്‍ തന്നെയാണുത്തരവും. കേരളത്തില്‍ ഇപ്പോഴും പ്രതിദിനരോഗബാധിതരുടെ എണ്ണം കൂടുന്നത് ആശങ്കയുണ്ടാക്കുന്നതാണ്. എന്നാല്‍ എണ്ണം കൂടുന്നതിന് ശാസ്ത്രത്തിനു തന്നെ ഒരു കാരണം പറയാനുമുണ്ട്. അത് മനസിലാക്കി ഇനിയും രോഗവ്യാപനം കൂടാതെ തടഞ്ഞുനിര്‍ത്താനുള്ള മാര്‍ഗങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് സംസ്ഥാനസര്‍ക്കാര്‍ ചെയ്യേണ്ടത്. മറിച്ച്  ഇനിയും മനുഷ്യരെ ഒന്നാകെ പൂട്ടിയിട്ട് രോഗവ്യാപനം നിയന്ത്രിക്കാമെന്ന് സര്‍ക്കാര്‍ കരുതുന്നത് അശാസ്ത്രീയവും അധാര്‍മികവുമാണ്. 

കണക്കുകള്‍ ഇപ്പോള്‍ കേരളസര്‍ക്കാരിനെ പ്രതിസന്ധിയിലാക്കുന്നുവെങ്കില്‍ അതില്‍ ഒന്നാമത്തെ കാരണക്കാര്‍ സംസ്ഥാനസര്‍ക്കാര്‍ തന്നെയാണ്. കോവിഡിന്റെ ഓരോ ഘട്ടത്തിലും കേരളസര്‍ക്കാര്‍ ഓരോ മാനദണ്ഡത്തിന്റെ കണക്കുയര്‍ത്തി 

കോവിഡ് പ്രതിരോധത്തില്‍ നേട്ടം അവകാശപ്പെട്ടു. കോവിഡ് വ്യാപനം രാജ്യമാകെ അതിരൂക്ഷമായപ്പോഴും കുറഞ്ഞ മരണനിരക്കിന്റെ പേരില്‍ കേരളം ഒന്നാമതാണെന്ന് അവകാശപ്പെടാന്‍ സര്‍ക്കാര്‍ മറന്നില്ല. അപ്പോള്‍ സ്വാഭാവികമായും മറ്റു സംസ്ഥാനങ്ങളിലും ദേശീയ തലത്തിലും കോവിഡ് കണക്കുകള്‍ ആശ്വാസമാകുമ്പോള്‍ കേരളത്തിലെ ആശങ്കയുണര്‍ത്തുന്ന കണക്കുകള്‍ കൂടുതല്‍ ശ്രദ്ധ നേടുകയും ചര്‍ച്ചയാകുകയും ചെയ്യും. മറുപടി പറയാന്‍ സര്‍ക്കാരിനു ബാധ്യതയുമുണ്ടാകും. ഇപ്പോള്‍ കോവിഡ് വ്യാപനം പരിഗണിക്കുന്ന ഏതു കണക്കെടുത്താലും കേരളം ദേശീയ തലത്തില്‍ ഒന്നാമതായി ആശങ്കയിലാണ്.  പ്രതിദിന കോവിഡ് ബാധിതരുടെ കാര്യത്തിലാണെങ്കിലും ടി.പി.ആറിലാണെങ്കിലും ഓരോ ദിവസവും മരിക്കുന്നവരുടെ എണ്ണത്തിലാണെങ്കിലും എല്ലായിടത്തും കേരളത്തിന്റെ കണക്കുകള്‍ ആശങ്കയില്‍ ഒന്നാമതെത്തിക്കഴിഞ്ഞു. 

പക്ഷേ ശാസ്ത്രീയമായി നോക്കുമ്പോള്‍ ഇപ്പോഴും കേരളത്തിന്റെ കോവിഡ് പ്രതിരോധം പരാജയമല്ലെന്നു തന്നെ വിദഗ്ധര്‍ പറയുന്നു. രോഗവ്യാപനം മാറാതെ നില്‍ക്കുന്നത് ജനജീവിതം തകര്‍ത്തുകളഞ്ഞിട്ടുണ്ട്. പക്ഷേ ജീവന്‍ സുരക്ഷിതമാക്കുന്നതില്‍ ഇപ്പോഴും കേരളത്തിന്റെ കോവിഡ് പ്രതിരോധത്തില്‍ മാതൃകകളുണ്ടെന്നാണ് വിദഗ്ധനിരീക്ഷണം.എന്നിട്ടും എന്തുകൊണ്ട് രോഗവ്യാപനം ഉയര്‍ന്നുകൊണ്ടേയിരിക്കുന്നുവെന്നു ചോദിച്ചാല്‍ ശാസ്ത്രം തരുന്ന ഉത്തരം കേരളത്തില്‍ മറ്റിടങ്ങളിലേതു പോലെ ജനങ്ങളില്‍ നല്ലൊരു ശതമാനത്തെയും കോവിഡ് ബാധിച്ചിട്ടില്ല എന്നതു തന്നെയാണ്. എന്നുവച്ചാല്‍ ആര്‍ജിതപ്രതിരോധം സംഭവിക്കാന്‍ മാത്രം രോഗവ്യാപനം ഇനിയും കേരളത്തിലുണ്ടായിട്ടില്ല. അത് ഒരേസമയം കേരളത്തിന് വെല്ലുവിളിയും സാധ്യതയുമാണ്. 

ഐ.സി.എം.ആര്‍. 11 സംസ്ഥാനങ്ങളിലെ ജനങ്ങള്‍ക്കിടയില്‍ നടത്തിയ സിറോ പ്രിവലന്‍സ് സര്‍വേയില്‍ ആന്റിബോഡി സാന്നിധ്യം ഏറ്റവും കുറവ് കണ്ടെത്തിയത് കേരളത്തിലാണ്. എന്നുവച്ചാല്‍ കേരളത്തില്‍ രോഗം ബാധിക്കാത്ത ആളുകളുടെ എണ്ണം മറ്റു സംസ്ഥാനങ്ങളിലേക്കാള്‍ വളരെ കൂടുതലാണ്. മധ്യപ്രദേശില്‍ 79 ശതമാനം പേര്‍ക്കും ആന്റിബോഡി സാന്നിധ്യം കണ്ടെത്തിയപ്പോള്‍ കേരളത്തില്‍ ഇത് വെറും 44.4 ശതമാനം മാത്രമാണ്. അസമില്‍ 50 ശതമാനത്തിലേറെയും മഹാരാഷ്ട്രയില്‍ 58 ശതമാനവുമാണ് ആന്റിബോഡി സാന്നിധ്യമുള്ളവരുടെ എണ്ണം. 

തൊട്ടടുത്ത കര്‍‍ണാടകയിലും തമിഴ്നാട്ടിലും 69 ശതമാനത്തിനു മുകളില്‍ പേര്‍ക്ക് ആന്‍റിബോഡി സാന്നിധ്യം കണ്ടെത്തി. ഉത്തര്‍പ്രദേശിലും രാജസ്ഥാനിലും ഗുജറാത്തിലും എഴുപത് ശതമാനത്തിലേറെ പേര്‍ക്ക് ആന്റിബോഡി സാന്നിധ്യമുണ്ട്. രോഗം വന്ന് ഭേദമായവരിലും വാക്സീന്‍ സ്വീകരിച്ചവരിലുമാണ് കോവിഡ് വൈറസിനെതിരായ ആന്റിബോഡി കണ്ടെത്താനാകുക. ഈ കണക്ക് നോക്കുമ്പോള്‍ ഏറ്റവും വേഗത്തില്‍ വാക്സിനേഷന്‍ മുന്നോട്ടു കൊണ്ടു പോകുന്ന സംസ്ഥാനമെന്നതു കൂടി കണക്കിലെടുക്കുമ്പോള്‍ കേരളത്തിന്റെ കോവിഡ് പ്രതിരോധം മികച്ചതു തന്നെയാണെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു.

എന്നാല്‍ കോവിഡ് വ്യാപനം ഓരോ ദിവസവും ഉയരുന്നത് കേരളത്തെ ആശങ്കയിലാക്കുന്നു.ഇപ്പോഴും ആരോഗ്യസംവിധാനങ്ങളുടെ നിയന്ത്രണത്തില്‍ തന്നെയാണ് സാഹചര്യമെന്നതു ശരി തന്നെ. ആശുപത്രികള്‍ക്കു താങ്ങാനാവുന്നതിലുമേറെ രോഗികളുണ്ടാകുന്നില്ല. തീവ്രപരിചരണവിഭാഗങ്ങളുടെ ശേഷിക്കപ്പുറത്തേക്ക് കാര്യങ്ങള്‍ ഗുരുതരമായിട്ടില്ല. മരണപ്പെടുന്നവരുടെ എണ്ണം ആശങ്കയാണെങ്കിലും സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ കഴിയുന്നുണ്ട് എന്ന ആത്മവിശ്വാസം നമുക്കുണ്ട്. 

പക്ഷേ കോവിഡ് പ്രതിരോധം എന്നത് ആരോഗ്യപ്രതിരോധം മാത്രമല്ല എന്ന് കേരളസര്‍ക്കാര്‍ ഇനിയെങ്കിലും തിരിച്ചറിയേണ്ടതുണ്ട്. മനുഷ്യരെ അടച്ചു പൂട്ടി നമുക്ക് ഇനി മുന്നോട്ടു പോകാനാകില്ല. നിലവിലുള്ള നിയന്ത്രണങ്ങളുടെ ശാസ്ത്രീയഫലപ്രാപ്തി ആരോഗ്യവിദഗ്ധര്‍ പോലും ചോദ്യം ചെയ്തിട്ടും സര്‍ക്കാര്‍ ചെവി കൊടുക്കുന്നില്ല.  കോവിഡ് വ്യാപനത്തില്‍ ആശങ്ക വേണ്ടെന്ന് സര്‍ക്കാര്‍ പറയുന്നത് ആത്മാര്‍ഥമായാണെങ്കില്‍ ജനക്കൂട്ടത്തിനിട കൊടുക്കാതെ തന്നെ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ പുനഃക്രമീകരണം വരുത്തണം. സാമാന്യബുദ്ധിക്കു നിരക്കാത്ത അധികാരപ്രയോഗം അവസാനിപ്പിക്കണം. 

വ്യാപാരിയായ അര്‍ഷാദിന്റെ സങ്കടം കേള്‍ക്കണ്ട. യുക്തിസഹമായ ചോദ്യങ്ങള്‍ക്കു മാത്രം കേരളം മറുപടി കൊടുത്താല്‍ മതി. ഏതു തരത്തിലുള്ള നിയന്ത്രണങ്ങളിലൂടെയാണ് ഇപ്പോള്‍ ജനം കടന്നു പോകുന്നത്? അതിന്റെ ഫലപ്രാപ്തിയെന്താണ്? ഓരോ ദിവസവും ഓരോ മേഖലയിലുമുള്ള ചെറുകിടസംരംഭകര്‍ ജീവനൊടുക്കുന്ന നിര്‍ഭാഗ്യകരമായ വാര്‍ത്തകള്‍ വരുന്നു. കേള്‍ക്കാന്‍ കൂട്ടാക്കാത്ത, ശരിയായി മനസിലാക്കാന്‍ തയാറാകാത്ത സര്‍ക്കാര്‍ കോവിഡ് പ്രതിസന്ധി മറികടക്കാന്‍ 5650 കോടിയുടെ പാക്കേജ് പ്രഖ്യാപിച്ചിരിക്കുകയാണ്. 

പാക്കേജും കൂടുതല്‍ ധനസഹായവും വളരെ അനിവാര്യം തന്നെ. പക്ഷേ ജനങ്ങളുടെ അടിയന്തരസാഹചര്യം നേരിടാന്‍ നിയന്ത്രണങ്ങളില്‍ ഇളവുണ്ടായേ പറ്റൂ. ജോലി ചെയ്ത് ആത്മാഭിമാനത്തോടെ ജീവിക്കാന്‍ കോവിഡ് നിയന്ത്രണങ്ങള്‍ക്കുള്ളില്‍ തന്നെ ഇളവുകളുണ്ടാകണം. 

ഇതൊക്കെയാണ് ഇന്ന് കേരളത്തിലെ അവസ്ഥ. ടി.പി.ആര്‍. അടിസ്ഥാനത്തില്‍ തോന്നുന്ന നിയന്ത്രണങ്ങള്‍ തോന്നുന്നതുപോലെ പ്രാദേശികാടിസ്ഥാനത്തില്‍ നടപ്പാക്കപ്പെടുകയാണ്. ജനങ്ങളും കച്ചവടക്കാരും ഗതികെടുന്നതല്ലാതെ കോവിഡ് പ്രതിരോധത്തില്‍ ഒരു സ്വാധീനവുമുണ്ടാക്കാന്‍ കഴിയാത്ത രീതിയിലാണ് മിക്ക  നിയന്ത്രണങ്ങളും..‌

സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്ന പാക്കേജ്  കോവിഡ് പ്രതിസന്ധിയില്‍ സംരംഭകര്‍ക്ക് താങ്ങാകും. പക്ഷേ അടിയന്തരപ്രതിസന്ധി പരിഹരിക്കാന്‍ ശാസ്ത്രീയമായ പുനഃക്രമീകരണം തന്നെ വേണം. കൂടുതല്‍ സമയം കടകള്‍ തുറന്നുവച്ച് തിരക്ക് കുറയ്ക്കാന്‍ അനുവദിക്കണമെന്നത് കച്ചവടക്കാരുടെ മാത്രം ആവശ്യമല്ല. ആരോഗ്യവിദഗ്ധരുടെ നിര്‍ദേശം കൂടിയാണ്. പക്ഷേ സര്‍ക്കാര്‍ കടുംപിടുത്തം തുടരുന്നു. ജനങ്ങളുടെ വിശ്വാസത്തോടെയും സഹകരണത്തോടെയുമുള്ള ശ്രമത്തിലൂടെ മാത്രമേ കോവിഡ് വ്യാപനം നിയന്ത്രിക്കാനാകൂവെന്ന് സര്‍ക്കാര്‍ മനസിലാക്കണം. 

അതായത് സര്‍ക്കാര്‍ ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന പാക്കേജ് പോലും നേരിയ ആശ്വാസം മാത്രമേ ആകൂവെന്നു വ്യക്തം. സര്‍ക്കാര്‍ കടവാടകയില്‍ ഇളവു നല്‍കിയതുപോലുള്ള നടപടികള്‍ സ്വകാര്യമേഖലയിലും വേണമെന്ന് ധനമന്ത്രി അഭ്യര്‍ഥിച്ചിട്ടുണ്ട്. 

സ്വകാര്യമേഖലയും ഇളവ് പ്രഖ്യാപിക്കണമെന്ന ആവശ്യം പോലും ഒരു ഒഴിഞ്ഞുമാറലാണ്. എല്ലാ മേഖലയിലും അതിജീവനം പ്രശ്നമാണ്. അപ്പോള്‍ മൂന്നു മാസത്തോളമായി അടഞ്ഞു കിടക്കുന്ന സംരംഭങ്ങള്‍ തുറക്കാന്‍ സാഹചര്യമൊരുക്കുക എന്നതു മാത്രമാണ് പരിഹാരം.

കടകള്‍ കൂടുതല്‍ സമയം പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്ന് വാശിപിടിക്കുന്ന സര്‍ക്കാര്‍ ബെവറിജസ് കോര്‍പറേഷന് വേണ്ടി രാവിലെ 9 മണി മുതല്‍ മദ്യക്കടകള്‍ തുറന്നു കൊടുത്തിരിക്കുന്നു. കൂടുതല്‍ സമയം തുറന്നിരിക്കുകയാണ് തിരക്ക് നിയന്ത്രണത്തിനുള്ള ഏകമാര്‍ഗമെന്ന് സര്‍ക്കാരിന് സ്വന്തം കാര്യം വരുമ്പോള്‍ ശാസ്ത്രീയബോധ്യമുണ്ട്. പക്ഷേ ബാക്കിയെല്ലാ കാര്യങ്ങള്‍ക്കും  വിദഗ്ധര്‍ക്കു പോലും ബോധ്യമാകാത്ത വിദഗ്ധനിര്‍ദേശങ്ങള്‍ മുറുകെ പിടിക്കുകയാണ് സര്‍ക്കാര്‍.  ഏറ്റവുമൊടുവില്‍ നിര്‍ദേശങ്ങള്‍ പുനഃപരിശോധിക്കന്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടുവെന്ന റിപ്പോര്‍ട്ടില്‍ മാത്രമാണ് നേരിയ പ്രതീക്ഷ. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടും കൂടുതല്‍ തദ്ദേശസ്ഥാപനങ്ങള്‍ ഡി കാറ്റഗറിയിലേക്കു വരികയാണുണ്ടായത് എന്നത് വളരെ ഗൗരവത്തോടെ പഠനവിധേയമാക്കേണ്ട വസ്തുതയാണ്. 

സമ്പദ്‍വ്യവസ്ഥയ്ക്ക് സ്വാഭാവികമായ തിരിച്ചുവരവിനുള്ള സാഹചര്യം സര്‍ക്കാരിന്റെ കോവിഡ് നിയന്ത്രണത്തിലെ അശാസ്ത്രീയത മൂലം തടസപ്പെടരുത്. ഫലപ്രദമായ നിയന്ത്രണങ്ങളില്‍ മാത്രം കേന്ദ്രീകരിക്കുക. കര്‍ശനമായ സാമൂഹ്യഅകലവും ആള്‍ക്കൂട്ടനിയന്ത്രണവും നടപ്പാക്കുക. ജനങ്ങള്‍ക്ക് ജീവിക്കാന്‍ സാഹചര്യമൊരുക്കുക. കോവിഡ് നിയന്ത്രണങ്ങള്‍ ശാസ്ത്രീയമായി നടപ്പാക്കുക. കോവിഡ് പിന്‍വാങ്ങിയ ശേഷം ജീവിക്കാം എന്നൊരു സാധ്യത തല്‍ക്കാലം നമ്മുടെ മുന്നിലില്ല. 

MORE IN PARAYATHE VAYYA
SHOW MORE
Loading...
Loading...